അലൂമിനിയം ഫോയില്‍ ഉപയോഗിക്കാറുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഇതിൽ വച്ച് ചൂടാക്കരുത്!

Mail This Article
അടുക്കളയില്‍ ഭക്ഷണം സൂക്ഷിക്കാനും പാകം ചെയ്യാനും വീണ്ടും ചൂടാക്കാനുമൊക്കെ വളരെ സൗകര്യപ്രദമായ ഒന്നാണ് അലൂമിനിയം ഫോയില്‍. വളരെ വ്യാപകമായിത്തന്നെ ഇവ നമ്മള്‍ ഉപയോഗിച്ചു വരുന്നു. ഇവ പൊതുവേ സുരക്ഷിതമായാണ് കണക്കാക്കുന്നത്. എങ്കിലും, ഇവയിലെ അലൂമിനിയം ഭക്ഷണത്തിലേക്ക് ഊര്‍ന്നിറങ്ങുന്ന ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അത് ആരോഗ്യത്തിന് ഹാനികരം തന്നെയാണ്.

അമിതമായി അലുമിനിയം ഉള്ളിലെത്തുന്നത് അൽഷിമേഴ്സ് രോഗം ഉൾപ്പെടെയുള്ള നാഡീ രോഗാവസ്ഥകൾക്ക് കാരണമാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അസ്ഥികളിൽ അലുമിനിയം അടിഞ്ഞുകൂടുന്നത് അവയെ ദുർബലപ്പെടുത്തുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ വൃക്കകള്‍ക്കും ഇവ ദോഷകരമാണ്.
അലൂമിനിയം ഫോയിലില്‍ വച്ച് ഒരിക്കലും പാകംചെയ്യാനോ ചൂടാക്കാനോ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്.
തക്കാളി
തക്കാളിയിൽ അസിഡിറ്റി കൂടുതലാണ്, ഇതുകാരണം അലുമിനിയം ഫോയിലിൽ പാകം ചെയ്യുമ്പോൾ, ഭക്ഷണത്തിലേക്ക് അലുമിനിയം ഒഴുകാൻ കാരണമാകും. ഇത് ഭക്ഷണത്തിന്‍റെ രുചി മാറ്റുകയും ശരീരത്തിലെ അലുമിനിയം ഉപഭോഗം വർദ്ധിപ്പിക്കുകയും ചെയ്യും. പകരം, തക്കാളി പാകം ചെയ്യുമ്പോള്‍ ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ ഉപയോഗിക്കുക.
സിട്രസ് പഴങ്ങൾ
തക്കാളിയെപ്പോലെ തന്നെ, നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളിലും ഉയർന്ന അളവില്‍ അസിഡിറ്റിയുണ്ട്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞതോ പാകം ചെയ്തതോ ആണെങ്കിൽ ഇത് രുചിയെ ബാധിക്കുകയും കാലക്രമേണ അമിതമായ അലുമിനിയം ഉപഭോഗത്തിന് കാരണമാവുകയും ചെയ്യും.
വിനാഗിരി ചേര്‍ത്ത വിഭവങ്ങൾ
അച്ചാറിട്ട ഭക്ഷണങ്ങൾ, മാരിനേഡുകൾ, സോസുകൾ എന്നിവ പോലുള്ള വിനാഗിരി അടങ്ങിയ ഭക്ഷണങ്ങള്‍ അലുമിനിയം ഫോയിൽ വിഘടിപ്പിക്കും. വിനാഗിരിയുടെ അസിഡിറ്റി സ്വഭാവം അലുമിനിയവുമായി പ്രതിപ്രവർത്തിക്കുകയും. അത് അസുഖകരമായ ലോഹ രുചിയിലേക്കും ആരോഗ്യപരമായ അപകടസാധ്യതകളിലേക്കും നയിക്കുകയും ചെയ്യുന്നു.
എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങളിൽ പലപ്പോഴും മുളക്, വിനാഗിരി, സിട്രസ് തുടങ്ങിയ ചേരുവകൾ അടങ്ങിയിട്ടുണ്ട്, അസിഡിറ്റിയും എരിവും കൂടിച്ചേരുമ്പോള്‍ ലീച്ചിംഗ് പ്രക്രിയ തീവ്രമാക്കും, അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ അലുമിനിയം ഫോയിലിൽ പാചകം ചെയ്യുന്നത് സുരക്ഷിതമല്ല.
മുട്ട
പ്രത്യേകിച്ച് സ്ക്രാംബ്ള്‍ ചെയ്തതോ ബേക്ക് ചെയ്തതോ ആയ മുട്ടകൾ അലുമിനിയം ഫോയിലിൽ പാകം ചെയ്യരുത്. മുട്ടകളിലെ സൾഫർ സംയുക്തങ്ങൾ അലുമിനിയവുമായി പ്രതിപ്രവർത്തിച്ച് നിറവ്യത്യാസത്തിനും മോശം രുചിക്കും കാരണമാകും.
ചീസ്
കാലപ്പഴക്കം കൂടുന്നതനുസരിച്ച് ചീസുകൾ അസിഡിറ്റി ഉള്ളതായി മാറുകയും അലുമിനിയം ഫോയിലുമായി പ്രതിപ്രവർത്തിക്കുകയും ചെയ്യും. ഇത് ലോഹ രുചിക്ക് കാരണമാവുകയും ചീസിന്‍റെ ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യും. ചീസ് സൂക്ഷിക്കാനോ പാചകം ചെയ്യാനോ, ബട്ടര്‍ പേപ്പറോ ഗ്ലാസ് പാത്രങ്ങളോ ഉപയോഗിക്കുക.
ഉരുളക്കിഴങ്ങ്
ബേക്ക് ചെയ്യാന്‍ ഉരുളക്കിഴങ്ങ് പലപ്പോഴും അലുമിനിയം ഫോയിലിൽ പൊതിയാറുണ്ട്, ഇത് അങ്ങനെ തന്നെ വച്ചാല്‍ ഈർപ്പം പിടിച്ചുനിർത്തുകയും ബാക്ടീരിയകൾ വളരുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.

അലുമിനിയം ഫോയിൽ ഉപയോഗിക്കേണ്ടിവന്നാൽ, പാചകം ചെയ്ത ഉടൻ തന്നെ അത് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക.
മത്സ്യം
സാധാരണയായി മത്സ്യം പാകം ചെയ്യുന്നത് നാരങ്ങാനീര്, പുളി, അല്ലെങ്കിൽ വിനാഗിരി പോലുള്ള അസിഡിറ്റി ഉള്ള ചേരുവകൾ ചേര്‍ത്താണ്. അതിനാല്‍ മത്സ്യ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ കടലാസ് പേപ്പറോ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളോ ഉപയോഗിക്കുക.
ഇലക്കറികൾ
ചീര, കേയ്ല്‍ തുടങ്ങിയ ഇലക്കറികളിൽ സ്വാഭാവികമായി ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇവ അലുമിനിയവുമായി പ്രതിപ്രവർത്തിക്കും. അതിനാല്‍, ഇലക്കറികൾ സെറാമിക് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിൽ വേവിക്കുക.