രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം; 75 ലക്ഷം ഡോളറിന്റെ വ്യാജ കറൻസിയുമായി മൂന്നംഗസംഘം പിടിയിൽ

Mail This Article
റാസൽഖൈമ ∙ 75 ലക്ഷം ഡോളറിന്റെ വ്യാജ കറൻസിയുമായി 3 അംഗ അറബ് വംശജരെ റാസൽഖൈമ പൊലീസ് അറസ്റ്റ് ചെയ്തു. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷനുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്.
അനധികൃത സ്വത്ത് സമ്പാദിക്കാൻ റാസൽഖൈമയിലെ ഒരു ബിസിനസുകാരനും രണ്ട് കൂട്ടാളികളും ചേർന്ന് വ്യാജ വിദേശ കറൻസി വിതരണം ചെയ്യാൻ പദ്ധതിയിട്ടതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക സമിതി രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തൊണ്ടി സഹിതം പിടികൂടിയത്.
നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ദേശീയ സമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്തുകയും പ്രാദേശിക, രാജ്യാന്തര വിപണികളിൽ സാമ്പത്തിക ആത്മവിശ്വാസം തകർക്കുകയും ചെയ്യുന്ന ഇത്തരം നിയമലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന് റാസൽഖൈമ പൊലീസ് പറഞ്ഞു.