ബംഗാളി സാഹിത്യവിവർത്തകർക്കുള്ള ഒരു മംഗളപത്രം, ബംഗാളി എഴുത്തുകാർക്കും

Mail This Article
ആശാപൂർണാദേവിയുടെയും മഹാശ്വേതാദേവിയുടെയും കഥകളുടെ മലയാള വിവർത്തനങ്ങൾ ഒരു പരിശോധനയ്ക്കായി ഈയിടെ വായിക്കേണ്ടി വന്നു. ലീലാ സർക്കാർ വിവർത്തനം ചെയ്ത് നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ പ്രസിദ്ധീകരിച്ചവയാണ് ഈ പുസ്തകങ്ങൾ. തൊണ്ണൂറാം വയസ്സിലും വിവർത്തനം ആവേശമായി കൊണ്ടു നടക്കുന്ന ലീലാ സർക്കാരിനോട് എനിക്ക് വലിയ ആദരവ് തോന്നി. അപ്പോൾ തന്നെ അവരെ വിളിച്ചു സംസാരിക്കുകയും ചെയ്തു.

ഇന്ത്യൻ നവോത്ഥാനത്തിന്റെ സാഹിത്യം
ആശാപൂർണാദേവി തന്റെ പുസ്തകത്തിന്റെ അവതാരികയിൽ എഴുതിയ വാക്കുകളും എന്നെ വന്നു തൊട്ടു. “ഞാന്‍ നൂറ്റമ്പതിലധികം നോവലുകളെഴുതിയിട്ടുണ്ട്. ചെറുകഥകള്‍ ആയിരം. ചെറുകഥയാണെന്‍റെ ആദ്യപ്രേമം. ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെ ഒരു നീണ്ടകാലം ഞാനെഴുതിപ്പോന്നു. ഈ ദീര്‍ഘകാലത്തിനിടയില്‍ വ്യക്തിപരമായ ജീവിതത്തിലെന്ന പോലെ സാമൂഹിക ജീവിതത്തിലും ധാരാളം അട്ടിമറികളും പരിവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. പക്ഷേ എഴുത്ത് ഒരിക്കലും നിര്‍ത്തിയിട്ടില്ല.” നൂറ്റമ്പതിലധികം നോവലുകളും ആയിരം ചെറുകഥകളും! ഒരു മനുഷ്യായുസ്സുകൊണ്ട് എങ്ങനെയാണ് ഇത്രയേറെ എഴുതിത്തീർക്കാനാവുക! പിന്നീടാണ് മനസ്സിലായത്, ബംഗാളിയിൽ ഇതത്ര പുതുമയൊന്നുമല്ല. സുനിൽ ഗംഗോപാധ്യായ എഴുതിയിട്ടുണ്ട് 200 പുസ്തകങ്ങൾ, (35 നോവലുകൾ, ഏഴു കവിതാസമാഹാരങ്ങൾ, രണ്ട് ആത്മകഥ, മൂന്ന് യാത്രാവിവരണം എന്നിവ കൂടാതെ കാക്കാ ബാബു എന്ന കഥാപാത്രം കേന്ദ്രമായുള്ള 36 ബാലനോവലുകൾ! ഇതിനൊക്കെ പുറമെ പത്രപ്രവർത്തനവും സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനവും മറ്റനേകം പ്രവർത്തനങ്ങളും.) രബീന്ദ്രനാഥ ടാഗോറും സത്യജിത് റായ്യും ഒക്കെത്തന്നെ തന്നെ എന്തൊക്കെ എഴുത്തും പ്രവർത്തനങ്ങളും ആണ് നടത്തിയത്! സത്യജിത് റായ് സിനിമ ഒന്നും എടുത്തില്ലായിരുന്നു എങ്കിൽത്തന്നെയും ഫെലുദാ കഥകൾ എഴുതിയ ബാലസാഹിത്യകാരൻ എന്ന നിലയിൽ തന്നെ അനശ്വരപ്രതിഭയാകുമായിരുന്നു!

