കാലിനിടയിലൂടെ ഇഴഞ്ഞ് എട്ടടി മൂർഖൻ; അറിയാതെ യുവതി– വിഡിയോ

Mail This Article
ഒരുഫോട്ടോ എടുക്കുമ്പോൾ ചിലപ്പോൾ അപ്രതീക്ഷിത അതിഥികൾ ഫ്രെയിമിൽ കയറിവരാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. യാത്രയ്ക്കിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന യുവതിയുടെ അടുത്തേക്ക് ക്ഷണിക്കാത്ത ഒരു അതിഥിയെത്തി. എട്ടടി മുർഖനായിരുന്നു അത്. സിംഗപ്പുരിലെ ബുക്കിറ്റ് ടിമ നേച്ചർ റിസർവിലെ ട്രക്കിങ്ങിനിടെയായിരുന്നു സംഭവം.
നേച്ചർ റിസര്‍വിലെ വഴിയില്‍ ഫോട്ടോ എടുക്കുന്നതിനായി യുവതി നിന്നപ്പോൾ ഉഗ്രവിഷമുള്ള പാമ്പ് അവളുടെ കാലുകൾക്കിടയിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. പക്ഷേ, തന്നെ തേടിയെത്തിയ അപ്രതീക്ഷിത അതിഥിയെ അവൾ കണ്ടില്ലെന്നു മാത്രം. യെഷി ഡെമ എന്ന യുവതിക്കാണ് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത്. യുവതിയുടെ ചിത്രങ്ങളും വിഡിയോയും പകർത്തുന്നതിനിടെ കുറ്റിക്കാട്ടിൽ നിന്ന് മൂർഖൻ പാമ്പ് ഇഴഞ്ഞു വരികയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട വ്യക്തിയാണ് യുവതിയുടെ വിഡിയോ പകർത്തുന്നയാളെ കാര്യം അറിയിച്ചത്. ഉടൻതന്നെ അദ്ദേഹം വിഡിയോ ചിത്രീകരണം അവസാനിപ്പിച്ചതിനാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് വിഡിയോയിൽ പറയുന്നില്ല. അതേസമയം യുവതിക്ക് അപകടമൊന്നും സംഭവിച്ചിട്ടിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാമ്പിന്‍റെ ദേഹത്ത് ചവിട്ടാതെ ഒഴിഞ്ഞുമാറാൻ കഴിഞ്ഞതാണ് വലിയ അപകടത്തിൽ നിന്നും രക്ഷിച്ചതെന്ന് യുവതി പ്രതികരിച്ചു.