ADVERTISEMENT

പരാജയത്തിന്റെ വേദന അറിയുന്നത് തോൽക്കുമ്പോഴല്ല, വിജയിക്കുമ്പോഴാണ്. കയറ്റം ഇറക്കത്തെക്കുറിച്ചു കൂടി ഓർമിപ്പിക്കുന്നു. നേട്ടം നഷ്ടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ശരിയാണ്. പക്ഷേ, യഥാർഥത്തിൽ ജീവിതത്തിൽ അനുഭവിക്കുമ്പോൾ മാത്രമേ ഇവ തിരിഞ്ഞുകിട്ടൂ. അതുവരെ സുന്ദര ചിന്തകളും ആശയങ്ങളും വാക്യങ്ങളും മാത്രം.

തിരിച്ചറിവിന് പലപ്പോഴും നിമിത്തമാകുന്നത് നഷ്ടങ്ങളാണ്; തിരിഞ്ഞുനോക്കാനുള്ള പ്രേരണയും. ഇനി മുന്നോട്ടുപോകണമെങ്കിൽ വേരുകളിലേക്ക് മടങ്ങണം. അതൊരു ദൃഡനിശ്ചയമാകുന്നു. ജോലി ഉപേക്ഷേിച്ച്, പദവി വലിച്ചെറിഞ്ഞ്, സൗഹൃദത്തിന്റെ ശീതളിമയിൽ നിന്ന് ഗ്രാമത്തിലേക്കു തിരിച്ചുനടക്കുക. ജനിച്ചുവളർന്ന വീട്ടിലേക്ക്. മാതൃത്വത്തിന്റെ മടിയിലേക്ക്. തിരിച്ചുപോക്ക് മുന്നോട്ടുള്ള യാത്ര കൂടിയാകുന്നു. അങ്ങനെയല്ലാതെ മുന്നോട്ടുപോകാനേ ആവില്ല. ഗ്രാമവും വേരുകളും നേരത്തേ തന്നെ മനസ്സിലുണ്ട്. പച്ചപിടിച്ചു തന്നെ നിൽക്കുകയാണ്. എങ്കിലും എല്ലാം വീണ്ടും കാണണം. ഓർമകളെ പുനരുജ്ജീവിപ്പിക്കാൻ. ആലോചനകൾ പൂർണമാകാൻ. എഴുതണം. എല്ലാം എഴുതിവയ്ക്കണം. ദേശത്തിന്റെ കഥയാകുമ്പോൾ നോവലിന്റെ വലിയ ക്യാൻവാസ് ആണു നല്ലത്. എഴുതിത്തുടങ്ങുന്നതോടെ ജീവിച്ചു തുടങ്ങുന്നു.

ഇരീച്ചാൽകാപ്പ് ആണ് ഈ ചിന്തകൾ ഉണർത്തിയത്. എന്നാൽ കാപ്പ് ഒരേ സമയം കള്ളവും സത്യവുമാണ്. സാങ്കൽപിക ദേശവും യാഥാർഥ ഭൂമികയുമാണ്. ഭാവനയും സ്വപ്നവുമാണ്. തനതായ സവിശേഷതകളുള്ള ദേശമാണ് ഇരീച്ചാൽകാപ്പ് എന്നത് മിഥ്യയാണ്. എന്റെയും നിങ്ങളുടെയും നമ്മളുടെയെല്ലാവരുടെയും സ്വന്തം ദേശം.

ഏതു കഥാപാത്രത്തെയും നോക്കിക്കോളൂ. ബിയ്യുമ്മ, മൂക്കുത്തി, ആടുകൾ, പശുക്കൾ, ബാർബർ ചന്തു, വാസു, അയ്മോട്ടി, മായൻ, പക്രൻ... ആരും അപരിചിതരല്ല. സുപരിചിതരാണ്. എല്ലാ ഗ്രാമങ്ങളുടെയും സ്വന്തം. പേരുകളിൽ മാറ്റമുണ്ട്. ജീവിത സാഹചര്യങ്ങളിലും ചില്ലറ മാറ്റങ്ങൾ. എന്നാൽ ആരും അന്യരല്ല. സാഹാ മഹൽ. ഗ്രാമത്തിലെ ഏറ്റവം സമ്പന്നമായ, പ്രതാപികളുടെ വീട്. അവിടെ നടന്ന ദുരൂഹമായ കൊലപാതകം പോലെ ഒരു കഥ എല്ലാ ഗ്രാമത്തിനുമില്ലേ. കാപ്പ്, തൊടി, വയൽ, ആവളപ്പാണ്ടി. ഒന്നും ദൂരെയല്ല. അടുത്ത്. വേരുകൾ ആഴ്ന്നിറങ്ങിയ ഗ്രാമം.

