‘കയ്യൊഴിഞ്ഞവരിൽ’ ചെന്നൈയും സഞ്ജുവിന്റെ രാജസ്ഥാനും; ‘അവഗണിച്ച’ കൊൽക്കത്തയുടെ 4 വിക്കറ്റെടുത്ത് അശ്വനിക്ക് അരങ്ങേറ്റം- വിഡിയോ

Mail This Article
തന്റെ എല്ലാ പ്രയത്നങ്ങളും തുന്നിച്ചേർത്ത ഒരു തുകൽ പന്താണ് മുംബൈ ഇന്ത്യൻസ് താരം അശ്വനി കുമാർ തിങ്കളാഴ്ച കൊൽക്കത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്കെതിരെ എറിഞ്ഞത്. ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ ആദ്യമായി പന്തെറിയാനെത്തിയ ഇടംകൈ പേസർക്ക് ആ പന്തിലൂടെ കിട്ടിയത് മുൻ ഇന്ത്യൻ താരത്തിന്റെ വിക്കറ്റ് മാത്രമല്ല, സ്വപ്നതുല്യമായ ഒരു സ്പെല്ലിലേക്കുള്ള ടേക്ക് ഓഫ് കൂടിയാണ്. ഐപിഎലിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ്, അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം, പ്ലെയർ ഓഫ് ദ് മാച്ച് എന്നിങ്ങനെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് അശ്വനി കുമാർ എന്ന ഇരുപത്തിമൂന്നുകാരൻ ആരാധകർക്കിടയിൽ വിസ്മയമായത്.
പന്തിൽ കൃത്യതയും കൗശലവുമുള്ള ഒരു ഇടംകൈ പേസർക്കായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള പ്രതിഭ തനിക്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ അശ്വനി എറിഞ്ഞ 3 ഓവറുകൾ. വൈഡ് യോർക്കറുകളിലൂടെ ബാറ്റർമാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച അശ്വനി ആദ്യ പന്തിൽ അത്തരമൊരു കെണിയൊരുക്കിയാണ് രഹാനെയെ വീഴ്ത്തിയത്. ബൗൺസറും യോർക്കറും സ്‌ലോബോളും ഉൾപ്പെടെ വേരിയേഷനുകളുമായി അശ്വനി തുടർന്നും ബാറ്റർമാരെ കുഴപ്പിച്ചു.
ശരാശരി 133 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ അശ്വനിയുടെ 2 പന്തുകൾ മാത്രമാണ് തിങ്കളാഴ്ച സ്റ്റംപിലേക്കെത്തിയത്. കൊൽക്കത്തയുടെ പ്രതീക്ഷകളായിരുന്ന മനീഷ് പാണ്ഡെയും ആന്ദ്രെ റസ്സലും ബോൾഡായി പുറത്തായത് ആ പന്തുകളിലാണ്.
6 വർഷം മുൻപ് പഞ്ചാബിനായി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ അശ്വനിക്ക് പരുക്കു കാരണം തുടർന്ന് ഏറെക്കാലം കരയ്ക്കിരിക്കേണ്ടി വന്നു. ടീമിലിടം ഇല്ലാതിരുന്ന കാലത്തും എന്നും പുലർച്ചെ മൊഹാലി സ്റ്റേഡിയത്തിൽ പരിശീലനത്തിനു പോയിരുന്ന മകൻ തിരിച്ചെത്തുന്നത് രാത്രി വൈകിയായിരുന്നെന്ന് പിതാവ് ഹർകേഷ് കുമാർ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിൽ 4 ട്വന്റി20 മത്സരങ്ങൾ മാത്രം കളിക്കാനായ അശ്വനിക്കു കഴിഞ്ഞ വർഷത്തെ പഞ്ചാബ് ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനം വഴിത്തിരിവായി.
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള ഏറ്റവും മികച്ച ‘സെർച്ച് എൻജിൻ’ തങ്ങളാണെന്നു വീണ്ടും തെളിയിച്ചാണ് അധികമാരുമറിയാത്ത അശ്വനി കുമാറിനെ കൊൽക്കത്തയ്ക്കെതിരെ മുംബൈ കളത്തിലിറക്കിയത്. ആദ്യ മത്സരത്തിൽ മലയാളി താരം വിഘ്നേഷ് പുത്തൂരിനും രണ്ടാം മത്സരത്തിൽ ആന്ധ്രപ്രദേശുകാരൻ സത്യനാരായണ രാജുവിനും അരങ്ങേറ്റത്തിന് അവസരം നൽകിയ മുംബൈ ടീമിന്റെ മൂന്നാം മത്സരത്തിലെ പരീക്ഷണമായിരുന്നു അശ്വനി കുമാർ.
കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിന്റെ നെറ്റ് ബോളറായിരുന്ന താരം ഇത്തവണ കൊൽക്കത്ത, ചെന്നൈ, രാജസ്ഥാൻ ടീമുകളുടെയും ട്രയൽസിൽ പങ്കെടുത്തിരുന്നു. എന്നാൽ ലേലത്തിൽ പരിഗണിച്ചത് മുംബൈ ടീം മാത്രമാണ് (30 ലക്ഷം രൂപ).
∙ ‘ഹാർദിക്കിന്റെ വാക്കുകൾ തുണച്ചു’
പഞ്ചാബികൾ, നിർഭയരാണ്.. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ മത്സരത്തിന് മുൻപുള്ള ഈ വാക്കുകളാണ് ഐപിഎൽ അരങ്ങേറ്റത്തിൽ അനായാസം പന്തെറിയാൻ തന്നെ സഹായിച്ചതെന്ന് മുംബൈ താരം അശ്വനി കുമാർ. ആസ്വദിച്ചു കളിക്കണമെന്നും എതിരാളികളെ ഭയപ്പെടുത്തണമെന്നുമുള്ള ക്യാപ്റ്റന്റെ നിർദേശം സമ്മർദമില്ലാതെ കളിക്കാൻ പ്രചോദനമായെന്നും അശ്വനി പറഞ്ഞു. അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റുമായി തിളങ്ങിയ അശ്വനിയുടെ കരുത്തിൽ കൊൽക്കത്തയെ 116 റൺസിന് ഓൾഔട്ടാക്കിയ മുംബൈ 8 വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി.