കാട്ടുതീയിൽ മരിച്ചവരിൽ ഹോളിവുഡ് നടിയും; ചാമ്പലായി വീടുകൾ: തീയണയ്ക്കാൻ ‘പിങ്ക് പൊടി’, എന്താണിത്?
Mail This Article
ലൊസാഞ്ചലസിൽ അഗ്നിശമനസേനയുടെ രക്ഷാപ്രവർത്തനം ചിലയിടങ്ങളിലെ വൻതീ കെടുത്തിയെങ്കിലും മണിക്കൂറിൽ 129 കിലോമീറ്റർ വേഗമുള്ള കാറ്റിൽ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്നു കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. ഒരുലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ച കാട്ടുതീയിൽ 24 പേർ കൊല്ലപ്പെട്ടു. 12,000 കെട്ടിടങ്ങൾ നശിച്ചു. തീ ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയ പാലിസെയ്ഡ്സിൽ 23,713 ഏക്കറാണു കത്തിയത്. ഈറ്റണിൽ 14,117 ഏക്കറും.
കാട്ടുതീയിൽ മരിച്ചവരിൽ മുതിർന്ന ഹോളിവുഡ് നടി ഡാലിസ് കറി (95)യും ഉൾപ്പെടുന്നു. ഓർട്ടഡീനയിലെ കത്തിയമർന്ന വീടിനുള്ളിലാണു മൃതദേഹം കണ്ടെത്തിയത്. ദ് ടെൻ കമാൻഡ്‌മെന്റ്സ്, ദ് ബ്ലൂസ് ബ്രദേഴ്സ്, ലേഡി സിങ്സ് ഇൻ ദ് ബ്ലൂ എന്നിവയാണു പ്രധാന സിനിമകൾ.
തീയണയ്ക്കാൻ പിങ്ക്പൊടി
കാട്ടുതീ ലൊസാഞ്ചലസിനെ കീഴ്പ്പെടുത്തുമ്പോൾ പ്രതിരോധമെന്നോണം സർക്കാർ പിങ്ക് പൗഡർ ആകാശത്ത് നിന്നും ഭൂമിയിലേക്ക് വിതറുകയാണ്. തീയണയ്ക്കാൻ വെള്ളത്തേക്കാൾ പവർഫുൾ ആയ ഫോസ് ചെക്ക് (Phos-Chek) എന്ന രാസപദാർഥമാണിത്. തീ ആളിപ്പടർന്ന പ്രദേശങ്ങളിൽ ആയിരക്കണക്കിന് ഗാലൺ ഫോസ് ചെക്ക് സൊല്യൂഷനാണ് ഹെലികോപ്ടർ മാർഗം വിതറിയത്. ഇതിലെ പിങ്ക് നിറം തീ പടർന്നുപിടിക്കുന്നത് തടയുമെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർക്ക് സ്ഥലം തിരിച്ചറിയാൻ സഹായിക്കുമെന്നും രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
1960 മുതൽ പെരിമേറ്റർ സൊലൂഷ്യൻ എന്ന അമേരിക്കൻ കമ്പനി ഫോസ് ചെക്ക് ഉൽപാദിപ്പിക്കുന്നുണ്ട്. അമോണിയം പോളിഫോസ്ഫേറ്റ് എന്ന വസ്തുവാണ് പിങ്ക് പൗഡറിൽ അടങ്ങിയിരിക്കുന്നത്. നേരിട്ട് തീയിലേക്ക് സ്പ്രേ ചെയ്യുന്നതോടൊപ്പം തീ പടരാനുള്ള സാധ്യതയുള്ള ഭാഗങ്ങളിലും ഇത് മുൻകൂട്ടി വിതറുന്നുണ്ട്. ഫോസ് ചെക്കിന്റെ വ്യാപകമായ ഉപയോഗം പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിലയിരുത്തുന്നുണ്ട്. ഇതിലെ രാസവസ്തു ജലസ്രോതസ്സുകളെ മലിനമാക്കുമെന്നും ഇതുവഴി ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പു നൽകുന്നു. എന്നാൽ ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യത്തിൽ മറ്റ് മാർഗങ്ങളില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
വീണ്ടും ഒഴിപ്പിക്കൽ, അറസ്റ്റ്
ലൊസാഞ്ചലസിലും സതേൺ കലിഫോർണിയ കൗണ്ടികളിലുമായി 8500 അഗ്നിശമന സേനാംഗങ്ങളാണു രക്ഷാദൗത്യത്തിലുള്ളത്. സാന്റ ക്ലാര നദീതടത്തിലെ ഉണക്കപ്പുൽമേടുകളിൽ പടരുന്ന തീ കാറ്റിൽ അടുത്ത പ്രദേശങ്ങളിലേക്ക് ആളിപ്പടർന്നേക്കുമെന്നതാണു വലിയ ഭീഷണി. അതേസമയം, ഹേസ്റ്റ്, കെനത്ത് മേഖലകളിലെ തീയണച്ചിട്ടുണ്ട്. വരണ്ട പുൽമേടുകളുള്ള സാന്റ ആനയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ലൊസാഞ്ചലസ് കൗണ്ടിയിൽ 89,000 പേർക്കുകൂടി ഒഴിപ്പിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.
തീപടർന്നതുമായി ബന്ധപ്പെട്ട് 10 പേർ അറസ്റ്റിലായിട്ടുണ്ട്. ദുരന്തത്തിനിടെ കവർച്ചാശ്രമത്തിന് 9 പേരും അറസ്റ്റിലായി. ലൊസാഞ്ചലസിലെ അസ്യുസയിൽ മരത്തിനു തീവയ്ക്കാൻ ശ്രമിച്ച ഒരാളും പിടിയിലായി. തീയണക്കാൻ ആവശ്യത്തിനു വെള്ളം നൽകാത്തതിന്റെ പേരിൽ ലൊസാഞ്ചലസ് ജലവകുപ്പിനെതിരെ നാട്ടുകാർ കേസ് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച തീപടരുമ്പോൾ ജലവകുപ്പിന്റെ സംഭരണിയിൽ വെള്ളമില്ലായിരുന്നു.
അധിക ധനസഹായം
പ്രസിഡന്റ് ജോ ബൈഡൻ കലിഫോർണിയയ്ക്ക് അധിക ധനസഹായം പ്രഖ്യാപിച്ചു. ഡെമോക്രാറ്റുകൾ ഭരണത്തിലുള്ള കലിഫോർണിയയിൽ ദുരന്തനിവാരണ നടപടികളിൽ ഉദാസീനതയുണ്ടായെന്നാരോപിച്ച് റിപ്പബ്ലിക്കൻ പാർട്ടി രംഗത്തിറങ്ങി. തിങ്കളാഴ്ച അധികാരമേറ്റതിനുശേഷം ഡോണൾഡ് ട്രംപ് ദുരന്തമേഖല സന്ദർശിച്ചേക്കും. ചില ബാങ്കുകൾ ഭവനവായ്പ തിരിച്ചടവുകളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.