വിക്തോര്‍ യൂഗോയുടെ പാവങ്ങള്‍; മലയാള വിവര്‍ത്തനത്തിന്റെ 100–ാം വർഷം ആഘോഷിക്കുമ്പോള്‍

Mail This Article
മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, സ്ത്രീകള്‍ ഭക്ഷണത്തിനു വേണ്ടി എവിടെ വില്‍ക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം വാതില്‍ക്കല്‍ മുട്ടി വിളിച്ചു പറയും: ‘എനിക്ക് വാതില്‍ തുറന്നു തരിക, ഞാന്‍ വന്നത് നിങ്ങളെ കാണാനാണ്.’
- വിക്തോര്‍ യൂഗോ
വിക്തോര്‍ യൂഗോയുടെ 'ലെ മിസറാബ്ലേ'യുടെ മലയാളത്തിലേക്കുള്ള നാലപ്പാട് നാരായണ മേനോന്‍റെ 'പാവങ്ങള്‍' എന്ന വിവര്‍ത്തനത്തിന് ഒരു നൂറ്റാണ്ട് തികയുകയാണ്. മലയാളത്തിലെ കേള്‍വികേട്ട വിവര്‍ത്തനസാഹിത്യപാരമ്പര്യത്തിലെ ഏറ്റവും മികച്ച ഒരേടാണ് ഈ വിവര്‍ത്തനം. മൂന്നു വോള്യങ്ങളായി വിവര്‍ത്തനം ചെയ്ത വലിയ പുസ്തകമായ പാവങ്ങളുടെ അച്ചടിച്ചെലവിന് പ്രസില്‍ സ്വന്തം പുസ്തകങ്ങളെല്ലാം ഈടു നല്‍കിയത് മഹാകവി വള്ളത്തോളാണ്. ഇതു വായിച്ചു കഴിഞ്ഞതിനുശേഷം പാവങ്ങളിലെ കേന്ദ്രകഥാപാത്രങ്ങളിലൊരാളും യേശുവിന്‍റെ നേരായ പ്രതിനിധിയുമായ ഡി യിലെ മെത്രാന് വൈകിട്ട് വിളക്കു കൊളുത്തുമ്പോള്‍ എന്നും ഒരു തിരി നീക്കിവെച്ചിരുന്നതിനെ കുറിച്ച് ദേവകി നിലയങ്ങോട് എഴുതിയിട്ടുണ്ട്. രാമായാണവും മഹാഭാരതവും പോലെ മലയാളി വിളക്കത്തു വെച്ചു വായിച്ച ഒരു കൃതി, അതും വിവര്‍ത്തന കൃതി. പാവങ്ങളുടെ വിവര്‍ത്തനം മലയാളസാഹിത്യത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വഴിവെച്ചു. 'തോട്ടിയുടെ മകനും' 'ഓടയില്‍ നിന്നുമെല്ലാം' അടങ്ങുന്ന മലയാളത്തിലെ റിയലിസ്റ്റ് സാഹിത്യധാര കടപ്പെട്ടിരിക്കുന്നത് ഈ വിവര്‍ത്തനത്തോടാണ്.

നോവലുകളുടെ അമ്മ എന്നു വിശേഷിപ്പിക്കപ്പെട്ട 'ലെ മിസെറാബ്ല'യുടെ മലയാളവിവര്‍ത്തനത്തെ കുറിച്ച് നാലപ്പാട്ട് ഇങ്ങനെ ആമുഖമെഴുതി: “ഹിമാലയ പര്‍വ്വതം, നയാഗരാ നിര്‍ഝരം എന്നിങ്ങനെയുള്ള പ്രകൃതിപ്രഭാവം പോലെ, അപാരവും അവര്‍ണ്ണനീയവുമായ ഒരു മനോധര്‍മ്മ മാഹാത്മ്യമാണ് ഈ വിശിഷ്ടകൃതി. ഇതിനെ എത്രയും പരിമിതമായ എന്‍റെ ഭാഷാജ്ഞാനത്തില്‍ ഒതുക്കിക്കളയാമെന്നാശിച്ച ഞാന്‍ എന്‍റെ സാഹസത്തിന് ഒന്നാമതായി മാപ്പു ചോദിച്ചു കൊള്ളുന്നു. എങ്കിലും എണ്ണമറ്റ ആകാശത്താലും അനേകവിധമായ ഭൂപ്രകൃതിയാലും എന്നെന്നും വരയ്ക്കപ്പെട്ടും വര്‍ണ്ണിക്കപ്പെട്ടുമുള്ള പ്രഭാതത്തെ ആഹ്ളാദ മുഖേന സ്തോത്രം ചെയ്ത് മനുഷ്യന്‍ കൃതാര്‍ഥപ്പെടാറുണ്ടല്ലോ.”
