രക്ഷാകവാടം തുറക്കുന്നു; കൗരവരുടെ ചതിയിൽ നിന്ന് രക്ഷപ്പെട്ട് പാണ്ഡവർ
Mail This Article
അധ്യായം: പതിനൊന്ന്
രക്ഷാകവാടം തുറക്കുന്നു
പുറത്ത് ലോഹസങ്കരം പൊതിഞ്ഞ ജനലുകളുടെ നേരിയ വിടവിലൂടെ ഒരു ചെറിയ ജലാംശം ഒഴുകിയെത്തിയത് അർജുനനൻ തൊട്ടുനോക്കി. ആ നനവിനു മൃഗക്കൊഴുപ്പിന്റെയും നെയ്യുടെയും ഗന്ധം. രാത്രിയുടെ ഏതെങ്കിലും യാമത്തില്‍ ദൂരെ നിന്നൊരു ശരം പതിക്കും. പിന്നെ എല്ലാം വെന്തു വെണ്ണീറാകും. സമീപത്തെ വൃക്ഷശിഖരങ്ങളെല്ലാം ശൂന്യമായതും നീരുറവകളെല്ലാം വരണ്ടതും രക്ഷപ്പെടലിന്റെ എല്ലാ ശ്രമങ്ങളും ഒഴിവാക്കാനാണെന്നു മനസിലാക്കിയിരുന്നു.
അകലെ രാജധാനിയിൽ കൗരവ സഹോദരന്മാരും ഭീഷ്മപിതാമഹനും മഹാരാജ ധൃതരാഷ്ട്രരും എന്തു ചെയ്യുകയായിരിക്കുമെന്ന് അർജുനൻ ഓർത്തു. ഉള്ളിലെരിയുന്ന അഗ്നിയുടെ ചൂടിൽ അർജുനന്റെ ചെന്നിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി.
ദുര്യോധനൻ തന്റെ ഏറ്റവും അടുത്ത വിശ്വസ്തരാൽ ചുറ്റപ്പെട്ട, ആഡംബരത്തോടെ അലങ്കരിച്ച കൂടാരത്തിനുള്ളിൽ ഇരുന്നു. ശകുനി അവിടെ ഉണ്ടായിരുന്നു, അയാളുടെ കണ്ണുകൾ ക്ഷുദ്രമായ ആനന്ദത്താൽ തിളങ്ങി.
മുന്നിലിരിക്കുന്ന സൈന്യവിന്യാസങ്ങളുടെ മാതൃകകളിലേക്കു ദുര്യോധനന്‍ നോക്കി. പാണ്ഡുവും മക്കളും ഉയർത്തിയ സിംഹാസനത്തിന്റെ ഭീഷണി, ഇന്നു രാത്രിയോടെ ഒഴിയും. പുതിയൊരു രാജസൂയത്തിനു കാലമായിരിക്കുന്നു. യുദ്ധത്തിനൊരുമ്പെടുന്ന രാജ്യങ്ങളിലേക്കുതന്നെ ആദ്യം പോകണം. തന്റെ കൈയ്യിൽ പരന്നൊഴുകുന്ന രക്തവും കാൽക്കീഴിലമരുന്ന കിരീടവും ഭാവനയിൽ കണ്ടു ദുര്യോധനൻ ആർത്തട്ടഹസിച്ചു. മന്ദരപര്‍വതത്തിലെ മേൽത്തരം സുരയുടെ ലഹരിയൊന്നു വേറെതന്നെയാണ്.
പുരോചനൻ വാതിൽക്കൽ കാതോര്‍ത്തു. ഇല്ല, ശബ്ദമൊന്നുമില്ല. മുൻവാതിലിന്റെ വലിയ വളയത്തിൽ കൈകോർത്ത്, അയാൾ വാതിൽ തുറന്നു അകത്തേക്കു നോക്കി. പെട്ടെന്നു കുടുമയിൽ ഒരു ബലിഷ്ഠമായ കൈപിടികൂടിയതും അകത്തേക്കു ശക്തമായി വലിക്കപ്പെടുന്നതും പുരോചനൻ അറിഞ്ഞു. വാതിലിൽ അള്ളിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും വിരലുകൾ ഒടിഞ്ഞു അകത്തേക്കു വളഞ്ഞു. അതിയായ വേദനയിൽ പുരോചനൻ അലറിക്കരയാൻ ശ്രമിച്ചെങ്കിലും അതിനും മുൻപ് മിന്നൽ വേഗത്തിൽ തറയിൽ പതിച്ച് നട്ടെല്ലും ശിരസ്സു തകർന്നുടഞ്ഞു.
