ഐസ് സ്റ്റിക്ക് കണ്ടുപിടിച്ച കുട്ടി: ഒരു തണുത്ത രാത്രി തന്ന സമ്മാനം

Mail This Article
കമ്പൈസ്, സ്റ്റിക്ക് ഐസ്, ഐസ് സ്റ്റിക്....പോപ്സിക്കിൾ എന്ന പേരിൽ അറിയപ്പെടുന്ന ലോകത്തിന്റെ പ്രിയപ്പെട്ട ഐസ്ക്രീമിനെ നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെയാണു വിളിച്ചിരുന്നത്. ചോക്കോബാർ, മാംഗോ ബാർ തുടങ്ങി വിവിധ വകഭേദങ്ങളിലും തരങ്ങളിലും പോപ്സിക്കിളുകളുണ്ട്.
പ്രശസ്തമായ ഈ ഐസ്ക്രീമിന്റെ ജനനം വളരെ ആകസ്മികമാണ്. 11 വയസ്സുള്ള ഒരു കുട്ടിയാണ് ഈ കണ്ടെത്തൽ നടത്തിയത്. 1905ൽ ആയിരുന്നു ഈ സംഭവം. സാൻ ഫ്രാൻസിസ്കോയിൽ ഫ്രാങ്ക് എപ്പേഴ്സനെന്ന കുട്ടി ഒരു ഗ്ലാസ് നിറയെ മധുരപാനീയത്തിൽ ഒരു സ്റ്റിക് ഇട്ടു കറക്കിക്കളിച്ച ശേഷം അതു കുടിക്കാതെ വീടിനു വെളിയിൽ പോർച്ചിൽ വച്ചിട്ട് മറന്നുപോയി. അവൻ അകത്തുകയറിക്കിടന്ന് ഉറങ്ങിപ്പോയി.
വലിയ തണുപ്പുള്ള ഒരു ദിവസമായിരുന്നു അത്. സാധാരണയിലും താഴേക്ക് താപനില താഴ്ന്നു...മരംകോച്ചുന്ന തണുപ്പ്. ഗ്ലാസിലെ പാനീയം ഉറഞ്ഞു. പിറ്റേന്നു രാവിലെ പുറത്തിറങ്ങിയ കുട്ടി കണ്ടത് ഗ്ലാസിൽ ഉറഞ്ഞിരിക്കുന്ന ഐസും കമ്പും. കമ്പു വലിച്ചൂരിയെടുത്തപ്പോൾ ഐസും കൂടെ വന്നു. എപ്പേഴ്സന്റെ അഭിപ്രായത്തിൽ, ആദ്യ പോപ്സിക്കിൾ.
എന്നാൽ താനൊരു കണ്ടെത്തൽ നടത്തിയതാണെന്നും അതിനൊരു വ്യവസായ സാധ്യതയുണ്ടെന്നുമൊന്നും അന്ന് എപ്പേഴ്സന് തോന്നിയില്ല. ആ തോന്നൽ വന്നത് പിന്നെയും 18 വർഷങ്ങൾ കഴിഞ്ഞാണ്. ആ സമയത്ത് അദ്ദേഹം തന്റെ കണ്ടെത്തൽ പേറ്റന്റ് ചെയ്തു. ഇതിന്റെ ഉൽപാദനവും വിപണനവും എപ്പേഴ്സൻ താമസിയാതെ തുടങ്ങിയെങ്കിലും അതത്ര വിജയമായില്ല. ഒടുവിൽ യുഎസിലെ ഒരു പ്രമുഖ ഐസ്ക്രീം കമ്പനിക്ക് എപ്പേഴ്സൻ തന്റെ കണ്ടെത്തൽ വിറ്റു. അവർ അതു വലിയ പ്രശസ്തിയുള്ള ഒരു സംഭവമാക്കി മാറ്റി.
തന്റെ പോപ്സിക്കിളിന്റെ 50ാം വാർഷികാഘോഷത്തിന് എപ്പേഴ്സനും എത്തിയിരുന്നു. അദ്ദേഹത്തിന്റെ അഞ്ചുവയസ്സുള്ള പേരക്കുട്ടിയായ നാൻസി അന്നൊരു പോപ്സിക്കിളെടുത്ത് അപ്പൂപ്പനു കൊടുത്തു. ആ ഫോട്ടോ ഇന്നും വളരെ പ്രശസ്തമാണ്.