ADVERTISEMENT

ഹ്രസ്വകാല വൃക്ഷവിളകൾക്ക് ഇനി നല്ലകാലം! ‌ഏറെ ആവശ്യമുള്ളതും എന്നാൽ ലഭ്യത കുറവുമുള്ള പാഴ്മരങ്ങളുടെ ലഭ്യത കുറഞ്ഞത് സംസ്ഥാനത്തെ പല കമ്പനികളുടെയും പ്രവർത്തനത്തെ ബാധിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് പാഴ്‌മരങ്ങൾ ഉപയോഗിച്ചു നടക്കുന്ന രണ്ടു സുപ്രധാന സംരംഭങ്ങളാണ് പ്ലൈവുഡ് വ്യവസായവും തീപ്പെട്ടി വ്യവസായവും. പ്ലൈവുഡ് കമ്പനികൾക്ക് ആവശ്യമായ തോതിൽ മരങ്ങൾ ലഭ്യമല്ലാതെ വന്നതുകൊണ്ടുതന്നെ കേരളത്തിൽ വൃക്ഷക്കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് അവർ തുടക്കമിട്ടു കഴിഞ്ഞു. അതിനൊപ്പം തിരിച്ചുവരവിന് ശ്രമിക്കുകയാണ് സംസ്ഥാനത്തെ തീപ്പെട്ടിക്കമ്പനികളും. ഒരുകാലത്ത് കേരളത്തിൽ വ്യാപകമായുണ്ടായിരുന്ന തീപ്പെട്ടിവ്യവസായം മറ്റു ബദൽ സംവിധാനങ്ങളുടെ കടന്നുകയറ്റം മൂലം പ്രതിസന്ധിയിലായിരുന്നു. എന്നാൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിലും നിർമാണത്തിലും നിയന്ത്രണം വന്നതോടെ തീപ്പെട്ടിവ്യവസായം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പക്ഷേ, തീപ്പെട്ടി വ്യവസായത്തിന് ഏറെ ആവശ്യമുള്ള മട്ടി(Ailanthus triphysa– പൊങ്ങല്യം, പെരുമരം)ത്തടിയുടെ ലഭ്യതക്കുറവ് കമ്പനികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 

വട്ട, കുമ്പിൾ, മലവേപ്പ് തുടങ്ങി ഒട്ടേറെ പാഴ്ത്തടി മരങ്ങൾ സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ടെങ്കിലും തീപ്പെട്ടിക്കമ്പനികൾക്ക് ആവശ്യം മട്ടിമരമാണ്. തടിയുടെ തൂവെള്ള നിറവും ഭാരക്കുറവുമാണ് ഇതിന് കാരണം. 10 ഗ്രാം മട്ടിത്തടിയിൽനിന്ന് 150 തീപ്പെട്ടിക്കൊളികൾ ലഭിക്കുമത്രേ! മറ്റു മരങ്ങളിൽനിന്ന് ശരാശരി 120 കൊള്ളികൾ മാത്രമാണ് ലഭിക്കുക. മാത്രമല്ല മട്ടിയിലെ കറ(മട്ടിപ്പാൽ)യാണ് തീപ്പെട്ടിക്കൊള്ളി പൂർണമായി കത്താൻ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ പ്ലൈവുഡ്, പൾപ്പ് നിർമാണത്തിന് മറ്റു മരങ്ങൾ ഉപയോഗിക്കാൻ കഴിയുമ്പോൾ തീപ്പെട്ടിവ്യവസായത്തിന് മട്ടി തന്നെ വേണം. മട്ടിപ്പാൽ കിലോയ്ക്ക് 900 രൂപ വിലയുണ്ട്. തടിക്ക് ടണ്ണിന് 7500 രൂപയും.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വൃക്ഷവിളകളിലൊന്നാണ് മട്ടിയെന്ന് വനശാസ്ത്ര കോളജ് ഡീൻ ഡോ. ടി.കെ.കുഞ്ഞാമു. അസംസ്കൃത വസ്തുക്കൾ എവിടെ ലഭ്യമാകുന്നോ അതിനോട് അനുബന്ധിച്ച് വ്യവസായങ്ങളും വളരും. മലവേപ്പ് പോലുള്ള മരങ്ങൾ തമിഴ്നാട്ടിലെ വരണ്ട കാലാവസ്ഥയിൽ വളരുമെങ്കിൽ മട്ടി അങ്ങനെയല്ല. അതുകൊണ്ടുതന്നെ കേരളത്തിൽ സാധ്യതകളുണ്ട്. കർഷകശ്രീ കഴിഞ്ഞ ജൂലൈയിൽ റിപ്പോർട്ട് ചെയ്ത പിറവത്തെ മനോജിനെപ്പോലെ പ്ലാന്റേഷൻ രീതിയിൽ മട്ടിക്കൃഷി ചെയ്യുന്ന ഏതാനും കർഷകരും സംസ്ഥാനത്തുണ്ട്. കേരളത്തിൽ ദീർഘകാല വൃക്ഷ വിളകൾക്കാണ് പൊതുവെ കർഷകർ പ്രധാന്യം കൊടുക്കുന്നത്. തേക്ക്, മഹാഗണി പോലുള്ള മരങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത് ഫർണിച്ചറുകൾക്കാണ്. വില കൂടുതൽ ലഭിക്കുമെങ്കിലും കുറഞ്ഞത് 30 വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. എന്നാൽ ഹ്രസ്വകാല വൃക്ഷവിളകൾ 8–10 വർഷംകൊണ്ട് വരുമാനം ലഭ്യമാക്കും. രാജ്യം 2070 ആകുമ്പോഴേക്ക് കാർബൺ ന്യൂട്രലിലേക്ക് എത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി രാജ്യവ്യാപകമായി വൃക്ഷക്കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും കേന്ദ്രം ആവിഷ്കരിച്ചുവരുന്നു. കേരളത്തിലെ സാഹചര്യത്തിന് യോജിച്ച ഏതാനും വൃക്ഷയിനങ്ങളുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇവ കൃഷി ചെയ്യുന്നവർക്ക് വർഷം നിശ്ചിത തുക ലഭിക്കാനുള്ള അവസരമാണുള്ളതെന്നും ഡോ. കുഞ്ഞാമു പറ​ഞ്ഞു. 