ശബ്ദം കേട്ടു അർദ്ധമയക്കത്തിലായിരുന്ന അർജുനനും മറ്റു സഹോദരന്മാരും ഓടിയെത്തി. ഭീമസേനൻ ഇരുമുഷ്ടികളും ചുരുട്ടി ആകാശത്തേക്കു ഉയർത്തിയ നിലയിൽ, പുരോചനന്റെ കബന്ധം നോക്കി നിൽക്കുന്നതാണ് അവർ കണ്ടത്. ജാലകത്തിലൂടെ അർജുനൻ പുറത്തേക്കു നോക്കി. നോക്കത്താദൂരത്ത് ആരുമുണ്ടായിരുന്നില്ലെങ്കിലും അകലെ നിന്നും കുരങ്ങന്മാരുടെ ഭയന്ന ശബ്ദം അവർ തിരിച്ചറിഞ്ഞു. ആരോ വനത്തിൽ കാത്തിരിക്കുന്നുണ്ട്.
നടുത്തളത്തിലെ ചിത്രകമ്പളം ഉയർത്തിയശേഷം നക്ഷത്രരൂപത്തിനു മധ്യത്തിൽ ഭീമൻ ആഞ്ഞുചവിട്ടി. ചെറിയൊരു വിള്ളൽ രൂപപ്പെട്ടു. രണ്ടാമത്തെ താഢനത്തിൽ വൃത്താകൃതിയിൽ അവിടം പൊട്ടിമാറി. ഒരാൾ താഴ്ചയുള്ള ഒരു ഗർത്തം. അതിന്റെ വശങ്ങള്‍ ഒരു ചോർപ്പാകൃതിയിലാണ് രൂപീകരിച്ചിരിക്കുന്നത്. ഭീമസേനൻ സഹോദരരുടെ നേരേ തിരിഞ്ഞു ആംഗ്യം കാട്ടി.
ദീപത്തിലെ തീനാമ്പുകളാൽ ജാലകവിരികളും കസേരകളിലെയും കിടപ്പറയിലെയും കമ്പളങ്ങൾ ജ്വലിപ്പിച്ചു. മുറികൾക്കുള്ളിൽ അതിദ്രുതം അഗ്നി പടരുകയാണ്. നടുത്തളത്തിലേക്കും ചൂടും പുകയും എത്താൻ തുടങ്ങി. വടക്കുപുറത്തെ അതിഥി അറയില്‍നിന്നു ചില ഞരക്കങ്ങൾ ആ ഗർത്തത്തിലേക്കു ചാടിയിറങ്ങുമ്പോൾ ഭീമന്റെ കർണത്തിൽ പതിച്ചു. അവിടേക്കു നോക്കാനാഞ്ഞ സഹദേവനെ കുന്തി കൈയ്യുയർത്തി തടഞ്ഞു.
ഇരുട്ടുനിറഞ്ഞ ആ തുരങ്കത്തിലൂടെ അവർ ധൃതിയിൽ നടന്നു. കാരണം പുകയും ചൂടും അപ്പോഴേക്കും അവര്‍ക്ക് അനുഭവപ്പെട്ടു തുടങ്ങി. അൽപദൂരം നടന്നപ്പോൾ മണ്ണിന്റെ തണുപ്പ് വർദ്ധിച്ചുവന്നു. ഭിത്തിയിൽ ചില വസ്തുക്കൾ അവ്യക്തമായി തിളങ്ങുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ അതു കൈയ്യിലെടുത്തപ്പോഴേക്കും ആ വസ്തു പ്രകാശിതമായി. തുരങ്കത്തിനകം അവ്യക്തമായി കാണാമായിരുന്നു. കുറച്ചു നടന്നശേഷം അവർ ഒരു മുറിയുടെ വലുപ്പമുള്ള അറയിലെത്തി. ആ അറയിൽനിന്നു 5 വഴികൾ ഉണ്ടായിരുന്നു. അതിൽ ഏതാണ് അവർക്ക് കടന്നുേപകേണ്ടതെന്നറിയാതെ അവർ പരസ്പരം നോക്കി.