ഇത്രയും തവണ വിവര്‍ത്തനം ചെയ്യപ്പെട്ട മറ്റൊരു പുസ്തകമുണ്ടാകുമോ? 'ബൈബിള്‍', 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ', ഷേക്സ്പിയർ കൃതികൾ തുടങ്ങിയവ പോലും ഇത്രയും തവണ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല! മലയാളത്തില്‍ പാവങ്ങള്‍ക്ക് ഇറങ്ങിയ വിവര്‍ത്തനങ്ങള്‍ക്ക് കണക്കില്ല. മലയാളത്തിലെ ഏതാണ്ടെല്ലാ പ്രസിദ്ധീകരണ സ്ഥാപനങ്ങളും 'പാവങ്ങളുടെ' വിവര്‍ത്തനങ്ങള്‍ പ്രസിദ്ധികരിച്ചു. 'പാവങ്ങളുടെ' മൂലകൃതി ഫ്രഞ്ചുഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് 1862ലാണ്. മലയാളത്തില്‍ 'പാവങ്ങള്‍' വരുന്നത് 1925ലും. 1950കളില്‍ അത് പുനപ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി പതിപ്പുകളിറങ്ങി. പരിഭാഷയുടെ 85–ാം വര്‍ഷമായ 2010ല്‍ വീണ്ടും പുതിയ പതിപ്പിറങ്ങി. 1981 ല്‍ സാഹിത്യ ഭൂഷണം പബ്ലിക്കേഷന്‍സ് കെ. എന്‍. ദാമോദരന്‍ നായര്‍ തയ്യാറാക്കിയ സംക്ഷിപ്ത പുനരാഖ്യാനം പ്രസിദ്ധീകരിച്ചു. ഡോ. കെ. അയ്യപ്പപ്പണിക്കരുടെ നേതൃത്വത്തില്‍ ഡിസി ബുക്സ് മഹച്ചരിതമാലയുടെ ഭാഗമായി പുനരാഖ്യാനം കൊണ്ടു വന്നു. എച്ച്ആന്‍റ്സിയില്‍ നിന്ന് കെ പി ബാലചന്ദ്രന്‍റെയും ലിപിയില്‍ നിന്ന് എന്‍ മൂസക്കുട്ടിയുടെയും എസ്പിസിഎസില്‍ നിന്ന് പി ശരത്ചന്ദ്രന്‍റെയുമെല്ലാം വിവര്‍ത്തനങ്ങള്‍ വന്നു. പത്താംക്ലാസിലെ പാഠപുസ്തകത്തില്‍ നാലപ്പാട്ടിന്‍റെ പാവങ്ങളില്‍ നിന്ന് ഒരു ഭാഗം പഠിക്കാനുമുണ്ട്.
