10 ഗ്രാം മരക്കഷ്ണത്തിന് 85 ലക്ഷം രൂപ: ലോകത്ത് ഏറ്റവും വിലയേറിയത്: ‘ദൈവങ്ങളുടെ മരം’ ഇന്ത്യയിലും

Mail This Article
ലോകത്ത് വിലപിടുപ്പുള്ള നിരവധി മരങ്ങൾ ഉണ്ട്. അക്കൂട്ടത്തിൽപ്പെടുന്ന ഒന്നാണ്. ‘ദൈവങ്ങളുടെ മരം’ എന്നറിയപ്പെടുന്ന കൈനം (Kynam). അഗർവുഡ് ഇനത്തിൽപ്പെട്ട ഈ മരത്തിന്റെ 10 ഗ്രാം മരക്കഷ്ണം സ്വന്തമാക്കണമെങ്കിൽ 85 ലക്ഷം രൂപ നൽകേണ്ടി വരും. പ്രത്യേകതരം പൂപ്പലാണ് കൈനത്തെ ഇത്രയും വിലപിടിപ്പുള്ളതാക്കി മാറ്റുന്നത്. 600 വർഷം പഴക്കമുള്ള കൈനത്തിന്റെ 16 കിലോവരുന്ന ഒരു മരക്കഷ്ണത്തിന് ലഭിച്ചത് 171 കോടിയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രത്യേകതരം പൂപ്പൽ ബാധിക്കുന്നതോടെ മരത്തിൽ റെസിൻ ഉൽപാദിപ്പിക്കുകയും ഇത് മരത്തെ സുഗന്ധമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. വർഷങ്ങളെടുത്താണ് റെസിൻ ഉൽപാദനം നടക്കുന്നത്. മരത്തിന്റെ ഒരു വശത്ത് മാത്രമേ നടക്കുകയുള്ളൂ. ഇന്ത്യ, ചൈന, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ കൈനം കാണപ്പെടുന്നത്.
ഇന്ത്യയിൽ അസമിലാണ് ഇവയുള്ളത്. വാണിജ്യ ആവശ്യങ്ങൾക്കായാണ് ഇവിടത്തെ കർഷകർ കൈനം കൃഷി ചെയ്യുന്നത്.
കൈനത്തിന് ആവശ്യക്കാർ ഏറെയുള്ളത് ഗൾഫ് രാജ്യങ്ങളിലാണ്. മരത്തിന്റെ ചെറിയ കഷ്ണം പുകച്ച് വീട്ടിൽ സുഗന്ധം പ്രചരിപ്പിക്കുന്നു. കൊറിയയിൽ വൈൻ നിർമാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. ചൈനയിലും ജപ്പാനിലും ആത്മീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു.