തമിഴ്, ഹിന്ദി, കന്നഡ...ബെംഗളൂരുവിൽ ജീവിക്കാൻ എത്ര ഭാഷകൾ പഠിക്കണം?: ചര്ച്ചയായി യുവതിയുടെ കുറിപ്പ്

Mail This Article
നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പേരിൽ മാത്രമല്ല, ഭാഷയുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പേരിലും ബെംഗളൂരു നിരന്തരം വാർത്തകളിലിടം പിടിക്കാറുണ്ട്. ബെംഗളൂരു നഗരത്തിൽ ജീവിക്കുന്നവർ അഭിമുഖീകരിക്കുന്ന ഭാഷാപ്രശ്നങ്ങളെക്കുറിച്ച് എക്സ് പ്ലാറ്റ്ഫോമിൽ ഒരു യുവതി പങ്കുവച്ച പോസ്റ്റ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.
അപരാജിതെ എന്ന പേരിലുള്ള സമൂഹമാധ്യമ ഉപയോക്താവാണ് ബെംഗളൂരുവിൽ താമസിക്കണമെങ്കിൽ ഏതൊക്കെ ഭാഷ പഠിക്കണമെന്നു ചോദിച്ചു കൊണ്ട് പോസ്റ്റിട്ടത്. കുറിപ്പിൽ യുവതി ചോദിക്കുന്നതിങ്ങനെ: ‘‘ ബെംഗളൂരുവിലാണ് എന്റെ താമസം. ഞാൻ താമസിക്കുന്ന അപ്പാർട്ട്‌മെന്റിന്റെ സെക്യൂരിറ്റി തമിഴ്‌വംശജനാണ്. സമീപത്തെ പലചരക്കുകടയുടമ ബിഹാർ സ്വദേശിയാണ്. സൂപ്പർമാർക്കറ്റിലെ ജീവനക്കാരാകട്ടെ മലയാളികളും. ഫാൻസി ഷോപ് നടത്തുന്നത് രാജസ്ഥാനിൽ നിന്നുള്ളവർ. ഇവരോടൊക്കെ സംസാരിക്കണമെങ്കിൽ ഞാൻ അവരുടെ ഭാഷ പഠിക്കണോ? അതോ അവർ എന്റെ ഭാഷ പഠിക്കുകയാണോ വേണ്ടത്’’.
വിദേശഭാഷ പഠിക്കൂ, അല്ലെങ്കിൽ ആംഗ്യഭാഷ പഠിക്കൂവെന്നൊക്കെയുള്ള കമന്റ് ചിലരിട്ടപ്പോൾ യുവതി എന്തുകൊണ്ട് കന്നഡ ഭാഷ പഠിക്കാൻ തയാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തുകയാണ് മറ്റു ചിലർ. പല സംസ്ഥാനത്തു നിന്നുള്ളയാളുകളുമായി സംസാരിക്കേണ്ടി വരുമ്പോൾ പല ഭാഷകൾ പഠിച്ചിരിക്കുന്നത് നല്ലതാണെന്ന് ഉപദേശിക്കുന്നവരും കുറവല്ല. കർണാടകയിൽ വന്ന് ഐടി, ബാങ്ക്, ഓഫിസ് അങ്ങനെ പല മേഖലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ പലരും കന്നഡ പഠിക്കാൻ തയാറാവുന്നില്ലെന്നാണ് ചിലരുടെ പരാതി.
ആദ്യമായല്ല ബെംഗളൂരുവിലെ ഭാഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള സമൂഹമാധ്യമ പോസ്റ്റുകൾ തരംഗമാകുന്നത്. ബെംഗളൂരുവിലെ ആളുകൾക്ക് ഉത്തരേന്ത്യക്കാരെ ഇഷ്ടമല്ലെന്നും അവർ തങ്ങളെ ഹിന്ദിക്കാരെന്നു വിളിക്കുകയും ഉയർന്ന ഓട്ടോറിക്ഷാ ചാർജ് ഈടാക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞ് ഒരു യുവതി പോസ്റ്റ് ചെയ്ത വിഡിയോയും ഏറെ വിവാദമായിരുന്നു.