ഭീമനെ കണ്ടുമുട്ടി ചന്ദ്രപ്രഭൻ, ശത്രുക്കളിൽ നിന്ന് സുലഭയെ രക്ഷിക്കാൻ ശ്രമിച്ച് വിദുരർ
Mail This Article
അധ്യായം: എട്ട്
വിദുരർ തന്റെ അറയിൽ പുരാതന ചുരുളുകളിലൂടെ കണ്ണോടിച്ചുകൊണ്ട് പത്മാസനത്തിലിരുന്നു. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും പാരായണം അദ്ദേഹത്തിന് ആശ്വാസവും മാർഗനിർദേശവും നൽകി. ആ അവസരത്തിൽ പതിവില്ലാത്ത ഒരു പാദപതന ശബ്ദവും വാതിലിലെ മൃദുവായ തട്ടലും ചിന്തയുടെ വേഗത്തിനു കടിഞ്ഞാണിട്ടു.
"പ്രവേശിക്കുക," വിദുരർ പറഞ്ഞു. ആശങ്ക നിറഞ്ഞതും എന്നാൽ നിശ്ചയദാർഢ്യവും കലർന്ന മുഖത്തോടെ യുയുത്സു അകത്തേക്കു കടന്നു കൈകൂപ്പി നിന്നു.
'ആ ശിൽപി അതിദ്രുതം തുരങ്കം നിർമ്മിക്കുന്നു. ഖനകന്മാർ വിശ്രമമില്ലാതെ പണിയെടുക്കുന്നു. പക്ഷേ നമുക്ക് കുറച്ചുകൂടി സമയം വേണ്ടി വരുമെന്നു തോന്നുന്നു.'
വിദുരർ തലയാട്ടി. 'അതാണ് നമുക്കില്ലാത്തത് കുമാരാ. ദിവസം ചെല്ലുന്തോറും അക്ഷമരാകുകയാണ് കൗരവർ.'
യുയുത്സു ഒരു നിമിഷം ശങ്കിച്ചു പിന്നീട് പറഞ്ഞു, 'ശിൽപ്പിയെക്കുറിച്ചുള്ള വിവരങ്ങൾ തെരുവിലെത്തി ചിലർ അന്വേഷിക്കുന്നതായി കുശുകുശുപ്പുയരുന്നുണ്ട്. അയാളുടെ അസാന്നിധ്യം ആരെങ്കിലും മനസിലാക്കിയാൽ...'
യുയുത്സു നിർത്തി. വിദുരരുടെ നെറ്റി ചുളിഞ്ഞു. 'സുലഭയ്ക്കു സംരക്ഷണം നൽകേണ്ടതുണ്ട് യുയുത്സു. ആ സഹോദരിയും സഹോദരനുമില്ലാതെ മുന്നോട്ടുപോവാനാവില്ല.'
വിദുരർ വേഗം എണീറ്റു, ഒരു രഥം അവിടെനിന്നും ഉത്തരദേശം ലക്ഷ്യമാക്കി പുറപ്പെട്ടു.
അതേസമയം വൈശ്യഗ്രാമത്തിൽ ചില സംഭവങ്ങൾ അരങ്ങേറുകയായിരുന്നു. ഇരുട്ടുപരക്കാൻ ആരംഭിച്ചതോടെ ചന്ദ്രപ്രഭനെപ്പോലെ വസ്ത്രം ധരിച്ച സുലഭ ഭവനത്തിന്റെ മുൻവശത്തായി നിർമിച്ച ആനയുടെ രൂപത്തിന്റെ വയറിനുള്ളിൽ നിന്നും ഇറങ്ങി. പകൽ മുഴുവൻ അവൾ അതിലിരുന്നു തട്ടുകയും മുട്ടുകയുമായിരുന്നു. ചന്ദ്രപ്രഭന്റെ അസാന്നിധ്യം ആരും അറിയാതിരിക്കാൻ ഒരു സൂത്രപ്പണി. ഗൃഹത്തിനുള്ളിലേക്കു കടന്നശേഷം അവൾ തലപ്പാവ് ഊരി. ഇടതൂർന്ന മുടി താഴേക്കു ഒഴുകി ഇറങ്ങി. അവൾ അൽപനേരം കിടക്കയിൽ അഭയം പ്രാപിച്ചു.
അതീവ ദു:ഖിതയായിരുന്നു അവൾ. പിറന്നശേഷം അവൾ ചന്ദ്രപ്രഭനെ പിരിഞ്ഞിരുന്നിട്ടില്ല. സായംസന്ധ്യയുടെ പൊൻകിരണങ്ങളെ ഇരുട്ടുമറയ്ക്കാൻ തുടങ്ങിയപ്പോൾ അവൾ ഒരു മുഖപടം എടുത്തണിഞ്ഞു പിൻവാതിലിലൂടെ പുറത്തിറങ്ങി.
