മഞ്ഞളിന് ഇനി ‘പ്രത്യേക’ ബോർഡ്; ആസ്ഥാനം തെലങ്കാനയിൽ, അധ്യക്ഷൻ ബിജെപി നിസാമാബാദ് ജില്ലാ പ്രസിഡന്റ്
Mail This Article
ന്യൂഡൽഹി∙ തെലങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി ദേശീയ മഞ്ഞൾ ബോർഡ് പ്രവർത്തനമാരംഭിച്ചു. ബിജെപി നിസാമാബാദ് ജില്ലാ പ്രസിഡന്റ് പല്ലെ ഗംഗ റെഡ്ഡിയാണ് അധ്യക്ഷൻ. 3 വർഷത്തേക്കാണ് നിയമനംകോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച് ഡയറക്ടറും അംഗമാണ്. മഞ്ഞൾ കൃഷിയും മൂല്യവർധിത ഉൽപന്നങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ബോർഡ് രൂപീകരിച്ചത്.
വാണിജ്യം, കൃഷി, ആയുഷ്, ഫാർമ മന്ത്രാലയങ്ങളുടെ പ്രതിനിധികളുള്ള ബോർഡിൽ മഞ്ഞൾ ഉൽപാദനം ഏറെയുള്ള സംസ്ഥാനങ്ങൾക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ പ്രാതിനിധ്യമുണ്ടാകും. കയറ്റുമതി, കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നാമനിർദേശം ചെയ്യുന്ന 5 പേർ, സ്പൈസസ് ബോർഡ് സെക്രട്ടറി, നാഷനൽ മെഡിസിനൽ പ്ലാന്റ് ബോർഡ് സിഇഒ തുടങ്ങിയവരും ബോർഡിന്റെ ഭാഗമാണ്.
മഞ്ഞൾ ഉൽപാദിപ്പിക്കുന്ന കേരളമടക്കമുള്ള 20 സംസ്ഥാനങ്ങളിലെ കർഷകരുടെ ക്ഷേമത്തിന് ബോർഡ് ഊന്നൽ നൽകും.2023–24ൽ രാജ്യത്ത് 3.05 ലക്ഷം ഹെക്ടറിലാണ് മഞ്ഞൾ കൃഷി നടന്നതെന്ന് ഉദ്ഘാടനവേളയിൽ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. 1.62 ലക്ഷം ടൺ മഞ്ഞളും മൂല്യവർധിത ഉൽപന്നങ്ങളുമാണ് ഇന്ത്യ ആ വർഷം കയറ്റിയയച്ചത്.ലോകമാകെയുള്ള മഞ്ഞൾ കൃഷിയുടെ 70 ശതമാനവും ഇന്ത്യയിലാണ്.