കുട്ടിക്കാലത്തെ പേടിപ്പെടുത്തുന്ന കഥകളുമായി മുത്തശ്ശി, എത്ര കേട്ടാലും മതിയാകാതെ തിത്തിമിക്കുട്ടിയും
Mail This Article
'ഞങ്ങടച്ഛൻ മരിച്ചത് എങ്ങനെയാണെന്ന് വിചാരിക്കുമ്പഴാ കഷ്ടം.' എന്തൊക്കെയോ പറയുന്ന കൂട്ടത്തിൽ ഒരിക്കൽ തിത്തിമിയോട് മുത്തശ്ശി പറഞ്ഞു. 'അയൽപക്കത്തെ വീട്ടിൽ ഒരു ഭയങ്കര വഴക്ക് നടക്കുകയായിരുന്നു. ഞങ്ങടച്ഛൻ മധ്യസ്ഥത പറയാൻ പോയതാ. എന്നിട്ട്..' ഇത്രയും പറഞ്ഞിട്ട് മുത്തശ്ശി കുറേ നേരം മിണ്ടിയില്ല.
തിത്തിമി ചോദിച്ചു, 'എന്നിട്ടെന്തുണ്ടായീന്ന് പറയൂ മുത്തശ്ശീ'. മുത്തശ്ശി പറഞ്ഞു, 'വഴക്ക് ഒത്തുതീർപ്പാക്കാൻ ചെന്ന അച്ഛനെ കൂട്ടത്തിലൊരാള് കത്തിയെടുത്ത് കുത്തി, പിടിച്ചുതള്ളി. പിന്നെ അച്ഛന് വയ്യാതായി. അധികകാലം കഴിയും മുൻപേ മരിച്ചു. അന്ന് എനിക്ക് മൂന്നോ നാലോ വയസ്സ്.'
തിത്തിമിക്ക് മുത്തശ്ശിയോട് പാവം തോന്നി. 'അച്ഛൻ എല്ലാവരുടെയും കാര്യത്തിൽ ഇടപെടാൻ മടിക്കാത്തയാളായിരുന്നു. അതാ അബദ്ധമായത്. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ടാൽ ഇതാ കുഴപ്പം.' മുത്തശ്ശി പറഞ്ഞതു ശരിയാണെന്ന് തിത്തിമിക്ക് തോന്നി. കുട്ടിക്കാലത്തേ അച്ഛൻ മരിച്ചു. കുട്ടിയായിരിക്കെത്തന്നെ കിണറ്റിൽ വീണു. പിന്നെ പട്ടി കടിച്ചു അതിന് പൊക്കിളിന് ചുറ്റും 21 കുത്തിവയ്പെടുത്തു. ഇതെല്ലാം അനുഭവിച്ച മുത്തശ്ശിക്ക് പിന്നീടുള്ള കാലം ദൈവം നൽകിയത് രണ്ടാം ജന്മമാണ്. അപ്പോൾ ദീർഘായുസ്സും ആരോഗ്യവും കിട്ടിയതിൽ അത്ഭുതമില്ല.' തിത്തിമി ഓർത്തു.
മുത്തശ്ശിയുടെ കുട്ടിക്കാലത്ത് ഒരിക്കൽ അച്ഛൻ പറഞ്ഞു. 'മുക്കാട്ടേരീന്ന് പാലു വാങ്ങിക്കൊണ്ടുവരാൻ. അഞ്ചോ ആറോ വീടിനപ്പുറമാണ് ആ വീട്. പാലുമായി വരുമ്പോൾ ഒരു പട്ടി എന്നെത്തന്നെ നോക്കിനിൽക്കും. എനിക്ക് പേടിയാ.' മുത്തശ്ശി കുട്ടിയായിരിക്കെ അച്ഛനോട് പറഞ്ഞു. 'അത് എന്റെ പിന്നാലെ വരുമ്പം ഞാൻ തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി നടക്കും. അപ്പോ പട്ടി എന്നെത്തന്നെ നോക്കി പിന്നാലെ വരും.' മുത്തശ്ശി പറയുന്നതുകേട്ട് അമ്മൂമ്മയുടെ അച്ഛൻ പറഞ്ഞു. 'അതേയ്, പട്ടിയെക്കണ്ടാൽ നമ്മൾ പേടിക്കരുത്. പേടിച്ച് അതിനെ നോക്കിയാൽ നമ്മൾ പേടിച്ചുതൂറിയാണെന്ന് അതിനുവേഗം മനസ്സിലാവും. പേടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഒരു എൻസൈം അതിന്റെ ശരീരത്തിലേക്കും സന്ദേശങ്ങൾ എത്തിക്കുമെന്നാ പറയുന്നെ. അതുകൊണ്ട് നമ്മൾ അതിനെ കണ്ടില്ലെന്ന മട്ടിൽ സാധാരണ പോലെ നടക്കണം.' മുത്തശ്ശിയുടെ അച്ഛൻ അങ്ങനെയാണത്രേ മുത്തശ്ശിയോട് പറഞ്ഞത്.