കൺസോർഷ്യത്തിന്റെ ലക്ഷ്യങ്ങൾ

∙ കർഷകരുടെ വരുമാനം വർധിപ്പിക്കുക

∙ വനം അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്ക് (തീപ്പെട്ടി, പൾപ്പ്, പേപ്പർ കമ്പനികൾക്ക് തടി, പൾപ്പ് വുഡ്) അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക

∙ കർഷകർക്ക് മെച്ചപ്പെട്ട വൃക്ഷക്കൃഷികളിൽ സാങ്കേതികവിദ്യകൾ, വിപണി പ്രവേശനം എന്നിവയിൽ പരിശീലനവും ശേഷി വർധിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുക.

∙ പ്രാദേശിക വൃക്ഷക്കൃഷിരീതികളും അവയ്ക്കുവേണ്ടിയുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും കേരള അഗ്രികൾചറൽ യൂണിവേഴ്സിറ്റി (കെഎയു) പോലുള്ള സ്ഥാപനങ്ങളുമായി കൺസോർഷ്യം സഹകരിക്കുന്നു. 

∙ ഇടനിലക്കാരെ ഒഴിവാക്കി ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാനും കർഷകരും വ്യവസായികളും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനും.

matti-tree-pongalyam-4
വിവിധ പ്രദേശത്തുനിന്ന് ശേഖരിച്ച മട്ടികളുടെ വളർച്ചനിരക്ക് തിരിച്ചറിയുന്നതിനായി വളർത്തിയ തോട്ടം പ്രഫസർ ഡോ. വി.ജമാലുദ്ദീൻ പരിചയപ്പെടുത്തുന്നു

