രണ്ടുംകൽപിച്ച് മൂർഖൻമാർ; 5 ദിവസത്തിനിടെ 100 എണ്ണത്തെ പിടികൂടി; പാമ്പുശല്യം കൂടാൻ 2 കാരണങ്ങൾ
Mail This Article
വനംവകുപ്പിനെ വലച്ച് മൂർഖനും പെരുമ്പാമ്പും. 5 ദിവസത്തിനിടെ കോട്ടയം ജില്ലയിൽ സ്നേക്ക് റസ്ക്യു ടീം പിടികൂടിയതു 100 മൂർഖൻ പാമ്പുകളെയാണ്. പെരുമ്പാമ്പുകളുടെ എണ്ണത്തിലും വർധനയുണ്ട്. വനംവകുപ്പിന്റെ സ്നേക്ക് റസ്ക്യു ടീം കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പിടികൂടിയത് 18–20 മൂർഖൻ പാമ്പുകളെയാണ്. കോട്ടയത്തുനിന്ന് നിന്നു പിടികൂടിയ പാമ്പുകളെയെല്ലാം ഉൾക്കാടുകളിലാണ് വനംവകുപ്പ് തുറന്നുവിടുന്നത്.
ഒക്ടോബർ മുതൽ ജനുവരി വരെ പാമ്പുകളുടെ ഇണചേരൽ കാലമാണ്. ഇതും ചൂടുകൂടുന്നതുമാണ് ഇപ്പോഴത്തെ പാമ്പുശല്യത്തിനു കാരണമെന്നു വനംവകുപ്പ് പറയുന്നു. പൊതുവെ മനുഷ്യരുടെ മുന്നിൽ പെടാതെ തന്നെ ജനവാസ മേഖലകളിൽ സുരക്ഷിതരായി ജീവിക്കുന്ന പാമ്പുകൾ, ഇണചേരൽ കാലത്ത് കൂടുതലായി പുറത്തിറങ്ങി സഞ്ചരിക്കാറുണ്ട്. അതിനാൽ അവയെ കാണുന്നതിനും അവയുടെ കടിയേൽക്കുന്നതിനും സാധ്യതയേറെയാണ്.
വലയ്ക്കുന്ന ഫോൺകോളുകൾ
ദിവസം 50 ഫോൺകോളുകൾ സ്നേക്ക് റസ്ക്യൂ ടീമിനു ലഭിക്കുന്നുണ്ട്. ഇവയിൽ 30 കോളും സത്യസന്ധമായി വിളിക്കുന്നവരാണ്. മറ്റുള്ളവർ റോഡിലും തോട്ടിലും പാമ്പിനെ കണ്ടെന്ന് പറഞ്ഞാണ് വിളിക്കുന്നത്. രാത്രി സിനിമയ്ക്ക് പോയിവരുന്ന സംഘം റോഡിൽ പാമ്പിനെ കണ്ടെന്നു പറഞ്ഞ് വിളിച്ചു. പാമ്പ് പാമ്പിന്റെ വഴിക്കു പോയി. അന്വേഷിച്ചെത്തുമ്പോൾ പാമ്പുമില്ല, പരാതിക്കാരുമില്ല. വിവരങ്ങൾ നൽകുമ്പോൾ വ്യക്തത വേണം. – സ്നേക്ക് റസ്ക്യൂ ടീം പറയുന്നു.