എന്നാല്‍ പാവങ്ങളുടെ അസാമാന്യ വലിപ്പവും ഗരിമയും ക്ലാസിക്ക് പദവിയും കൊണ്ടു തന്നെ മിക്കവാറും ഏതാണ്ടെല്ലാ വിവര്‍ത്തനങ്ങളും സംക്ഷിപ്ത വിവര്‍ത്തനങ്ങളാണ്. നാലപ്പാട്ടിനു ശേഷം പാവങ്ങള്‍ സമ്പൂര്‍ണ്ണമായി വിവര്‍ത്തനം ചെയ്ത വേണു വി. ദേശം എന്നോടു പറഞ്ഞു: “കൗമാരകാലത്തു തന്നെ പാവങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അക്കാലം മുതല്‍ക്കേ അതെന്നെ അലട്ടിക്കൊണ്ടിരുന്നു. കൊസെത്ത് എന്ന ബാലിക അര്‍ദ്ധരാത്രി ഒറ്റയ്ക്ക് വെള്ളം ശേഖരിക്കാന്‍ പോകുന്ന ദൃശ്യം പോലെ പലതും മനസ്സില്‍ ഒട്ടിപ്പിടിച്ച് കിടന്നു. ഇതിഹാസ സമാനമെന്നു പറയാവുന്ന പ്രാമാണ്യം തികഞ്ഞ കൃതി. പുതിയ ഒരു ലോകനീതിയ്ക്കു തന്നെ വഴി വെട്ടിയ കൃതി. ദസ്തയേവ്‌സ്‌കിയുടെ ഒരു ആരാധനാപാത്രമായിരുന്നു യൂഗോ. 1862 ല്‍ പാവങ്ങളുടെ ആദ്യപതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ട സമയത്ത് ദസ്തയേവ്‌സ്‌കി ഫ്രാന്‍സിലുണ്ടായിരുന്നു. ഫ്രഞ്ച് ചരിത്രം പോലെ ചിലത് നാലപ്പാട്ടു തന്നെ തന്‍റെ പരിഭാഷയില്‍ ഒഴിവാക്കിയിട്ടുണ്ട്. അത് തികച്ചും യുക്തവുമാണ്. മൂലകൃതി അതേ പടി ഭാഷാന്തരം ചെയ്യപ്പെടണമെന്ന സിദ്ധാന്തം ചിലപ്പോഴെങ്കിലും മൗലികവാദമായേക്കാം. വിവര്‍ത്തകന്‍റെ വിവേകത്തിനും സമകാലികതയ്ക്കും ചിലതൊക്കെ വിട്ടു കൊടുക്കുന്നതാണ് നല്ലത്. മുമ്പ് ദസ്തയേവ്‌സ്‌കിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്ത അനുഭവമുണ്ടായിരുന്നതിനാല്‍ പാവങ്ങളുടെ വിവര്‍ത്തനം എനിക്ക് ക്ലിഷ്ടമായനുഭവപ്പെട്ടില്ല. നാലപ്പാടിന്‍റെ വിവര്‍ത്തനം എന്‍റെ വിവര്‍ത്തനത്തെ നിശ്ചമായും സ്വാധീനിച്ചിട്ടുണ്ടുതാനും.”

'പാവങ്ങള്‍' നാലപ്പാട്ട് നാരായണമേനോന്‍ വിവര്‍ത്തനം ചെയ്യുന്നതിനു ആറു വര്‍ഷം മുമ്പേ മനോരമയുടെ വിവര്‍ത്തനം ഇറങ്ങിയെന്നതാണ് മറ്റൊരു രസകരമായ കാര്യം. പാവങ്ങളുടെ ആദ്യ സ്വതന്ത്ര മലയാള പരിഭാഷ 'സരസ്വതി' എന്ന പേരില്‍ മലയാള മനോരമ പത്രത്തില്‍ മഷി പുരണ്ടത് 1919 ഒക്ടോബര്‍ നാലു മുതൽ 1922 ജനുവരി മൂന്നു വരെയായിരുന്നു. ആഴ്ചയില്‍ മൂന്നു ദിവസം മാത്രം പത്രമുണ്ടായിരുന്ന അക്കാലത്ത് 2 വര്‍ഷവും 3 മാസവുമെടുത്തു 201 അദ്ധ്യായങ്ങള്‍ പൂര്‍ത്തിയാക്കാന്‍. 1921 ഫെബ്രുവരിയില്‍ 'സരസ്വതി'യുടെ ഒന്നാം ഭാഗം പുസ്തകരൂപത്തിലും മനോരമ പുറത്തിറക്കി. അടുത്ത വര്‍ഷം രണ്ടാം ഭാഗവും. നോവലിന്‍റെ വിവര്‍ത്തനം നിര്‍വ്വഹിച്ചത് മലയാള മനോരമ പത്രാധിപര്‍ കെ. സി. മാമ്മന്‍ മാപ്പിള തന്നെയായിരുന്നെങ്കിലും കഥാപംക്തിയില്‍ പരിഭാഷകന്‍റെ പേര് നല്‍കിയിരുന്നില്ല. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച നോവലിന്‍റെ കഥയെ അനുകരിച്ച് എഴുതിയതാണ് 'സരസ്വതി' എന്ന് ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കഥാപാത്രങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കുമെല്ലാം ഇന്ത്യന്‍ പേരുകളാണ് നല്‍കിയിരിക്കുന്നത്. പാശ്ചാത്യസാഹിത്യവിവർത്തനത്തിൻറെ ഇന്ത്യയിലെ അന്നത്തെ രീതി അതായിരുന്നു. കൊസെത്താണ് 'സരസ്വതി'യായി മാറിയത്. ഒരു നൂറ്റാണ്ടു പഴക്കമുള്ള 'സരസ്വതി'യുടെ അവശേഷിക്കുന്ന പ്രതികളിലൊന്ന് കേരളസാഹിത്യ അക്കാദമിയുടെ ഗവേഷണകേന്ദ്രത്തിലുണ്ട്.
