അന്ന് അലാസ്ക വാങ്ങിയത് മണ്ടത്തരമെന്ന് പറഞ്ഞു, പക്ഷേ നിധിയായി! ഇപ്പോൾ യുഎസിന്റെ നോട്ടം ഗ്രീൻലൻഡിൽ

Mail This Article
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലൻഡ് വാങ്ങാൻ തനിക്കു താൽപര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഒരു വലിയ പ്രദേശം അപ്പാടെ വാങ്ങാൻ സാധിക്കുമോ എന്നായിരുന്നു പലരുടെയും ചോദ്യം. എന്നാൽ യുഎസ് മുൻപും ഇത്തരം വാങ്ങലുകൾ നടത്തിയിട്ടുണ്ടെന്നതാണ് വാസ്തവം. ഇതിൽ ഏറെ പ്രശസ്തമായിരുന്നു അലാസ്ക. ഗ്രീൻലൻഡ് ഡെന്മാർക്കിൽ നിന്നാണു വാങ്ങാൻ ശ്രമിക്കുന്നതെങ്കിൽ അലാസ്ക യുഎസ് വാങ്ങിയത് പരമ്പരാഗത വൈരികളായ റഷ്യയിൽ നിന്നാണ്.
1741ൽ ഡാനിഷ് പര്യവേക്ഷകനായ വൈറ്റസ് ബെറിങ് അലാസ്‌ക കണ്ടെത്തിയതെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. തുടർന്ന് അലാസ്‌കയുടെ ഭാഗമായ കോഡിയാക് ദ്വീപിൽ റഷ്യക്കാർ കോളനി ഉറപ്പിച്ചു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ റഷ്യയ്ക്ക് അലാസ്‌കയിൽ താൽപര്യം നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അലാസ്‌കയെ യുഎസിനു വിൽക്കുകയും ചെയ്തു.

അന്നത്തെ അമേരിക്കൻ ആഭ്യന്തര സെക്രട്ടറിയായ വില്യം എച്ച് സീവാർഡ് 72 ലക്ഷം യുഎസ് ഡോളറുകൾക്കാണ് അലാസ്‌കയെ യുഎസിന്റെ ഭാഗമായി മാറ്റിയത്.
അന്നു ഇതൊരു വലിയ മണ്ടത്തരമായാണ് യുഎസ് ജനത കണക്കാക്കിയത്. സീവാർഡിന്റെ വിഡ്ഢിത്തം എന്നാണ് അലാസ്‌ക വാങ്ങിയതിനെ അവർ വിശേഷിപ്പിച്ചത്. എന്നാൽ പിൽക്കാലത്ത് 1880ൽ അലാസ്‌കയിൽ സ്വർണം കണ്ടെത്തി. വമ്പൻ ധാതു നിക്ഷേപങ്ങളും പ്രകൃതി വാതക നിക്ഷേപങ്ങളുമൊക്കെ മേഖലയിൽ നിന്നു കണ്ടെടുത്തു. ഇന്ന് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവുമധികം സംഭാവനകൾ നൽകുന്ന സംസ്ഥാനമാണ് കാനഡയോടു ചേർന്നുകിടക്കുന്ന അലാസ്‌ക.
അമേരിക്കൻ വൻകരകളിൽ ആദ്യമെത്തിയ യൂറോപ്യൻമാർ കൊളംബസും സംഘവുമാണെന്നുള്ളത് തെറ്റാണെന്ന് ചരിത്രം പറയുന്നു. യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്ക് പല കലാവസ്തുക്കളും എത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് അലാസ്‌കയിലെ നീല മുത്തുകൾ. വെനീസിൽ 14ാം നൂറ്റാണ്ടിൽ നിർമിച്ച ഇവ കൊളംബസ് അമേരിക്കൻ വൻകരകളിലെത്തും മുൻപേ ഇത് എത്തിയിരുന്നു.
അലാസ്‌കയുടെ ഉത്തരധ്രുവത്തോട് ചേർന്നുള്ള പ്രദേശത്തെ മൂന്നു സ്ഥലങ്ങളിൽ നിന്നാണ് നീല നിറത്തിലുള്ള മുത്തുകൾ കണ്ടെത്തിയത്. ഇവയോടൊപ്പം ചെമ്പു കൈവളകൾ, ഇരുമ്പിൽ തീർത്ത ലോക്കറ്റുകൾ, കുറച്ച് മൃഗങ്ങളുടെ എല്ലുകൾ, ചണനാരുകൾ എന്നിവയും കണ്ടെത്തിയിരുന്നു. റേഡിയോ കാർബൺ ഡേറ്റിങ്ങിലൂടെ ഇവ 1397നും 1488നും ഇടയില്‍ അലാസ്‌കയിൽ എത്തിയതെന്ന് കണ്ടെത്തി. പതിനാലാം നൂറ്റാണ്ടിൽ ഇറ്റലിയിലെ വെനീസിൽ പ്രചാരത്തിലുണ്ടായിരുന്ന സോഡ ഗ്ലാസ് എന്ന വസ്തു ഉപയോഗിച്ചാണ് ഇവ നിർമിച്ചതെന്ന് പറയപ്പെടുന്നു. കൊളംബസിനും മുൻപു തന്നെ യൂറോപ്യൻമാർ ഈ ഭാഗത്തെത്തിയിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.