മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഈ പിഴവുകൾ കുഞ്ഞിനെ ദുർവാശിക്കാരാക്കും
Mail This Article
ഒരു കുഞ്ഞ് ആത്മവിശ്വാസത്തോടെയും സഹാനുഭൂതിയോടെയും ധൈര്യത്തോടെയും ഒക്കെ വളർന്നു വരണമെങ്കിൽ അതിന് അടിസ്ഥാനം ലഭിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്.അതുകൊണ്ടു തന്നെ മക്കളോട് ചെറിയ പ്രായത്തിൽ നമ്മൾ എങ്ങനെ പെരുമാറുന്ന എന്നതായിരിക്കും വളർച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ സ്വഭാവം രൂപീകരിക്കുന്നത്. മക്കൾ ദുർവാശിക്കാരും അഹങ്കാരിയുമായി വളരുന്നത് ആരും ഇഷ്ടപ്പെടില്ല. എന്നാൽ, കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ പിഴവുകൾ കുട്ടികളെ ഇത്തരക്കാരാക്കി മാറ്റും. അത്തരത്തിൽ കുട്ടികളെ വളർത്തുന്ന സമയത്ത് മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകാൻ സാധ്യതയുള്ള ചില പിഴവുകൾ ഏതൊക്കെയാണെന്ന് നോക്കാം. ചില സമയത്ത് ഇത് ടോക്സിക് പേരൻ്റിംഗ് ആകാനും സാധ്യതയുണ്ട്.
കുട്ടികളെ അവഗണിക്കുന്ന സ്വഭാവം
കുട്ടികൾ എപ്പോഴും പരിഗണിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിക്കുന്നവരാണ്. അവർ പറയുന്ന കഥകളും കാര്യങ്ങളും ക്ഷമയോടെ കേട്ടിരിക്കുന്നവരോട് ആയിരിക്കും അവർക്ക് പ്രിയം കൂടുതൽ. തിരക്കുള്ള ഈ കാലത്ത് കുട്ടികളുടെ കാര്യങ്ങൾ കേട്ടിരിക്കാൻ സമയവും മനസ്സും ഇല്ലാത്തവരാണ് മിക്ക മാതാപിതാക്കളും. കുട്ടികൾ അവരുടെ ലോകത്തെ കുഞ്ഞു കുഞ്ഞു പരാതിയുമായി എത്തുമ്പോൾ അതിനെ അവഗണിക്കാനാണ് മിക്കവരും ശ്രമിക്കുക. എന്നാൽ, ഇത്തരം അവഗണനകളും മാറ്റി നിർത്തലുകളും കുട്ടിയെ കൂടുതൽ ദുർവാശിയിലേക്ക് നയിക്കും. മാതാപിതാക്കളുടെ ശ്രദ്ധ ആകർഷിക്കാൻ വാശി കാണിക്കുകയും തന്നിഷ്ടം കാണിക്കുകയും ചെയ്യും.
എന്തു ചോദിച്ചാലും നടത്തിക്കൊടുക്കുന്ന സ്വഭാവം
അമ്പിളിമാമനെ വേണമെന്ന് കുഞ്ഞ് പറഞ്ഞാൽ അതും സാധ്യമാക്കി കൊടുക്കുന്ന ചില മാതാപിതാക്കളുണ്ട്. കുഞ്ഞ് എന്ത് പറഞ്ഞാലും അതെല്ലാം വാങ്ങിക്കൊടുക്കുകയും സാധിച്ചു കൊടുക്കുകയും ചെയ്യുന്നവർ. അറിയാതെ ആണെങ്കിലും കുഞ്ഞിനെ ദുർവാശിക്കാരിയും മറ്റുള്ളവരോട് അനുകമ്പ ഇല്ലാത്തവരുമായി മാറ്റുവാൻ മാത്രമേ ഇത്തരം കാര്യങ്ങൾ കൊണ്ട് സാധിക്കൂ. നിയമങ്ങൾ അനുസരിക്കാനും മറ്റുള്ളവരെ പരിഗണിക്കാനും മനസ്സില്ലാത്തവർ ആയിരിക്കും ഇവർ. കുട്ടികളുടെ ആവശ്യവും അനാവശ്യവും തിരിച്ചറിയാതെ അവരുടെ സകല കാര്യങ്ങളും സാധിച്ചു കൊടുക്കുമ്പോൾ നിങ്ങൾ അറിയാതെ തന്നെ കുട്ടികളെ ദുർവാശിക്കാരാക്കുകയാണ്.
