അനേകർ തേടിയ അദ്ഭുത ജലധാര! ഇതിൽ കുളിച്ചാൽ നിറയൗവ്വനം, രോഗങ്ങൾ മാറും

Mail This Article
ഒരു അപൂർവമായ ജലധാരയ്ക്കായി പലകാലങ്ങളിൽ മനുഷ്യർ തിരച്ചിൽ നടത്തിയിട്ടുണ്ട്.‘ഫൗണ്ടൻ ഓഫ് യൂത്ത്’എന്ന ഈ ജലധാര പക്ഷേ ഒരിക്കലും കണ്ടെത്തപ്പെട്ടിട്ടില്ല. പലസംസ്കാരങ്ങളിൽ ഫൗണ്ടൻ ഓഫ് യൂത്തിനെപ്പറ്റി പരാമർശങ്ങളുണ്ട്. യുവത്വം നൽകുന്നു എന്നതിനുപരി, മാറാരോഗങ്ങൾ പോലും മാറ്റുന്ന അദ്ഭുത ജലധാരയായിട്ടാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. അരുവി, വെള്ളച്ചാട്ടം, കിണർ, കുളം എന്നിങ്ങനെ പല രീതികളിൽ ഈ ജലധാരയെ വിവരിച്ചിരിക്കുന്നു.
425 ബിസിയിൽ ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ വിവരണത്തിനിടെ ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് നടത്തിയ ഒരു പരാമർശമാണ് ഫൗണ്ടൻ ഓഫ് യൂത്തിനെ യൂറോപ്പിൽ പ്രശസ്തമാക്കിയത്. പേർഷ്യൻ ചാരൻമാർ മക്രോബിയൻസ് എന്ന ജനവിഭാഗത്തെ സന്ദർശിച്ചത്രേ. ഇന്നത്തെ ഇത്യോപ്യ, സൊമാലിയ തുടങ്ങിയ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് മക്രോബിയൻമാരുടെ രാജ്യം. അവിടെയെത്തിയ പേർഷ്യക്കാർ അമ്പരന്നു പോയി. മക്രോബിയൻമാരിൽ പലരും 120 വയസ്സുവരെയൊക്കെ ജീവിക്കുന്നു. ഇതിന്റെ കാരണം അന്വേഷിച്ച പേർഷ്യക്കാരെ മക്രോബിയൻമാരുടെ രാജാവ് ഒരു ജലധാരയിലേക്കു കൊണ്ടുപോയി. അതിൽ കുളിക്കുന്നവരുടെയൊക്കെ ചുളിഞ്ഞ തൊലികൾ നിവർന്ന് അവരെല്ലാം സുന്ദരരായി മാറി.

ഹെറോഡോട്ടസ് ഇതു ഭാവനയിൽ കണ്ടെഴുതിയതാണെന്നാണ് പല ചരിത്രകാരൻമാരും അഭിപ്രായപ്പെടുന്നത്. ഇത്യോപ്യൻ തീരത്തേക്ക് നാവിക പര്യവേക്ഷണങ്ങൾ നടന്നു. എന്നാൽ അവിടെയൊന്നും ഇത്തരമൊരു ജലധാര കണ്ടെത്തിയില്ല. അലക്സാണ്ടർ ചക്രവർത്തിയുടെ സൈനികരിൽ ചിലർ മധുരമുള്ള വെള്ളമുള്ള ഒരു നദിയിൽ ഇറങ്ങിയെന്നും അവരെല്ലാം യുവാക്കളായെന്നും ഒരു ഫ്രഞ്ച് കെട്ടുകഥയുണ്ട്.
ജപ്പാനിലെ ചില നാടോടിക്കഥകളിൽ ഫൗണ്ടൻ ഓഫ് യൂത്തിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. ഫൗണ്ടൻ ഓഫ് യൂത്തുമായി ചേർന്നുകേൾക്കുന്ന ഏറ്റവും പ്രശസ്തമായ പേര് സ്പാനിഷ് പര്യവേക്ഷകനായ യുവാൻ പോൺസ് ഡി ലിയോണിന്റേതാണ്. ക്രിസ്റ്റഫർ കൊളംബസ് കരീബിയൻ മേഖലയിലേക്കു നടത്തിയ ആദ്യ കപ്പൽ യാത്രയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കരീബിയയിലെത്തിയ യുവാന്റെ അധീനതയിൽ ബെമെനി എന്നൊരു ദ്വീപ് നൽകപ്പെട്ടിരുന്നു. ഫ്ലോറിഡയിലും അദ്ദേഹം പര്യവേക്ഷണങ്ങൾ നടത്തി. ഇതെല്ലാം ഫൗണ്ടൻ ഓഫ് യൂത്ത് തേടിയാണെന്ന് പിൽക്കാലത്ത് പ്രചാരണങ്ങളുണ്ടായി. എന്നാൽ അങ്ങനെയുള്ള ഒരു ചരിത്രരേഖകളും കണ്ടെത്തപ്പെട്ടിട്ടില്ല.