അരിയിൽ വിഷം ചേർത്ത് കൊല്ലാൻ പദ്ധതിയിട്ടു; പ്രാവുകൾക്ക് നൽകി ‘പരീക്ഷണം’, അർജുനനും ഭീമനും ചേർന്ന് എല്ലാം തകർത്തു
Mail This Article
അധ്യായം: ഒൻപത്
ഇവിടെയും കഴുകന്മാരുണ്ടല്ലോ? ഭീമന്റെ ശബ്ദം അവനെ ചിന്തയിൽനിന്നുണർത്തി. എന്തായാലും സഹായം ചോദിച്ചയാളെ കാരണം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല.
'ദാ ആ മൈതാനത്തിനപ്പുറത്തേക്കാണ് ഇവനെ കൊണ്ടുപോകേണ്ടത്. അൽപ്പം അകലെ അവന്റെ കൂട്ടാനകള്‍ മേയുന്നതു കണ്ടു.' ഗംഗയോടു അഭിമുഖമായി നിൽക്കുന്ന ഒരു ഗജം ദയനീയമായി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. മൈതാനത്തിന്റെ നടുക്കുള്ള ഗർത്തത്തിലേക്ക് ആ ശരീരം ഇട്ടശേഷം ഭീമസേനൻ കൈ കൂട്ടിത്തിരുമ്മി. നെറ്റിയിലൂടെ ഒഴുകിയ വിയർപ്പുചാല്‍ തുടച്ചശേഷം വീണ്ടും കുളി പൂർത്തിയാക്കാൻ ഗംഗയിലേക്കു നടന്നു. ആ പ്രൗഢമായ നടത്തം നോക്കിനിന്നശേഷം ചന്ദ്രപ്രഭൻ തിരികെ നടന്നു. വിദുരർ കൽപ്പിക്കുന്നതേ ചെയ്യാനാകൂ. കുന്തീപുത്രനെ താനായിട്ടു അറിയിക്കേണ്ട കാര്യമില്ല.
മുൾച്ചെടികളിൽ കാലുപെടാതിരിക്കാൻ പരിശ്രമിച്ചു മുന്നോട്ടുനീങ്ങവേ ചന്ദ്രപ്രഭൻ കാൽ നീട്ടിവച്ച ഇടം പെട്ടെന്ന് ശൂന്യമായി. ആര്‍ത്തനാദം മുഴങ്ങും മുന്‍പ് ഒരു കുഴിയിലേക്കു പതിച്ചു. ആ കുഴിയിൽ ലംബമായി നാട്ടിയിരുന്ന കൂർത്തമുനയുള്ള കമ്പുകളിലൂടെ രക്തം ചാലിട്ടൊഴുകി. ഏതാനും നിമിഷത്തെ പ്രജ്ഞ നഷ്ടത്തിനുശേഷം കണ്ണുതുറന്ന ചന്ദ്രപ്രഭനു അൽപസമയം വേണ്ടിവന്നു തനിക്കു സംഭവിച്ച ദുരന്തം മനസിലാകാൻ. ഒരു കൈ സ്വതന്ത്രമായിരുന്നതിനാൽ അയാൾ താൻ കിടക്കുന്ന കൂർത്ത മെത്ത പരതി നോക്കി. ഇല്ല വിചാരിച്ചത്ര അപകടമില്ല. ചെറിയ ലോഹത്തരികൾ ചേർത്തു നിർമിച്ച വലപോലുള്ള ഒന്ന്, എന്നാല്‍ ശക്തമായ ശരീരകവചം സംരക്ഷണം ഒരുക്കിയിരിക്കുന്നു.
പക്ഷേ ഇടതുകൈകളിൽ രണ്ടു സ്ഥലത്ത് കൂർത്ത കമ്പുകൾ തുളച്ചു കയറിയിരിക്കുന്നു. പതുക്കെ കൈകൾ ഊരിയെടുക്കാൻ ശ്രമിക്കവേ തനിക്കു ധാരാളം രക്തം നഷ്ടമാകുമെന്നു മനസിലായി. ആ ശ്രമം ജീവൻ നഷ്ടപ്പെടാനും ഇടയായേക്കാമെന്ന് മനസിലായതോടെ അടുത്ത മാര്‍ഗം ആലോചിച്ചു. മുകളിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടു. തലയുയർത്തി മുകളിലേക്കു നോക്കിയെങ്കിലും ശത്രുവോ മിത്രമോ അതെന്നു തിരിച്ചറിയാനായില്ല. കരുത്തുള്ള കരങ്ങൾ ആ കെണിയിൽനിന്നും ചന്ദ്രപ്രഭനെ മുകളിലേക്കു ഉയർത്തിയെടുത്തു.