മനസ്സാലെ തിരിഞ്ഞൊന്നു നോക്കിയാൽ മതി. നാഗരികതയുടെ മൂടി എടുത്തുമാറ്റിയാലും മതി. ഒന്നൊന്നായി പുറത്തുവരും. സംഭവങ്ങൾ. വിശേഷങ്ങൾ. ദുരൂഹമായ കൊലപാതകം. ശിക്ഷിക്കപ്പെട്ട നിരപരാധി. ഭ്രാന്താശുപത്രിയിലെ ജൽപനങ്ങൾ. എല്ലാം. എല്ലാമെല്ലാം.

ആർക്കും ഒരു ദോഷവും വരുത്താതെ, ഉപദ്രവവും ചെയ്യാതെ, കരിനിഴലാകാതെ, ഒരു പുൽക്കൊടിയെ പോലും നോവിക്കാതെ നടക്കാനുള്ള മോഹവും പഴയതാണ്. ബുദ്ധനോളം. ഒരുപക്ഷേ അതിലും പഴയത്. ഇരുട്ടിലെ വെളിച്ചം. വെളിച്ചത്തിൽ അടയിരിക്കുന്ന ഇരുട്ട്. ഇരീച്ചാൽകാപ്പ് മുന്നോട്ടുവയ്ക്കുന്നത് ഈ ആശയങ്ങളാണ്. കഥ ആവരണം മാത്രം. അകമേ ജ്വലിക്കുന്നത് മനുഷ്യനെയും ജീവിതത്തെയും കുറിച്ചുള്ള നിരന്തരമായ, നിതാന്തമായ ഉൽക്കണ്ഠകൾ തന്നെ.

നാടകീയ സംഭവങ്ങളില്ല ഇരീച്ചാൽകാപ്പിൽ. ഞെട്ടിക്കുന്ന കഥാപാത്രങ്ങളോ വഴിത്തിരിവുകളോ ഇല്ല. ആശയതലത്തിൽ പൊളിച്ചെഴുത്തോ പുതിയ ചിന്തകളോ ആലോചനകളോ ഇല്ല. ഭാഷയിൽ പുതുമയോ കുതിച്ചുചാട്ടമോ ഇല്ല. മടക്കയാത്ര മാത്രം.

ചില കഥകൾ നമുക്ക് പ്രിയപ്പെട്ടവയാണ്. പ്രിയപ്പെട്ടവ നമ്മുടെ പ്രിയപ്പെട്ടവർ കൂടി അറിയണം എന്ന് ആര് ആഗ്രഹിക്കും. നോവലിന്റെ ക്യാൻവാസിൽ അവരെ അവതരിപ്പിക്കുമ്പോൾ വായനക്കാരുടെ ഇഷ്ടം നേടാൻ ഉൾക്കാഴ്ചയും ദർശനവും അവതരണത്തിലെ മാന്ത്രികതയും വേണം. എല്ലാം ഏറെ പറഞ്ഞുകഴിഞ്ഞതാണെങ്കിലും പുതുമ കണ്ടെടുക്കാനുള്ള അന്തർനേത്രം വേണം. അതു വായനക്കാരെ ബോധ്യപ്പെടുത്താനാവണം. ആശയങ്ങളും കഥകളും വേറിട്ടുനിൽക്കാതെ ഒന്നാകുന്ന മന്ത്രസിദ്ധി വേണം.

ഒരാൾ നല്ല മനുഷ്യനായി ജീവിച്ചു മരിക്കുക എന്നൊരു സംഗതിയില്ലെന്ന് ഇരീച്ചാൽകാപ്പ് ഓർമിപ്പിക്കുന്നു. എല്ലാവരെയും ചേർത്തുപിടിക്കാനുള്ള ഹൃദയവിശാലതയും ആർക്കുമില്ല. പിന്നെയും എന്തിനാണ് ആളുകൾ നല്ല മനുഷ്യരായി അറിയപ്പെടാൻ ആഗ്രഹിക്കുന്നത്. ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല. ചോദ്യം തന്നെ ഉത്തരമായി പരിഗണിക്കേണ്ടിവരും. തൊടലില്ല, തേടലേയുള്ളൂ എന്ന അവസ്ഥ.

ജോലിക്കിടെ കാണാതായ സോണി എം.ഭട്ടതിരിപ്പാട് എന്ന മാധ്യമപ്രവർത്തകൻ. യാത്ര പറയാതെ പോയ മറ്റനേകം പേർ. മറന്നിട്ടില്ലെന്ന് അറിയുക. പ്രതീക്ഷ തീർത്തും മങ്ങിയിട്ടില്ല. കാത്തിരിക്കുക തന്നെയാണ്.

ഇരീച്ചാൽ കാപ്പ്

ഷംസുദ്ദീൻ കുട്ടോത്ത്

ഡി സി ബുക്സ്

വില: 399 രൂപ

English Summary:

Malayalam Book Ireechalkappu written by Shamsudheen Kuttoth

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com