വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്; ദുരൂഹതകളുമായി സിംഫണി ഹോട്ടൽസിലെ കൊലപാതകം

Mail This Article
അധ്യായം: ഒന്ന്
"നീ തറവാട്ടിൽ പോയി നിൽക്ക്... ഇവിടെ ഒറ്റക്ക് താമസിക്കേണ്ട... രണ്ടാഴ്ച്ച കൂടുമ്പോൾ ഞാൻ വരാം." ട്രാവലിങ് ബാഗിന്റെ സിബ്ബുകൾ പൂട്ടിക്കൊണ്ട് മനാഫ് പറഞ്ഞു.
"ഉം..." അയാളുടെ ഭാര്യ ഹസീന ശരി എന്ന അർത്ഥത്തിൽ തലയാട്ടി. അവൾ അയാളുടെ മൊബൈൽ മേശപ്പുറത്തു നിന്നെടുത്ത് ഷർട്ടിന്റെ പോക്കറ്റിലേക്ക് വെച്ച് കൊടുത്തു.
"ഒന്നും മറന്നിട്ടില്ലല്ലോ... പേഴ്സും മരുന്നുമൊക്കെ എടുത്തല്ലോ അല്ലേ?" അവൾ ചോദിച്ചു.
"എടുത്തു... നീ ഇപ്പൊ ഇറങ്ങുന്നുണ്ടോ? അതോ കുറച്ചു കഴിഞ്ഞിട്ടോ?" ബാഗുമെടുത്ത് പുറത്തേക്ക് നടന്നു കൊണ്ട് അയാൾ ചോദിച്ചു.
"ഇല്ല ഇക്കാ... കുറച്ച് കഴിഞ്ഞിറങ്ങാം. തറവാട്ടിൽ ഇപ്പോൾ ആമിനയുടെ ട്യൂഷൻ ക്ലാസും ബഹളവുമൊക്കെ ആയിരിക്കും. അഞ്ചര കഴിഞ്ഞാൽ അതൊക്കെ ഒന്നടങ്ങും. അപ്പോൾ ചെല്ലുന്നതാണ് നല്ലത്." ഹസീന പറഞ്ഞു.
"നാത്തൂനെ പോലെ നാലക്ഷരം പഠിച്ചിരുന്നെങ്കിൽ നിനക്കും അതൊക്കെ ആകാമായിരുന്നല്ലോ..." അയാൾ അവളെ കളിയാക്കി.
"ഓ... ഈ പറയുന്ന ആൾക്ക് ഡോക്ടറേറ്റ് ഉണ്ടല്ലോ!" അവൾ തിരിച്ചും കളിയാക്കി. രണ്ടാളും ചിരിച്ചു.
"എന്നാൽ അങ്ങനെയാകട്ടെ. ഇരുട്ടും മുൻപ് അവിടെ എത്താൻ പാകത്തിന് പുറപ്പെട്. കാര്യം ഈ പത്തടിപ്പാലം വരെ പോയാൽ മതി. എന്നാലും ഇരുട്ടായാൽ പിന്നെ നാടും കൊള്ളില്ല. നാട്ടാരും കൊള്ളില്ല." മനാഫ് മുണ്ടും മടക്കിക്കുത്തി ഉമ്മറത്ത് നിന്നും മുറ്റത്തേക്കിറങ്ങി.

"ഞാൻ പോകുന്നു.ചെന്നിട്ട് വിളിക്കാം." അയാൾ യാത്ര പറഞ്ഞു.
"ശരി.സൂക്ഷിക്കണേ...അവിടെ ചെന്നിട്ട് ആവശ്യമില്ലാത്ത പ്രശ്നത്തിനൊന്നും നിൽക്കരുത്." ഹസീന ശാസനയോടെ പറഞ്ഞു.
"ഇല്ലെടീ... നീ പേടിക്കേണ്ട." ചിരിയോടെ ഇതും പറഞ്ഞ് അയാൾ ഗേറ്റിലേക്ക് നടന്നു. അയാൾ റോഡിലേക്കിറങ്ങി.