കൊട്ടാരങ്ങളും കൊത്തളങ്ങളും നിർമിക്കുന്ന ശിൽപ്പികളെല്ലാം വന്നു താമസിച്ചു രൂപപ്പെട്ട ഗ്രാമമായിരുന്നു അത്. എല്ലാത്തരം ആളുകളും ആ ഗ്രാമത്തിന്റെ ഭാഗമായിരുന്നു. വീടുകളുടെയെല്ലാം മുൻവശം പണിയായുധങ്ങളാലും കൗതുക വസ്തുക്കളാലും നിറഞ്ഞിരുന്നു. വണിക തെരുവിലൂടെ അലസമായി നടക്കുന്ന അവളുടെ കണ്ണുകൾ അകലെ കണ്ട ഗംഭീര ഗോപുരത്തിലുടക്കി. ഗോപുരത്തിനു മുകളിൽ ഒരു വലിയ സിംഹരൂപം കൊത്തിവച്ചിരുന്നു.
ലോഹത്തിലോ തടിയിലോ കൊത്തിവച്ചതായി കരുതുന്ന ആ സിംഹത്തിന്റെ സട കാറ്റിൽ ചലിച്ചുകൊണ്ടിരിക്കുന്നത് അവളെ അദ്ഭുതപ്പെടുത്തി. ആ കാഴ്ച അടുത്തുനിന്നു കാണാനായി അവള്‍ ആ ഗോപുരത്തിനടുത്തേക്കു നടന്നു. ഗോപുരവാതിലിലെത്തി മുകളിലേക്കു ആകാംക്ഷയോടെ അവൾ നോക്കി. പെട്ടെന്നു വാതിൽ തുറന്നു ഭീമാകാരമായ ഒരു രൂപം പുറത്തേക്കുവന്നു. പുറത്തേക്കെത്തിയ വ്യക്തിയുടെ സാന്നിധ്യം തെരുവ് വിജനമാക്കാൻ മതിയായതായിരുന്നു. പക്ഷേ മൃഗരാജ ഭംഗിയിൽ മതിമറന്നുനിന്ന അവൾ അതൊന്നും ശ്രദ്ധിച്ചില്ല.
ബലിഷ്ഠമായ കൈകള്‍ അവളെ വരിഞ്ഞുമുറുക്കി ഉയർത്തി, ഗോപുരത്തിനു നേരെ നീങ്ങി. അവൾ കുതറുകയും സഹായത്തിനപേക്ഷിക്കുകയും ചെയ്തു. ആരും പ്രതികരിക്കാൻ തയാറായില്ല. പെട്ടെന്ന് ഒറ്റക്കുതിരയെ പൂട്ടിയ ഒരു രഥം പാഞ്ഞെത്തി. വിദുരർ ചാടിയിറങ്ങി. ചിത്രചാപന്റെ പിടി അയഞ്ഞു. സുലഭ പിടിവിട്ടു ഓടി മാറി. വിദുരരെ അവൾ തിരിച്ചറിഞ്ഞു. തന്റെ ഉത്തരീയം നൽകിയശേഷം വിദുരർ രഥത്തിലേക്കവളെ പിടിച്ചു കയറ്റി. ഏവരും സ്തബ്ധരായി നിൽക്കവെ രഥം അവിടെ നിന്നും ദൂരേക്കു പാഞ്ഞുപോയി.
വിയർപ്പൊപ്പിയശേഷം ചന്ദ്രപ്രഭൻ മണൽക്കൂനയിലേക്കു ചാഞ്ഞിരുന്നു. ദൂരെയുള്ള മണൽ ഘടികാരത്തിലേക്കു നോട്ടമെത്തിയതും അവൻ ചാടിയെണീറ്റു. അടിമകളും പണിക്കാരുമെല്ലാം തളർന്നിരുന്നു. ഏവരും ഒരു വിശ്രമത്തിനുള്ള ഒരുക്കമായിരുന്നു. തളർന്നിരുന്നവരെ ശാസിച്ചുണർത്തി ചന്ദ്രപ്രഭൻ വീണ്ടും മണലും പാറയും ഇളക്കിമാറ്റി. എന്താണ് പെട്ടെന്ന് ഏവരെയും ബാധിച്ച ആ തളർച്ചയുടെയും കാരണമെന്തെന്ന് അവൻ ആലോചിക്കാൻ ശ്രമിച്ചു. ചിന്തകൾക്കൊന്നും താളം കിട്ടുന്നില്ല. അപ്പോഴാണ് ചുറ്റും കത്തിച്ചുവച്ച പന്തങ്ങളിലെ നാളത്തിന്റെ ശോഭ കുറഞ്ഞുവരുന്നത് അവൻ ശ്രദ്ധിച്ചത്.