സംസ്ഥാനത്ത് ആളോഹരി ഭൂമി കുറവാണെങ്കിലും ഇപ്പോഴും തരിശായി കിടക്കുന്ന സ്ഥലങ്ങൾ ഏറെയുണ്ട്. അതുകൊണ്ടുതന്നെ കാർഷിക വനവൽകരണത്തിന് കേരളത്തിലും സാധ്യതയുണ്ടെന്ന് പ്രഫസർ ഡോ. വി.ജമാലുദ്ദീൻ. മലയാളിയെ സംബന്ധിച്ചിടത്തോളം കൃഷിയോടുള്ള ആശ്രയത്വം കുറവാണ്. അതിനാലാണ് വൃക്ഷക്കൃഷിക്കു വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തത്. യൂണിവേഴ്സിറ്റിയുടെ കാർഷിക വനവൽകരണ വിഭാഗം തന്നെ ഇത്തരം കൃഷിയെ പ്രോത്സാഹിപ്പിക്കാൻവേണ്ടിയുള്ളതാണ്. ഇതിനായി ഗവേഷണങ്ങളും പഠനങ്ങളും നടത്താനുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിന്റെ അഖിലേന്ത്യാ കാർഷിക ഗവേഷണ പദ്ധതിയുടെ സെന്ററും ഇവിടെയുണ്ട്. ഹ്രസ്വകാല വൃക്ഷവിളകളുടെ പഠനങ്ങൾ നടത്തിവരുന്നു. ഈ അവസരത്തിലാണ് തീപ്പെട്ടിക്കമ്പനികൾ മട്ടിമരക്കൃഷി വ്യാപിപ്പിക്കാനുള്ള സഹായം തേടി വനശാസ്ത്ര കോളജിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കർഷകർ, വനം വകുപ്പ്, വനം വികസന കോർപറേഷൻ എന്നിവരെക്കൂടി ഉൾപ്പെടുത്തി ഡിസംബറിൽ യോഗം വിളിച്ചു. കർഷകരിൽനിന്ന് വളരെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. അങ്ങനെയാണ് കൺസോർഷ്യത്തിന് രൂപം കൊടുത്തത്. വ്യാവസായികവും സാമ്പത്തികവുമായ നേട്ടങ്ങൾക്ക് വനവൽകരണ രീതികൾ പ്രോത്സാഹിപ്പിക്കുകയാണ് ഈ പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭത്തിന്റെ ലക്ഷ്യം. കർഷകർ, വ്യവസായങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവരെ ഒരുമിപ്പിച്ച് എല്ലാ പങ്കാളികൾക്കും പ്രയോജനപ്പെടുന്ന സുസ്ഥിര വനവൽകരണ മാതൃകകൾ വികസിപ്പിക്കാൻ കൺസോർഷ്യം സഹായിക്കും. 

matti-tree-pongalyam-2

സർവകലാശാലയിൽ പരീക്ഷണത്തോട്ടം

രണ്ടു ഹെക്ടറിലായി അഞ്ചിനം മരങ്ങളുടെ പരീക്ഷണത്തോട്ടം കാർഷിക സർവകലാശാലാ ക്യാംപസിൽ ഒരുക്കിയിട്ടുണ്ട്. പല തരത്തിലുള്ള ഇടയകലം നൽകി ബ്ലോക്ക് തിരിച്ച് കുരങ്ങാട്ടി, മട്ടി, കുമ്പിൾ, മലവേപ്പ്, കടമ്പ് എന്നിവയാണ് പഠനങ്ങൾക്കായി വച്ചുപിടിപ്പിച്ചുള്ളത്. വ്യത്യസ്ത ഇടയകലം നൽകി നടുമ്പോൾ മരങ്ങളുടെ വളർച്ച നിരക്ക് പഠിക്കുകയാണ് ഇതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ഒപ്പം മരങ്ങളുടെ ഇലകൾ മണ്ണിൽ വീഴുന്നതിലൂടെ മണ്ണിലെ ജൈവാംശ തോതിലുണ്ടാകുന്ന മാറ്റങ്ങളും പഠനവിധേയമാക്കുന്നുണ്ട്. 

മട്ടികൃഷി പ്രചരിപ്പിക്കണം

  • എൻ.ജി. രമേഷ് (പ്രസിഡന്റ്, സ്റ്റേറ്റ് മാച്ച് സ്പ്ലിന്റ്സ് ആൻഡ് വെനീർസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ. ഫോൺ: 94464 92585)

