'എല്ലാ പ്രശ്നങ്ങൾക്കും തിരി കൊളുത്തി ഒന്നും അറിയാത്ത പോലെ നിൽക്കുന്നവൾ...'

Mail This Article
ലവ് ബോംബ് എറിഞ്ഞു നിങ്ങളെ വിദഗ്ധമായി വീഴ്ത്തുന്നവൾ (ഇവൾ എന്ന് വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. നിങ്ങൾക്ക് അനുഭവത്തിനനുസരിച്ച് ഇവൻ എന്നും വായിക്കാം.) ആരോടും ആകർഷകമായി പെരുമാറുന്നവൾ. സ്വന്തം (ശാരീരികവും മാനസികവും ആയ) ന്യൂനതകളെ വൃത്തിയായി മേക്കപ്പ് ചെയ്ത് മറയ്ക്കാനറിയുന്നവൾ. വാക്ചാതുര്യത്താൽ നിങ്ങളെ വീഴ്ത്തുന്നവൾ. 'ഏറ്റവും നല്ല എന്നെ' പ്രദർശിപ്പിക്കാൻ വെമ്പൽ കൊള്ളുന്നവൾ. 'ഞാനാണ് എല്ലാം തികഞ്ഞവൾ. മറ്റെല്ലാവരെക്കാളും വലിയവൾ എന്ന് പറയുന്നവൾ. അല്ലെങ്കിൽ നടിക്കുന്നവൾ (ഉദാഹരണത്തിന് എനിക്കാണ് ഏറ്റവും വലിയ വീട്, എനിക്കാണ് ഏറ്റവും കൂടുതൽ സൗന്ദര്യം, കൂട്ടുകാർ എന്നൊക്കെ വിടുവായത്തം പറയും)
എല്ലാവരും എന്നെ സ്നേഹിക്കണം, ആരാധിക്കണം, എനിക്ക് പ്രത്യേക പരിഗണന കിട്ടി കൊണ്ടേയിരിക്കണം എന്ന കാൽപനികതയിൽ ജീവിക്കുന്നവൾ. ജന്മം കൊണ്ടേ ഞാനിതിനൊക്കെ അർഹയാണെന്നു വരെ ഭോഷത്വം പറയുന്നവൾ. മൊത്തത്തിൽ അവനവനിൽ മതിമറക്കുന്നവൾ. ഇതിനൊക്കെ പണമാണ് ഏറ്റവും അത്യാവശ്യമെന്ന് ഇവൾക്കറിയാം. പണം എല്ലാവർക്കും ആവശ്യമാണ്. ഇഷ്ടവുമാണ്. പക്ഷേ പണമാണ് ഇവളുടെ ഏറ്റവും വലിയ വികാരം. ചിലയിടത്ത് അധികാരവും. പണത്തിനും അധികാരത്തിനും വേണ്ടി ഇവൾ എന്തും ചെയ്യും. അതിനിടയിൽ ആരുടെ മനസ് ചിന്നിച്ചിതറിയാലും യാതൊരു കുഴപ്പമില്ല. അതിനെങ്ങനെ? മറ്റുള്ളവരുടെ ഭാഗത്തു നിന്ന് ചിന്തിക്കുക (empathy) എന്നത് ഇവരുടെ തലച്ചോറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകില്ല. സഹാനുഭൂതി നന്നായി അഭിനയിച്ച് ഫലിപ്പിക്കുമെങ്കിലും അസൂയയുടെ നിറകുടമായ ഇവൾ എല്ലാവർക്കും അവളോട് അസൂയയാണെന്നു പറഞ്ഞു നടക്കും. താൻ ചിന്തിക്കുന്ന പോലെയാണ് എല്ലാവരും ചിന്തിക്കുന്നത് എന്ന് കരുതിയാകുമല്ലേ?