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകാലത്തെ ബംഗാളിയിലുണ്ടായത് ഒരു നവോത്ഥാനകാല സാഹിത്യമാണ്. നവോത്ഥാനം ഫ്ലോറൻസിലായാലും കൊൽക്കത്തയിലായാലും അസാധാരണപ്രതിഭകളെ സൃഷ്ടിക്കും. ആ ഉത്തരവാദിത്തഭാരവും പേറിയാവണം ഇവരെല്ലാം വിശ്രമമില്ലാതെ എഴുതിക്കൊണ്ടേയിരുന്നത്. മഹാത്മാഗാന്ധി ടാഗോറിനെ ഗുരുദേവ് എന്നു വിളിച്ചത് ഇന്ത്യയുടെ ഈ ദേശീയനവോത്ഥാനത്തിൻറെ ഗുരു ആയതുകൊണ്ടുതന്നെയാണ്. ഇതേ ഗുരുത്വം കൊണ്ടു തന്നെയാണ് ബംഗാളിസാഹിത്യം ഇന്ത്യയാകെയുള്ള മനുഷ്യരുടെ ഭാവനയെ ജ്വലിപ്പിച്ചത്. സാഹിത്യത്തിന്‍റെയും സംഗീതത്തിന്‍റെയും നാടകത്തിന്‍റെയുമെല്ലാം ജനിതകമുദ്രകള്‍ ആഴത്തില്‍ പതിഞ്ഞ ഒരു ജനത ബ്രിട്ടിഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിലും കലയെ ആയുധമാക്കി മാറ്റി. രാജ്യത്തിന്‍റെ യശസ്സു വീണ്ടെടുക്കാനും വൈദേശിക ഭരണത്തിനെതിരെ പ്രതിഷേധം ആളിക്കത്തിക്കാനും സമകാലികചരിത്രത്തെയും ഗതകാലചരിത്രത്തെയും ആസ്പദമാക്കി നോവലുകളെഴുതാന്‍ തുടങ്ങിയത് ബങ്കിംചന്ദ്ര ചാറ്റര്‍ജിയാണ്. വിക്ടോറിയന്‍ കാലഘട്ടത്തിലെ വംഗദേശ മനസ്സിനുണ്ടായിരുന്ന സ്ഥായിവാസനയുടെ പൊള്ളത്തരം അദ്ദേഹം മറ്റാരേക്കാളും മുമ്പേ മനസ്സിലാക്കി. ഇംഗ്ലീഷുകാരുണ്ടാക്കിയ നിയമങ്ങള്‍ക്ക് സമൂഹത്തെ ഒരിക്കലും മാറ്റാനാകില്ലെന്ന വിശ്വാസത്തില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ വീര്യത്തിലൂന്നിയ നോവലുകള്‍ പിറന്നത്. രബീന്ദ്രനാഥ ടാഗോറാകട്ടെ വ്യക്തിയുടെ ദു:ഖവും അതില്‍ നിന്ന് മോചനം നേടാനുള്ള അവന്‍റെ അശ്രാന്തപരിശ്രമവും പ്രധാനവിഷയമാക്കി.
ഏറ്റവും ജനപ്രീതി നേടിയ മറ്റൊരു നോവലിസ്റ്റായിരുന്നു ശരച്ചന്ദ്ര ചതോപാധ്യായ. ബങ്കിം-രബീന്ദ്ര-ശരത് കാലഘട്ടത്തിനു ശേഷം 1930കള്‍ മുതല്‍ 50കള്‍ വരെ താരാശങ്കര്‍, വിഭൂതിഭൂഷണ്‍, മണിക് എന്നീ മൂന്ന് ബന്ദ്യോപാദ്ധ്യായമാര്‍ നയിച്ചു. ലോകത്തിലെ ഏതു ഭാഷാസാഹിത്യത്തോടും കിടപിടിയ്ക്കുന്ന കൃതികളാണ് ഈ കാലത്തുണ്ടായത്. ബംഗാളി സാഹിത്യത്തിൻറെ വിവർത്തനം ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും ബംഗാളിസാഹിത്യം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദി, അസമിയ, ഒഡിയ തുടങ്ങി ബംഗാളിനോടു ചേർന്നു കിടക്കുന്ന ഭാഷകളിലേക്കു പ്രത്യകിച്ചും. ബിമൽ മിത്ര പോലുള്ള പല എഴുത്തുകാരും മാതൃഭാഷപോലെ ഹിന്ദി അറിയുന്നവരായിരുന്നു. ഹിന്ദിയിലേക്ക് ബംഗാളിയിൽ നിന്ന് തത്സമയവിവർത്തനങ്ങൾ ഉണ്ടായി. മാസികകളിൽ പരമ്പരയായി വന്നു, പ്രസാധകർ വിവർത്തനം എന്ന മട്ടിലല്ല, ലിപി മാറ്റിയ സ്വന്തം കൃതികൾ പോലെ ഇവയെല്ലാം പ്രസിദ്ധീകരിച്ചു. പക്ഷേ, മലയാളികൾക്ക് ഈ സാഹിത്യത്തോടുള്ള അതിവൈകാരികമായ അടുപ്പം മറ്റാരിലും കണ്ടിട്ടില്ല.