പൂജാദിനം ആകുന്നതിനാൽ ബ്രാഹ്മണ ശ്രേഷ്ഠരെല്ലാം ഇടയ്ക്കിടെ കൊട്ടാരത്തിൽ സന്ദർശനം നടത്തുന്നുണ്ടായിരുന്നു. വലിയ ഒരു ചടങ്ങായിരിക്കുമെന്നറിയിച്ചതിനാൽ സേവകരെല്ലാം വിവിധ ദിക്കുകളിലേക്കു ഓരോ വസ്തുക്കൾ കൊണ്ടുവരാനായി പോയിരുന്നു. പുരോചനൻ മാത്രം അവരിൽനിന്നു കണ്ണെടുക്കാതെ ചുറ്റിത്തിരിയുകയായിരുന്നു. കൗരവരാജധാനിയിൽ നിന്നും കൊടുത്തു വിട്ട നിരവധി അരിവഞ്ചികൾ കൊട്ടാരത്തിനകത്തേക്കു പോയി. അക്കൂട്ടത്തിൽ ഏറ്റവും ചെറിയ വഞ്ചികളിൽ ഒന്നിൽ കണ്ണുകളുടെ ചിത്രം ആലേഖനം ചെയ്തിരുന്നത് അര്‍ജുനന്റെ സൂക്ഷ്മ നയനങ്ങൾ തിരിച്ചറിഞ്ഞു.
ശതസൃംഗത്തിൽ വനസമാന സാഹചര്യത്തിൽ ജീവിച്ച ശീലത്തിൽ അമ്മ ആദ്യം ചെറിയ ധാന്യപ്പെട്ടിയിൽ നിന്നായിരിക്കും ധാന്യമെടുക്കുകയെന്നു അർജുൻ അറിയാമായിരുന്നു. അരിവഞ്ചിയിൽനിന്നും ഒരു പിടി അരി വാരി മട്ടുപ്പാവിലെ പറവകളുടെ ഇടയിൽ വിതറി. ചില പറവകൾ തൊട്ടുനോക്കിയില്ല. ആർത്തിയോടെ അരി കൊത്തി വിഴുങ്ങിയ ചില പക്ഷികളെല്ലാം ചിറകനക്കാനാതെ മറിഞ്ഞുവീണു പിടഞ്ഞു. അർജുനനും ഭീമനും ചേർന്നു ആ വഞ്ചി പുറത്തേക്കു കൊണ്ടുപോയി. ധാന്യം പൊട്ടക്കിണറിനുള്ളിലേക്കിട്ടു. മറ്റുള്ളവയിൽ നിന്നുള്ള അൽപാൽപമെടുത്തു വലിയ വ്യത്യാസം തോന്നാത്തപോലെ തിരികെ വെക്കുകയും ചെയ്തു.
വൈകുന്നേരത്തെ ഭക്ഷണ സമയം കഴിഞ്ഞു, പുരോചനൻ അൽപ്പം പരിഭ്രമത്തോടെ വരുകയും പോകുകയും ചെയ്തുകൊണ്ടിരുന്നു. ഏവരെയും അയാൾ സംശയത്തോടെ നോക്കി. ഇടയ്ക്കിടെ അയാളുടെ കണ്ണുകൾ കലവറയുടെ നേരേ പാളി. ഇടയ്ക്ക് ഒരു നിമിഷം ഭീമന്റെ കണ്ണുകളുമായി കൊരുത്തു, ഭീതി തോന്നുന്ന ഒരു മന്ദഹാസം ഉണ്ടോ? അയാൾ സംശയിച്ചു. പക്ഷേ പിന്നീട് നോക്കിയപ്പോൾ ആ കണ്ണുകളിൽ സൗഹൃദമാണ് കണ്ടത്. അയാള്‍ പതറിയതും ഭീമന്റെ നിഷ്കളങ്കമായ അഭിനയവും കണ്ടപ്പോൾ ഇവനെ ആരാണ് മന്ദനെന്നു വിളിച്ചതെന്നു അര്‍ജുനൻ അദ്ഭുതത്തോടെ ചിന്തിച്ചു. ഒരു പക്ഷേ സകല ശാസ്ത്രങ്ങളും തത്വങ്ങളും അറിയാവുന്ന മൂത്ത ജ്യേഷ്ഠനേക്കാൾ പ്രായോഗിക ബുദ്ധി അവനുണ്ടെന്നു അര്‍ജുനൻ മനസിൽ കരുതി.
(തുടരും)