മദ്ധ്യാഹ്ന വെയിലിന്റെ ഉയർന്ന താപനിലയിൽ നാട്ടുവഴി മരവിച്ചു നിന്നു. വിജനവും നിശബ്‌ദവുമായ ആ വഴിയുടെ അങ്ങേയറ്റത്ത് നിന്നും ഒരു ഓട്ടോ വരുന്നത് അയാൾ കണ്ടു. അത് കിരണിന്റെ ഓട്ടോ ആണെന്ന് ദൂരെ നിന്നേ മനസ്സിലായി. കിരൺ അയാൾക്കടുത്ത് കൊണ്ടു വന്ന് ഓട്ടോ നിർത്തി.
"ബസ്റ്റോപ്പിലിറക്കിയാൽ മതി." അയാൾ കിരണിനോട് പറഞ്ഞു.
"എങ്ങോട്ടാ മനാഫ്ക്കാ... ബാഗൊക്കെയുണ്ടല്ലോ?" കിരൺ ചോദിച്ചു.നാട്ടുകാർ തമ്മിലുള്ള ഒരു കുശല പ്രശ്നം.
"ഒന്നും പറയണ്ട മോനേ... കോയമ്പത്തൂർക്ക് ട്രാൻസ്ഫറാ..." അയാൾ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു.
"അതിന് നിങ്ങളുടെ മുതലാളിക്ക് അവിടെ കടയുണ്ടോ...?"
"പുതിയതൊരെണ്ണം തുടങ്ങി. അവിടെ ഞാൻ തന്നെ വേണം എന്ന് മുതലാളിക്ക് ഒരേ നിർബന്ധം.”
"അപ്പോഴിനി മനാഫ്ക്കാടെ ചായയും ജ്യൂസുമൊക്കെ കുടിച്ച് കോയമ്പത്തൂര്കാര് ഒരു വഴിക്കാവും."
"നീ ഊതല്ലേ കിരണേ... നിന്റെ അച്ഛൻ പള്ളിക്കൂടത്തില് എന്റെ ജൂനിയറായിരുന്നു. എന്റെ മുന്നിലൊന്ന് നേരെ നിൽക്കുക കൂടിയില്ല അയാള്. പിന്നല്ലേ നീ... നേരെ നോക്കി വണ്ടിയോടിക്കടാ..." പാതി കാര്യത്തിലും പാതി കളിയായുമാണ് മനാഫ് ഇത് പറഞ്ഞത്. കിരൺ ചമ്മി. അവൻ പിന്നെ ഒന്നും പറഞ്ഞില്ല. വിളറിയ ഒരു ചിരിയിൽ അവൻ സംസാരം അവസാനിപ്പിച്ചു.
കിരൺ അയാളെ ബസ്റ്റോപ്പിലിറക്കി. പൈസ വാങ്ങാൻ ആദ്യം കിരൺ കൂട്ടാക്കിയില്ല.
"റിട്ടേൺ ഓട്ടമാ മനാഫ്ക്കാ. ഒന്നും തരേണ്ട." അവൻ പറഞ്ഞു. എന്നാൽ അയാൾ നിർബന്ധപൂർവം അവന് പൈസ നൽകി. അവൻ യാത്ര പറഞ്ഞ് പോയതിന് പിന്നാലെ എം.ജി റോഡ് വഴി പോകുന്ന 'ഷാനി മോൾ' എന്ന ബസ് വന്ന് നിന്നു. അയാൾ വേഗം ബസിലേക്ക് കയറി. ബസിൽ തിരക്ക് കുറവായിരുന്നു. അതുകൊണ്ട് സീറ്റ് കിട്ടി. ബാഗ് അടുത്ത് വെച്ച് അയാൾ ഇരുന്നു. ഉച്ചസമയമായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. ബ്ലോക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ബസ് അതിവേഗം പാഞ്ഞു. സാധാരണ ഗതാഗതം സ്തംഭിക്കാറുള്ള ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങിയ വലിയ കവലകളൊക്കെ എളുപ്പം കടന്ന് ബസ് മുന്നോട്ട് പോയി. ഏതാണ്ട് മുക്കാൽ മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ മനാഫ് പള്ളിമുക്കിൽ ബസിറങ്ങി. ബാഗും തൂക്കി മുണ്ടും മടക്കിക്കുത്തി, സഹോദരൻ അയ്യപ്പൻ റോഡിന്റെ അരിക് പിടിച്ച് അയാൾ നടന്നു. എറണാകുളം നഗരം തിളക്കുന്ന വെയിലിൽ എരിപിരി കൊള്ളുകയായിരുന്നു. മനുഷ്യരും വാഹനങ്ങളും നിറഞ്ഞ വീഥികൾ. റെയിൽവേ പാളത്തിന് മുകളിലൂടെ നീളുന്ന സൗത്ത് ബ്രിഡ്ജ്...