ബംഗാളി നോവലുകളിലൂടെ നാം കണ്ട കൊല്‍ക്കൊത്തയും ഹൗറാപാലവും കടുകരച്ചു വെച്ച ഹിത്സാമീനും ചീരക്കറിയും ചിത്രപ്പണി ചെയ്ത് ഷോള്‍ഡറിനു താഴെ തുറക്കുന്ന കുര്‍ത്ത ധരിച്ച ആണുങ്ങളും കാലില്‍ കടുംചുവപ്പ് ആല്‍ത്ത പുരട്ടി ചുവപ്പു കരയുള്ള വെള്ളപ്പുടവയുടുത്ത് ശംഖു വളയണിഞ്ഞ നീണ്ട കണ്ണുകളുള്ള പെണ്ണുങ്ങളും മൃണു എന്നും പാരോ എന്നും ഓമനപ്പേരുള്ള പെണ്‍കിടാങ്ങളും നവരാത്രി പൂജയും ശാന്തമായൊഴുകുന്ന ഗംഗയും മലയാളിവായനക്കാരെ പിടിച്ചടക്കി. ബംഗാളി എഴുത്തുകാർക്ക് ഹിന്ദി ജനതയെ നേരിട്ട് അറിയാമായിരുന്നു. മലയാളിയെ അറിയുമായിരുന്നോ എന്ന് സംശയമാണ്. പക്ഷേ, നമുക്ക് മാത്രം ഈ സാഹിത്യം ഇന്നും ഗൃഹാതുമാക്കുന്നതിൽ സമാനമായ രാഷ്ട്രീയവും സംസ്കാരവും പ്രകൃതിയും മാത്രമല്ല, മികച്ച വിവർത്തകരുടെ ആത്മസമർപ്പണവുമുണ്ട്

മലയാളത്തിലേക്കുള്ള ബംഗാളി വിവർത്തനത്തിന്റെ ആദ്യകാലം
കാതറൈന്‍ ഹന്ന മള്ളന്‍സ് എഴുതിയ ഫുല്‍മണി എന്നും കൊരുന എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ യൂറോപ്യന്‍ മിഷണറിയും ബഹുഭാഷാ പണ്ഡിതനുമായിരുന്ന റവ ജോസഫ് പീറ്റ് 1859 ല്‍ വിവര്‍ത്തനം ചെയ്തതോടെയാണ് മലയാളത്തിലേക്ക് ബംഗാളിസാഹിത്യത്തിന്‍റെ പ്രവാഹം ആരംഭിക്കുന്നത്. കോട്ടയം ചര്‍ച്ച് മിഷണറി പ്രസില്‍ നിന്നും പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ പുറംചട്ടയില്‍ "ഇന്ത്യയിലെ സ്ത്രീജനങ്ങള്‍ക്കു പ്രയോജനത്തിനായി ഒരു മദാമ്മാ അവര്‍കള്‍ എഴുതിയ ഇമ്പമായ ചരിത്രങ്ങള്‍" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ മിഷണറി സാഹിത്യപ്രവര്‍ത്തനങ്ങളില്‍ പ്രധാന ഇടം നേടിയ ഈ പുസ്തകം അങ്ങനെ മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായും ബംഗാളി വിവര്‍ത്തന സാഹിത്യത്തിന്‍റെ തുടക്കം കുറിച്ച പുസ്തകമായും വിലയിരുത്തപ്പെട്ടു. കൗതുകകരമെന്നു പറയട്ടെ, ഇതേ പുസ്തകം തന്നെയാണ് ബംഗാളിയിലെ ആദ്യത്തെ നോവലായും പരിഗണിക്കപ്പെടുന്നത്.
