കേരളത്തിലെ ഭൂമി കൈമാറ്റം: അടിമുടി മാറ്റം; ഇനി സ്കെച്ചിലെ നിറം ശ്രദ്ധിച്ചില്ലെങ്കിൽ കുരുക്കാകാം
Mail This Article
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ ഭൂമി വിൽക്കാനും വാങ്ങാനും ശ്രമിക്കുന്നവർ ഭൂമി സ്‌കെച്ചുകൾ ഓൺലൈനായി പരിശോധിച്ച്, മഞ്ഞയും ചുവപ്പും നിറങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ജാഗ്രത പാലിക്കണം. ഗൗരവമായ പരാതികളുള്ള സ്കെച്ചുകളാണ് ഇവയെന്നാണ് ഇതുസൂചിപ്പിക്കുന്നത്.
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ കരം അടയ്ക്കാനും ഭൂമി കൈമാറ്റത്തിനും റവന്യു വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. നിലവിൽ കാസർഗോഡ് ജില്ലയിലെ ഒരു വില്ലേജിൽ മാത്രമാണ് സർവേ പൂർത്തിയായത്.
ഭൂമി വിൽക്കാൻ ഒരു വ്യക്തി അപേക്ഷിക്കുമ്പോൾ, പരാതികളുള്ള രേഖയാണെങ്കിൽ സർവേ സ്കെച്ചിൽ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലൊന്ന് നൽകിയിട്ടുണ്ടാകും. ഇതു മനസ്സിലാക്കാൻ 'എന്റെ ഭൂമി' പോർട്ടലിൽ ലോഗിൻ ചെയ്ത് ജില്ല, താലൂക്ക്, വില്ലേജ്, ബ്ലോക്ക് കോഡ്, സർവേ നമ്പർ, സബ് ഡിവിഷൻ നമ്പർ, ക്യാപ്ച കോഡ് എന്നിവ നൽകണം.
കൈമാറ്റം ചെയ്യാൻ ഭൂമിയുടെ ഭാഗം വ്യക്തമാക്കുന്ന പ്രീമ്യൂട്ടേഷൻ സ്‌കെച്ച് വില്ലേജ് ഓഫിസ് വഴി ഓൺലൈനായി ലഭിക്കണം. ഇതുലഭിക്കുന്നതോടെ ഭൂമി ഉടമസ്ഥത മാറ്റുന്ന 'പോക്കുവരവ്' നടപടികൾക്ക് അപേക്ഷിക്കേണ്ടതില്ല.
കളർ കോഡ് ശ്രദ്ധിക്കാം
പച്ച- ഡിജിറ്റൽ ബേസിക് ടാക്സ് രജിസ്റ്റർ, ഡിജിറ്റൽ തണ്ടപ്പേർ രജിസ്റ്റർ എന്നിവയിൽ ഉടമസ്ഥന്റെ പേരിലും വിലാസത്തിലുമുള്ള അക്ഷരത്തെറ്റുകൾ സംബന്ധിച്ച പരാതി. ഇവ വില്ലേജ് ഓഫിസർക്ക് പരിഹരിക്കാം.
മഞ്ഞ- ഉടമസ്ഥത സംബന്ധിച്ചോ വിസ്തീർണം സംബന്ധിച്ചോ പരാതികളുള്ളവ.
ചുവപ്പ്- സർക്കാർ ഭൂമിയുമായി അതിരു പങ്കിടാകുന്നതിനാൽ പരാതികളുള്ള ഭൂമി.