പഴമ നഷ്ടപ്പെടാത്ത ഒരു നഗരമാണതെന്ന് എപ്പോഴത്തെയുമെന്ന പോലെ അയാൾ വെറുതെ ചിന്തിച്ചു. ആധുനീകതക്കും അതിന്റെ പത്രാസിനും വഴിമാറാത്ത പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വഴികളും കെട്ടിടങ്ങളും നിരവധിയാണ്! മൾട്ടിപ്ലക്‌സുകൾക്കും ചില്ലുകൊട്ടാരങ്ങൾക്കുമൊന്നും മറികടക്കാനാവാത്ത പ്രതാപവും ആഢ്യത്വവും പൗരാണികതയുമൊക്കെയാണ് ചരിത്രമുറങ്ങുന്ന എം.ജി റോഡിനും ചിറ്റൂർ റോഡിനുമൊക്കെ. നൂറ്റാണ്ടുകൾ കിതച്ചും കുതിച്ചും കടന്നുപോയ പാതകൾ!
വളഞ്ഞമ്പലം കവലക്കടുത്തുള്ള 'സിംഫണി' എന്ന റസ്റ്ററന്റിലേക്ക് അയാൾ കടന്നു ചെന്നു. ഒരു ചെറിയ റസ്റ്ററന്റാണത്. മുകളിലെ നിലയിൽ പത്തോളം ലോഡ്ജ് മുറികളും ഉണ്ട്. ആ കടയിലാണ് അയാൾ ടീ മേക്കറും, ജ്യൂസ് മേക്കറുമൊക്കെയായി ജോലി ചെയ്ത് വന്നത്. പൊടുന്നനെയെന്നോണമാണ് കോയമ്പത്തൂരുള്ള പുതിയ കടയിലേക്ക് മാറ്റം കിട്ടിയത്. 'സിംഫണി' വലിയൊരു ഹോട്ടൽ ഗ്രൂപ്പാണ്. പതിനഞ്ചോളം റസ്റ്ററന്റുകളും, ഇരുപതോളം ലോഡ്ജുകളുമൊക്കെയുള്ള ഒരു ബിസിനസ് ശൃംഖലയാണ്. എറണാകുളത്തിന്റെ പലയിടങ്ങളിലായാണ് സ്ഥാപനങ്ങളിലേറെയും പ്രവർത്തിക്കുന്നത്.
"എന്താ മനാഫ്ക്കാ നിങ്ങള് ഇതുവരെ പോയില്ലേ?" ക്യാഷ് കൗണ്ടറിലെ പയ്യൻ അയാളെ കണ്ടയുടൻ ചോദിച്ചു.
"എനിക്കേയ്, വൈകീട്ട് ആറേമുക്കാലിനാ ട്രെയിൻ. അതുവരെ ഞാനിവിടെയൊക്കെ ചുറ്റിത്തിരിയും. ഓഫീസിൽ ചെല്ലും.ഈ മാസത്തെ ശമ്പളം തീർത്ത് മേടിക്കും. രാത്രി ഭക്ഷണം ഇവിടെ നിന്നും പാർസൽ ചെയ്‌തെടുക്കും. അങ്ങനെ ട്രെയിൻ കയറിപ്പോകുന്നത് വരെ ഞാനിവിടെയൊക്കെത്തന്നെ കാണും. എന്താ നിനക്ക് വല്ല ബുദ്ധിമുട്ടുമുണ്ടോ...?" അയാൾ ചോദിച്ചു. പയ്യൻ ഇളിഭ്യനായി. കുശല പ്രശ്നം വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചിട്ടെന്നോണം അവൻ തല ചൊറിഞ്ഞു.