1907ല്‍ സി. എസ്. സുബ്രമണ്യന്‍ പോറ്റിയുടെ വിവര്‍ത്തനത്തിലൂടെ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ദുര്‍ഗേശനന്ദിനി മലയാളത്തിലെത്തി. 1909ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ തന്നെ ആനന്ദമഠത്തിനും ചന്ദ്രശേഖരനും മലയാള വിവര്‍ത്തനങ്ങളുണ്ടായി. പാറക്കല്‍ വിശ്വനാഥമേനോനും തേലപ്പുറത്ത് നാരായണന്‍ തമ്പിയുമായിരുന്നു യഥാക്രമം ആ കൃതികളുടെ വിവര്‍ത്തകര്‍. ആ കാലത്ത് ഏറ്റവും കൂടുതല്‍ മലയാളത്തിലേക്ക് വിവര്‍ത്തനങ്ങളുണ്ടായ ഇന്ത്യന്‍ ഭാഷയും ബംഗാളിയാണ്. മൂന്നൂറിലധികം കൃതികള്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ ഇന്നുവരെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളഭാവുകത്വം ഇവയെയെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ബംഗാളി വിവർത്തനങ്ങളുടെ രണ്ടാം വരവ്
കമ്യൂണിസ്റ്റ് രാഷ്ട്രീയബന്ധമാണ് ബംഗാളി നോവലുകളെ വീണ്ടും വരുത്തിയത്. 1960കളില്‍ ജനയുഗമാണ് ബംഗാളി നോവലുകളുടെ വിവര്‍ത്തനങ്ങള്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നത് തുടങ്ങിവെച്ചത്. പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പും മറ്റ് സാഹിത്യമാസികകളും അതേറ്റെടുത്തു. ബിമല്‍മിത്രയുടെ നോവലായ വിലയ്ക്കു വാങ്ങാം (രണ്ടു ഭാഗങ്ങളും) ജനയുഗത്തിലാണ് പ്രസിദ്ധീകരിക്കപ്പട്ടത്. നേരിട്ട് ബംഗാളിയില്‍ നിന്ന് എം. എന്‍. സത്യാര്‍ത്ഥിയാണ് അത് വിവര്‍ത്തനം ചെയ്തത്. ആശാപൂര്‍ണ്ണാദേവിയുടെ നോവല്‍ത്രയമായ പ്രഥമപ്രതിശ്രുതിയും സുവര്‍ണ്ണ ലതയും ബകുളിന്‍റെ കഥയും മാതൃഭൂമിയില്‍ പി. മാധവന്‍ പിള്ള ഹിന്ദിയില്‍ നിന്ന് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. മലയാള നോവലും കഥയും ആധുനികതയുടെ അസ്തിത്വദുഖത്തിൻറെ അന്വേഷണത്തിലായിരുന്ന കാലത്താണ് കമ്യൂണിസ്റ്റുകാർ ബംഗാളി സാഹിത്യം പ്രസിദ്ധീകരിച്ചത് എന്നതും ചിലപ്പോൾ ആകസ്മികമാവില്ല. അക്കാലത്തെ മലയാളത്തിലെ പുരോഗമനസാഹിത്യത്തിൻറെ മാതൃകകളും ഈ ബംഗാളിസാഹിത്യത്തിലാണ് കാണാനാവുക.

