ദവീദ് കറ്റാല കൊച്ചിയിലെത്തി, ബ്ലാസ്റ്റേഴ്സ് ക്യാംപുണർന്നു; കളിക്കാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് സംസാരിച്ച് തുടക്കം- വിഡിയോ

Mail This Article
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ദവീദ് കറ്റാല ടീമിനൊപ്പം ചേർന്നു; പ്രതീക്ഷകളോടെ. ഞായറാഴ്ച പുലർച്ചെയെത്തിയ സ്പാനിഷ് കോച്ച് കലൂർ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചു. സൂപ്പർ കപ്പിന് ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റു. സിഇഒ: അഭീക് ചാറ്റർജി കോച്ചിന്റെ പേരെഴുതിയ മഞ്ഞക്കുപ്പായം നൽകിയാണ് ദവീദിനെ വരവേറ്റത്.
ടീം പരിശീലനത്തിനു നേതൃത്വം നൽകിയ അദ്ദേഹം എല്ലാ കളിക്കാരുമായും ഒറ്റയ്ക്കൊറ്റയ്ക്കു സംസാരിച്ചു. കളിക്കാരുടെ പോക്കും വരവും സംബന്ധിച്ച അഭ്യൂഹങ്ങൾ അവസാനിച്ചിട്ടില്ലെങ്കിലും സൂപ്പർ കപ്പിനുള്ള ക്യാംപിൽ യുവതാരം കോറോ സിങ് ഒഴികെ എല്ലാവരുമുണ്ട്. കുടുംബ ആവശ്യങ്ങൾക്കായി സ്വദേശത്തേക്കു പോയ കോറോ അടുത്തയാഴ്ച തിരിച്ചെത്തും.
സൂപ്പർ വിങ്ങർ നോവ സദൂയി തുടരുമോ, ക്വാമെ പെപ്രയും മിലോസ് ഡ്രിൻസിച്ചും പുതിയ താവളം തേടുമോ തുടങ്ങിയ അഭ്യൂഹങ്ങൾക്കു നടുവിലാണു കറ്റാലയുടെ വരവ്. സ്പെയിനിൽ നിന്നുള്ള ഹെൽത്ത് ആൻഡ് കണ്ടിഷനിങ് കോച്ച് റഫ മോണ്ടിനെഗ്രോയും കറ്റാലയുടെ ഒപ്പമെത്തി. സെന്റർ ബാക്കായി കളിച്ചിട്ടുള്ള ദവീദ് കറ്റാലയുടെ വരവ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ വിള്ളലുകൾ അടയ്ക്കുമെന്നാണു വിലയിരുത്തൽ.