മുത്തശ്ശി പകർന്നു നൽകുന്ന കുഞ്ഞറിവുകള് നിറഞ്ഞ തിത്തിമിയുടെ ബാല്യം
Mail This Article
അധ്യായം: മൂന്ന്
മുത്തശ്ശി ഇടയ്ക്ക് ശുണ്ഠി കേറുമ്പം തിത്തിമിയെ ഇയ്യാള് എന്നു വിളിക്കും. അത് ഇയാള്‍ എന്നല്ല, യ്യ ചേർത്താണ്. 'എല്ലാവരും ഇയ്യാക്ക് ഇവിടെ പേരിടുന്ന കാര്യം ആലോചിക്കുമ്പം ഞാൻ ഒരു പേര് കണ്ടുവച്ചാരുന്ന്'. 'എന്താരുന്നു ആ പേര് കേക്കട്ടെ, കേക്കട്ടെ', തിത്തിമി ആവേശത്തോടെ ചോദിച്ചു. മുത്തശ്ശി കാലു നീട്ടിയിരുന്ന് രണ്ടു കയ്യും കൂട്ടിയടിച്ചു. മുത്തശ്ശി അങ്ങനെയാണ്, വല്ലാതെ രസം കയറുമ്പം രണ്ടു കൈയും കൂട്ടിയടിച്ച് ചിരിക്കും. ചിലപ്പോള‍്‍, ബലേ ഭേഷ് എന്നും പറഞ്ഞെന്നിരിക്കും.
'എന്നിട്ട് എനിക്കിടാൻ വച്ചിരുന്ന പേരു പറ', തിത്തിമി തിടുക്കം കൂട്ടി. മുത്തശ്ശി ചിരിച്ചുകൊണ്ടു പറഞ്ഞു, 'ചിത്ര'. ഹോ. ചിത്ര. പാട്ടുകാരി ചിത്രയുടെ പേര് തനിക്കെങ്ങനെ ചേരുമായിരിക്കും, തന്നെ എല്ലാവരും ചിത്ര എന്നു വിളിച്ചാൽ എങ്ങനെയിരിക്കും എന്നൊക്കെ തിത്തിമി മനസ്സിലോർത്തു.
അപ്പോൾ തിത്തിമീടമ്മ പറഞ്ഞു, 'നിന്റച്ഛൻ നിനക്കിടാൻ വച്ചിരുന്ന പേര് ബാലാമണീന്നാ' എന്ന്. 'അച്ഛന് എനിക്കിടാൻ വേറെ ഒരു പേരും കിട്ടീല്ലേ', തിത്തിമി ഇടപെട്ടു. അമ്മ പറഞ്ഞു, 'നല്ല പേരല്ലേ ബാലാമണി. എല്ലാവരും മോളെ ബാല എന്നു വിളിക്കുമല്ലോ അപ്പോൾ'. അപ്പോൾ തിത്തിമി ചോദിച്ച ചോദ്യം കേട്ട് അമ്മയ്ക്ക് ചിരി പൊട്ടി.
അവൾ ചോദിച്ചു, 'എല്ലാവരും ബാല എന്നു വിളിക്കണമെന്നില്ലല്ലോ. മണീ എന്നാണ് വിളിക്കുന്നതെങ്കിലോ'. മണി എന്നത് പഴയ പേരാണെന്നാണ് തിത്തിമിയുടെ ന്യായം. തിത്തിമി അത്രേം കടന്നുചിന്തിച്ചല്ലോ എന്നോർത്ത് അമ്മയ്ക്കും അത്ഭുതം തോന്നി. അതുകേട്ട് അച്ഛൻ തിത്തിമിയെ മണീ എന്നു വിളിക്കും, ശുണ്ഠി പിടിപ്പിക്കാൻ. അപ്പോൾ ഇഷ്ടക്കേടോടെ തിത്തിമിയുടെ ഒരു നോട്ടമുണ്ട്. നല്ല രസമാണ് അതു കാണാൻ. അതിനുവേണ്ടിയാണ് അച്ഛൻ തിത്തിമിയെ ശുണ്ഠി പിടിപ്പിക്കുന്നത്.
മണി മുത്തശ്ശിമാർക്കുള്ള പേരാണ് എന്നാണ് തിത്തിമിയുടെ പരിഭവം. ക്ലാസിൽ വല്ല ആൺപിള്ളേരും അവളെ മണീ എന്നു വിളിച്ചിരുന്നെങ്കിൽ എന്നു പറഞ്ഞ് അച്ഛൻ അവളെ കളിയാക്കി. അക്കാര്യം ഓർത്തപ്പോൾ തന്നെ തിത്തിമിക്ക് കലിയിളകി. അവളുടെ അമ്മയ്ക്ക് മണിയമ്മായി എന്നൊരു അമ്മായിയുണ്ട്. തീരെ ഫാഷനൊന്നുമില്ലാത്ത, മെലിഞ്ഞ ഒരു പാവം. അതാവാം തനിക്കും ഫാഷനൊന്നും ഇല്ലാതായിപ്പോവുമോ എന്നു കരുതി തിത്തിമിക്ക് ആ പേര് സ്റ്റൈലിന് പിടിക്കാത്തത്.