ഇനി ലവ് ബോംബ് എന്താണെന്നല്ലേ? ഇവൾ നിങ്ങളെ വലയിലാക്കുന്ന ഘട്ടം. ആ കുരുക്കിൽ വീണാൽ പിന്നെ നിങ്ങളുടെ സ്വബോധം മെല്ലെ മെല്ലെ അവളുടെ നിയന്ത്രണത്തിലാകും. അത് വരെയും അവളാൽ ഉപദ്രവിക്കപ്പെട്ടതെല്ലാം പതുക്കെ മറക്കും നിങ്ങൾ. വിമർശനങ്ങൾ ഇവൾക്ക് താങ്ങാനാവില്ല. അത് കൊണ്ട് തന്നെ വിമർശിക്കുന്നവരെ വീഴ്ത്താൻ എന്ത് ഒളിയമ്പുകളും പ്രയോഗിക്കും. എല്ലാ പ്രശ്നങ്ങൾക്കും തിരി കൊളുത്തി ഒന്നും അറിയാത്ത പൂച്ചയെ പോലെ നിൽക്കുന്നവൾ. വലയിലാക്കപ്പെട്ട ഒരു വിഭാഗമുണ്ട്. ഇവളുടെ കാര്യസാധ്യത്തിനു ഉപയോഗിക്കപ്പെടുന്നവർ. കാന്തികവലയത്തിൽ പെട്ട ഇരുമ്പിനെ പോലെ ആയിത്തീരുന്നവർ. ഒന്നുകിൽ നിങ്ങളുടെ പണവും വസ്തുക്കളും തട്ടിയെടുക്കാനുള്ള കൈക്കോട്ടായി അതല്ലെങ്കിൽ നിങ്ങളോട് വൈരാഗ്യം തീർക്കാൻ മുന്നിൽ നിർത്തുന്ന ശിഖണ്ഡിയായി ഇവരെ ഉപയോഗിക്കും.
രണ്ട് മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായസ്വഭാവമുള്ളവൾ. നിങ്ങൾ ഇത് പറഞ്ഞു അത് പറഞ്ഞു എന്നൊക്കെ അപ്പുറത്തു പോയി പറയും. ഇപ്പുറത്ത് അവരുടെ കുറവുകളും. (Triangling എന്നാണ് ഈ തന്ത്രത്തിന്റെ പേര്) ഇവ ചിലപ്പോൾ നിങ്ങളെ വലയിലാക്കി ചോർത്തിയെടുക്കുന്ന കാര്യങ്ങളാകും. ചിലപ്പോൾ അവരെ കുറിച്ച് ഇവൾക്ക് വിമർശിക്കാനുള്ളത് നിങ്ങളുടെ പേരിൽ മെനഞ്ഞുണ്ടാക്കി പറയുന്നതാവും. ചിലപ്പോൾ നിങ്ങൾ അ എന്നു പറഞ്ഞത് ഇ എന്നാകും അവിടെ എത്തുക. ചിലപ്പോൾ നിങ്ങൾ സൗമ്യ ഭാവത്തിൽ പറഞ്ഞ കാര്യങ്ങൾ ദേഷ്യഭാവത്തിലാവും അവിടെ പറയുന്നത്. ഇനി ചിലപ്പോൾ നിങ്ങൾ കേട്ടു നിന്നത് നിങ്ങളുടെ പേരിലാക്കും അവൾ. മൗനത്തിൽ നിന്ന് കഥ മെനയുന്നവൾ.(ഇതാണ് manipulation) അത് കൊണ്ട് തന്നെ രാവിലെ ചിരിച്ച മുഖങ്ങൾ വൈകിട്ട് മുഖം തിരിക്കുന്ന അല്ലെങ്കിൽ പേടിയോടെ നോക്കുന്ന പ്രതിഭാസം കാണേണ്ടി വന്നിട്ടില്ലേ നിങ്ങൾക്ക്?