നാലപ്പാട്ടിന്‍റെ 'പാവങ്ങള്‍' വിവര്‍ത്തനത്തെ അധികരിച്ച് കുറ്റിപ്പുഴ കൃഷ്ണപ്പിള്ള ഒരു വലിയ ലേഖനം തന്നെയെഴുതി: “മലയാളഭാഷയ്ക്ക് ഈയ്യിടെ വിവര്‍ത്തനശാഖയില്‍ ഉണ്ടായിട്ടുള്ള എത്രയും മഹത്തായ ഒരു സമ്പത്താണ് പാവങ്ങള്‍ എന്ന പേരില്‍ നാലപ്പാട്ടു നാരായണമേനോന്‍ അവര്‍കള്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള വിശിഷ്ടഗ്രന്ഥം. മൂന്നു വാല്യങ്ങളിലായി 2478 വശങ്ങളുള്ള ഒരു പുസ്തകമാണിതെന്നറിയുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്‍റെ പ്രയത്നം എത്ര വമ്പിച്ചതാകാമെന്ന് വെളിവാകുമല്ലോ. അസാധാരണമായ ക്ഷമയും സ്ഥിരോത്സാഹവും സാമര്‍ത്ഥ്യവും മാതൃഭാഷയോട് അതിരറ്റ അഭിമാനവും ഉള്ള ഒരു സഹൃദയനു മാത്രമേ ഇത്ര മഹത്തായ ഒരു ഉദ്യമത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നുകയുള്ളൂ.”
ലോകമെമ്പാടും വായിക്കപ്പെട്ട കൃതിയാണ് 'പാവങ്ങള്‍'. ഇന്നും വായിക്കപ്പെടുന്ന ഒന്ന്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യദശകത്തിലെ കാലത്തിലൂടെ മനുഷ്യന്‍റെ ആര്‍ദ്രതയും ഭൂതദയയും കാരുണ്യവും യൂഗോ വരച്ചു വെച്ചു. കരുണാമയനായ ഡിയിലെ മെത്രാനും വിശന്നു വലഞ്ഞ അനുജത്തിക്കു വേണ്ടി അപ്പം മോഷ്ടിച്ച് പിടിക്കപ്പെട്ട ഴാങ് വാല്‍ യാങ്ങും സ്ഥിതിസമത്വത്തിനു വേണ്ടി പോരാടിയ മരിയൂസും കൊസെത്തും ഗവ്റോഷും ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. അവരെല്ലാം നമ്മളോട് മനസ്സു മുട്ടിപ്പറയുന്നത് കൂടുതല്‍ മികച്ച മനുഷ്യരാകാനാണ്. മലയാളി മനസ്സില്‍ അതുവരെ സ്പഷ്ടമായും വ്യതിരിക്തമായും പ്രകടിപ്പിക്കപ്പെട്ടിട്ടില്ലാത്ത കരുണ, ആര്‍ദ്രത, ദീനാനുകമ്പ തുടങ്ങിയ വലിയ മൂല്യങ്ങള്‍ ആഴത്തില്‍ നട്ടുപിടിപ്പിക്കാന്‍ പാവങ്ങള്‍ എന്ന വിവര്‍ത്തനകൃതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എവിടെ മനുഷ്യമനസ്സ് നിരാര്‍ദ്രമാകുന്നുവോ അവിടെ ഡിയിലെ മെത്രാന്‍ കയ്യിലുയര്‍ത്തിപ്പിടിച്ച മെഴുകുതിരിക്കാലുകളുമായി വെളിച്ചം പകരുന്നുണ്ട്