കുട്ടികളെ അടിക്കുന്നത്
കുട്ടികളെ അച്ചടക്കത്തോടെ വളർത്താനാണ് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ, അതിനു വേണ്ടിയാണ് മാതാപിതാക്കൾ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ഒന്നേ ഉള്ളൂവെങ്കിലും ഉലക്ക കൊണ്ട് അടിക്കണമെന്നാണ് എല്ലാവരും പറയുക. ക്ഷമ നശിക്കുമ്പോൾ കൈയിൽ കിട്ടുന്നത് വെച്ച് പിള്ളേർക്ക് രണ്ടെണ്ണം കൊടുക്കുന്ന മാതാപിതാക്കൾ നിരവധിയാണ്. എന്നാൽ ഇങ്ങനെ അടിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് മാത്രമല്ല ദോഷങ്ങളുമുണ്ട്. അടി കൊടുക്കുന്ന ചെറിയ സമയത്തേക്ക് കുറച്ച് മാറ്റമുണ്ടാകുമെങ്കിലും ദീർഘകാലത്തേക്ക് ഇത് വളരെ ദോഷകരമായിട്ടാണ് ബാധിക്കുക. കുട്ടികളെ പിടിവാശിക്കാരാക്കി മാറ്റുകയും മാതാപിതാക്കളിലുള്ള കുട്ടികളുടെ വിശ്വാസ്യത ഇത് തകർക്കുകയും ചെയ്യും. കുട്ടികളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും അവരെ അടിച്ച് നന്നാക്കാൻ ശ്രമിക്കരുത്.
എപ്പോഴും ആനന്ദം വേണ്ട
കുട്ടികൾ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. അതുകൊണ്ടു തന്നെ അതിനു വേണ്ടി എന്ത് വിട്ടു വീഴ്ചയും ചെയ്യും. ഭക്ഷണം കഴിക്കുമ്പോഴും ടിവിയും മൊബൈലും വേണമെന്ന് പറഞ്ഞാൽ അതും നൽകും. അങ്ങനെ എപ്പോഴും സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം ചെയ്തു കൊടുത്താൽ ജീവിതത്തിൽ ഒരു പ്രതിസന്ധി വരുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ കുട്ടികൾ പകച്ചു നിൽക്കും. കുട്ടികളെ തങ്ങളുടെ ക്രിയേറ്റിവിറ്റി ഉപയോഗിക്കാനും സ്വതന്ത്രരായി വളരാനും അനുവദിക്കുക. കൂട്ടുകാരുമൊത്ത് കളിക്കുമ്പോൾ അവർ തമ്മിലുള്ള പ്രശ്നങ്ങൾ അവർ തമ്മിൽ തന്നെ പരിഹരിക്കാൻ പ്രേരിപ്പിക്കുക. വായന, പാചകം തുടങ്ങി വ്യത്യസ്തമായ കാര്യങ്ങളിൽ അവരെ പങ്കാളികളാക്കുക.
കുട്ടികളോട് പറയുന്ന കാര്യങ്ങളിൽ സ്ഥിരത ഉണ്ടായിരിക്കുക
ഓരോ സമയത്തും കുട്ടികളോട് ചെയ്യാൻ പറയുന്ന കാര്യങ്ങളും ചെയ്യരുതെന്ന് പറയുന്ന കാര്യങ്ങളും തമ്മിൽ വ്യത്യാസം ഉണ്ടായിരിക്കരുത്. ഇത് കുട്ടികളിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന കാര്യത്തിൽ വലിയ ആശങ്ക ഉണ്ടാക്കും. കുട്ടികളെ അടക്കിഭരിക്കുന്ന രീതിയും ശരിയല്ല. കുട്ടികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ അവരെ കടുത്ത ഭാഷയിൽ ശകാരിക്കുന്നതിന് പകരം എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് സ്നേഹത്തോടെ ചോദിച്ച് മനസിലാക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം ദുർവാശിക്കാരും തന്നിഷ്ടക്കാരുമായി കുട്ടികൾ മാറാൻ സാധ്യത കൂടുതലാണ്.