നിങ്ങൾ കൂട്ടുകൂടുന്നതും സന്തോഷിക്കുന്നതുമൊക്കെയായിരിക്കും ഇവളുടെ ഏറ്റവും വലിയ തലവേദന. നിങ്ങൾ ഇവളെക്കാൾ ഉയരുന്നതും കഴിവുകൾ പുറത്ത് കാണിക്കുന്നതുമൊക്കെ ഇവൾക്ക് സഹിക്കാവുന്നതിന്റെ അപ്പുറത്താകും. ചിലപ്പോൾ അപവാദപ്രചാരണങ്ങൾ നടത്തും നിങ്ങൾക്കെതിരെ (smear campign തന്ത്രം) ചിലപ്പോൾ ഇവളുടെ തെറ്റായ സ്വഭാവങ്ങളും വികാരങ്ങളും നിങ്ങളുടെ തലയിൽ ചാർത്തും (projection). ഇണയുടെ അടുത്ത് ഇവൾ മിക്കവാറും ഉപയോഗിക്കുക (സാഹചര്യത്തിനനുസരിച്ച് മറ്റുള്ളവരുടെ അടുത്തും) gas ലൈറ്റിങ് തന്ത്രമാകും... 'നിങ്ങൾ പോരാ, നിങ്ങൾക്ക് കഴിവില്ലാത്തത് കൊണ്ടാണ്. ഞാനാണു നിങ്ങളുടെ സ്ഥാനത്തെങ്കിൽ ഇങ്ങനെ ചെയ്തേനെ' തുടങ്ങി ഒരുപാട് വാക്കുകളുണ്ട് ഇതിന്. ചിലപ്പോ ആത്മഹത്യാ ഭീഷണിയും. പിന്നെ ആ തന്ത്രത്തിൽ പെട്ട് അവർ കരച്ചിലായി പിഴിച്ചിലായി. കണ്ണീർക്കടലായി. ആ കടലിൽ നിങ്ങളുടെ ഭൂമിയും സ്വത്തും വരെ ഒലിച്ചു പോകലായി.
'ഇല്ലാ പാട്ടു പാടൽ' നാടൻ തന്ത്രം മുതൽ 'ഭിന്നിപ്പിച്ചു ഭരിക്കൽ' ബ്രിട്ടീഷ് തന്ത്രം വരെ ഉപയോഗിച്ച് നിങ്ങളുടെ പണം മുതൽ സ്വർണം വരെ പരോക്ഷമായി കൈക്കലാക്കും ഇവൾ. നുണ പറയൽ, മോഷണം, ഏഷണി തുടങ്ങിയവ ഇവളുടെ ജന്മസ്വാഭാവമാണെങ്കിലും അതൊക്കെ പിടിക്കപ്പെടാതെ അല്ലെങ്കിൽ വിചാരണ ചെയ്യപ്പെടാതെ രക്ഷപ്പെട്ടു പോകാൻ ഒരു പ്രത്യേക കഴിവാണ് ഇവൾക്ക്. ഇവൾ കള്ളിയെന്നു ഇവൾക്കറിയാം. ഇവൾ കള്ളിയെന്നു നിങ്ങൾക്കുമറിയാം. ഇവൾ കള്ളിയെന്നു നിങ്ങൾക്കറിയാമെന്ന് ഇവൾക്കുമറിയാം. അത് ഇവൾക്കറിയാമെന്ന് നിങ്ങൾക്കുമറിയാം. എന്നിട്ടും എല്ലാം ഒരു പുകമറയിൽ.. ഇവൾക്ക് ചില കാര്യങ്ങൾ മാത്രമേ ഓർമ കാണൂ (selective memory) ഇവൾ നല്ല ഒന്നാന്തരം മതവിശ്വാസി ആയിരിക്കും. അതിന്റെ പിന്നിലും കാണും പല ചേതോവികാരങ്ങൾ. മതവിശ്വാസത്തിലും കാണാം triangling. കുതന്ത്രക്കാരിയുടെ വാട്ട്സാപ്പ് സ്റ്റാറ്റസ് സുവിശേഷങ്ങൾ കണ്ട് നിങ്ങളും ചിരിച്ചിട്ടുണ്ടാകും ചിലപ്പോൾ. പരിഹസിക്കയൊന്നും വേണ്ടാട്ടോ. 'നല്ലവൾ ചമയൽ' സ്വത്വബോധത്തെ തൃപ്തിപ്പെടുത്തുകയാകും പാവം..