മനാഫ് മുകളിലെ നിലയിലെ ലോഡ്ജിന്റെ കൗണ്ടറിൽ ബാഗും മറ്റും ഒതുക്കി വെച്ച്, തിരിച്ച് താഴെ വന്ന് നേരെ ജ്യൂസ് കൗണ്ടറിലേക്ക് കയറി. അയാളൊരു കടുപ്പമുള്ള കട്ടൻകാപ്പി ഉണ്ടാക്കിക്കുടിച്ചു. പിന്നെ തനിക്ക് പകരം വന്ന ജ്യൂസ് മേക്കർക്ക് അവിടത്തെ കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തു. അയാൾക്ക് പകരം വന്നത് ഒരു ബംഗാളിയായിരുന്നു. അവന്റെ ഭാഷയിൽ തന്നെയായിരുന്നു മനാഫിന്റെ 'ക്ലാസ്'. അയാൾ നല്ല പോലെ ബംഗാളി സംസാരിക്കും. കുറേക്കാലം കൽക്കട്ടയിലെ 'ഗൗതം ഫുഡ് ഫാക്ടറി'യിൽ ജോലി ചെയ്തത് കൊണ്ടുണ്ടായ ഏക നേട്ടമാണത്.

'ഹാൻഡ് ഓവറി'ങ് പൂർത്തിയാക്കി, ബംഗാളി ജ്യൂസ് മേക്കറോട് 'ആൾ ദ ബെസ്റ്റ്' പറഞ്ഞ് മനാഫ് കടയിൽ നിന്നിറങ്ങി. റോഡ് മുറിച്ചു കടന്ന് പെട്രോൾ പമ്പിന് സമീപത്തൂടെയുള്ള ജനതാ ലെയിനിലൂടെ മുന്നോട്ട് നടന്നു. അവിടെ നിന്നും ഇരുനൂറ് മീറ്റർ മാത്രം മാറിയായിരുന്നു 'സിംഫണി' ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസ്. മൂന്ന് നിലകളുള്ള 'തേലേപ്പാട്ട് കോംപ്ലെക്സ്' എന്ന ആ ഓഫീസ് സമുച്ചയം നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊക്കെ മുക്തമാണ്. ആ ഏരിയ നഗരത്തിന്റെ ഒരൊഴിഞ്ഞ മൂലയാണ് എന്നതാണ് അതിന് കാരണം.
മനാഫ് ചെല്ലുമ്പോൾ 'സിംഫണി' ഗ്രൂപ്പിന്റെ ഫിനാൻസ് മാനേജർ അൻവർ സുലൈമാൻ റിസപ്‌ഷന് സമീപത്ത്, ലിഫ്റ്റിനടുത്ത് നിന്ന് ആരോടോ ഫോണിൽ ഉറക്കെ സംസാരിക്കുന്നുണ്ടായിരുന്നു. മനാഫിനെ കണ്ടപ്പോൾ അയാൾ നെറ്റി ചുളിച്ചു. അയാൾ എന്തൊക്കെയോ പറഞ്ഞ് കോൾ അവസാനിപ്പിച്ചു.
"താനെന്തിനാ ഇങ്ങോട്ട് വന്നത്?" അൻവർ അവജ്ഞയോടെ അടക്കിയ ശബ്ദത്തിൽ ചോദിച്ചു.
"അളിയനെ കാണാൻ..." മനാഫ് ഒരു ചിരിയോടെ പറഞ്ഞു.
അയാളുടെ ഭാര്യ ഹസീനയുടെ അനുജത്തി ലുബാബയെയാണ് അൻവർ വിവാഹം ചെയ്തിരിക്കുന്നത്. അൻവർ തന്നെയാണ് മനാഫിന് 'സിംഫണി' ഗ്രൂപ്പിൽ ജോലി വാങ്ങി നൽകിയതും.
