ടെറസിൽ കൃഷി ചെയ്ത് നേടിയത് മൂന്നു റെക്കോർഡുകൾ; 10 ഗ്രോബാഗിൽനിന്ന് 1200 എണ്ണത്തിലേക്കെത്തിച്ച് ജയപ്രീത

Mail This Article
കൃഷിയോടുള്ള താൽപര്യം ചെറുപ്പം മുതലേയുണ്ട് പാലക്കാട് കരിമ്പ ഇടക്കുറിശ്ശി സ്വദേശി ജയപ്രീതയ്ക്ക്. അതുകൊണ്ടുതന്നെ ടെയ്‌ലറിങ് ജോലി ചെയ്യുമ്പോഴും യുട്യൂബിൽ എപ്പോഴും കാർഷിക വീഡിയോകൾ കാണാറുണ്ടായിരുന്നു. അതുവഴി കൃഷി സംബന്ധമായ പല കാര്യങ്ങളും പഠിച്ചു. 5 വർഷം മുൻപ് മട്ടുപ്പാവു കൃഷി ചെയ്യുന്ന വീഡിയോ യുട്യൂബിൽ കണ്ടത് പ്രചോദനമായി. മട്ടുപ്പാവ് കൃഷിയിലേക്കു തിരിയുന്നതിന് ഇത് സഹായകമായി. 10 ഗ്രോബാഗിൽ തുടങ്ങിയ ജൈവകൃഷി ഇപ്പോൾ 1200നുമുകളിൽ ചെടിച്ചട്ടികളിലെത്തി നിൽക്കുന്നു.
കൃഷിക്കാരനായ ഭർത്താവും മൂന്നു മക്കളും അമ്മയുമടങ്ങുന്നതാണ് കുടുംബം. സ്വന്തം സ്ഥലത്തും സ്ഥലം പാട്ടത്തിനെടുത്തും ഭർത്താവ് കൃഷി ചെയ്യുന്നുണ്ട്. വാഴ, കപ്പ, ചേന, ചേമ്പ്, പയർ, വെണ്ട മുതലായവയാണിപ്പോൾ കൃഷി ചെയ്യുന്നത്.

വിഷരഹിത പച്ചക്കറിയുൽപാദിപ്പിക്കുക എന്ന ലക്ഷ്യമാണ് ജൈവകൃഷിരീതി തിരഞ്ഞെടുക്കാൻ പ്രചോദനമായത്. ജൈവരീതിയിലുൽപാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളും എല്ലാവർക്കും വിശ്വസിച്ച് കഴിക്കാം. രോഗങ്ങളെ അകറ്റി നിർത്താനും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനും കഴിയും എന്ന് ജയപ്രീത വിശ്വസിക്കുന്നു. വിഷരഹിത പച്ചക്കറിയും പഴങ്ങളും എല്ലാവർക്കും ലഭ്യമാകണമെന്നതിനാൽ കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് വിത്തുകളും മറ്റും കൊടുത്ത് തനിക്കു കഴിയുന്ന രീതിയിൽ പ്രേത്സാഹിപ്പിക്കാറുണ്ട്. പച്ചക്കറികൾ വിൽപനയില്ല പകരം അയൽവാസികൾക്കും സന്ദർശകർക്കും കൊടുക്കുകയാണ് പതിവ്. വീട്ടിൽ ചെറുതായെങ്കിലും എല്ലാവരും കൃഷി തുടങ്ങട്ടെ എന്നാണ് ജയപ്രീത ചിന്തിക്കുന്നത്.
സമൃദ്ധിയുടെ മട്ടുപ്പാവ്