നകുലന്റെ ശിക്ഷണമുള്ള കണ്ണുകൾ ആ അറയിലെ തുരങ്കകളുടെ മുകൾ ഭാഗത്തു ചില ജീവികളെ കൊത്തിവച്ചിരിക്കുന്നത് ശ്രദ്ധിച്ചു. ഒരു ആന, പൂച്ച, പ്രാവ്, കുറുക്കൻ, കുതിര എന്നിവയായിരുന്നു അത്. നകുലന്‍ ആ രൂപങ്ങൾ ഏവരെയും കാണിച്ചു കൊടുത്തു. പെട്ടെന്ന് ഭീമൻ അതില്‍ ചെറിയ രേഖാചിത്രം ശ്രദ്ധിച്ചു. ഒരു കുഴിയുടെ മുകളിൽ കിടക്കുന്ന ആനയുടെ ചിത്രം. ഇതാണ് മാർഗം. ഭീമൻ മുന്നോട്ടു നീങ്ങി. ഒരു നിമിഷം അമ്പരന്നു നിന്നശേഷം അവർ ഭീമസേനനെ പിന്തുടർന്നു.
വളവുകളും തിരിവുകളും പിന്നിട്ട് അവർ നീങ്ങി. നാഴികകൾ നീളുന്ന തുരങ്കത്തിലും ശ്വസനപ്രശ്നങ്ങളൊന്നും ഇല്ലല്ലോയെന്നു അവർ അദ്ഭുതപ്പെട്ടു. അവസാനം അവർ അകലെ ആ തുരങ്കകവാടം കണ്ടു. കവാടം അകത്തുനിന്നു പൂട്ടിയ രീതിയില്‍ കിടക്കുന്നത് അവർ അമ്പരപ്പോടെ നോക്കി. അതിന്മേൽ ഇരുന്ന തിളങ്ങുന്ന ശരീരമുള്ള വലിയ രൂപമായിരുന്നു അവരെ കൂടുതൽ ഭയപ്പെടുത്തിയത്. ആ രൂപം ചലിച്ചു. അവരുടെ നേരേ ഉയർന്നപ്പോൾ രണ്ടായി പിളർന്ന നാക്കും. ആ സർപ്പം അവരുടെ നേരേ തിരിഞ്ഞു വാപിളർന്നു. ഒന്നു ചീറ്റിയശേഷം പിൻവാങ്ങി. കുത്തനെ വെട്ടിയുണ്ടാക്കിയ പടവുകളിലൂടെ മുളങ്കാട്ടിലേക്കു അവർ ഇറങ്ങി. മുളന്തണ്ടുകൾ വകഞ്ഞുമാറ്റിയ അവരെ കാത്ത് ചന്ദ്രപ്രഭനും സംഘവും അവിടെ നിന്നിരുന്നു.
ആ സംഘത്തോടൊപ്പം വാരണവാതത്തിൽ നിന്ന് സുരക്ഷിതായി മാറിയ പാണ്ഡവർ പ്രതീക്ഷയുടെ ചക്രവാളത്തിലേക്ക് നോക്കി അവരുടെ യാത്ര ആരംഭിച്ചു. അവരുടെ ഐക്യത്തിന്റെ ശക്തിയും വിദുരരുടെ മാർഗനിർദേശവും കൊണ്ട് ആസന്നമായ, ഭാവിയെ നേരിടാൻ അവർ തയ്യാറായിരുന്നു.
(അവസാനിച്ചു)