പിതാക്കന്മാർക്ക് ആദരവ്: ഫാദേഴ്സ് എൻഡോവ്മെന്റിലേക്ക് 236 കോടി രൂപ നൽകി പ്രവാസി മലയാളി സംരംഭകൻ

Mail This Article
ദുബായ് ∙ ഫാദേഴ്സ് എൻഡോവ്മെന്റിലേക്ക് 10 കോടി ദിർഹം (236 കോടി രൂപ) സംഭാവന നൽകി ജെംസ് എജ്യുക്കേഷൻ ആൻഡ് ദ് വർക്കി ഫൗണ്ടേഷൻ ചെയർമാൻ സണ്ണി വർക്കിയും കുടുംബവും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആരംഭിച്ച ഫാദേഴ്സ് എൻഡോവ്മെന്റിലേക്ക് ഇന്ത്യൻ വ്യവസായി നൽകിയ ഏറ്റവും ഉയർന്ന സംഭാവനയാണിത്. റമസാൻ ആചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിക്കുന്നതിനും അവരുടെ ആരോഗ്യ സംരക്ഷണത്തിനും ക്ഷേമത്തിനും സാമ്പത്തിക സഹായം നൽകുന്നതിനാണ് ഷെയ്ഖ് മുഹമ്മദ് ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതി പ്രഖ്യാപിച്ചത്. 100 കോടി ദിർഹമാണ് പദ്ധതിയിൽ സ്വരൂപിക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ച എൻഡോവ്മെന്റ് പദ്ധതി ലോകമെമ്പാടും സാധുക്കളെ സഹായിക്കുന്നതാണെന്നു സണ്ണി വർക്കി പറഞ്ഞു. ജീവകാരുണ്യം ജീവിതത്തിന്റെ ഭാഗമാക്കിയ കുടുംബമാണെന്നും പിതാവ് കെ. എസ്. വർക്കിക്കൊപ്പം യുഎഇയിൽ എത്തിയ ശേഷവും അതിൽ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, സമൂഹത്തെ സഹായിക്കാൻ ലഭിച്ച അവസരത്തെ പവിത്രമായാണ് കാണുന്നതെന്നും പറഞ്ഞു.