ദുബായ് ട്രിപ്പിൽ കാശ് പോകാതെ നോക്കാം; ചെലവ് കുറയ്ക്കാൻ ഈ വഴികൾ

Mail This Article
രാജ്യാന്തര യാത്രകളെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ആദ്യം നമ്മൾ നോക്കുന്നത് പേഴ്സിലേക്കും പിന്നെ ബാങ്ക് അക്കൗണ്ടിലേക്കും ആയിരിക്കും. ഒരു വിദേശയാത്ര പോലും പോകാത്തവരും എപ്പോഴും പോകാൻ കൊതിക്കുന്ന ഒരു സ്ഥലമാണ് ദുബായ്. എന്നാൽ, ദുബായ് എന്നു കേൾക്കുമ്പോൾ തന്നെ പണചെലവ് ആലോചിച്ചു ടെൻഷൻ ആയിരിക്കും. ബുർജ് ഖലീഫ, ദുബായ് മാൾ, മിറാക്കിൾ ഗാർഡൻ, അണ്ടർവാട്ടർ സൂ, ദുബായ് ഫ്രയിം, ഫ്യൂച്ചർ മ്യൂസിയം എന്നു തുടങ്ങി നിരവധി കാഴ്ചകളാണ് ദുബായിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. എന്നാൽ, ഒന്ന് ശ്രദ്ധിച്ചാൽ ദുബായ് യാത്ര ചെലവ് കുറച്ചു ചെയ്തു വരാം.
∙ മെട്രോ സ്റ്റേഷന് അടുത്തു തന്നെ താമസസ്ഥലം ബുക്ക് ചെയ്യാം
ദുബായിൽ എത്തി താമസിക്കാൻ ഒരു ഇടം അന്വേഷിക്കുമ്പോൾ മെട്രോ സ്റ്റേഷനു സമീപമുള്ള സ്ഥലം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. യാത്ര കുറച്ചധികം എളുപ്പമാകാൻ ഇതു സഹായിക്കും. കൂടാതെ ഗതാഗത ചെലവ് കുറയ്ക്കാനും കഴിയും. മെട്രോ സ്റ്റേഷനിലേക്കു നടന്ന് എത്താവുന്ന ദൂരത്തിൽ ആണെങ്കിൽ അനാവശ്യമായി ടാക്സിയെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കഴിയും. മെട്രോയിൽ ദുബായ് നഗരത്തിൽ നിരവധി സ്ഥലങ്ങളിലേക്കു യാത്ര ചെയ്യാം.

∙നഗരയാത്രയ്ക്കായി മെട്രോ ഉപയോഗിക്കാം
ലോകത്തിലെ ഏറ്റവും മികച്ച മെട്രോകളിൽ ഒന്നാണ് ദുബായ് മെട്രോ. നഗരം മുഴുവൻ താങ്ങാവുന്ന ചെലവിൽ കറങ്ങിനടന്നു കാണാൻ ദുബായ് മെട്രോ വളരെ നല്ലതാണ്. ടാക്സികൾ ലഭ്യമാണെങ്കിലും അതിന് വളരെ ഉയർന്ന നിരക്ക് നൽകണം. ഏഴു ദിവസത്തേക്കുള്ള നോൾ കാർഡ് പാസ് എടുക്കുകയാണെങ്കിൽ ആ പാസ് ഉപയോഗിച്ച് ദുബായ് മെട്രോ, ബസ്, ട്രാം എന്നിവയിൽ എല്ലാം ഒരാഴ്ചയും യാത്ര ചെയ്യാവുന്നതാണ്. പാസ് എടുക്കുമ്പോൾ നൽകുന്ന തുക കൂടാതെ മറ്റു ചാർജുകളൊന്നും ഈ സമയത്ത് നോൾ കാർഡിന് ആവശ്യമില്ല. കൂടാതെ, റോഡുകളിലെ തിരക്കിൽ ഉൾപ്പെടാതെ വേഗം ലക്ഷ്യസ്ഥാനത്ത് എത്താൻ മെട്രോ സഹായിക്കുന്നു.

∙കരീം ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യാം
മെട്രോ അല്ലെങ്കിൽ ബസ് എന്നിവയെ ആശ്രയിച്ചു തന്നെയാണ് യാത്ര എങ്കിലും ചിലപ്പോഴെങ്കിലും ടാക്സിയെ ആശ്രയിക്കേണ്ടതായി വരും. അപ്പോൾ കരീം ആപ്പിനെ ആശ്രയിക്കുന്നതാണ് നല്ലത്. കരീം ആപ്പ് വഴി ഹാല ടാക്സി ബുക്ക് ചെയ്താൽ ബജറ്റ് സൗഹൃദ യാത്രകൾ ചെയ്യാം.
∙ വെള്ളക്കുപ്പികൾ സാധാരണ കടകളിൽ നിന്നു വാങ്ങുക
ഒരു തുള്ളി വെള്ളത്തിനും വിലയുള്ള നാടാണ് ദുബായ്. ചൂടുള്ള കാലാവസ്ഥയിൽ ഇവിടെ വെള്ളം കുടിക്കുക എന്നുള്ളത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. റസ്റ്ററന്റുകളിൽ നിന്നും മറ്റും വാട്ടർ ബോട്ടിലുകൾ വാങ്ങുന്നത് അൽപം ചെലവേറിയത് ആയിരിക്കും. സാധാരണ കടകളെ അപേക്ഷിച്ച് ഇവിടെ വെള്ളത്തിന് മൂന്നിരട്ടി വില നൽകേണ്ടി വരും. അതുകൊണ്ടു തന്നെ വെള്ളം വാങ്ങുമ്പോൾ മിനി മാർട്ടുകളിൽ നിന്നോ, സൂപ്പർ മാർക്കറ്റുകളിൽ നിന്നോ, സാധാരണ കടകളിൽ നിന്നോ വാങ്ങുക. ഒരേ ഉൽപ്പന്നം വളരെ ചെറിയ തുകയ്ക്ക് ഇവിടെ ലഭിക്കും.

യാത്രാ ആപ്പുകൾ ഉപയോഗിക്കുക
വിനോദസഞ്ചാരികളെ വളരെ അധികം ആകർഷിക്കുന്ന ലോകത്തിലെ സ്ഥലങ്ങളിൽ ഒന്നാണ് ദുബായ്. ബുർജ് ഖലീഫയും ഫ്യൂച്ചർ മ്യൂസിയവും മിറക്കിൾ ഗാർഡനും തുടങ്ങി നിരവധി കാഴ്ചകളും അദ്ഭുതങ്ങളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ KLook, Get Your Guide, DoJoin എന്നീ ആപ്പുകൾ ഉപയോഗിച്ച് കോംബോ ടിക്കറ്റുകൾ ബുക്ക് ചെയ്യുക. വലിയ ഡിസ്കൗണ്ടുകളും ചിലപ്പോൾ ഇതിൽ ലഭിക്കുന്നത് ആയിരിക്കും.
യാത്രയിൽ ചെലവുകൾ അപ്രതീക്ഷിതമായാണ് കയറി വരുന്നത്. എന്നാൽ, പണം ലാഭിക്കാനുള്ള വഴികൾ അറിഞ്ഞു വച്ചാൽ അമിത ചെലവുകൾ ഒഴിവാക്കാം. ദുബായിലേക്ക് പോകാൻ ഇനി തയാറായിക്കോളൂ, പണം ലാഭിക്കാനുള്ള ട്രിക്കുകൾ മനസ്സിലായല്ലോ.