തിത്തിമിക്ക് അമ്മ ഭക്ഷണം കൊടുക്കുമ്പോൾ കഴിക്കാൻ മടി കാണിച്ചാൽ അടുത്തിരുന്ന് മുത്തശ്ശി പറയും. 'അങ്ങോട്ട് കഴിയെടീ മോളേ, ഊണെളുപ്പം കുളി പതുക്കെ എന്നാ'. 'അതെന്താ മുത്തശ്ശീ ഈ ഊണെളുപ്പം കുളി പതുക്കെ എന്നുവച്ചാല്' തിത്തിമിക്ക് ഉടനെ അിറയണം. തിത്തിമിയുടെ മുത്തശ്ശി ഇങ്ങനെ പല പഴമൊഴികളും കൂടെക്കൂടെ പ്രയോഗിക്കും. 'അതോ പണ്ടുള്ളോര് പറയുന്നതാ ഭക്ഷണം വേഗം വേഗം കഴിക്കണം, കുളിക്കാൻ എണ്ണയൊക്കെ തേച്ച് കുറച്ചധികം സമയമെടുക്കാം. ദേഹത്ത് എണ്ണയൊക്കെ പിടിക്കണ്ടേ. തേച്ചയുടൻ കഴുകിക്കളഞ്ഞാല് എണ്ണയങ്ങ് പോവും.' അതാ അങ്ങനെ പറയുന്നത് എന്നായി മുത്തശ്ശി.
മുത്തശ്ശിക്ക് എല്ലാക്കാര്യത്തിലും വളരെ ചിട്ടയാണ്. ഡോക്ടർ മരുന്നു കഴിക്കാൻ ഏൽപിച്ചാൽ പറയുന്ന മരുന്നുകളല്ലാം ഒരു നേരം പോലും തെറ്റിക്കാതെ കൃത്യസമയത്ത് കഴിക്കും. വളരെ അപൂർവ്വമായി മാത്രമേ എന്തെങ്കിലും അസുഖത്തിന് മുത്തശ്ശിക്ക് ഡോക്ടറെ കാണേണ്ടി വരാറുള്ളൂ. ഇന്നാള് ഒരു ദിവസം തിത്തിമിക്ക് പനിയും ചുമയും വന്ന് അച്ഛൻ അവളെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിക്കൊടുത്തു. മൂന്നു ദിവസം കഴിഞ്ഞിട്ടും ചുമ കുറയുന്നില്ല. തിത്തിമീടം മരുന്നുകുപ്പി അച്ഛൻ നോക്കിയപ്പം മരുന്ന് അതുപോലെയുണ്ട്. ഇതറിഞ്ഞ് മുത്തശ്ശി പറഞ്ഞു. 'ഡോക്ടറെ കണ്ട് മരുന്ന് മേടിച്ചെന്ന് പറഞ്ഞ് അസുഖം മാറ്വോ. അത് പറയുന്ന സമയത്ത് കഴിക്കുകേം വേണം'. പിന്നൊരിക്കൽ തിത്തിമി ദാഹിക്കുന്നെന്നു പറഞ്ഞ് മധുരം ചേർത്ത നാരങ്ങാവെള്ളം കുടിച്ചപ്പം മുത്തശ്ശി പറഞ്ഞു, 'മോളേ, മധുരം ചേർത്ത വെള്ളം കുടിച്ചാൽ ദാഹം കൂടുകയേയുള്ളൂ. ദാഹം മാറണമെങ്കിൽ ചൂടുവെള്ളം കുടിക്കണം'.
അതുപോലെ ഒരു ദിവസം മുത്തശ്ശി തിത്തിമിയോടു പറഞ്ഞു. 'മോളേ, നമ്മള് പല സോപ്പുകൾ മാറി മാറി ഉപയോഗിക്കരുത്. സ്ഥിരമായി ഒരു സോപ്പ് വേണം തേയ്ക്കാൻ. അല്ലെങ്കിൽ പല തരത്തിലുള്ള അലർജി വന്നേക്കാം'. കുസൃതി കയറി തിത്തിമി ചോദിച്ചു, 'എന്നാരു പറഞ്ഞു. വല്ലോരും പറഞ്ഞോ'. ഉടനെ മുത്തശ്ശി, 'ഇത് പണ്ട് എന്നോട് എംബിബിഎസ് കുറുപ്പ് പറഞ്ഞതാ. എംബിബിഎസ് കുറുപ്പോ? ഇതാരാ ഈ എംബിബിഎസ് കുറുപ്പ്? തിത്തിമിക്ക് ഉടനെ അതറിയണം.
'അതോ, എന്നെ നിങ്ങടപ്പൂപ്പൻ സ്ഥിരമായി കാണിച്ചിരുന്ന ഡോക്ടറാ എംബിബിഎസ് കുറുപ്പ്. കൊറ്റൻകുളങ്ങരയിലായിരുന്നു വീട്. ഫൗണ്ടേഷൻ ആശുപത്രിയിലെ ഡോക്ടറായിരുന്നു അദ്ദേഹം. നിങ്ങടപ്പൂപ്പനെ അങ്ങേർക്ക് വലിയ കാര്യമായിരുന്നു'. തിത്തിമി വിചാരിച്ചു, എന്നാലും ഡോക്ടറുടെ പേരിന് പിന്നിൽ വയ്ക്കുന്ന എംബിബിഎസ് മുന്നിൽ വച്ച് പറയുന്നത് ആദ്യമായിട്ട് കേൾക്കുവാ. അതിനുശേഷം തിത്തിമി ഏതു ഡോക്ടർമാരെ കണ്ടാലും ഈ പേര് അറിയാതെ ഓർക്കുമായിരുന്നു. എംബിബിഎസ് കുറുപ്പ്. 'ഞാൻ പഠിച്ച് ഡോക്ടറായാല് എംബിബിഎസ് തിത്തിമി എന്നു വേണോ തിത്തിമി എംബിബിഎസ് എന്നു വേണോ പേര്.' തിത്തിമി ചോദിച്ചു. 'എങ്ങനെ വച്ചാലും വേണ്ടില്ല. മോള് പഠിച്ച് ഡോക്ടറാവുമ്പം മുത്തശ്ശിയേ ഓർത്താ മതി'. മുത്തശ്ശി പറഞ്ഞു.
(തുടരും)