മുൻപ് അഞ്ഞൂറിലധികം തീപ്പെട്ടിക്കമ്പനികൾ ഉണ്ടായിരുന്ന കേരളത്തിൽ ഇന്നുള്ളത് 210 എണ്ണം മാത്രമാണ്. ഡിമാൻഡ് ഏറെയുണ്ടെങ്കിലും പ്രധാന അസംസ്കൃത വസ്തുവായ മട്ടിത്തടി ആവശ്യത്തിന് ലഭ്യമല്ലെന്നതാണ് പ്രധാന വെല്ലുവിളി. മട്ടിമരം ഉള്ളവരിൽനിന്ന് നല്ല വില നൽകി നേരിട്ട് വാങ്ങാനും ഞങ്ങൾ തയാറാണ്. എല്ലാ കമ്പനികൾക്കും കൂടി ഒരു ദിവസം 1500–2000 ടൺ മട്ടിത്തടി ആവശ്യമാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ തടിയുടെ ലഭ്യത കുറഞ്ഞ് കമ്പനികൾ ഇല്ലാതാകുന്ന സ്ഥിതിയിലേക്കെത്താം. അതു മുൻകൂട്ടി കണ്ട് കേരളത്തിൽ മട്ടിത്തടിക്കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ. കുറഞ്ഞ കാലംകൊണ്ട് മികച്ച വളർച്ചയും രോഗപ്രതിരോധശേഷിയുമുള്ള മട്ടിമരങ്ങൾ കണ്ടെത്തുന്നതിനാണ് വനശാസ്ത്ര കോളജിന്റെ സഹായം തേടിയത്. പരിസ്ഥിതി ദിനത്തിലും മറ്റും വിതരണം ചെയ്യുന്ന വൃക്ഷത്തൈകളിൽ മട്ടി പോലെ ഉപയോഗമുള്ളവ ഉൾപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെടും. 

കേരളത്തിന്റെ വരദാനമാണ് മട്ടിമരം. കേരളത്തിലെപോലതന്നെ തമിഴ്നാട്ടിലും തീപ്പെട്ടിവ്യവസായമുണ്ട്. എന്നാൽ, ഇവിടുത്തെ ഉൽപാദനത്തിന്റെ പത്തിലൊന്നു പോലും വരുന്നില്ല. കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ മട്ടി മരങ്ങളും ഇറക്കുമതി ചെയ്യുന്ന മരങ്ങളും ഉപയോഗിച്ചാണ് അവരുടെ തീപ്പെട്ടിയുൽപാദനം. മട്ടിമരത്തെ അപേക്ഷിച്ച് ഇറക്കുമതി ചെയ്യുന്ന മരത്തിന് ഏകദേശം 40 ശതമാനത്തോളം അധിക വില വരുന്നതും അവർക്ക് വെല്ലുവിളിയാകുന്നുണ്ട്.

ഹ്രസ്വകാല വിളകൾക്ക് നിയന്ത്രണമില്ല

  • എൻ.രാജേഷ് (ഡിഎഫ്ഒ, കോട്ടയം)

വനത്തിനു പുറത്തുള്ള വൃക്ഷവിളത്തോട്ടങ്ങളിലും വീടുകളോടു ചേർന്നുള്ള പുരയിടങ്ങളിലും മറ്റും വളരുന്ന വൃക്ഷങ്ങളാണ് കേരളത്തിലെ തടി ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റുന്നത്. റബർത്തോട്ടങ്ങളിൽനിന്നുള്ളതും ഇറക്കുമതി ചെയ്യുന്നതുമായി 18 ശതമാനം വരും. ശേഷിക്കുന്ന രണ്ടു ശതമാനമാണ് വനവിളത്തോട്ടങ്ങളിൽനിന്നുള്ളത്. അതുകൊണ്ടുതന്നെ വനത്തിനു പുറത്തുള്ള മരങ്ങൾ എന്ന ആശയത്തിന് പ്രസക്തിയുണ്ട്. വ്യാവസായിക ആവശ്യത്തിന് അന്നും ഇന്നും തേക്കുതന്നെയാണ് ഒന്നാമത്. എന്നാൽ, ഹ്രസ്വകാല വിളകൾക്കും ഇന്ന് സാധ്യതയുണ്ട്. ചില പ്രത്യേക തരം പട്ടയങ്ങളിലൂടെ സർക്കാർ പതിച്ചു നൽകിയ ഭൂമിയിലുള്ള തേക്ക് മുറിക്കാൻ കഴിയില്ല. അതുപോലെ വനത്തോടു ചേർന്നുകിടക്കുന്ന വിജ്ഞാപനം ചെയ്തിട്ടുള്ള 50 വില്ലേജുകളിൽ മാത്രം തേക്ക് ഉൾപ്പെടെ 10 ഇനം വൃക്ഷങ്ങൾ അനുമതിയോടെ മാത്രമേ മുറിക്കാൻ കഴിയൂ. എന്നാൽ, ഹ്രസ്വകാല വൃക്ഷങ്ങൾക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ല.