പലതരം പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവ വളരുന്ന മട്ടുപ്പാവാണ് ജയപ്രീതയുടേത്. വിവിധ തരം വഴുതനകൾ, നിത്യവഴുതന, തക്കാളി, പാവൽ, പടവൽ, പീച്ചിൽ, കോവയ്ക്ക, ബീൻസ്, പയർ, പലതരം പച്ചമുളകുകൾ, പലതരം ചീരകൾ, മുരിങ്ങ, അമരപ്പയർ, തൊമര, വെണ്ട, ചുരയ്ക്ക തുടങ്ങിയ പച്ചക്കറികൾ മട്ടുപ്പാവിലുണ്ട്. കൂടാതെ ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വ്യത്യസ്തയിനങ്ങളുമുണ്ട്. വിഷ്ണുക്രാന്തി, ശംഖുപുഷ്പം, മുഞ്ഞ, മുറികൂടി, മുക്കുറ്റി, മുയൽച്ചെവിയൻ, നീലയമരി, ചെറൂള, പൂവാംകുറുന്തല, ഊഴിഞ്ഞ, ആടലോടകം, കറുക, കറ്റാർവാഴ, തിപ്പലി മുതലായ ഔഷധ സസ്യങ്ങളും ഇവിടെ വളരുന്നു. മുസംബി, മൂന്നു തരം പേരകൾ, ഞാവൽ, സ്റ്റാർ ഫ്രൂട്ട്, മരമുന്തിരി, കിളിഞാവൽ, ചാമ്പ, അമ്പഴം, സപ്പോട്ട, മാതളം, ഷമാം മുതലായവയാണ് ഫലയിനങ്ങൾ.
ടെറസിലും ചോളം
മട്ടുപ്പാവിൽ പൂച്ചെട്ടിയിലാണ് ചോളക്കൃഷി. മണ്ണിൽ ആദ്യം കുമ്മായപ്പൊടി ചേർക്കും. അതിനു ശേഷം 10 ദിവസം കഴിഞ്ഞ് ചകിരിച്ചോറ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ഇതിൽ കലർത്തും. അതിനുശേഷം വിത്ത് മുളപ്പിച്ചെടുക്കും. വീണ്ടും 10 ദിവസം കഴിഞ്ഞ് പച്ചചാണകം, കടലപ്പിണാക്ക് എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത മിശ്രിതം ദ്രാവക രൂപത്തിൽ നേർപ്പിച്ച് നൽകും. ഇത് ഒരു മാസത്തിൽ ഒന്നോ രണ്ടോ തവണ ചെയ്താൽ തന്നെ നല്ല രീതിയിൽ വിളവ് കിട്ടും. മഴവിൽ ചോളവും സാധാരണ ചോളവും ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്.
ടെറസിലെ മാവും പ്ലാവും
വലിയ ഡ്രം മുറിച്ച് ഒരു പകുതിയിൽ മാവും മറു പകുതിയിൽ പ്ലാവും നട്ടിരിക്കുന്നു. കൃത്യമായി ശിഖരങ്ങൾ മുറിച്ച് വെട്ടിയൊതുക്കുന്നതിനാൽ മരങ്ങൾക്ക് അധികം ഉയരമുണ്ടാവില്ല. ചെറിയ കുറ്റിച്ചെടി രൂപത്തിലായിയിരുക്കും അവ വളരുക. ശിഖരങ്ങൾ വളരുമ്പോൾ തന്നെ കായഫലം ലഭിക്കും എന്നാണ് ജയപ്രീത പറയുന്നത്. മണ്ണിൽ വളരുന്ന മാവിൽ നിന്നോ പ്ലാവിൽ നിന്നോ ലഭിക്കുന്നയത്രയും വിളവ് കിട്ടില്ല. ചെറിയ മാവ്, പ്ലാവ് എന്നിവയിൽ നിന്ന് ഫലം കിട്ടുന്നത് സന്തോഷം തരുന്നു അതിനാലാണ് ഈ രീതിയിൽ മാവും പ്ലാവും വച്ച് പിടിപ്പിച്ചത്.

റെക്കോർഡുകൾ വന്ന വഴി
ഇതുവരെ മൂന്ന് റെക്കോർഡുകൾ കിട്ടിയിട്ടുണ്ട്. ചെറിയ ചെടിച്ചട്ടിയിൽ പേരയിൽ ഏകദേശം ഒരു കിലോ വലുപ്പമുള്ള പേരയ്ക്കയുണ്ടായി. ഇതിനാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കൊർഡ് കിട്ടിയത്. വലിയ മധുരച്ചേമ്പ് വച്ചുപിടിപ്പച്ചതിന് ടൈംവേൾഡ് റെക്കോർഡും കലാം വേൾഡ് റെക്കോർഡും ലഭിച്ചു. നാരു കൂടുതലുള്ള മധുരമുള്ള ഔഷധഗുണമുള്ള കിഴങ്ങാണിത്.
ശീതകാല പച്ചക്കറിയും ചൂടും.
ശീതകാല പച്ചക്കറികൾ കൃഷി ചെയ്യുന്ന സമയമാണിപ്പോൾ. അവ രാവിലെയും വൈകിട്ടും നനയ്ക്കും. രാവിലെ നനയ്ക്കുമ്പോൾ ഇലയും നന്നായി നനയ്ക്കും. ഫ്രിഡ്ജിൽ വച്ച തണുത്ത വെള്ളം ഉച്ചയ്ക്ക് സ്പ്രേ ചെയ്തു കൊടുക്കും. ചെടികളുടെ വാട്ടം കുറയ്ക്കാൻ ഇത് സഹായിക്കും. കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, ലെറ്റ്യൂസ്, കാരറ്റ് എന്നിയവാണ് ജയപ്രീതയുടെ കൃഷിയിടത്തിലെ ശീതകാല പച്ചക്കറികൾ.

