മൗറീഷ്യസിന്‍റെ മനോഹാരിതയിൽ അപര്‍ണ ദാസ്

Mail This Article
മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന നടിയാണ് അപർണ ദാസ്. ഞാൻ പ്രകാശൻ, ബീസ്റ്റ്, ദാദ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കാഴ്ചക്കാരുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ അപർണയ്ക്കു സാധിച്ചു. മൗറീഷ്യസില്‍ നിന്നുള്ള മനോഹര ചിത്രങ്ങളാണ് അപര്‍ണ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മൗറീഷ്യസിന്‍റെ മനോഹരമായ പ്രകൃതിയും മൃഗങ്ങളും ജലവിനോദങ്ങളും വെള്ളച്ചാട്ടങ്ങളും ബീച്ചുകളുമെല്ലാം അപര്‍ണ പങ്കുവച്ച വിഡിയോയില്‍ കാണാം.
ആഫ്രിക്കയിലെ രത്നങ്ങളില്‍ ഒന്നാണ് മൗറീഷ്യസ് എന്ന ദ്വീപ് രാജ്യം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന മൗറീഷ്യസ് ഇന്ത്യന്‍ സഞ്ചാരികള്‍ക്കു വളരെയേറെ പ്രിയപ്പെട്ട ഇടമാണ്. മൗറീഷ്യസ് ദീപ് കൂടാതെ കാർഗദോസ് കാരാജോസ്, രോദ്രിഗിയസ്, അഗലേഗ എന്നിങ്ങനെ 16 ദ്വീപസമൂഹങ്ങളും ഈ രാഷ്ട്രത്തിൽ ഉൾപ്പെടുന്നു. ഹണിമൂണ്‍ യാത്രയായാലും സാഹസിക വിനോദങ്ങള്‍ ആയാലും സഞ്ചാരികള്‍ക്ക് ഒരു ഫുള്‍ പാക്കേജ് ആണ് ഇവിടം.

ആഫ്രിക്കയുടെ ഭാഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് മൗറീഷ്യസ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ രാജ്യത്തെ വിവിധ വ്യവസായങ്ങളില്‍ ജോലി ചെയ്യാനായി, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് ഇവര്‍. ഇവിടുത്തെ ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. മാത്രമല്ല, അമ്പതു ശതമാനത്തിലേറെ ജനങ്ങൾ ഹിന്ദുമത വിശ്വാസികളുമാണ് എന്നു കണക്കുകള്‍ പറയുന്നു.കൂടാതെ ചൈനക്കാരും ധാരാളമുണ്ട്.

സന്ദർശകർക്കു സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷമാണ് മൗറീഷ്യസ് നല്‍കുന്നത്. ആഫ്രിക്കയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ലോകത്തിലെ മറ്റേതൊരു നഗരത്തെയും പോലെ മോഷണങ്ങളും കുറ്റകൃത്യങ്ങളുമെല്ലാം ഇവിടെയും സംഭവിക്കാറുണ്ട്, എന്നിരുന്നാലും ഇവിടുത്തെ സർക്കാർ സന്ദർശകർക്കു സുരക്ഷിതമായ അന്തരീക്ഷം നിലനിർത്തുന്നു.
തെളിഞ്ഞ തടാകങ്ങൾ, ബീച്ചുകൾ, ബഹുവർണ പവിഴപ്പുറ്റുകൾ, മഴക്കാടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം കൊണ്ട് അനുഗ്രഹീതമാണ് മൗറീഷ്യസ്. മൗറീഷ്യസിലെ ഗ്രാൻഡ് ബേ, പെരേബെരെ, ബെല്ലെ മേരെ, ബ്ലൂ ബേ തുടങ്ങിയ ബീച്ചുകള്‍ വര്‍ഷംതോറും ആയിരക്കണക്കിന് ഹണിമൂണ്‍ സഞ്ചാരികളെ വരവേല്‍ക്കുന്നു. പല നിറത്തിലുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ ചമരെൽ എന്ന ചെറിയ ഗ്രാമം മൗറീഷ്യസിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ്. കൂടാതെ, സാഹസിക പ്രേമികൾക്ക് സ്കൈ ഡൈവിങ്, ബൈക്കിങ്, സിപ്‌ലൈനിങ്, ട്രെക്കിങ്, പാരാഗ്ലൈഡിങ്, ഹെലികോപ്റ്റർ – സീപ്ലെയിൻ യാത്രകൾ, അണ്ടർവാട്ടർ സീ വാക്ക് എന്നിങ്ങനെയുള്ള വിനോദങ്ങളും ആസ്വദിക്കാനാവും.
ഇന്ത്യൻ പൗരന്മാർ മൗറീഷ്യസ് വീസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. യാത്ര പുറപ്പെടുന്ന തീയതി മുതൽ കുറഞ്ഞത് 6 മാസത്തെ സാധുതയുള്ള പാസ്പോര്‍ട്ടും ഹോട്ടൽ ബുക്കിങ് തെളിവുകളും അടക്കമുള്ള സാധുവായ യാത്രാ രേഖകൾ ഉണ്ടെങ്കിൽ മൗറീഷ്യസ് വീസ ഓൺ അറൈവൽ ലഭിക്കും. ഈ വീസ ഇഷ്യൂ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തേക്ക് സാധുതയുള്ളതാണ്. ദമ്പതികളായി യാത്ര ചെയ്യുമ്പോൾ കുറഞ്ഞത് 600 യുഎസ് ഡോളറോ അല്ലെങ്കിൽ 75,000 രൂപയിൽ താഴെ പരിധിയുള്ള ക്രെഡിറ്റ് കാർഡോ കൈവശം വയ്ക്കണം.