മുത്തശ്ശി കുട്ടിക്കാലത്ത് വലിയ ചോദ്യം ചോദിക്കലുകാരി ആയിരുന്നതിനാൽ ആ മറുപടി കൊണ്ടൊന്നും തൃപ്തിയായില്ല. മുത്തശ്ശി ചോദിച്ചു. 'അല്ല ഞാനീ പാൽക്കുപ്പിയും പിടിച്ചോണ്ട് വരുമ്പം ഞാൻ പേടിക്കാതെ നടന്നിട്ടും പട്ടി എന്നെ കടിക്കാൻ വന്നാലോ.' 'വന്നാൽ ഈ കുപ്പിയെടുത്ത് അതിന്റെ തലയ്ക്കൊരടി വച്ചു കൊടുക്കണം. അല്ലാതെ ഞാൻ ഓടിളക്കി എവിടുന്നെങ്കിലും നിന്നെ രക്ഷിക്കാൻ വരാൻ പറ്റുമോ. ഞാൻ വല്ല ജോലിസ്ഥലത്തുമായിരിക്കില്ലേ’. തന്റെ അച്ഛന്റെ ഉപദേശം കേട്ട് മുത്തശ്ശി ചോദിച്ചു, 'അപ്പോൾ കുപ്പി പൊട്ടി പാലു മുഴുവൻ പോയാൽ ഈ പറയുന്ന അച്ഛൻ തന്നെ വീട്ടിൽ വന്നാൽ എന്നെ തല്ലില്ലേ.' കുട്ടിയായിരുന്ന മുത്തശ്ശി അച്ഛനെ ഉത്തരം മുട്ടിക്കാൻ നോക്കിയെങ്കിലും അച്ഛൻ പറഞ്ഞു. 'അതേയ് കുരുത്തം കെട്ടവളേ, പട്ടി കടിക്കാൻ വരുമ്പം ഒരു കുപ്പിപ്പാലാണോ വലുത് പട്ടി കടിക്കാതിരിക്കുന്നതാണോ.' ഇത്രയും കേട്ടിട്ടേ മുത്തശ്ശിക്ക് സമാധാനമായുള്ളൂ.
'ഇങ്ങനെയൊക്കെയാണെങ്കിലും മുത്തശ്ശിയെ കടിച്ചത് ആ പട്ടിയാണോ?' തിത്തിമി ചോദിച്ചു. 'അല്ലല്ല അത് അന്ന് ഞങ്ങടെ വീട്ടിൽ വളർത്തിയ ഒരു പട്ടി തന്നെയാ. റോസി എന്നായിരുന്നു അതിന്റെ പേര്. അന്നത്തെക്കാലത്ത് അത് കടിച്ചതിന് പൊക്കിളിനു ചുറ്റും 21 ദിവസം കുത്തിവയ്പെടുത്തു. അതിങ്ങനെ ചെയ്യുമെന്ന് ആരും വിചാരിച്ചതല്ല.' തിത്തിമിയാരാ മോള്‍.! ഇതെല്ലാം കേട്ടുനിന്നിട്ട് അവസാനം മുത്തശ്ശിയോട് പറഞ്ഞു. 'ഇന്ദിരാഗാന്ധിയെ വെടിവച്ചത് അവരുടെ അംഗരക്ഷകര്‍ തന്നാ.' ഇന്ദിരാഗാന്ധി മരിച്ചപ്പോ അവരുടെ കൂട്ടത്തിലുള്ളവര് തന്നായിരിക്കും ഉത്തരവാദികളെന്ന് ഞാൻ അന്നേരേ പറഞ്ഞത് ശരിയായില്ലേ എന്ന് മുത്തശ്ശി പണ്ട് പറഞ്ഞതിനെ കളിയാക്കിയതാണ് തിത്തിമി. 'മുത്തശ്ശിയെ കടിച്ചത് മുത്തശ്ശിയുടെ അംഗരക്ഷക തന്നാ', തിത്തിമി പറഞ്ഞു.
(തുടരും)