ഇവൾ ഹറാമാക്കിയ (നിഷിദ്ധമാക്കിയത്) പല കാര്യങ്ങളും ഇവളുടെ സ്വന്തം നിയമപുസ്തകത്തിൽ ഹലാലാകും (അനുവദനീയം) (ഒരുദാഹരണക്കഥ പറയുകയാണെങ്കിൽ ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ നിന്ന് പേരക്ക പെറുക്കി തിന്നുന്നത് കുട്ടികൾക്ക് ഹറാമാണ് ഇവളുടെ പറച്ചിലിൽ. പക്ഷേ നിങ്ങളുടെ മുറ്റത്തെ മാവിൽ നിന്ന് നിങ്ങളില്ലാത്ത നേരത്ത് മാങ്ങ പൊട്ടിക്കൽ ഇവൾക്ക് ഹലാൽ. അതും നിലത്തു വീണ ഇലകളെല്ലാം പെറുക്കി തെളിവ് നശിപ്പിച്ച്. നിങ്ങളുടെ മക്കളുടെ ബർത്ത്ഡേ ആഘോഷത്തിൽ പങ്കെടുക്കുന്നത് തന്നെ ഹറാം എന്ന് പറയും. എന്നിട്ട് അവളുടെ ബർത്ത്ഡേ വരെ ആഘോഷിക്കും നിലപാടില്ലാത്തവൾ). എന്തിന് നിങ്ങളുടെ വസ്തുവകകളിൽ അധികാരം സ്ഥാപിക്കലും കടത്തികൊണ്ട് പോകലും വരെ ഒളിച്ചും തെളിഞ്ഞും ചെയ്യുന്നതൊക്കെ ഹലാലാണ് ഇവൾക്ക്. ചുരുക്കി പറഞ്ഞാൽ താനാണ് വലിയവൻ എന്ന് സ്വയം വിശ്വസിപ്പിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ഉള്ള നാടകമാണ് ഇവരുടെ ജീവിതം. അതിനു വേണ്ടി പലരും വേദനിച്ചു കൊണ്ടേ ഇരിക്കണം. എംടിയുടെ വാക്കുകളിൽ പറഞ്ഞാൽ ഒരു മഹാകാവ്യം തന്നെ രചിക്കാനുണ്ടാവില്ലേ നിങ്ങൾക്ക് ഇവളുടെ തന്ത്രങ്ങളും ഇവൾ മറഞ്ഞിരുന്നുണ്ടാക്കിയ പ്രശ്നങ്ങളും എഴുതുകയാണെങ്കിൽ. ഓരോ തന്ത്രങ്ങൾക്കും ഒരുപാട് ഉദാഹരണങ്ങൾ നിരത്താനുണ്ടാകില്ലേ നിങ്ങളുടെ അനുഭവങ്ങളിൽ നിന്ന്?