"എന്നെ കണ്ടിട്ടെന്തിനാ? പണം ചോദിക്കാനായിരിക്കും." അൻവർ മുഖം തിരിച്ചു.
"അളിയനതെങ്ങനെ കൃത്യമായി മനസ്സിലായി?" മനാഫ് പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു.
"തനിക്ക് അതല്ലേ പണി?!" അൻവർ പരിഹാസത്തോടെ.
"കോയമ്പത്തൂർക്ക് പോകുന്നതല്ലേ അളിയാ...എന്റെ കൈയിൽ ഒരു ദമ്പിടിയുമില്ല.കുറച്ച് പണം കിട്ടിയാൽ നന്നായിരുന്നു."
"സാലറി കിട്ടട്ടെ.എന്നിട്ട് തരാം.”
"എനിക്കിപ്പോ ഒരു പതിനായിരം രൂപ വേണം.നീ തരുന്നുണ്ടോ?" മനാഫിന്റെ ഭാവം മാറി.അതോടെ അൻവർ നിശബ്ദനായി.അൻവർ അയാളെ ഭയത്തോടെ നോക്കി.ശേഷം പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് പണം മനാഫിന് നൽകി.
"ഈ മാസത്തെ ശമ്പളം കൂടി ഒന്ന് തീർത്ത് തരണം." മനാഫ് സ്വരം കടുപ്പിച്ച് പറഞ്ഞു.
"ശരി. ഏർപ്പാടാക്കാം. ഇന്ന് മുപ്പതാം തീയതി ആയ സ്ഥിതിക്ക് ശമ്പളം റിലീസ് ചെയ്യാൻ തടസ്സമില്ല. താൻ വെയിറ്റ് ചെയ്യ്." അൻവർ ഇത് പറഞ്ഞപ്പോൾ മനാഫ് 'അങ്ങനെ വഴിക്ക് വാ' എന്ന അർത്ഥത്തിൽ തലയാട്ടി ചിരിച്ചു. അയാൾ വെയിറ്റേഴ്‌സ് റൂമിൽ പോയിരുന്നു.
"ബാബുരാജേട്ടാ...." അൻവർ റിസപ്‌ഷനിലേക്ക് നോക്കി വിളിച്ചു. ആ ഓഫീസ് സമുച്ചയത്തിന്റെ ഫ്രണ്ട് ഓഫീസ് മാനേജരായ ബാബുരാജ് ഉടനെ അയാൾക്കടുത്തേക്ക് വന്നു.
"എന്താ സാറേ?" ബാബുരാജ് ചോദിച്ചു.
"നിങ്ങളൊന്ന് മേലെ ചെന്ന് മനാഫിന്റെ ശമ്പളത്തുക വാങ്ങിക്കൊണ്ട് വരണം. അയാൾ വെയിറ്റ് ചെയ്യുന്നുണ്ട്. പണം കൊടുത്ത് അയാളിൽ നിന്നും വൗച്ചർ ഒപ്പിട്ട് വാങ്ങി തിരികെ ഓഫീസിലേക്ക് എത്തിക്കുകയും ചെയ്യണം.നിത്യയെ കണ്ടാൽ മതി. ഞാൻ വിളിച്ചു പറയാം."-അയാൾ പുറത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.
"സാറ് പോവുകയാണോ?"-ബാബുരാജ് ചോദിച്ചു.
"ഒന്ന് സെയിൽ ടാക്സിൽ പോകണം.ഓഫീസറെ കാണണം.എം.ഡി അവിടെ കാത്തു നിൽക്കുന്നുണ്ട്."-ഇതും പറഞ്ഞ് അൻവർ ഓഫീസിന്റെ പടികൾ ഓടിയിറങ്ങി.
കമ്പനിയുടെ ഇന്നോവയിൽ കയറി അൻവർ പോകുന്നത് മനാഫ് വെയിറ്റേഴ്‌സ് റൂമിന്റെ ജാലകത്തിലൂടെ കണ്ടു.