ഇരപിടിക്കാനും ചെടി
വയനാട്ടിൽ നിന്ന് ഓൺലൈനായി ഒരു ഇരപിടിയൻ ചെടിയെ വാങ്ങി. 950 രൂപയായിരുന്നു വില. പിന്നീട് ഈ ചെടിയിൽ നിന്ന് വംശവർധന നടത്തിയുണ്ടാക്കിയ ചെടികൾ ആവശ്യമുള്ളവർക്ക് വിൽക്കാറുണ്ട്.
മട്ടുപ്പാവ് കൃഷിയിൽ എന്തൊക്കെ ശ്രദ്ധിക്കണം
ടെറസ്സിന് കേടുവരാത്ത രീതിയലായിരിക്കണം കൃഷി ചെയ്യേണ്ടത്. ചെടിച്ചട്ടി വയ്ക്കുമ്പോൾ അതിന് താഴെ ഓടോ ഇഷ്ടികയോ സ്റ്റാൻഡോ വയ്ക്കുക. ചെടിയിലൊഴിക്കുന്ന വെള്ളം നേരിട്ട് ടെറസ്സിലേക്ക് വാർന്നു പോകാതിരിക്കുന്നതിനാണിത്.
കൃഷി മാത്രമല്ല
ഫാഷൻ ഡിസൈനിങ് കോഴ്സ് ഒരു വർഷത്തോളം പഠിച്ച ജയപ്രീത 11 വർഷമായി ടെയ്‌ലറിങ് ജോലികൾ ചെയ്യുന്നു. കൂടാതെ കേക്ക് പോലുള്ള ബേക്കറി പലഹാരങ്ങളും ആവശ്യമനുസരിച്ച് വീട്ടിൽ തന്നെയുണ്ടാക്കി വിൽക്കുന്നുണ്ട്. യുട്യൂബ് നോക്കി കേക്ക് നിർമാണം മനസിലാക്കിയ മകളാണ് കേക്ക് നിർമാണത്തിന് പ്രചോദനം. ആദ്യം കുറച്ചുണ്ടാക്കി പരിചയക്കാർക്ക് കൊടുത്തപ്പോൾ നല്ല അഭിപ്രായമാണ് ലഭിച്ചത്. ഇതു പീന്നീട് കേക്ക് നിർമാണത്തിന് കാരണമായി. കഴിഞ്ഞ 7 വർഷമായി ഈ മേഖലയിലുണ്ട്. പഫ്സ്, ബൺ, ബ്രഡ്, ഡോനട്ട്, കുക്കീസ് തുടങ്ങി 12 ബേക്കറി പലഹാരങ്ങളുണ്ടാക്കാറുണ്ടിപ്പോൾ.
ഭാവിപരിപാടികൾ
വീട്ടിലിരുന്ന് ഇപ്പോൾ ഒറ്റയ്ക്ക് ചെയ്യുന്ന കാര്യങ്ങളെല്ലാം ചെറു വ്യവസായ യൂണിറ്റായി മാറ്റണമെന്നാണ് ആഗ്രഹം. 15 സെൻറ് സ്ഥലം വാങ്ങിച്ചിട്ടുണ്ട്. അവിടെ ഒരു നഴ്സറിയും ബേക്കറി പലഹാര നിർമാണ യൂണിറ്റും തുടങ്ങണം. അയൽപക്കത്തുള്ള പത്തു സ്ത്രീകൾക്കെങ്കിലും വരുമാനമാർഗമുണ്ടാക്കിക്കൊടുക്കണം എന്ന താൽപര്യമാണ് വ്യവസായ യൂണിറ്റ് എന്ന സ്വപനത്തിലെത്തിച്ചത്.
ഫോൺ: 96563 46726