ഒരു പന്തവുമെടുത്ത് അവൻ തുരങ്കത്തിന്റെ ആരംഭസ്ഥലത്തേക്കു ഓടി. അടുക്കുംതോറും അസാധാരണ ദുർഗന്ധം അനുഭവപ്പെടാൻ തുടങ്ങി. അഴുകിയ മാംസഗന്ധം! തലപ്പാവെടുത്തു അവൻ മൂക്കുമൂടിക്കെട്ടി. തുരങ്കകവാടത്തിൽ എന്താണ് അടഞ്ഞിരിക്കുന്നതെന്നു മനസിലാക്കാൻ അവൻ ശ്രമിച്ചു. പരിശോധനയിൽ അവൻ ആ വസ്തു തിരിച്ചറിഞ്ഞു അവൻ. ഒരു കുട്ടിയാന. അവൻ കവാടത്തിൽ കുടുങ്ങിയതായിരിക്കും. വശത്തിലൂടെ ഒരു മാർഗമുണ്ടാക്കി നൂഴ്ന്ന് കയറിയ അവൻ രംഗം വീക്ഷിച്ചു. എന്തായാലും അസാധാരണ ദുർഗന്ധം ആ പ്രദേശത്തു എത്തുന്നതിൽനിന്നും ആളുകളെ വിലക്കി കാണുമെന്നു അവൻ ഊഹിച്ചു. പക്ഷേ അതു ചിലപ്പോൾ അപകടമായേക്കാമെന്നും അവനു തോന്നി.
ഇത്രയും വലിയ ആനക്കുട്ടിയെ താൻ എങ്ങനെ ഒറ്റയ്ക്കു മാറ്റുമെന്ന് അവനോർത്തു. എന്തെങ്കിലും വഴിയുണ്ടാകുമെന്നു കരുതി ചന്ദ്രപ്രഭൻ ഗംഗാനദീതീരത്തേക്കു നടന്നു. അവിടെ ജലശയ്യയിൽ ഒരു ആജാനുബാഹു കിടക്കുന്നതും അയാളുടെ വക്ഷപ്രദേശത്തു പോലും ചെന്നെത്താൻ കഴിയാത്തതുപോലെ ജലം പിന്മാറി നിൽക്കുന്നതും ചന്ദ്രപ്രഭൻ കണ്ടു. ചെറുപ്പകാലത്തെങ്ങോ ദൂരത്തുനിന്നും കണ്ടതാണെങ്കിലും ആ കുമാരനെ ചന്ദ്രപ്രഭൻ തിരിച്ചറിഞ്ഞു. കുന്തീപുത്രൻ ഭീമൻ. വായുദേവന്റെ അവതാര ജന്മമാണെന്നാണ് കരുതപ്പെടുന്നത്. ഭീമന്റെ ജലശയ്യയുടെ ചുറ്റും മന്ദമായി അലതല്ലുന്ന കുഞ്ഞോളങ്ങൾ കണ്ടാൽ വായുദേവൻ പ്രിയപുത്രനെ തഴുകി ഉറക്കുകയാണെന്നോർക്കുമെന്നു ചന്ദ്രപ്രഭൻ മനസിൽ കരുതി.
ഉദകക്രീഡയുടെ സ്മരണയിലാകാം നദീതിരത്തെ കാൽപെരുമാറ്റം കേട്ടു ഭീമൻ പിന്തിരിഞ്ഞു നോക്കി. ഗദയിൽ പിടിമുറുക്കുന്നതു കണ്ടപ്പോൾ ചന്ദ്രപ്രഭൻ തൊഴുതി വണങ്ങി. അതിനു ഫലമുണ്ടായി െചറുപുഞ്ചിരി മടക്കിക്കിട്ടി.
'ക്ഷമിക്കണം കുമാരാ, ഒരു സഹായം തേടി ഇറങ്ങിയതാണ് യാദൃശ്ചികമായാണ് കുമാരനെ കണ്ടത്.'
'എന്താണ് അങ്ങേയ്ക്കു വേണ്ടത്?'
'ആ മുൾക്കൂടാരത്തിനപ്പുറം ഒരു കുട്ടിയാന ചെരിഞ്ഞു. അവിടെ കിടന്നാൽ രോഗം പകരാനിടയാകും. വലിച്ചുകൊണ്ടുവന്നു ആ ഗർത്തത്തിലേക്കിട്ടാൽ കഴുകൻമാർക്കു ഭക്ഷണമായിക്കോളും.'
ഭീമൻ നടന്നോളാനാഗ്യം കാട്ടി. ചന്ദ്രപ്രഭൻ നടന്നു. ദുർഗന്ധം വമിക്കുന്ന ഗജത്തിന്റെ അടുത്തു വന്നു നിന്നു. മുൻകാൽ മടക്കിക്കിടക്കുന്ന ഗജത്തിനെ കണ്ടപ്പോൾ അവന് വീടും സുലഭയയെയും ഓർമ വന്നു. ഗജരൂപത്തെ താനായി നടിച്ച് അവൾ തട്ടിയും മുട്ടിയും നടക്കുന്നത് അവൻ മനസിൽ കണ്ടു. അതേസമയം വിദുരരുടെ രഥത്തിൽ എങ്ങോട്ടെന്നറിയാത്ത യാത്രയിലായിരുന്നു അവൾ.
(തുടരും)