ADVERTISEMENT

അധ്യായം: രണ്ട്

എന്നാലും മുത്തശ്ശി പാലുകാച്ചലിന്റന്ന് എല്ലാരേം പേടിപ്പിച്ചു കളഞ്ഞല്ലോ – ഒരുദിവസം തിത്തിമി ചോദിച്ചു. അപ്പോൾ ചെറിയ ചമ്മലോടെ  മുത്തശ്ശി  പറഞ്ഞു,  ഓ, ആറടിക്കാൻ അഞ്ചു മിനിറ്റുള്ള എനിക്കിനി എന്തുവാ മോളേ എന്ന്. തിത്തിമിക്ക്  മുത്തശ്ശി എന്താണ് ഉദ്ദേശിച്ചതെന്ന് പിടികിട്ടിയില്ല. ആറടിക്കാൻ അഞ്ചു മിനിറ്റോ – എന്നു വച്ചാലെന്തുവാ – തിത്തിമിയുടെ ചോദ്യം. മുത്തശ്ശി പറഞ്ഞു – ഓ എനിക്കിനി എത്ര നാളാ. ഞാനിനി എത്ര നാള് കാണാനാ എന്ന്. ഈ പെണ്ണിന്റെ ഒരു കാര്യം – മുത്തശ്ശി  പറഞ്ഞു.

ഇന്നാള് ഒരു ദിവസം എന്തോ ഒരു പലഹാരം തിത്തിമിയുടെ അച്ഛൻ  മുത്തശ്ശിക്ക് കൊണ്ടുക്കൊടുത്തു. അതിൽ നിന്ന് ശകലം ഒടിച്ച് വായിലിട്ടിട്ട്  മുത്തശ്ശി  അത് തിത്തിമീടച്ഛന് തിരികെക്കൊടുത്തു. – ഇന്നാ മോൻ കഴിച്ചോ. നിങ്ങള് പിള്ളേരാ. നിങ്ങൾക്ക് കഴിക്കാം. അതുപോലല്ലോ ഞാൻ. എനിക്ക് ചവ കൊള്ളത്തില്ല. പല്ല് ആവത്തില്ല എന്നൊക്കെപ്പറഞ്ഞു മുത്തശ്ശി. അപ്പോൾ തിത്തിമീടച്ഛൻ പറയ്വാ – ഞാൻ പിള്ളേരോ. എനിക്ക് ഷഷ്ടിപൂർത്തീടെ പകുതി കഴിഞ്ഞു. മുത്തശ്ശിയെപ്പോലെ ചില വാക്സാമർഥ്യമൊക്കെ തിത്തിമീടച്ഛനും കിട്ടിയിട്ടുണ്ട്. അതാണ് പറഞ്ഞത് ഷഷ്ടിപൂർത്തീടെ പകുതി കഴിഞ്ഞു എന്നൊക്കെ. എന്നു വച്ചാൽ മുപ്പത് വയസ്സ് കഴിഞ്ഞു എന്ന്. അച്ഛന് എത്ര വയസ്സാ– തിത്തിമി അച്ഛന്റെ ഷർട്ടിൽ പിടിച്ചുവലിച്ചു. മുത്തശ്ശീടെ വയസ്സ് തിരിച്ചിട്ടാൽ എത്രയാ അത്. 93 തിരിച്ചിട്ടാൽ 39. തിത്തിമീടച്ഛൻ പറയുന്നതു കേട്ട് അമ്മ മാറി നിന്ന് ചിരിച്ചു.

മുത്തശ്ശിയുടെ അടുത്തങ്ങനെ പറ്റിക്കൂടി നടക്കുമ്പോൾ മുത്തശ്ശിയിൽ നിന്ന് പഴയ കാലത്തെ പല കാര്യങ്ങളും തിത്തിമി സൂത്രത്തിൽ മനസ്സിലാക്കി വയ്ക്കും. അപ്പോഴൊന്നും  മുത്തശ്ശിയെ കളിയാക്കി തിത്തിമി ഒന്നും പറയില്ല. പിന്നീട് എന്തെങ്കിലും അവസരം വരുമ്പോൾ തിത്തിമി അതൊക്കെ ഓർത്തുവച്ച് പുറത്തെടുക്കും. ഇന്നാള് ഒരു ദിവസം തിത്തിമി വേനലവധിക്ക് രണ്ടാഴ്ച അമ്മയുടെ വീട്ടിൽപോയി നിൽക്കാൻ ബാഗൊക്കെ റെഡിയാക്കിച്ചെന്നു, മുത്തശ്ശിയോട് യാത്ര പറയാൻ. ഒരു മാസം തിത്തിമിയെ പിരിഞ്ഞിരിക്കുന്നതോർത്ത് മുത്തശ്ശിക്ക്  വിഷമം വന്നു. ഉടനെ തിത്തിമി – നമ്മുടെ ഗ്രേസി എന്തിയേ, ഗ്രേസി? ഗ്രേസിയെ കാണണോ? ഗ്രേസിയോട് എന്തോ ഒക്കെ ചോദിക്കും കണ്ടാൽ? ഉടനെ മുത്തശ്ശിക്ക് , ശ്ശെടാ ഇക്കൊച്ചിനോട് ഇതൊക്കെപ്പറഞ്ഞത് മെനക്കേടായല്ലോ എന്നോർത്ത് ചിരി വന്നു.  