ഇവൾ ആരാണെന്നല്ലേ? ഇവളാണ് NPD. മുകളിൽ പറഞ്ഞ സ്വഭാവവിശേഷങ്ങൾ എല്ലാം ഒരാളിൽ കൂടി ചേർന്നാൽ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസ്ഓർഡർ എന്ന് കൂട്ടി വായിക്കാം. നോട്ട് ദ പോയിന്റ്: 'എല്ലാം കൂടി ചേർന്നാൽ..' ഇത്തരം NPD trait (സ്വഭാവസവിശേഷത)കൾ കുറച്ചു കുറച്ചായി ഒക്കെ പലരിലും കാണാം. പക്ഷേ അവർ എല്ലാവരും ഈ വ്യക്തിവൈകല്യത്തിൽ പെടണമെന്നില്ല. ഇവരുടെ തലച്ചോറ് ഇങ്ങനെയാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. അത് കൊണ്ട് ഇവർ എന്നെങ്കിലും മാനസാന്തരപ്പെടും എന്നുള്ള നിങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം മറന്നേക്കൂ. ഹാ... എല്ലാം നിങ്ങളുടെ തലേവര എന്നല്ലാതെ എന്ത് പറയാൻ! എല്ലാം ഒളിപ്പിച്ചു വെച്ച് ചെയ്യുന്നവരായത് കൊണ്ട് ഇവരെ കവർട്ട് നാർസിസിസ്റ്റ് എന്ന് പറയുന്നു. ഈ trait കൾ എല്ലാം തുറന്നടിച്ചു കാണിക്കുന്നവരാണ് overt നാർസിസിസ്റ്റ്.
ഇനി നിങ്ങളിലേക്ക് വരാം. നിങ്ങളിൽ സഹാനുഭൂതി, ആർദ്രത തുടങ്ങി മാനുഷികമൂല്യങ്ങൾ എത്രത്തോളമുണ്ടോ അത്രത്തോളം നിങ്ങൾ NPD ഇരയായി കൊണ്ടിരിക്കും. പെട്ടെന്നൊരു ബോധോദയത്തിൽ നിങ്ങൾ ഇവരെ കുറിച്ചു എല്ലാം മനസ്സിലാക്കി അകലാൻ ശ്രമിച്ചാലും ലവ് ബോംബിട്ട് ഇവർ വീണ്ടും നിങ്ങളെ ചതിക്കുഴിയിലാക്കും. ബ്രെയ്ൻ വാഷ് ചെയ്യപ്പെടുന്ന നിങ്ങൾക്ക് ഒരു പക്ഷേ കുറ്റബോധം തോന്നാം 'ഓ ഇവളെ പറ്റിയാണോ ഞാൻ അങ്ങനെ ഒക്കെ ചിന്തിച്ചത്. എന്റെ ചിന്തയായിരുന്നോ തെറ്റ്' എന്നൊക്കെ. ഇങ്ങനെ സ്വയം ഗ്യാസ് ലൈറ്റ്റിംഗ് ചെയ്യാത്ത എൻ.പി.ഡി ഇര ഉണ്ടാകില്ല. ചിലപ്പോൾ നിങ്ങളിലുള്ള എല്ലാ മൂല്യബോധങ്ങളും കൂടി നിങ്ങളെ കൊഞ്ഞനംകുത്തിയേക്കാം. ഒരു വേള ഇവരെപ്പോലെ നെറി കെട്ടവരായി എല്ലാം ഒളിപ്പിച്ചു വെക്കലാണ് സന്തോഷകരമായ ജീവിതത്തിനു ആവശ്യമെന്നു നിങ്ങൾക്ക് തോന്നിപ്പോയേക്കാം. ചിലപ്പോൾ ഒരു വാക്വം ക്ലീനർ പൊടി വലിച്ചെടുക്കുന്ന ശക്തിയോടെ ആഞ്ഞു വലിക്കും ഇവളിലേക്ക്.. നിങ്ങൾ എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെടാൻ തുടങ്ങുമ്പോൾ.. (Hoovering)ഇതിനായി ചിലപ്പോൾ പലരെയും മധ്യസ്ഥതയ്ക്ക് കൊണ്ട് വന്നെന്നിരിക്കും. ശുദ്ധമനസ്ക്കയായി നടിക്കും. കപട വാഗ്ദാനങ്ങൾ നൽകും.
