അഗ്നി സ്‌നാനം ചെയ്യുന്ന സന്യാസിയോ ? | Fact Check
Mail This Article
ഗംഗയില്‍ കുളിക്കുന്നതിനു മുന്‍പ് അഗ്നി സ്‌നാനം ചെയ്യുന്ന സന്യാസിയുടെ ദൃശ്യമെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കത്തിജ്വലിക്കുന്ന ഹോമകുണ്ഡത്തിനു മേല്‍ കിടക്കുന്ന ഒരു സന്യാസിയെ ദൃശ്യങ്ങളില്‍ കാണാം. കുംഭമേളയ്‌ക്കെത്തിയ സന്യാസിയാണിതെന്നും ബിബിസി ഇന്നലെ സംപ്രേക്ഷണം ചെയ്ത വിഡിയോയാണെന്നും പോസ്റ്റുകളില്‍ പറയുന്നുണ്ട്. എന്നാല്‍, ഈ വിഡിയോ ബിബിസി സംപ്രേക്ഷണം ചെയ്തതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലുള്ള യോഗി രാംഭാവ് എന്ന സന്യാസിയെ പറ്റി 2007ല്‍ തയാറാക്കിയ ഡോക്യുമെന്ററിയാണിത്.
∙ അന്വേഷണം
"ഹരിദ്വാര്‍ കുംഭത്തില്‍ എത്തിയ സിദ്ധ സന്യാസി ഗംഗസ്‌നാനത്തിന് മുമ്പ് അഗ്‌നിസ്‌നാനം ചെയ്യുന്നത് കണ്ടു. ബിബിസി റിപ്പോര്‍ട്ട് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കി, മറ്റ് മതങ്ങളെ അപേക്ഷിച്ച് രാവും പകലും എപ്പോഴും ഹിന്ദു മത സംസ്‌കാരത്തെ തരംതാഴ്ത്തുന്ന ബിബിസി, അതേ ബിബിസി ഇന്നലെ അതിന്റെ ചാനലില്‍ സംപ്രേക്ഷണം ചെയ്തു." എന്നുള്ള വിഡിയോയുടെ പൂര്‍ണരൂപം കാണാം
വൈറല്‍ വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന ഒരു യുട്യൂബ് വിഡിയോ ലഭ്യമായി. വൈറല്‍ വിഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പാണ് 2011 മാര്‍ച്ച് 23ന് പങ്കുവച്ചിട്ടുള്ള ഈ യുട്യൂബ് വിഡിയോ.
'ദ ഫയര്‍ യോഗി' എന്ന ഡോക്യുമെന്ററി പരാമര്‍ശിച്ചുകൊണ്ടാണ് വിഡിയോയുടെ വിവരണം നല്‍കിയിട്ടുള്ളത്. പ്രത്യേക രീതിയിലുള്ള ശ്വാസോച്ഛ്വാസ വിദ്യ ഉപയോഗിച്ച് അഗ്നിയെ നിയന്ത്രിക്കുന്ന യോഗിയെപ്പറ്റിയാണ് ഈ ഡോക്യുമെന്ററി. വിഡിയോയുടെ പൂര്‍ണരൂപം കാണാം.
യുട്യൂബ് വിഡിയോയില്‍ നിന്നുള്ള സൂചന ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഈ സന്യാസിയെപ്പറ്റിയുള്ള ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. തമിഴ് നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയായ യോഗി രാംഭാവ് ആണ് ഈ സന്യാസി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏതാനും തുള്ളി വെള്ളവും വാഴപ്പഴവും പാലും കഴിച്ചാണ് ജീവിക്കുന്നതെന്ന് യോഗി രാംഭവ് അവകാശപ്പെടുന്നതായി റിപ്പോര്‍ട്ടുകളിലുണ്ട്. 'ഫയര്‍ യോഗി' എന്നും വിളിപ്പേരുള്ള അദ്ദേഹത്തെപ്പറ്റി 47 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്. വിശദമായ പരിശോധനയില്‍ ആമസോണിന്റെ വെബ്സൈറ്റില്‍ 'ദ ഫയര്‍ യോഗി' ഡോക്യുമെന്ററിയുടെ ഡിവിഡി കണ്ടെത്തി. ഈ ഡോക്യുമെന്ററി 2007 ഒക്ടോബര്‍ 16-ന് പുറത്തിറങ്ങിയതായാണ് ഇതില്‍ പറയുന്നത്. മൈക്ക് വാസണ്‍ എന്ന വ്യക്തിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുള്ളത്.
2009 നവംബറില്‍ ആജ് തക്ക് നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍ വൈറല്‍ വിഡിയോ സംബന്ധിച്ച് ത്വക്‌രോഗ വിദഗ്ധരായ ഡോക്ടര്‍മാരുടെ വിശദീകരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീയും ശരീരവുമായി നേരിട്ട് ബന്ധപ്പെടാത്തതുകൊണ്ടും, വസ്ത്രങ്ങളില്‍ രാസവസ്തുക്കളും മറ്റും പുരട്ടിയും ഇത്തരത്തില്‍ പൊള്ളലേല്‍ക്കാതെ രക്ഷപെടാനാകും. വര്‍ഷങ്ങളെടുത്ത് പരിശീലനം നേടിയവര്‍ക്കും ഇത്തരത്തില്‍ പൊള്ളലേല്‍ക്കാതിരിക്കാമെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നുണ്ട്.
മുംബൈയിലും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മഴ പെയ്യിക്കാന്‍ സമാനമായ രീതിയില്‍ അഗ്‌നിയില്‍ ആരാധനയും ധ്യാനവും നടത്തിയതായി ആജ് തക്കുമായുള്ള സംഭാഷണത്തില്‍ യോഗി രാംഭാവ് പറഞ്ഞിട്ടുണ്ട് കൂടാതെ, കര്‍ണാടകയിലെ ഗുല്‍ബര്‍ഗ നഗരത്തിലെ ദത്താത്രേയ ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ നാല് മണിക്കൂര്‍ തീയില്‍ കിടന്ന് അദ്ദേഹം ധ്യാനം നടത്തിയിട്ടുമുണ്ട്.
പൊള്ളലേല്‍ക്കാതെ തീയില്‍ അനായാസം ഇടപെടുന്ന യോഗിയുടെ ഈ തന്ത്രത്തിന് പിന്നിലെ സത്യമെന്താണെന്ന് ഞങ്ങള്‍ക്ക് കൃത്യമായി വിശദീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇതിന് കുംഭ മേളയുമായി ബന്ധമില്ലെന്ന് വ്യക്തമാണ്. മാത്രമല്ല ഇത് ബിബിസി പ്രക്ഷേപണം ചെയത ദൃശ്യവുമല്ല.
ഇന്‍പുട്ട്: റിദ്ധിഷ് ദത്ത, കൊല്‍ക്കത്ത
∙ വാസ്തവം
വൈറല്‍ വിഡിയോ ബിബിസി പ്രക്ഷേപണം ചെയ്തതല്ല. തഞ്ചാവൂര്‍ സ്വദേശിയായ യോഗി രാംഭാവിനെപ്പറ്റി 2007ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary:The viral video was not broadcast by the BBC. It is a documentary released in 2007 about Yogi Rambhau, a native of Thanjavur