സമീപത്ത് ജ്വലിക്കുന്ന ആഴി, സന്നിധാനത്തെ ആൽമരം പച്ചപ്പിൽതന്നെ: കൊടുംചൂടിലും ഇതെങ്ങനെ?
Mail This Article
ശബരിമല സന്നിധാനത്ത് ആഴിയോടു ചേർന്നു നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള ആൽമരം ഭക്തർക്കു കൗതുകമാണ്. ആഴിയിൽ നാളികേരങ്ങൾ കത്തിയമരുന്നതിന്റെ കനത്ത ചൂട് വർഷങ്ങളായി ഏറ്റുവാങ്ങിയിട്ടും മരത്തിനു കേടുപാടുകൾ സംഭവിക്കുന്നില്ല. പുതിയ ഇലകൾ തളിർത്തുകൊണ്ടേയിരിക്കുന്നു. എന്താണ് ഇതിന്റെ കാരണം? കേരള വനഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ. കെ.വി. ശങ്കരൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
ആൽമരം പൊതുവേ കാഠിന്യമേറിയ സസ്യമാണ്. കിണറിന്റെ വക്കത്തും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾക്കിടയിലും വളരാന്‍ അവയ്ക്കു സാധിക്കും. അത്ര എളുപ്പം അവയെ നശിപ്പിക്കാനാകില്ല. കൊമ്പിലും ഇലയിലും ചൂടു തട്ടിയെന്നുവച്ച് മരം ഉണങ്ങിപ്പോകണമെന്നില്ല. ഏതു മരവും നശിക്കുന്നത് അതിന്റെ വേരിന് എന്തെങ്കിലും സംഭവിക്കുമ്പോഴാണ്. മണ്ണിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വേരിനെ ബാധിക്കാം. അത് പിന്നീട് മരത്തെയും. എന്നാൽ ശബരിമല സന്നിധാനത്ത് നിൽക്കുന്ന ആൽമരത്തിന്റെ കാര്യം അങ്ങനെയല്ല. ആഴിയിലെ തീ ആൽമരത്തിന്റെ വേരിനെ ബാധിക്കുന്നില്ല.
അടിഭാഗത്ത് തീയിടാത്ത കാലംവരെ ആൽമരം നിലനിൽക്കും. മുകൾഭാഗം തീയിൽ നശിച്ചാലും അടുത്ത മഴയിൽ അവ തളിർക്കും. അത് മരങ്ങളുടെ പൊതുസ്വഭാവമാണ്. മരങ്ങളുടെ പ്രായവും ഇക്കാര്യത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഒരുപാട് വർഷം പഴക്കമുള്ള മരങ്ങൾ തീയിൽ നശിക്കില്ല. കൊമ്പുകളും ഇലകളും കരിഞ്ഞുപോകുമെങ്കിലും മറ്റൊന്നും സംഭവിക്കില്ല.
മുകൾഭാഗത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് താഴേക്ക് സിഗ്നൽ ലഭിച്ചാൽ ഉടൻ മരം ഹോർമോൺ ഉൽപാദിപ്പിക്കുകയും അതിജീവനത്തിനായി വീണ്ടും അടിഭാഗത്തുനിന്നുു മുളച്ചുവരാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു. ചെറിയ ചെടികൾ ചിലപ്പോൾ തീയിൽ കരിഞ്ഞുപോയേക്കാം.
ശിശിര കാലത്ത് ഇലകൾ പഴുത്തുവീഴുന്നത് കാണാറില്ലേ. അവ വീഴുന്നതിനു മുൻപ് മരം ഇലകളിലെ ധാതുലവണങ്ങളെല്ലാം തടിയിലേക്ക് വലിച്ചെടുക്കും. എന്നിട്ട് ഒന്നുമില്ലാത്ത ഇലകളെയാണ് താഴേക്ക് വിടുന്നത്. അതിജീവനത്തിനായി ഇത്തരം നിരവധി തന്ത്രങ്ങൾ പയറ്റുന്നവരാണ് സസ്യങ്ങൾ.