മട്ടിക്ക് കീടങ്ങളും ശത്രുക്കളും കുറവ്

  • ജോർജി പി. മാത്തച്ചൻ (എംഡി, കെഎഫ്‌ഡിസി)

ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ കീഴിലുള്ള തോട്ടങ്ങളിൽ യൂക്കാലി, അക്കേഷ്യ പോലുള്ള വൃക്ഷങ്ങൾ പുതുതായി കൃഷി ചെയ്യേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. അതുകൊണ്ടുതന്നെ നിലവിലുള്ള തോട്ടങ്ങളിലെ മരങ്ങൾ വെട്ടുന്നതിനു പിന്നാലെ മറ്റു വൃക്ഷങ്ങൾ നടാനുള്ള ശ്രമങ്ങൾ നടക്കുന്നു. നിലവിൽ മട്ടി, മലവേപ്പ്, കുമ്പിൾ, വട്ട പോലുള്ള ഹ്വസ്വകാല വിളകൾ പരീക്ഷണാടിസ്ഥാനത്തിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മലവേപ്പിന് വളർച്ചനിരക്ക് കൂടുതലാണെങ്കിലും കീടാക്രമണം കൂടുതലാണ്. അതുപോലെ മുള്ളൻപന്നി തടി കടിച്ച് നശിപ്പിക്കുന്നുണ്ട്. എന്നാൽ, മലവേപ്പിനെ അപേക്ഷിച്ച് വളർച്ചനിരക്ക് കുറവാണെങ്കിലും മട്ടിക്ക് ഇതുവരെ പ്രകൃതിയിലെ ശത്രുക്കളിൽനിന്ന് യാതൊരു വെല്ലുവിളിയും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇടകലർത്തി നടാനാണ് തീരുമാനം. അതേസമയം, മലവേപ്പ് സാധാരണ കർഷകർ നടുമ്പോൾ പ്രകൃതിയിലെ ശത്രുക്കളുടെ വെല്ലുവിളി ഉണ്ടാകുന്നില്ല. 

മനോജ് പൊങ്ങല്യത്തോട്ടത്തിൽ
മനോജ് പൊങ്ങല്യത്തോട്ടത്തിൽ

കാലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള മാറ്റം 

  • മനോജ്‌ പോൾ (പൊങ്ങല്യ കർഷകൻ, പിറവം. ഫോൺ: 94465 35939)

കൃഷിയിൽ കാലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ചു ഒരു മാറ്റം ഉണ്ടാവേണ്ടത് അനിവാര്യമാണ്. അതിന് കർഷകരുടെ സ്ഥലത്തിനും സാഹചര്യത്തിനും ഉതകുന്ന രീതിയിലുള്ള വൃക്ഷക്കൃഷിയും ഒപ്പം കർഷകനു വില നിയന്ത്രിക്കാൻ പറ്റുന്ന ഇടവിളകളും ചെയ്യണം. കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന തോട്ടങ്ങളിലൊക്കെ ഡിമാൻഡ് ഉള്ള പാഴ്‌മരങ്ങൾ കൃഷി ചെയ്യാവുന്നതാണ്. കാര്യമായ പരിചരണമോ വളമോ നൽകാതെ കുറഞ്ഞ കാലംകൊണ്ട് വരുമാനം ലഭിക്കുമെന്നതാണ് നേട്ടം. മട്ടിയുടെ തടിക്കും പശയ്ക്കും ഇന്ന് ഒരുപോലെ ഡിമാൻഡ് ഉണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊണ്ട് ഒരു സ്ഥിരവിളയും (പൊങ്ങല്യം /മട്ടി / പെരുമരകൃഷി) മരത്തിന്റെ ചെറിയ ചോലയിൽ വളരുന്ന ഇടവിളകളും (കിഴങ്ങിനങ്ങൾ, കുരുമുളക്, വാഴ തുടങ്ങിയവ) ചെയ്താൽ തോട്ടത്തിൽനിന്ന് മികച്ച വരുമാനം നേടാൻ സാധിക്കും.

English Summary:

Short-term tree crops like Matti (Pongalyam) are experiencing a surge in demand in Kerala. The rising need for waste wood in industries like matchboxes and plywood, coupled with government initiatives, creates a lucrative opportunity for farmers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com