ആഡംബര നികുതി 5 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 20 % റിബേറ്റ്: വസ്തു നികുതി വേറെ കെട്ടിട നികുതി വേറെ

Mail This Article
യഥാർഥത്തിൽ ആളുകൾക്ക് തെറ്റിദ്ധാരണയുള്ള ഒരു വിഷയമാണ് കെട്ടിട നികുതി (Building tax). പലരും ധരിച്ചിരിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ അടവാക്കുന്നതാണ് കെട്ടിട നികുതി എന്നാണ്. എന്നാൽ ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്നത് വസ്തുനികുതിയാണ് (Property tax).
അപ്പോൾ കെട്ടിട നികുതിയോ?
ഉണ്ട് , കെട്ടിട നികുതി എന്നൊരു നികുതി ഉണ്ട് , അത് പക്ഷേ ഈടാക്കുന്നത് റവന്യൂ വകുപ്പാണ്.
One time tax എന്ന് വിളിക്കുന്ന ഒറ്റത്തവണ കെട്ടിട നികുതി, ഏത് തരം കെട്ടിടവും നിർമാണം പൂർത്തീകരിച്ചാൽ ഉടമ റവന്യൂ വകുപ്പിൽ അടവാക്കേണ്ട നികുതിയാണ്. അതിനെപ്പറ്റി പറയാം.
100 ചതുരശ്ര.മീ വരെയുള്ള താമസ കെട്ടിടങ്ങൾക്കും 50 ചതുരശ്ര.മീ വരെയുള്ള മറ്റ് കെട്ടിടങ്ങൾക്കും കെട്ടിടനികുതി ഇല്ല.
താമസ കെട്ടിടങ്ങളുടെ കാര്യത്തിൽ 100 മുതൽ 150 M2 വരെയുള്ളവയ്ക്ക് പഞ്ചായത്തിൽ 1950, മുനിസിപ്പാലിറ്റിയിൽ 3500, കോർപ്പറേഷനുകളിൽ 5200 എന്നീ നിരക്കിലും 150 മുതൽ 200 M 2 വരെ യഥാക്രമം 3900 , 7000 , 10500 എന്ന നിരക്കിലും 200 മുതൽ 250 M2 വരെ ഉള്ളവയ്ക്ക് യഥാക്രമം 7800, 14000 , 21000 എന്ന ക്രമത്തിലും കെട്ടിട നികുതി ഈടാക്കും. 250 M2 ന് മുകളിലാണ് വിസ്തീർണമെങ്കിൽ 250 M2 വരെയുള്ള നികുതിയുടെ കൂടെ ഓരോ 10 ചതുരശ്ര മീറ്ററിനും പഞ്ചായത്തിൽ 1560 രൂപ , മുനിസിപ്പാലിറ്റിയിൽ 3100 രൂപ, കോർപ്പറേഷനിൽ 3900 രൂപ വീതവും അധികമായും അടവാക്കേണ്ടി വരും.
വീടുകൾ അല്ലാത്ത മറ്റെല്ലാ കെട്ടിടങ്ങൾക്കും 50 മുതൽ 75 M2 വരെ വിസ്തൃതിയാണെങ്കിൽ പഞ്ചായത്തിൽ 1950 , മുനിസിപ്പാലിറ്റി 3900 , കോർപ്പറേഷൻ 7800 എന്ന ക്രമത്തിലും 75 മുതൽ 100 M2 വരെ യഥാക്രമം 2925 , 5800 , 11700 എന്ന ക്രമത്തിലും 100 മുതൽ 150 വരെ യഥാക്രമം 5850 , 11700 , 23400 എന്ന ക്രമത്തിലും 150 മുതൽ 200 m 2 വരെ ഉള്ള കെട്ടിടങ്ങൾക്ക് യഥാക്രമം 11700 , 23400 , 46800 എന്ന നിരക്കിലും 200 മുതൽ 250 M2 വരെ ആണെങ്കിൽ യഥാക്രമം 23400 , 46800 , 70200 എന്ന തോതിലും കെട്ടിട നികുതി ഈടാക്കും.

250 M 2 ന് മുകളിലാണ് വിസ്തീർണമെങ്കിൽ 250 M 2 വരെയുള്ള നികുതിക്ക് പുറമേ അധികരിച്ച ഓരോ 10 M2 ന് പഞ്ചായത്തിൽ 2340 രൂപ, മുനിസിപ്പാലിറ്റിയിൽ 4600 രൂപ, കോർപ്പറേഷനിൽ 5800 രൂപ എന്ന നിരക്കിലും അടവാക്കണം.
മേൽപറഞ്ഞ നികുതികൾ ഒറ്റത്തവണയായി അടവാക്കിയാൽ മതി, വർഷാവർഷം ആക്കേണ്ടതില്ല എന്നർഥം. ഈ നികുതി ഗഡുക്കളായി അടയ്ക്കാനും അനുവാദമുണ്ട്.
എന്നാൽ വീടുകളുടെ കാര്യത്തിൽ 278.7 M2 (3000 ച. അടി ) ന് മുകളിലാണ് വിസ്തീർണമെങ്കിൽ ആഡംബര നികുതിയായി എല്ലാ വർഷവും താഴെപ്പറയുന്ന ക്രമത്തിൽ റവന്യൂ വകുപ്പിൽ നികുതി അടയ്ക്കണം
278 . 70 - 464.50 M2 ( 3000 - 5000 ച. അടി ) - 5000 രൂപ
464.5 - 696.75M 2 ( 5000 - 7500 ച അടി ) - 75000 രൂപ
696. 75 - 929.00 M 2 ( 7500 - 10000 ച. അടി ) 10000 രൂപ
929 M2 ( 10000 ച അടി ) ന് മുകളിലുള്ള എല്ലാ താമസ കെട്ടിടങ്ങൾക്കും 125000 രൂപ വീതം
ആഡംബര നികുതി ഏത് തരം തദ്ദേശസ്ഥാപനങ്ങൾക്കും ഒരു പോലെയാണ്. കാർപോർച്ചുകളുടെ വിസ്തീർണം കെട്ടിട നികുതി കണക്കാക്കുന്നതിൽ പരിഗണിക്കേണ്ടതില്ല.
താമസ കെട്ടിടങ്ങൾക്ക് മാത്രമേ ആഡംബര നികുതിയുള്ളൂ. ഒന്നിൽ കൂടുതൽ താമസ യൂണിറ്റുകൾ ഉള്ള കെട്ടിടങ്ങളിൽ ഓരോ താമസ യൂണിറ്റിന്റെയും വിസ്തീർണമാണ് ആഡംബര നികുതി കണക്കാക്കാൻ പരിഗണിക്കുന്നത്. എന്നാൽ ഒന്നിലേറെ യൂണിറ്റുകൾ കൂട്ടിച്ചേർത്ത് ഉപയോഗിക്കുന്ന പക്ഷം കൂട്ടിച്ചേർത്ത മുഴുവൻ യൂണിറ്റുകളും ഒന്നായി പരിഗണിക്കും. ആഡംബര നികുതി അഞ്ചുവർഷത്തേക്ക് ഒന്നിച്ച് അടച്ചാൽ 20 % റിബേറ്റ് ലഭിക്കാനും വ്യവസ്ഥയുണ്ട് എന്നും അറിയുക.
***
ലേഖകൻ തദ്ദേശ സ്വയംഭരണ എൻജിനീയറിംഗ് വിഭാഗത്തിൽ ഓവർസിയറാണ്
email- jubeeshmv@gmail.com