സമർപ്പിത വിവർത്തനജീവിതങ്ങൾ
എം. എന്‍. സത്യാര്‍ത്ഥി, രവി വര്‍മ്മ, ലീലാ സര്‍ക്കാർ - ഇവർ മൂവരുമാണ് ഈ കാലത്തെ ബംഗാളി സാഹിത്യം മലയാളത്തിലെത്തിക്കാൻ ജീവിതം ഉഴിഞ്ഞു വച്ചത്. മൂന്നുപേരും ബംഗാളിയില്‍ നിന്ന് നേരിട്ട് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. എം. എന്‍. സത്യാര്‍ത്ഥിക്ക് രാഷ്ട്രീയ ജീവിതത്തിന്‍റെ ഭാഗമായിരുന്നു വിവര്‍ത്തനം. ജന്മനാ വിപ്ലവകാരിയായിരുന്ന സത്യാർത്ഥി ലാഹോറിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന മലയാളിയുടെ മകനായി ജനിച്ചു. അവിടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു തടവിലാക്കപ്പെട്ട അദ്ദേഹം പതിനാറാം വയസ്സില്‍ കൊല്‍ക്കൊത്തയിലെത്തി ഭഗത്സിംഗുമായി പരിചയപ്പെട്ടു. അനുശീലൻ സമിതിയില്‍ പ്രവര്‍ത്തിച്ചു. ബംഗാളിയും ഉറുദുവും ഹിന്ദിയും പഠിച്ചു. നാരായണ്‍ ഗംഗോപാധ്യായയുടെ 'ആകാശക്കൊട്ടാരം', ബിമല്‍ മിത്രയുടെ 'ഇരുപതാം നൂറ്റാണ്ട്', 'വിലയ്ക്കു വാങ്ങാം', 'പൊയ്മുഖങ്ങൾ', 'ബീഗം മേരി ബിശ്വാസ്', സാവിത്രിറോയുടെ 'നെല്ലിന്‍റെ ഗീതം', ശങ്കറിന്റെ 'ചൗരംഗി' തുടങ്ങി നിരവധി ബംഗാളി നോവലുകള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തു.

ജീവിതത്തിലൊരിക്കലും വംഗഭൂമിയിൽ പാദസ്പർശമേല്പിക്കാതിരുന്ന രവിവര്‍മ്മയാകട്ടെ താരാശങ്കര്‍ ബാനര്‍ജിയുടെ 'ഗണദേവത', ബിമല്‍ മിത്രയുടെ 'ചരിത്രത്തില്‍ ഇല്ലാത്തവര്‍', മണിക് ബാനര്‍ജിയുടെ 'പത്മാനദിയിലെ മുക്കുവന്‍', വിഭൂതി ഭൂഷന്‍റെ 'ആദര്‍ശ ഹിന്ദു ഹോട്ടല്‍', 'പഥേര്‍ പാഞ്ചാലി', 'ജനാരാണ്യ', അമലേന്ദു ചക്രവർത്തിയുടെ 'ഗോഷ്ഠബിഹാരിയുടെ കാലക്ഷേപം', സതിനാഥ് ഭാദുരിയുടെ 'ഉറങ്ങാത്ത രാത്രി' തുടങ്ങിയ പ്രധാന നോവലുകള്‍ വിവര്‍ത്തനം ചെയ്തു. ഒരു പത്രത്തിലെ പ്രൂഫ് റീഡറായിരുന്ന അദ്ദേഹം തൃപ്പൂണിത്തുറയിലിരുന്ന് ബംഗാളി പഠിച്ച് അതിശുഷ്കാന്തിയോടെ വിവർത്തനങ്ങൾ ചെയ്തു. ലീലാ സര്‍ക്കാര്‍ വംഗദേശത്തേക്ക് മരുമകളായി പോകുകയും ബംഗാളി പഠിച്ച് മലയാളത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്തു.

