കാർ നിർത്തിയിറങ്ങി, മുന്നിലേക്ക് വന്നു വീണത് 'രക്തത്തിൽ കുതിർന്ന ഒരു ചാക്കുകെട്ട്'; അതിലൊരു മൃതദേഹം...!

Mail This Article
അധ്യായം: രണ്ട്
അടുത്ത പ്രഭാതം...
ഒന്നാം തീയതിയായതിനാൽ അൻവർ പതിവിലും നേരത്തേ ഓഫീസിൽ പോകാൻ തയ്യാറായി. പോയ മാസത്തെ കണക്കുകൾ ക്ലോസ് ചെയ്ത് പ്രോഫിറ്റ് ആൻറ് ലോസും, ബാലൻസ് ഷീറ്റുമൊക്കെ എം.ഡിക്ക് സമർപ്പിക്കാനുള്ള ഒരു തിരക്കും വെപ്രാളവും എല്ലാ ഒന്നാം തീയതികളിലും അയാൾ കാണിക്കാറുണ്ട്. ഒന്നാം തീയതി തന്നെ കണക്കുകൾ അതോറിറ്റിക്ക് നൽകുക എന്നത് അയാൾ വർഷങ്ങളായി ശീലിച്ചു പോന്ന ഒരു ചിട്ടയോ, അയാളുടെ ഉത്തരവാദിത്വ ബോധം അയാളിൽ ചെലുത്തുന്ന ഒരു സമ്മർദ്ദത്തിന്റെ ഫലമോ ആയിരുന്നു.
"സാധനങ്ങളൊക്കെ തീർന്നിരിക്കുകയാണ്. വൈകിട്ട് പർച്ചേസിംഗിന് പോയാലോ?" അയാൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് എഴുന്നേൽക്കവേ ഭാര്യ ലുബാബ ചോദിച്ചു.
"നാളെ പോകാം... ഇന്ന് ക്ലോസിങ്ങും, മീറ്റിങ്ങും ഒക്കെ കഴിഞ്ഞ് ഞാൻ വരാൻ വൈകും."
അയാൾ കൈയും വായും കഴുകി, ബാഗുമെടുത്ത് തിരക്കിട്ട് പോർച്ചിലേക്കിറങ്ങി. ഡോർ അൺലോക്ക് ചെയ്ത് അയാൾ കാറിലേക്ക് കയറി. നീല നിറത്തിലുള്ള മാരുതി ബ്രെസ്സ കാറാണ് അയാളുടേത്. ലുബാബ മുറ്റത്തേക്കിറങ്ങി ഗേറ്റ് തുറന്നു.
"ഓ.കെ. ബൈ. ടേക്ക് കെയർ..." അയാൾ യാത്ര പറഞ്ഞു. ലുബാബ മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് കൈവീശി അയാളെ യാത്രയാക്കി.
എട്ട് മണിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ചൂടുള്ള വെയിൽ പരക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. നിരത്തുകൾ പതിയെ ഉറക്കം വിട്ടുണരുന്നതേ ഉണ്ടായിരുന്നുള്ളൂ. അൻവർ കാർ വേഗത്തിൽ ഡ്രൈവ് ചെയ്തു. ഹൈവേയിലൂടെയുള്ള ആ ഡ്രൈവിങ് എന്നും അയാൾ ആസ്വദിക്കാറുണ്ട്. യേശുദാസിന്റെ പാട്ടൊക്കെ കേട്ട് മുൻപ് താൻ ബസിലും പിന്നെ ബൈക്കിലുമൊക്കെ യാത്ര ചെയ്തിരുന്ന പാതകളിലൂടെ കാറിൽ ഒഴുകി നീങ്ങുന്നതിന്റെ ഒരു ത്രിൽ അയാളെ സംബന്ധിച്ച് വിവരണാതീതമായിരുന്നു.
ഏതാണ്ട് നാൽപ്പത് മിനിറ്റു കൊണ്ട് അയാൾ സൗത്ത് പാലമിറങ്ങി ജനതാ ലെയിനിലൂടെ 'തേലേപ്പാട്ട് കോംപ്ലെക്സി'ലേക്കെത്തി. ആ കെട്ടിടത്തിന്റെ പിന്നിലായിരുന്നു പാർക്കിങ് ഏരിയ. അത് വിശാലമായ ഒരു ഓപ്പൺ ഏരിയ ആയിരുന്നു. മതിൽക്കെട്ടിനപ്പുറമാകട്ടെ ഇരുണ്ട കാടും. 'തേലേപ്പാട്ട് കോംപ്ലക്‌സി'ന്റെ പിന്നാമ്പുറത്തെ ഈ കാട് ഒരു കിലോമീറ്ററോളം അപ്പുറത്തുള്ള എം.ജി റോഡ് വരെ വ്യാപിച്ചു കിടക്കുന്നു. ആ കെട്ടിടത്തിന്റെ ഇടത് വശത്തും കാടാണ്. അതാകട്ടെ അകലെ ഷിപ്പ് യാർഡ് വരെ പരന്ന് കിടക്കുന്നു. ജനതാ ലെയിനിലെ ഇങ്ങേയറ്റത്തുള്ള അവസാനത്തെ കെട്ടിടമാണ് 'തേലേപ്പാട്ട് കോംപ്ലക്സ്'.

