പീഡനശ്രമം ചെറുത്ത് വിദ്യാർഥിനികൾ; യുപി സ്വദേശി പിടിയിൽ
Mail This Article
ചെന്നൈ ∙ ഐഐടി മദ്രാസിലെ പിഎച്ച്‌ഡി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുപി സ്വദേശി ശ്രീറാം പിടിയിലായി. ക്യാംപസിനു പുറത്തെ ചായക്കടയിൽ ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു പീഡനശ്രമം. ചായക്കടയിലെ ജീവനക്കാരനാണു പിടിയിലായ ശ്രീറാം. അക്രമം ഐഐടി ക്യാംപസിൽ അല്ലെന്നു വ്യക്തമാക്കിയ അധികൃതർ, സുരക്ഷയ്ക്കായി സിസിടിവി ഉൾപ്പെടെ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
ഇതിനിടെ,നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പുതുച്ചേരി (എൻഐടിപിവൈ) ക്യാംപസിൽ സുഹൃത്തുമായി സംസാരിക്കുന്നതിനിടെ വിദ്യാർഥിനിയെ ആക്രമിച്ച താൽക്കാലിക ജീവനക്കാരൻ അടക്കം 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തരേന്ത്യൻ സ്വദേശിനിയായ ഒന്നാം വർഷ വിദ്യാർഥിനിക്കു നേരെയാണു പീഡന ശ്രമമുണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനിക്കു വീണു പരുക്കേറ്റു. യുവതി നിലവിളിച്ചതോടെ മൂവരും സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.