തസ്ലീമ നസ്രീന്‍റെ 'ലജ്ജ', ബുദ്ധദേവ ഗുഹയുടെ 'വിന്യാസം', മഹാശ്വേതാദേവിയുടെ 'അമ്മ', ആരണ്യത്തിന്‍റെ 'അധികാരം', 'രുദാലി', 'തപന്‍റെ അമ്മ', 'വംശവൃക്ഷം', സത്യജിത് റായ്യുടെ 'കളവു പോയ യേശു', 'സൊനാര്‍ കെല്ല' തുടങ്ങി നിരവധി പുസ്തകങ്ങള്‍ അവര്‍ മലയാളത്തിലെത്തിച്ചു. വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍, നിലീനാ എബ്രഹാം, എം. പി. കുമാരന്‍, ആർ. നാരായണപ്പണിക്കര്‍, ജി. വിക്രമൻ നായർ തുടങ്ങിയവരെല്ലാം ബംഗാളിയിൽ നിന്നു വിവർത്തനം ചെയ്തവരാണ്. ഇപ്പോൾ സുനിൽ ഞാളിയത്താണ് ബംഗാളിയിൽ നിന്ന് സജീവമായി വിവർത്തനം ചെയ്യുന്നത്.
ആരോഗ്യനികേതനം, പഥേര്‍ പാഞ്ചാലി...
താരാശങ്കര്‍ ബാനര്‍ജി, മണിക് ബാനര്‍ജി, ടാഗോര്‍, വിഭൂതി ഭൂഷണ്‍ ബന്ദോപാദ്ധ്യായ, ശീര്‍ഷേന്ദു മുഖോപാദ്ധ്യായ, ബിമല്‍കര്‍, ബുദ്ധദേവ ഗുഹ, സന്തോഷ് കുമാര്‍ ഘോഷ്, സുനില്‍ ഗംഗോപാദ്ധ്യായ, ബിമല്‍മിത്ര, ആശാപൂര്‍ണ്ണാ ദേവി, ബങ്കിംചന്ദ്രന്‍, ശരചന്ദ്രന്‍ തുടങ്ങിയ ഏതാണ്ടെല്ലാ പ്രമുഖ ബംഗാളി എഴുത്തുകാരുടെ കൃതികളും അങ്ങനെ മലയാളത്തിലെത്തി. മലയാളത്തിന്‍റെ നോവല്‍ സാഹിത്യത്തിന്‍റെ ഭാവുകത്വം മാറ്റിയെഴുതിയ കൃതിയാണ് താരാശങ്കര്‍ ബാനര്‍ജിയുടെ 'ആരോഗ്യനികേതനം'. എറണാകുളത്ത് മഹാരാജാസ് കോളേജിൽ അന്നുണ്ടായിരുന്ന ബംഗാളി വകുപ്പിൽ അധ്യാപികയായിരുന്ന നിലീന എബ്രഹാമിന്‍റെ 'ആരോഗ്യനികേതനം' വിവര്‍ത്തനം 1961ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പിംഗള കേശിനിയായ മൃത്യുവിന്‍റെ വരവ് നാഡി തൊട്ടറിയുന്ന ജീവന്‍ മശായ് എന്ന വൈദ്യന്‍റെ ജീവിതം ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും നല്ല നോവലുകളിലൊന്നായി വിലയിരുത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ദേവീപുരം എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥ ജീവന്‍റെയും മരണത്തിന്‍റെയും പൊരുള്‍ തേടുന്നു. ആധുനികത വിഴുങ്ങുന്ന തദ്ദേശീയ അറിവുകളെ കുറിച്ചുള്ള ആധിയും അതിലുണ്ട്. വിഭൂതി ഭൂഷണിന്‍റെ പഥേര്‍ പാഞ്ചാലിയും ഇതു പോലെ മലയാളത്തെ ആവേശിച്ച നോവലാണ്.

