കറുത്ത ബാൻഡ്; ആത്മീയ ചിന്തകളെ പ്രതിഫലിപ്പിക്കാൻ വെള്ളവസ്ത്രം: ആ ‘ബോച്ചെ സ്റ്റൈലി’നു പിന്നിൽ!
Mail This Article
മനുഷ്യരെ ലോകം ഓർമിക്കുന്നത് പലപ്പോഴും അവരുടെ പ്രവൃത്തികളും പ്രത്യേകതകളും കൊണ്ടായിരിക്കും. അങ്ങനെയൊരാളാണ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. ബിസിനസിലെ ഉയർച്ചകൾ മാത്രമല്ല, അദ്ദേഹത്തിന്റെ വസ്ത്രധാരണം കൊണ്ട് കൂടി ബോബി സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിട്ടുണ്ട്. പലപ്പോഴും പ്രത്യേക സ്റ്റൈലിന്റെ പേരിൽ ബോബി ചെമ്മണ്ണൂര്‍ ട്രോളുകളിലും നിറഞ്ഞിരുന്നു.
പ്രമുഖ നടി ഹണി റോസിന്റെ പരാതിയെ തുടർന്ന് ജയിലിലായപ്പോൾ പോലും ആളുകൾ പറഞ്ഞത് ബോച്ചെയ്ക്ക് ജയിൽ യൂണിഫോമിന്റെ ആവശ്യം ഇല്ലെന്നാണ്. വർഷങ്ങളായി ബോബി ചെമ്മണ്ണൂർ വെള്ള വസ്ത്രം ധരിച്ചാണ് പൊതുയിടത്തിൽ എത്താറുള്ളത്. ചട്ടയും മുണ്ടുമായി സാമ്യമുള്ള ഈ വസ്ത്രം അദ്ദേഹത്തിന്റെ ഐഡന്റിറ്റിയായി മാറിയിട്ട് വർഷങ്ങളായി.
പല അഭിമുഖങ്ങളിലും ഇതേപ്പറ്റി അദ്ദേഹം പറഞ്ഞത്, വെള്ള വസ്ത്രം ധരിക്കുന്നത് തന്റെ ആത്മീയ ചിന്തകളെ പ്രതിഫലിപ്പിക്കുന്നത്തിന്റെ ഭാഗമാണെന്നാണ്. കൂടാതെ ഇക്കാര്യത്തിൽ മഹാത്മാ ഗാന്ധിയുടെ ആത്മീയ ആശയങ്ങളിൽ നിന്നും പ്രചോദനം ലഭിച്ചിരുന്നതായും അദ്ദേഹം മുൻപ് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ള വസ്ത്രം മാത്രമല്ല നീളൻ മുടിയും തലയിൽ മിക്കപ്പോഴും ബൊച്ചേ എന്നെഴുതിയ കറുത്ത ഒരു ബാൻഡും ഉണ്ടാവും. ഒപ്പം കൂളിങ് ഗ്ലാസും നിർബന്ധം. എന്നാൽ വില കൂടിയ വാച്ചുകളോ ആഡംബരം കാണിക്കുന്ന ആഭരണങ്ങളോ അദ്ദേഹം ധരിച്ചു കാണാറില്ല. ഏതൊരു ആൾക്കൂട്ടത്തിൽ നിന്നാലും ബോബി ചെമ്മണ്ണൂരിനെ ആളുകൾക്ക് മനസ്സിലാകുന്നതിന്റെ പ്രധാന കാരണം ഈ സ്റ്റൈൽ തന്നെയാണ്.
ചെമ്മണ്ണൂർ ഗ്രൂപ്പ് എന്ന ബിസിനസ് സ്ഥാപനത്തിനു പുറത്ത് ബോബി ചെമ്മണ്ണൂർ എന്ന ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുക്കാൻ ഈ വസ്ത്രധാരണവും ശൈലിയും ബോബിയെ സഹായിച്ചിട്ടുണ്ട് . കോടികളുടെ ആസ്തിയുള്ള മനുഷ്യൻ ദിവസവും ഒരേ തരം വസ്ത്രം ധരിച്ചെത്തിയതോടെ അദ്ദേഹത്തിന്റെ ലാളിത്യത്തെ പ്രകീർത്തിക്കുന്ന ഒരുവിഭാഗവും ഉണ്ട്.