'പാവങ്ങള്‍' എന്ന പുസ്തകം എഴുതപ്പെട്ടത് എല്ലാരാജ്യക്കാർക്കും വേണ്ടിയാണെന്ന് വിക്തോര്‍ യൂഗോ ഇറ്റാലിയന്‍ ഭാഷയില്‍ ആ നോവല്‍ പ്രസിദ്ധീകരിച്ച മൊസ്സ്യു ഡെയിലിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട് - "അത് ഇംഗ്ലണ്ടെന്ന പോലെ സ്പെയിനും ഇറ്റലിയെന്ന പോലെ ഫ്രാന്‍സും ജര്‍മ്മനിയെന്ന പോലെ അയര്‍ലണ്ടും അടിമകളുള്ള പ്രജാധിപത്യ രാജ്യം പോലെ അടിയാരുള്ള ചക്രവര്‍ത്തിഭരണ രാജ്യങ്ങളും ഒരേ വിധം കേള്‍ക്കണമെന്ന് വിചാരിച്ച് എഴുതപ്പെട്ട പുസ്തകം. മനുഷ്യജാതിയ്ക്കുള്ള വ്രണങ്ങള്‍ ഭൂപടത്തില്‍ വരയ്ക്കപ്പെട്ട ചുകന്നതോ നീലിച്ചതോ ആയ ഓരോ അതിര്‍ത്തിയടയാളം കണ്ടതുകൊണ്ട് നില്‍ക്കുന്നില്ലല്ലോ." നാലപ്പാട് ഈ പരിഭാഷ നമുക്ക് തന്നില്ലായിരുന്നുവെങ്കില്‍ എത്രയോ ദരിദ്രമായിപ്പോകുമായിരുന്നു മലയാളിയുടെ വായനാലോകവും മനസ്സും!

ഇത്രയധികം വിവര്‍ത്തനങ്ങളും സംക്ഷിപ്തവിവര്‍ത്തനങ്ങളും ചര്‍ച്ചകളും ലോകസാഹിത്യത്തിലും വിവര്‍ത്തന സാഹിത്യത്തിലും ലബ്ധപ്രതിഷ്ഠ നേടിയ ഈ കൃതിയ്ക്കുണ്ടെങ്കിലും ഫ്രഞ്ചു ഭാഷയില്‍ നിന്ന് നേരിട്ട് ആധികാരികവും സമ്പൂര്‍ണ്ണവുമായ ഒരു വിവര്‍ത്തനം ഇപ്പോഴും പാവങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. കാലം മാറി, ലോകം പലവട്ടം മാറി. ഓരോ ക്ലാസിക്ക് കൃതികള്‍ക്കും കാലാനുസൃതമായ പുത്തന്‍ വിവര്‍ത്തനങ്ങളുണ്ടാകുന്നുണ്ട്. മാറുന്ന കാലവും ഭാഷയും ഭാവുകത്വവും രാഷ്ട്രീയവും പുതിയ വിവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സിമോണ്‍ ദി ബുവ്വയുടെ 1949ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'ദ് സെക്കന്‍റ് സെക്സ്' നാല്പത് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും 2011ലും ലണ്ടനിലെ വിന്‍റേജ്, ബുക്സ് ദ് ന്യൂ കപ്ലീറ്റ് ട്രാന്‍സ്ലേഷന്‍ എന്ന ടാഗ് ലൈനോടെ പുതിയ വിവര്‍ത്തനം പ്രസിദ്ധീകരിച്ചു. 'പാവങ്ങളുടെ' ഫ്രഞ്ചില്‍ നിന്നുള്ള നേരിട്ടുള്ള വിവര്‍ത്തനത്തിന് സര്‍ക്കാരിനോ സര്‍ക്കാരിന്‍റെ സാഹിത്യഅക്കാദമി പോലുള്ള സാസ്ക്കാരിക സ്ഥാപനങ്ങള്‍ക്കോ മുന്‍കയ്യെടുത്തു കൂടെ?