സീസണിൽ ഒരു കപ്പ് എന്ന പ്രതീക്ഷ നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി; ബോൺമത്തിനെ വീഴ്ത്തി എഫ്എ കപ്പ് സെമിയിൽ

Mail This Article
ബോൺമത്ത് ∙ മാഞ്ചസ്റ്റർ സിറ്റിക്കു നിരാശ വേണ്ട. സീസണിൽ ഒരു കപ്പ് എന്ന പ്രതീക്ഷയ്ക്കു കരുത്തു പകരാൻ അവർക്കു മുന്നിൽ എഫ്എ കപ്പുണ്ട്. ബോൺമത്തിനെ 2–1നു തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് സെമിയിലെത്തി. സൂപ്പർ താരം എർലിങ് ഹാളണ്ട് പരുക്കുപറ്റി കളിക്കിടെ തിരിച്ചു കയറിയതു മാത്രമാണ് ഇതിനിടെയും സിറ്റിയുടെ ആശങ്ക.
21–ാം മിനിറ്റിൽ ബ്രസീലുകാരൻ ഇവാനിൽസന്റെ ഗോളിൽ ബോൺമത്ത് ലീഡ് നേടി. ഒരു പെനൽറ്റി കിക്ക് പാഴാക്കിയ എർലിങ് ഹാളണ്ട് അതിനു പരിഹാരമെന്നോണം രണ്ടാം പകുതിയിൽ സിറ്റിക്കായി സമനില ഗോൾ നേടി. 49–ാം മിനിറ്റിലെ ഹാളണ്ടിന്റെ ഗോളോടെ സിറ്റി താരനിര ഉണർന്നു. കളിക്കു പ്രായം ഒരു മണിക്കൂറായ നേരത്താണ് കാൽക്കുഴയ്ക്കു പരുക്കേറ്റ ഹാളണ്ടിനു മൈതാനം വിടേണ്ടി വന്നത്.
56–ാം മിനിറ്റിൽ ബോൺമത്ത് റൈറ്റ് ബായ്ക്ക് ലൂയിസ് കുക്ക് ഹാളണ്ടിന്റെ കാലിനു മുകളിലേക്കു വീണതാണു പരുക്കിനു കാരണമായത്. പ്രഥമശുശ്രൂഷ തേടിയ ശേഷം ഹാളണ്ട് ഗ്രൗണ്ടിൽ ഇറങ്ങിയെങ്കിലും വേദന കൂടിയതോടെ കളി മതിയാക്കി.
ഹാളണ്ടിനു പകരമിറങ്ങിയത് ഈജിപ്ത് താരം ഒമർ മർമുഷ്. കളത്തിലിറങ്ങി 2 മിനിറ്റിനകം മർമുഷ് സ്കോർ ചെയ്തു; അതു സിറ്റിയുടെ വിജയഗോളുമായി (2–1). തുടർച്ചയായ 7–ാം സീസണിലാണ് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് സെമിയിലെത്തുന്നത്. അടുത്ത മാസം നോട്ടിങ്ങാം ഫോറസ്റ്റിനെതിരെയാണ് സിറ്റിയുടെ സെമി പോരാട്ടം.
രണ്ടാം സെമിയിൽ ആസ്റ്റൺ വില്ല ക്രിസ്റ്റൽ പാലസിനെ നേരിടും. സെമിഫൈനലിലെത്തിയ ടീമുകളിൽ മുൻപ് എഫ്എ കപ്പ് കിരീടം നേടിയിട്ടുള്ള ഏക ടീം സിറ്റിയാണ്. ചാംപ്യൻസ് ലീഗിൽനിന്നു പുറത്താവുകയും ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ 5–ാം സ്ഥാനത്താവുകയും ചെയ്ത മാഞ്ചസ്റ്റർ സിറ്റിക്ക് ഈ സീസണിൽ എഫ്എ കപ്പിൽ മാത്രമാണ് ഇനി കിരീടപ്രതീക്ഷ.
∙ ഇറ്റലിയിൽ കിരീടപ്പോരിന് ഇന്റർ –നാപ്പോളി
റോം ∙ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എസി മിലാനെ 2–1നു തോൽപിച്ച നാപ്പോളി കിരീടപ്പോരിൽ ഇന്റർ മിലാനുമായി നേർക്കനേർ പോരാട്ടത്തിനു കളമൊരുക്കി. മാറ്റിയോ പൊളിറ്റാനോ, റൊമേലു ലുക്കാകു എന്നിവരുടെ ആദ്യ പകുതിയിലെ ഗോളുകളിലാണ് നാപ്പോളിയുടെ വിജയം.
ഉഡിനസിനെ 2–1നു തോൽപിച്ച ഇന്റർ മിലാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് (30 കളിയിൽ 67 പോയിന്റ്). 3 പോയിന്റ് മാത്രം പിന്നിലാണ് നാപ്പോളി. ഫിയോറന്റീനയോട് 1–0ന് തോറ്റ അറ്റലാന്റ കിരീടപ്പോരിൽനിന്ന് പുറത്തായി. മൂന്നാം സ്ഥാനത്തുള്ള അവർ ഇന്ററിനെക്കാൾ 9 പോയിന്റ് പിന്നിലാണ്.