അൻവർ പാർക്കിങ് ഏരിയയിൽ കാർ നിർത്തിയിറങ്ങി. അയാൾ കീയിലെ ബട്ടൺ അമർത്തി ഡോർ ലോക്ക് ചെയ്തു. പൊടുന്നനെ വലിയ ശബ്‌ദത്തോടെ ഒരു ചാക്ക് കെട്ട് അയാൾക്ക് തെല്ലു ദൂരത്തായി വന്നു വീണു…! രക്തത്തിൽ കുതിർന്ന ഒരു ചാക്ക് കെട്ട്...! അയാൾ ഞെട്ടലോടെ പിന്നോട്ട് മാറി. പരിഭ്രമത്തോടെ അയാൾ മേലെ ടെറസിലേക്ക് നോക്കി. ടെറസിന്റെ പാരപ്പറ്റിലോ ഒന്നും രണ്ടും മൂന്നും നിലകളുടെ സൺഷെയ്ഡുകളിലോ ആരെയും കണ്ടില്ല. മിഴിഞ്ഞ കണ്ണുകളോടെ അയാൾ ചാക്കുകെട്ടിലേക്ക് നോക്കി. അയാളുടെ നിലവിളി തൊണ്ടയിൽ കുരുങ്ങി. ചാക്ക് കെട്ട് അനങ്ങുന്നുണ്ട്. അതിനുള്ളിൽ മനുഷ്യനാകട്ടെ, മൃഗമാകട്ടെ ജീവനുണ്ട്...! പടപടാ മിടിക്കുന്ന ഹൃദയത്തോടെ അയാൾ റിസപ്‌ഷനിലേക്ക് ഓടിയെത്തി.
"എന്താ... എന്ത് പറ്റി അൻവർ സാറേ..." ഫ്രണ്ട് ഡെസ്ക്ക് മാനേജർ ബാബുരാജ് ചോദിച്ചു. അൻവറിന്റെ ഓടിക്കിതച്ചും, ആടിയുലഞ്ഞുമുള്ള വരവ് കണ്ടപ്പോൾ തന്നെ ബാബുരാജ് എന്തോ അപകടം മണത്തു! റിസപ്‌ഷനിസ്റ്റായ നേഹ എന്ന പെൺകുട്ടിയും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു കൊണ്ട് പകപ്പോടെ അൻവറിനെ നോക്കി. അൻവറിന് ഒന്നും സംസാരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. വാക്കുകൾ പുറത്തേക്ക് വരുന്നില്ല. ശബ്ദം പുറത്തേക്ക് വരുന്നില്ല. ചോര വാർന്നൊഴുകുന്ന ചാക്കുകെട്ടേൽപ്പിച്ച ആഘാതം അത്ര വലുതായിരുന്നു!
അൻവർ പാർക്കിങ് ഏരിയയിലേക്ക് വിരൽ ചൂണ്ടി. ബാബുരാജും നേഹയും ഉടൻ അങ്ങോട്ടോടി. നിമിഷങ്ങൾക്കകം ഇരുവരും നിലവിളിയോടെ റിസപ്‌ഷനിലേക്ക് മടങ്ങിയെത്തി. എന്തുചെയ്യണമെന്നറിയാതെ ബാബുരാജും നേഹയും പകച്ചു നിന്നു. അൻവർ ഒരുവിധം സമനില വീണ്ടെടുത്ത് 'സിംഫണി' ഗ്രൂപ്പിന്റെ ജനറൽ മാനേജർ നാരായണൻ നമ്പിയെ മൊബൈലിൽ വിളിച്ച് കാര്യം പറഞ്ഞു.
"നീ പേടിക്കാതിരി... ടേക്ക് ഇറ്റ് ഈസി മാൻ... ഞാൻ എ.സി.പിയെ വിളിച്ച് വിവരം പറയാം. എല്ലാം പോലീസ് നോക്കിക്കൊള്ളും. നീ സമാധാനത്തോടെ പോയിരുന്ന് ജോലി തുടങ്ങ്." നാരായണൻ നമ്പി പറഞ്ഞു.
"നമ്പി സാറേ... നമ്മൾ കുറേ പേർ ദിവസവും വന്നിരുന്ന് മണിക്കൂറുകളോളം ജോലി ചെയ്യുന്ന കെട്ടിടത്തിലാണ് ഇങ്ങനെയൊരു സംഭവം! എന്താണിവിടെ നടക്കുന്നത്? ആരാണിതിനൊക്കെ പിന്നിൽ? നമ്മളല്ലാത്ത ആരാണിവിടെ വന്നു പോകുന്നത്? ഫസ്റ്റ് ഫ്ലോറിലെ ഓഫീസിലേക്ക് പോകാൻ എനിക്ക് ഭയമുണ്ട്." കരച്ചിലിന്റെ വക്കോളമെത്തിയ ശബ്ദത്തിൽ അൻവർ പറഞ്ഞു.
"മോനേ അതല്ലേ പറഞ്ഞത്, പോലീസ് വരട്ടെ. അവരന്വേഷിക്കട്ടെ..."
"ശരി." അൻവർ കോൾ കട്ട് ചെയ്തു.
അയാൾ തളർച്ചയോടെ റിസപ്‌ഷനിലെ സോഫയിലേക്കിരുന്നു. ബാബുരാജിന്റെയും നേഹയുടെയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഇരുവരും കൗണ്ടറിലെ ഇരിപ്പിടങ്ങളിൽ തലയും കുനിച്ചിരുന്നു. പത്തു പതിനഞ്ചു മിനിറ്റിനകം രണ്ട് പോലീസ് വണ്ടികൾ 'തേലേപ്പാട്ട് കോംപ്ലക്സി'ലേക്ക് ഇരമ്പിയെത്തി. പിന്നാലെ ജനറൽ ആശുപത്രിയിലെ ഒരു ആംബുലൻസും.
(തുടരും)