കണ്മണിക്കും കുട്ടാപ്പിക്കും കുട്ടിമണിക്കും ഒപ്പം 'ഹാപ്പി ന്യൂ ഇയർ' ആഘോഷിച്ച് റിമി ടോമി
Mail This Article
പാട്ടും യാത്രകളും പോലെ തന്നെ, ചിലപ്പോൾ അതിനേക്കാൾ മുകളിലാണ് റിമി ടോമിക്ക് സഹോദരങ്ങളുടെ മക്കൾ. തിരക്കുകളിൽ നിന്ന് ഇടവേള എടുക്കുമ്പോൾ ഈ കുട്ടിപട്ടാളത്തോടൊപ്പം ചേർന്നാണ് കൂടുതൽ ഊർജ്ജം താരം സംഭരിക്കുന്നത്. ഇത്തവണത്തെ പുതുവത്സരത്തിനും വ്യത്യാസം ഒന്നുമുണ്ടായിരുന്നില്ല. തന്റെ പ്രിയപ്പെട്ട കുട്ടികൾക്ക് ഒപ്പമായിരുന്നു റിമിയുടെ പുതുവത്സരം. കണ്മണിയുടെയും കുട്ടാപ്പിയുടെയും കുട്ടിമണിയുടെയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചാണ് റിമി ടോമി പ്രിയപ്പെട്ടവർക്ക് പുതുവത്സര ആശംസകൾ നേർന്നത്. നിരവധി ആരാധകരാണ് റിമിക്ക് കമന്റ് ബോക്സിൽ പുതുവത്സര ആശംസകൾ നേർന്നിരിക്കുന്നത്.
ബ്ലൂ വൈറ്റ് ചെക്ക് ടോപ്പിനൊപ്പം ബ്ലാക്ക് ബോട്ടം ആണ് കണ്മണിക്കുട്ടിയുടെ വേഷം. മുടി രണ്ടായി പകുത്തെടുത്ത് കെട്ടി വെച്ചിരിക്കുന്നു. സ്ലീവ്ലെസ് ഹുഡിയും ബ്ലൂ ബോട്ടവുമാണ് കുട്ടാപ്പി അണിഞ്ഞിരിക്കുന്നത്. ബ്ലാക്ക് - റെഡ് ചെക്ക് ഉടുപ്പ് ധരിച്ചിക്കുന്ന കുട്ടിമണിയുടെ കൈയിൽ ഒരു വാട്ടർ ബോട്ടിലുമുണ്ട്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് ഒരുക്കങ്ങൾ കാണാം. ക്രിസ്മസ് ട്രീ, സാന്റാക്ലോസ് തുടങ്ങിയവയെല്ലാം ചിത്രത്തിൽ കാണാവുന്നതാണ്.
റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടെയും മകളാണ് കണ്മണി എന്ന് വിളിക്കുന്ന കിയാര. സഹോദരി റീനു ടോമിയുടെ മക്കളാണ് കുട്ടാപ്പിയും കുട്ടിമണിയും. സമയം കിട്ടുമ്പോഴെല്ലാം ഇവർക്കൊപ്പം ചെലവഴിക്കുന്നതാണ് റിമിയുടെ ഇഷ്ടവിനോദങ്ങളിൽ ഒന്ന്. കുട്ടികളുമായി യാത്ര പോകുന്നതും ഭക്ഷണം കഴിക്കാൻ പുറത്തു പോകുന്നതുമെല്ലാം റിമിക്ക് വളരെ ഇഷ്ടപ്പെട്ട കാര്യങ്ങളാണ്.