കെഎസ്ഇബി: പത്താം ക്ലാസ് തോറ്റവർക്ക് ഇനി നിയമനമില്ല
Mail This Article
തിരുവനന്തപുരം∙ പത്താം ക്ലാസ് പരാജയപ്പെട്ടവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന തസ്തികകളിലിരിക്കുന്നു എന്ന പരാതി മാറ്റാൻ കെഎസ്ഇബി. പത്താം ക്ലാസ് പരാജയപ്പെട്ടവർക്കു മാത്രം പരീക്ഷയെഴുതാവുന്ന തസ്തികകൾ കെഎസ്ഇബിയിൽ ഇനിയുണ്ടാകില്ല. അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്കരിക്കും. ഇവയുൾപ്പെടെ കെഎസ്ഇബിയിലെ എല്ലാ തസ്തികകളും പൊളിച്ചെഴുതുന്ന സ്പെഷൽ റൂളിന് പിഎസ്‌സി മൂന്നു മാസത്തിനകം അംഗീകാരം നൽകുമെന്നാണു പ്രതീക്ഷ. സ്പെഷൽ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവർക്കു മാത്രമായിരിക്കും ഇവ ബാധകം.
-
Also Read
അന്തിമ വിധി അനുസരിക്കും: ഗോപന്റെ കുടുംബം
വൈദ്യുതി മേഖലയിലെ അപകടങ്ങൾ കുറയ്ക്കാൻ സാങ്കേതികമായി അറിവുള്ളവരെ മാത്രം നിയമിക്കണമെന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിർദേശവും കെഎസ്ഇബി മുൻപു നടത്തിയ പഠനങ്ങളും അടിസ്ഥാനമാക്കിയാണ് സ്പെഷൽ റൂളിൽ തസ്തികകൾ പുനർനിർണയിച്ചത്. ഇനിമുതൽ പിഎസ്‌സി വഴി നിയമനം ലഭിക്കുന്നവർ ഭാവിയിൽ സ്ഥാനക്കയറ്റം നേടി ചീഫ് എൻജിനീയർ തസ്തിക വരെയെത്തുമ്പോൾ അതുവരെയുള്ള എല്ലാ തസ്തികകളുടെയും പേരും ചുമതലകളും മാറും.
തസ്തികകളുടെ എണ്ണം കുറയുന്നതിനാൽ ജീവനക്കാരെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ വ്യത്യസ്ത ചുമതലകൾ നൽകും. ഉദാഹരണത്തിന്, ഡ്രൈവർക്ക്് ആ ജോലി ഇല്ലാത്തപ്പോൾ ഓഫിസ് അറ്റൻഡന്റ് അല്ലെങ്കിൽ സമാനമായ മറ്റു ജോലികൾ ചെയ്യേണ്ടി വരും. ജീവനക്കാർക്ക് സേവനകാലം പരിഗണിച്ച് കുറഞ്ഞത് 3 ഗ്രേഡ് പ്രമോഷൻ ഉറപ്പാക്കുമെങ്കിലും യോഗ്യത അനുസരിച്ച് പരമാവധി പ്രമോഷൻ ലഭിക്കാവുന്ന ഗ്രേഡും നിശ്ചയിക്കും.
താഴെത്തട്ടിൽ ജീവനക്കാരില്ല
നിലവിൽ കെഎസ്ഇബിയിലെ മസ്ദൂർ തസ്തികയിൽ ജീവനക്കാരുടെ എണ്ണം തീരെ കുറവാണ്. 2013 നു ശേഷം ജോലിയിൽ പ്രവേശിച്ചവർ മാത്രമാണ് ഈ തസ്തികയിലുള്ളത്. അതിനു മുൻപു ജോലിയിൽ കയറിയവർ സ്ഥാനക്കയറ്റം നേടി ലൈൻമാൻ ആയി. കെഎസ്ഇബി പുനഃസംഘടനയും സ്പെഷൽ റൂളിന് പിഎസ്‌സിയുടെ അംഗീകാരവും വൈകുന്നതിനാലാണിത്.
ശമ്പള സ്കെയിലും മാറിയേക്കും
കെഎസ്ഇബിയിലെ ഭീമമായ ശമ്പള സ്കെയിലിനെ കുറിച്ച് വ്യാപകമായ ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പെഷൽ റൂൾ പ്രാബല്യത്തിലായ ശേഷം ജോലിയിൽ പ്രവേശിക്കുന്നവരുടെ ശമ്പള സ്കെയിൽ കുറച്ചേക്കും. ഇതെക്കുറിച്ച് സർക്കാരുമായും യൂണിയനുകളുമായും ചർച്ച നടത്തണം. ആകെ ജീവനക്കാരുടെ എണ്ണം പരമാവധി 30321 ആയി ക്രമീകരിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശിച്ചതിനാൽ ഓരോ തസ്തികയിലെയും ജീവനക്കാരുടെ എണ്ണം സംബന്ധിച്ചും തീരുമാനമെടുക്കേണ്ടതുണ്ട്.