മുത്തശ്ശിയുടെ കൂടെ നാലാം ക്ലാസ് വരെയോ അഞ്ചാം ക്ലാസ് വരെയോ പഠിച്ച കൂട്ടുകാരിയാണ് ഗ്രേസി. മുത്തശ്ശിയുടെ കൂടെ നടന്ന് പല കാര്യങ്ങളും പിടിച്ചെടുക്കുന്ന കൂട്ടത്തിൽ ഗ്രേസി എന്നൊരു കൂട്ടുകാരി ഉണ്ടായിരുന്നതും തിത്തിമി പിടിച്ചെടുത്ത് മനസ്സിൽ വച്ചു. അതിൽപ്പിന്നെ  മുത്തശ്ശി എന്തിനെങ്കിലും വിഷമിച്ചിച്ചിരിക്കുമ്പോൾ സന്തോഷിപ്പിക്കാനായി തിത്തിമി അടുത്തുകൂടിയിട്ട് നമുക്ക് കൂട്ടുകാരിയെ കാണണ്ടായോ , ഗ്രേസിയല്യോ അമ്മൂമ്മേടെ ബെസ്റ്റി എന്നൊക്കപ്പറഞ്ഞ് കളിയാക്കും.– ഈ പെണ്ണിനോട് ഒന്നും പറയാനൊക്കത്തില്ല. സൂക്ഷിച്ചു വേണം ഓരോന്നു പറയാനെന്നു തനിയെ പിറുപിറുക്കും.  മുത്തശ്ശി വെട്ടിലാവുന്നതു കണ്ട് തിത്തിമിയുടെ അമ്മ തമാശയായി പറയും,  മുത്തശ്ശി ഇതൊക്കെപ്പറയുന്നതുകൊണ്ടല്യോ അവൾ ഇതൊക്കെ എടുത്തിടുന്നതെന്ന്.– അതെങ്ങനെയാ, അടുത്തുവന്നിരുന്ന് ഓരോന്ന് കുത്തിക്കുത്തി ചോദിക്കുമ്പം മനുഷേൻ പറയാതിരിക്കുന്നതെങ്ങനാ– മുത്തശ്ശി പറഞ്ഞു.

എന്നാൽ ഗ്രേസി എന്നൊരു കൂട്ടുകാരി കൂടെപ്പഠിച്ചിരുന്നു, ഞങ്ങൾ വലിയ കൂട്ടുകാരായിരുന്നു എന്നതല്ലാതെ ഗ്രേസി ഇപ്പോൾ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും മുത്തശ്ശിക്ക് അറിയില്ല. ഗ്രേസിയെക്കുറിച്ച് മുത്തശ്ശിക്ക്  വളരെക്കുറച്ച് വിവരങ്ങളേ അറിയൂ. കോവിൽത്തോട്ടത്തു നിന്നു പഠിക്കാൻ വന്നിരുന്ന ഗ്രേസി– അത്ര മാത്രം. അതോർക്കുമ്പോൾ തിത്തിമിക്ക് വിഷമം വരും. അന്ന് ഇന്നത്തെപ്പോലെ മൊബൈൽ ഫോൺ പോയിട്ട് ഫോൺ പോലുമില്ലല്ലോ , നമ്പർ മേടിച്ചുവയ്ക്കാൻ എന്നു പറയും മുത്തശ്ശി. അക്കാലത്തെ മനുഷ്യരോട് തിത്തിമിക്ക് പാവം തോന്നി.

(തുടരും)

English Summary:

Enovel by Sreejith Peruthachan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com