കുട്ടികളിൽ കൃഷിതാല്‍പര്യം വർധിപ്പിക്കാൻ പദ്ധതി; വരുമാനമുണ്ടാക്കാൻ പച്ചക്കുടുക്ക: കൂറുള്ള മണ്ണിലെ സ്കൂൾ സൂപ്പറാ!

Mail This Article
കൃഷിക്കും കാർഷിക സംസ്കാരത്തിനും ഉറച്ച വേരോട്ടമുള്ള കോട്ടയം ജില്ലയിലെ അതിർത്തിഗ്രാമങ്ങളിലൊന്നാണ് കുറുമണ്ണ്. കൃഷി ചെയ്താൽ നൂറുമേനി വിളവു നൽകുന്ന കൂറുള്ള മണ്ണിനെ കുറുമണ്ണ് എന്ന് പഴമക്കാർ വിളിച്ചത് വെറുതെയല്ല. റബർ പ്രധാന വരുമാനമായ പ്രദേശത്ത് അതിനൊപ്പം പ്ലാവും റംബുട്ടാനും പൈനാപ്പിളുമൊക്കെ വരുമാനം നൽകുന്ന വിളകളായി തലയുയർത്തി നിൽക്കുമ്പോൾ പച്ചക്കറിക്കൃഷിക്കുമുണ്ട് ചെറുതല്ലാത്ത സ്ഥാനം.
കുറുമണ്ണ് ഗ്രാമത്തിന്റെ തിലകക്കുറിയായി നിൽക്കുന്ന സെന്റ് ജോൺസ് ഹൈസ്കൂൾ വിദ്യാർഥികൾക്ക് പാഠപുസ്തകത്തിലെ അറിവുകള്‍ മാത്രമല്ല കൃഷിപാഠങ്ങളും പകർന്നു നൽകുന്നു. ഏതാനും വർഷങ്ങളായി സ്കൂളിൽ പച്ചക്കറിക്കൃഷിയുണ്ട്. അതിന്റെ ചുവടുപിടിച്ച് ഇത്തവണ തൊടുപുഴയിൽ പ്രവർത്തിക്കുന്ന കേരള അഗ്രികൾചറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ (KADS) പച്ചക്കുടുക്ക എന്ന പദ്ധതിയും ഈ വർഷം മുതൽ സ്കൂളിൽ നടപ്പാക്കുന്നു.

പാലാ കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസിയും പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റിയും ചേർന്ന് കുട്ടികളിൽ കൃഷിതാല്‍പര്യം വളർത്തുന്നതിനു പാലാ രൂപതയിലെ സ്കൂളുകളിൽ നടത്തിവരുന്ന പദ്ധതിയുടെ ഭാഗമായാണ് 4 വർഷം മുൻപ് ഇവിടെ പച്ചക്കറിത്തോട്ടം ആരംഭിച്ചത്. ജൈവകൃഷി പരിശീലിപ്പിക്കുന്നതിലൂടെ സുരക്ഷിത ഭക്ഷണശൈലി കുട്ടികളെ പഠിപ്പിക്കാനും അതിലൂടെ അവരില്‍ കൃഷി താൽപര്യം വളര്‍ത്താനുമാണു ശ്രമം.
സ്കൂൾ കെട്ടിടത്തിന്റെ മുൻവശത്തെ മുറ്റത്തും വെയിൽ ലഭിക്കുന്ന ഭാഗങ്ങളിലുമൊക്കെ പച്ചക്കറികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. കൃഷി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. അധ്യാപകരായ ബിനു ഏബ്രഹാമിന്റെയും ജിനു ജോർജിന്റെയും നേതൃത്വത്തിൽ എൺപതോളം വിദ്യാർഥികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ഗ്രോബാഗ് നിറയ്ക്കുന്നതു മുതൽ വിളവെടുപ്പുവരെയുള്ള കാര്യങ്ങളിൽ പിടിഎയുടെ ശ്രദ്ധയും മാർഗനിർദേശങ്ങളും വിദ്യാർഥികൾക്കുണ്ട്. പിടിഎ അംഗവും യുവകർഷകനുമായ കാഞ്ഞിരത്തിങ്കൽ സജോ ജോസഫും കടനാട് കൃഷി ഓഫിസർ മഞ്ജുദേവിയും മികച്ച പിന്തുണ നൽകുന്നു.

സ്കൂളിനു മുറ്റത്തെ മണ്ണ് കൃഷിക്ക് യോജ്യമല്ലാത്തതിനാൽ ഗ്രോബാഗുകളിലാണു കൃഷി. പാവൽ, പയർ, തക്കാളി, വഴുതന, കുക്കുമ്പർ, വെള്ളരി, മത്തൻ, പടവലം, കോവൽ, മുളക് തുടങ്ങി പ്രധാന ഇനങ്ങളെല്ലാം കൃഷി ചെയ്യുന്നുണ്ട്. ചെടികളുടെ ചുവട്ടിലെ കള പറിക്കാനും വെള്ളമൊഴിക്കാനുമൊക്കെ കുട്ടികൾ ഏറെ താൽപര്യത്തോടെ സമയം കണ്ടെത്തുന്നു. സ്കൂളിലെ കൃഷിക്കൊപ്പം കുട്ടികൾ സ്വന്തം വീടുകളിലും കൃഷി ചെയ്യുന്നുണ്ടെന്ന് പ്രധാനാധ്യാപകൻ ബിജോയ് ജോസഫ് പറഞ്ഞു. വിളവ് പ്രധാനമായും സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്കാണ് എടുക്കുന്നത്. അധികമുള്ളവ അധ്യാപകരും വിദ്യാർഥികളും ലേലത്തിലൂടെ വാങ്ങും. ഇങ്ങനെ ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുന്നു.

സമ്പാദിക്കാന്‍ ‘പച്ചക്കുടുക്ക’
വിദ്യാർഥികളിൽ കൃഷിയിലൂടെ സമ്പാദ്യശീലവും സ്വയംപര്യാപ്തതാബോധവും വളർത്തിയെടുക്കാൻ തൊടുപുഴയിലെ കേരള അഗ്രികൾചറൽ ഡവലപ്മെന്റ് സൊസൈറ്റി (കാഡ്സ്) ആവിഷ്കരിച്ച പദ്ധതിയാണ് ‘പച്ചക്കുടുക്ക’. കുട്ടികൾ വീട്ടിൽ ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ കാഡ്സ് എടുക്കുകയും അവ വിറ്റുകിട്ടുന്ന തുക കുട്ടികളുടെ പേരിൽത്തന്നെ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് പച്ചക്കുടുക്ക പദ്ധതി. എല്ലാ വെള്ളിയാഴ്ചയും കാഡ്സിന്റെ വാഹനം സ്കൂളിലെത്തി കുട്ടികൾ വിളയിച്ച പച്ചക്കറികൾ സംഭരിക്കുന്നു.
ഫോൺ: 7025192324 (ബിജോയ്, പ്രധാനാധ്യാപകൻ)