ആരു കൊടുക്കും ചേട്ടാ ഇങ്ങനെ?; 'ഭായിപ്പാട്' വിളിക്കുന്നു; ദീദി വിളി കേൾക്കുമോ?
Mail This Article
പായിപ്പാട് ∙ അരേ ചേട്ടാ... പായിപ്പാട്ട് ദീദി വരുമോ ? എംഎൽഎ സ്ഥാനം രാജിവച്ച് പി.വി.അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നുവെന്ന വാർത്ത കേട്ട പായിപ്പാട്ടുള്ള ബംഗാളികളായ അതിഥിത്തൊഴിലാളികളുടെ പ്രതികരണം ഇങ്ങനെ. പി.വി.അൻവർ ആരാ, എന്താ എന്നൊന്നും അറിയില്ലെങ്കിലും കേരളത്തിലും തൃണമൂൽ കോൺഗ്രസ് വാർത്തയാകുന്നതിൽ ബംഗാളി ഭായിമാർക്കു സന്തോഷം. ദീദിയെന്ന് ഇവർ വിളിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പടം ഫോണിൽ സൂക്ഷിക്കുന്ന ചില ബംഗാളി ഭായിമാർ വേണമെങ്കിൽ പായിപ്പാട്ട് തൃണമൂൽ കോൺഗ്രസിനായി അംഗത്വ ക്യാംപെയ്ൻ നടത്താനും തയാർ.
കുടുംബത്തിലെ പെൺകുട്ടിക്ക് വിവാഹത്തിന് 75,000 രൂപ, 18 വയസ്സ് തികഞ്ഞവർക്ക് 25,000 രൂപ, കർഷകർക്ക് 1,500 രൂപ, സ്കൂൾ വിദ്യാർഥികൾക്ക് സൈക്കിൾ, പുസ്തകം, പേന, പത്താം ക്ലാസുകാർക്ക് സ്മാർട് ഫോൺ വാങ്ങാൻ 10,000 രൂപ, വിധവകൾക്ക് മാസം 1,500 രൂപ.. ആരു കൊടുക്കും ചേട്ടാ ഇങ്ങനെ? ബംഗാളിലെ മാൾഡ സ്വദേശി യുവാവ് അസീറുല്ലിന്റെ ചോദ്യം. പിന്നെന്തിനാ ഇങ്ങോട്ടു പണിക്ക് വന്നതെന്നു ചോദിച്ചാൽ അസീറുൽ ശബ്ദം താഴ്ത്തിപ്പറയും ‘അവിടെ പണി കിട്ടില്ല ചേട്ടാ.. കിട്ടിയാൽ തന്ന 500 – 550 കിട്ടും. ഇവിടെ പണിക്കു പോയാൽ 900 – 1000 ദിവസം കിട്ടും.’
സ്വന്തം നാട്ടിലെ എംഎൽഎയും എംപിയും ആരെന്നു ചോദിച്ചപ്പോൾ പലർക്കും അറിയില്ല. ചിലർ ഗൂഗിളിൽ പരതി. ‘ജയിച്ച് പോയാൽ അവരെ കാണില്ല ചേട്ടാ.’ ബംഗാളിലെ മാൾഡയിൽ നിന്നുള്ള മുനീറുൾ ഹക്ക്, റബിയൂൽ ആലം, ഹമീദുൽ റഹ്മാൻ എന്നിവരൊക്കെ തൃണമൂൽ കോൺഗ്രസിനോട് ആഭിമുഖ്യമുള്ളവരാണ്. പായിപ്പാട് കവലയ്ക്ക് സമീപം വാടകവീട്ടിലാണ് ഇവർ താമസം. എസി അടക്കം സൗകര്യങ്ങളുണ്ട്.
ഇവർക്കെല്ലാം ദീദിയെ നല്ല പരിചയം. പിന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും. തിരഞ്ഞെടുപ്പ് കാലമാകുമ്പോൾ ഇവർ കൂട്ടമായി ബംഗാളിലേക്ക് ട്രെയിൻ കയറും. അവിടെയുള്ള പാർട്ടി പ്രവർത്തകർ ഫോണിൽ വിളിച്ച് വോട്ട് ചെയ്യാൻ എത്തണമെന്ന് ആവശ്യപ്പെടാറുണ്ട്. ചിഹ്നം നോക്കിയാണ് വോട്ട് ചെയ്യുന്നതെന്ന് ഇവർ പറയുന്നു. മമത ബാനർജി അതിഥിത്തൊഴിലാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന പായിപ്പാട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പായിപ്പാട്ട് ഒരു വൻസമ്മേളനം ഒരുക്കാനുള്ള ബംഗാളികളുണ്ടെന്ന് ഇവർ പറയുന്നു.