ബംഗാളി സ്ത്രീ എഴുത്തുകാർ
ബംഗാളി സ്ത്രീ എഴുത്തുകാരുടെ കൃതികളുടെ കെട്ടും മട്ടും അതിശക്തമാണ്. ആശാപൂര്‍ണ്ണാദേവി നീണ്ട എഴുപതുവര്‍ഷക്കാലം എഴുതി, പുതുമ ഒട്ടും നഷ്ടപ്പെടാതെ. നാലുചുമരുകള്‍ക്ക് നടുവിലിരുന്ന് അവര്‍ നിശ്ചിന്തമനസ്സോടെ ബംഗാളിലെ മദ്ധ്യവര്‍ഗ്ഗത്തെ കുറിച്ചെഴുതി. സ്ത്രീജീവിതങ്ങളെക്കുറിച്ചും. ആശാപൂര്‍ണ്ണാദേവിയുടെ എഴുത്തുലോകത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് മഹാശ്വേതാദേവിയുടേത്. എന്‍ബിടി തന്നെ പ്രസിദ്ധീകരിച്ച, കഥാകാരി തന്നെ തിരഞ്ഞെടുത്ത മഹാശ്വേതാദേവിയുടെ ചെറുകഥകളില്‍ അവര്‍ എഴുതി: "സാഹിത്യത്തെ വെറും ഭാഷാശൈലി, ആവിഷ്ക്കരണം എന്നിവയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന മാനദണ്ഡം ശരിയല്ല. ചരിത്രത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടതുണ്ട്." ആദിമശക്തിയും ഗോത്രശക്തിയും സ്ത്രീശക്തിയുമെല്ലാം പൊട്ടിത്തെറിക്കുന്ന ദ്രൗപദി, ബായെന്‍ പോലുള്ള കഥകള്‍ ഈ പുസ്തകത്തിലുണ്ട്, ദുരിതങ്ങളുടെ കഥ പറയുന്ന സായാഹ്നപ്രഭാതങ്ങളിലെ അമ്മയും. ഇവരെ കൂടാതെ സാവിത്രി റോയ്, നിരുപമാ ദേവി, സീതാ ചൗധരി, സ്വര്‍ണ്ണ കുമാരീ ദേവി തുടങ്ങിയ എഴുത്തുകാരികളുടെ നോവലുകളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.

എഴുപതുകളുടെ അവസാനവും എൺപതുകളുടെ ആദ്യവും ബിമല്‍ മിത്രയുടെയും സാവിത്രി റോയിയുടെയും കൃതികൾ “രാത്രി വൈകുവോളം പായില്‍ കമിഴ്ന്ന് കിടന്ന് ചിമ്മിനിക്കൂടിന്റെ അരണ്ട വെളിച്ചത്തില്‍ ലഹരിപിടിച്ച് വായിച്ച” തലമുറയിൽപ്പെട്ട ആളല്ല ഞാൻ. “നെല്ലിന്റെ ഗീതത്തിലെ പാര്‍ഥന്‍, തുരുത്തിലെ ഈശു… വിപ്ലവകാരികളായ പാര്‍ഥന്റെയും ഈശുവിന്റെയും പ്രണയത്തിന്റെ ചൂട്...” ഇവയൊന്നും വായിച്ച് ആവേശം കൊണ്ടിട്ടുമില്ല. ഉത്സവപ്പറമ്പിൽ വി. സാംബശിവൻ വിലയ്ക്കു വാങ്ങാം അല്ലെങ്കിൽ ഇരുപതാം നൂറ്റാണ്ട് കഥാപ്രസംഗമായി പറയുന്ന കാലത്തും ഞാൻ ജനിച്ചിട്ടില്ല. എന്റെ മാതാപിതാക്കളുടെ തലമുറയാണ് ഉറക്കപ്പായുമായി ഉത്സവപ്പറമ്പിൽ പോയിരുന്ന്, പിന്നീട് കിടന്ന് ദീപാങ്കുരന്റെ ജീവിതത്തിൽ പിന്നെ എന്തു സംഭവിച്ചു എന്ന് ആലോചിച്ച് ഉറങ്ങിപ്പോയത്. “ലോകം മുഴുവൻ വിലയ്ക്കു വാങ്ങാം, പക്ഷേ, മനുഷ്യജീവൻ, മനുഷ്യജീവൻ - അതു വിലയ്ക്കു വാങ്ങാനാവില്ല” എന്നു പറഞ്ഞ് സാംബശിവൻ കഥ പാടി അവസാനിപ്പിക്കുമ്പോൾ ഉണർന്നെഴുന്നേറ്റിരുന്നത്. പക്ഷേ, അടുത്ത തലമുറയിലെ എന്നെപ്പോലുള്ളവരെപ്പോലും ഈ നോവലുകൾക്കു സ്വാധീനിക്കാനായെങ്കിൽ അവയുടെ വിവർത്തകരുടെ സമർപ്പണം അതിൽ വലിയ പങ്കു വഹിച്ചു.