എന്റെ സഹയാത്രികരെ.. നിങ്ങളുടെ വിഷമങ്ങൾ പറഞ്ഞാൽ ഒരാളും മനസ്സിലാക്കണമെന്നില്ല. അത്രയും നൈപുണ്യത്തോടെയാകും ഇവൾ വല നെയ്തിരിക്കുന്നത്. ഇവരോട് നേരിട്ട് പ്രതികരിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ഇപ്പൊ മനസ്സിലായല്ലോ. ചിലപ്പോ ഇവർ തന്നെ ഇരയായി അഭിനയിക്കും. വാദി പ്രതിയാകുന്ന അവസ്ഥ. ഇപ്പൊ നിങ്ങളെ ഉപദ്രവിച്ച ഒരു പാട് പേരുടെ മുഖങ്ങൾ തെളിഞ്ഞു വരുന്നുണ്ടാകുമല്ലേ? ഇവളുടെ പ്രേരണയാൽ നിങ്ങളെ പിഴിഞ്ഞവർ. കുത്തിയവർ. മാപ്പ് കൊടുക്കാം അവർക്കൊക്കെ. നിരുപാധികം. അവർ അങ്ങനെയൊക്കെ പെരുമാറിയതിന്റെ മൂലകാരണം കണ്ടുപിടിക്കാൻ കഴിഞ്ഞല്ലോ അല്ലെ? ഇവളോടും ക്ഷമിക്കാം. നിങ്ങളുടെ മനസ്സ് ലാഘവമാക്കാനും നിങ്ങളുടെ പോസിറ്റിവിറ്റി കൂട്ടാനും ഒക്കെ അത് അത്യാവശ്യമാണ്. പക്ഷേ ഒരു NPD ചെയ്തത് എല്ലാം മറക്കുന്നത് അവനവനോട് തന്നെ ചെയ്യുന്ന ക്രൂരതയാകും. ഇവരോട് സംസാരിക്കുമ്പോളെല്ലാം ഇവരുടെ ഈ വ്യക്തിത്വവൈകല്യത്തെ കുറിച്ച് ഓർമ്മകൾ ഉണ്ടായിരിക്കണം.
നിങ്ങളുടെ മനസ്സെന്ന മഹാസാമ്രാജ്യത്തിലേക്ക് ഇവർക്ക് കടക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും കഴിയാത്ത വിധം ഒരു സങ്കൽപ്പവന്മത്തിൽ കെട്ടുക തന്നെ വേണം. അതേ നിവൃത്തിയുള്ളു. അത് കൊണ്ടും തടയിടാൻ കഴിയുന്നില്ലെങ്കിൽ പൊട്ടിച്ചെറിയണം എല്ലാ ബന്ധനങ്ങളെയും. ഒരു പ്രത്യയ ശാസ്ത്രത്തിനും അതിനു നിങ്ങളെ കുറ്റം പറയാൻ അവകാശമില്ല. കാരണം നിങ്ങളുടെ മനസ്സ് -അതിന്റെ സംരക്ഷണം. അത് നിങ്ങളുടെ മാത്രം അവകാശമാണ്. എന്റെ പ്രിയപ്പെട്ടവരേ.. എനിക്കൊന്നേ പറയാനുള്ളു. ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ ഇവരുടെ NPD കണ്ടെത്തുക. ഇവർ ഒരിക്കലും തയാറാകില്ല. മാറാനും പോകുന്നില്ല. സമ്മതിക്കുകയുമില്ല. എങ്കിലും തിരിച്ചറിവ് നൽകുന്ന ഊർജ്ജം. അത് നിങ്ങളിലെ നിങ്ങളെ ആയാസകരമായി മുന്നോട്ട് കൊണ്ട് പോകും. ഉറപ്പ്. ഇനിയും കൈമോശം വരാത്ത മാനവും സമാധാനവും കൈവെള്ളയിലെടുത്തു അതിരടയാളങ്ങൾ നിശ്ചയിച്ച് ഇവരിൽ നിന്ന് അകലങ്ങളിലേക്ക് പോകാൻ കഴിയട്ടെ നിങ്ങൾക്ക്.. ദൂരേക്ക് ദൂരേക്ക്..