ADVERTISEMENT

ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനും 'എന്റെ ഭൂമി' പോർട്ടൽ വഴി അപേക്ഷിക്കണം. ഭൂമി വിൽക്കുമ്പോൾത്തന്നെ നിലവിലെ ഉടമസ്ഥനിൽനിന്ന് പുതിയ ഉടമയിലേക്ക് 'പോക്കുവരവ്' നടത്തുന്ന തരത്തിൽ സംവിധാനവും നിലവിൽവരും. ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് ഉണ്ടെങ്കിലേ ഇനി ഭൂമി വിൽക്കാനാകൂ.

ഉടമസ്ഥത കൈമാറുന്ന ഭൂമിയുടെ വിസ്തീർണ വ്യത്യാസമനുസരിച്ച് സർവേ സ്കെച്ചിലും മാറ്റം വരുന്നതിനാൽ വില്ലേജുകളിലേക്ക് 'പോക്കുവരവി'നായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.സർവേ സ്കെച്ചിൽ തണ്ടപ്പേർ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഭൂനികുതി അടച്ച രസീതുകളിൽ 'കരം അടച്ചതിനുള്ള രേഖ മാത്രം' എന്നും ഇനിമുതൽ രേഖപ്പെടുത്തും. ഇതുൾപ്പെടെ ഡിജിറ്റൽ സർവേ ചെയ്ത ഭൂമിയിൽ നികുതി അടയ്ക്കാനും ഭൂമി കൈമാറാനും ഉള്ള മാറ്റങ്ങൾ വ്യക്തമാക്കി റവന്യു വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി.

plot-for-sale
Image Generated through AI Assist

ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ നികുതി സ്വീകരിക്കുന്നത് ഡിജിറ്റൽ ബേസിക് ടാക്സ് രജിസ്റ്റർ അടിസ്ഥാനമാക്കിയാകും. ഇതിനുമുന്നോടിയായി 'എന്റെ ഭൂമി' പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫിസർ രേഖകളുടെ ഒറ്റത്തവണ പരിശോധന പോർട്ടലിലൂടെ പൂർത്തിയാക്കി നികുതി രസീത് അനുവദിക്കും.

ഓൺലൈനായി ലഭിക്കുന്ന നികുതി രസീതിൽ പഴയതും പുതിയതുമായ സർവേ അല്ലെങ്കിൽ റീസർവേ നമ്പറുകൾ ഉണ്ടാകുമെന്നതിനാൽ ഉടമസ്ഥനും ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും മറ്റുകക്ഷികൾക്കും പരിശോധിക്കാനാകും.

ഡിജിറ്റൽ രേഖകളിലെ വിസ്തൃതിക്ക് അനുസരിച്ച് നികുതി 

ഡിജിറ്റൽ സർവേ രേഖകളിൽ പറയുന്ന വിസ്തൃതിക്ക് അനുസരിച്ച് ഇനിമുതൽ ഭൂനികുതിയടയ്ക്കാം. സർവേ രേഖകളിൽ പരാതിയുള്ളവർക്ക് ഡിജിറ്റൽ ലാൻഡ് റെക്കോർഡ്‌സ് മാനേജ്‌മെന്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. നിലവിൽ കാസർഗോഡ് ജില്ലയിലെ ഗുജ്ജാർ വില്ലേജിൽ മാത്രമാണ് പൈലറ്റ് പദ്ധതിയായി ഡിജിറ്റൽ സർവേ പൂർത്തിയായത്. 150 വില്ലേജുകളിൽ പദ്ധതി പൂർത്തിയായി ഉടൻ വിജ്ഞാപനം വരുമെന്ന് റവന്യു വകുപ്പ് അറിയിച്ചു.

നിറം നോക്കി ഭൂമി വാങ്ങാം 

ഭൂമി വിൽക്കുന്നതിനായി അപേക്ഷിക്കുമ്പോൾ ഭൂരേഖകളെ കുറിച്ചുള്ള പരാതികൾ മനസ്സിലാക്കാൻ സർവേ സ്കെച്ചിൽ ഇനി 3 നിറങ്ങളിലെ കോഡുകൾ ഉണ്ടാകും. ഡി- ബിടിആർ, ഡി-തണ്ടപ്പേർ രജിസ്റ്റർ എന്നിവയിൽ ഉടമസ്ഥന്റെ പേരിലും വിലാസത്തിലുമുള്ള അക്ഷരതെറ്റുകൾ സംബന്ധിച്ച പരാതിയാണെങ്കിൽ പച്ചനിറം. ഇത് പരിശോധിച്ച് വില്ലേജ് ഓഫിസർക്ക് തിരുത്താം.

ഉടമസ്ഥത സംബന്ധിച്ചോ വിസ്തീർണം സംബന്ധിച്ചോ പരാതികളുള്ളവയാണ് മഞ്ഞ നിറത്തിലുള്ള സ്‌കെച്ച്. സർക്കാർ ഭൂമിയുമായി അതിരു പങ്കിടുന്നതിനാൽ പരാതിയുള്ളവയാണ് ചുവപ്പു നിറത്തിലുള്ളവ, മഞ്ഞയിലും ചുവപ്പിലുമുള്ള ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്കെച്ച് അനുവദിക്കുമ്പോൾ 'പരാതികൾ ഉള്ളതിനാൽ സ്കെച്ചിൽ മാറ്റം വന്നേക്കാം' എന്നു വാട്ടർമാർക്ക് ചെയ്യും.

English Summary:

Plot buying selling in Kerala- New procedures- things to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com