"അവന്റെയൊക്കെ ഒരു യോഗം." ഒരു ദീർഘനിശ്വാസത്തോടെ അയാൾ പിറുപിറുത്തു.
ശമ്പളം വാങ്ങിയതിനുശേഷം അതിന്റെ തൊണ്ണൂറ് ശതമാനവും മനാഫ്, കയർ ബോർഡിന്റെ ഓഫീസിന് പിന്നിലുള്ള ദേശസാത്‌കൃത ബാങ്കുകളിലൊന്നിൽ ചെന്ന് ഭാര്യ ഹസീനയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു.ബാക്കി തുക വഴിച്ചിലവിനും മറ്റുമായി പേഴ്സിൽ സൂക്ഷിച്ചു. അൻവറിൽ നിന്നും കൈപ്പറ്റിയ പതിനായിരം രൂപ പേഴ്സിലെ പ്രത്യേക അറയിൽ വെച്ചിരുന്നു അയാൾ.
പേഴ്‌സ് ബെൽറ്റിലെ പോക്കറ്റിൽ ഭദ്രമായി വെച്ചതിന് ശേഷം പണം അക്കൗണ്ടിലിട്ട വിവരം അയാൾ ഹസീനയെ വിളിച്ചറിയിച്ചു. തുടർന്ന് 'സിംഫണി'യിലേക്ക് മടങ്ങിച്ചെന്നു. മുകളിലെ നിലയിലെ കൗണ്ടറിന് പിന്നിലുള്ള ചെറിയ വിശ്രമമുറിയിൽ അയാൾ സുഖമായി കിടന്നുറങ്ങി. ആറ് മണിയോടെയാണ് പിന്നെ ഉണർന്നത്. വേഗം ഒന്ന് ഫ്രഷായി, കിച്ചണിൽ ചെന്ന് കുക്കിനോട് പറഞ്ഞ് രാത്രി കഴിക്കാൻ പൊറോട്ടയും ബീഫ് റോസ്റ്റും പാർസൽ ചെയ്തെടുത്ത് ബാഗും തൂക്കി അയാൾ ആ കടയിൽ നിന്നും ഇറങ്ങി. അവിടെയുള്ള ഒരാളോടും അയാൾ യാത്ര ചോദിച്ചില്ല. തർക്കുത്തരം ഭയന്ന് ആരും അയാളോട് ഒന്നും പറഞ്ഞുമില്ല.
ജനതാ റോഡിൽ നിന്നും വലതു വശത്തേക്ക് നീളുന്ന റെയിൽവേ ലിങ്ക് റോഡിലൂടെ മനാഫ് വേഗത്തിൽ നടന്നു. കഷ്ടിച്ച് ഒരു കാറിനു പോകാനുള്ള വീതിയേ ആ വഴിക്കുണ്ടായിരുന്നുള്ളൂ. ഇരുവശവും ഇടതൂർന്ന മരങ്ങളുള്ള കാടായിരുന്നു. സ്ഥാപനങ്ങളോ വീടുകളോ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. ഉൾവഴിയായതിനാൽ അധികമാർക്കും ആ ലിങ്ക് റോഡിനെക്കുറിച്ച് അറിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ അതിലേയുള്ള ആൾസഞ്ചാരം കുറവായിരുന്നു. ആ സന്ധ്യയിലും അവിടം വിജനമായിരുന്നു. കാട്ടിൽ നിന്നും ഉയർന്ന് കേൾക്കുന്ന സന്ധ്യയുടെ അപശകുനം പിടിച്ച വിലാപഗാനം അയാൾക്ക് അരോചകമായിത്തോന്നി.പൊടുന്നനെ ഒരു വാഹനത്തിന്റെ ഇരമ്പം അയാൾ പിന്നിൽ നിന്നും കേട്ടു. അയാൾ വെട്ടിത്തിരിഞ്ഞു നോക്കി. അതൊരു ചുവന്ന ഹോണ്ടാസിറ്റി കാറായിരുന്നു. ഭ്രാന്തമായ വേഗത്തോടെ അതയാൾക്ക് നേരെ ചീറിയടുത്തു...!
(തുടരും)