ADVERTISEMENT

ന്യൂഡൽഹിയിലെ ലെഫ്റ്റ് വേഡ് എന്ന പ്രസാധകർ ഇറക്കിയ 'The East Was Read' എന്ന പുസ്തകത്തിൽ ദീപ ഭസ്തി എഴുതിയ 'My Thamnaiah, His Soviet Books and the Time to Read' എന്ന ലേഖനത്തിൽ പ്രസിദ്ധ റഷ്യൻ - മലയാളം വിവർത്തകരായിരുന്ന ഗോപാലകൃഷ്ണനെയും ഓമനയെയും കുറിച്ച്  ഇങ്ങനെ പറയുന്നു."ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിവർത്തനം ചെയ്തവരിൽ ഓമന അഥവാ ഭാരതി അമ്മയും 'മോസ്കോ' ഗോപാലകൃഷ്ണനും ഉണ്ടാവും. ബാലസാഹിത്യമടക്കം ഇരുനൂറോളം കൃതികൾ വിവർത്തനം ചെയ്ത ഭാര്യാഭർത്താക്കന്മാരാണ് അവർ. ന്യൂഡൽഹിയിലെ സോവിയറ്റ് ഇൻഫർമേഷൻ സെന്ററിലെ ജീവനക്കാരായിരുന്ന അവരെ, 1966ൽ ഒരു മലയാള വിവർത്തന വിഭാഗം തുറന്നപ്പോൾ പ്രോഗ്രസ് പബ്ലിഷേഴ്‌സ് മോസ്കോയിലേക്ക് ക്ഷണിച്ചു. വിവർത്തനപാത സാധാരണയായി റഷ്യൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്കും പിന്നീട് ഒരു ഇന്ത്യൻ ഭാഷയിലേക്കുമായിരുന്നു. ഒരു വിവർത്തനത്തിലൂടെ എല്ലായ്പ്പോഴും നഷ്ടപ്പെടുന്ന പാഠങ്ങളെ ആശ്രയിക്കേണ്ടിവരുന്നതിൽ തൃപ്തരാകാതെ, നേരിട്ടുള്ള വിവർത്തനം നടത്താൻ അവർക്ക് റഷ്യൻ ഭാഷ പഠിപ്പിക്കാൻ ഒരു അദ്ധ്യാപകനെ നിയമിച്ചതായി പറയപ്പെടുന്നു. ഈ വിവർത്തകരിൽ പലരും എഴുത്തുകാരായിരുന്നെങ്കിലും, സോവിയറ്റ് യൂണിയനിലെ അവരുടെ കാലത്തെ അനുഭവങ്ങളെക്കുറിച്ച് അവരിൽ ആരും ഒന്നും എഴുതിയിട്ടില്ല. കഥകൾ പങ്കിടാനുള്ള അവരുടെ വിമുഖത ഒരുപോലുള്ളതും കൗതുകകരവുമാണെങ്കിലും, ഒരുപക്ഷേ അത് വളരെയധികം അത്ഭുതവും ഉണ്ടാക്കേണ്ടതില്ല.“

പ്രസിദ്ധ റഷ്യൻ - മലയാളം വിവർത്തകരായിരുന്ന ഗോപാലകൃഷ്ണനെയും ഓമനയെയും കുട്ടികള്‍ക്കൊപ്പം
പ്രസിദ്ധ റഷ്യൻ - മലയാളം വിവർത്തകരായിരുന്ന ഗോപാലകൃഷ്ണനും ഓമനയും കുട്ടികള്‍ക്കൊപ്പം

എന്തുകൊണ്ടായിരിക്കും സോവിയറ്റ് റഷ്യയിൽ താമസിച്ച് വിവർത്തനം ചെയ്തിരുന്ന ഈ വിവർത്തകരാരും അവരുടെ ഓർമകൾ രേഖപ്പെടുത്തി വയ്ക്കാതിരുന്നത്? ഇരുമ്പുമറയ്ക്കു പിന്നിലുള്ളവ അങ്ങനെ തന്നെ മണ്ണടിയട്ടെ എന്നു കരുതിയിട്ടാവുമോ? അങ്ങനെയാണെങ്കിലും രാഷ്ട്രീയതലങ്ങളുള്ള ഓർമക്കുറിപ്പുകൾ മാത്രമല്ല നമുക്ക് ഇവിടെ നഷ്ടപ്പെട്ടത്. മനോഹരങ്ങളായ രണ്ടു വിവർത്തനജീവിതങ്ങളുടെ അനുഭവക്കുറിപ്പുകൾ കൂടെയാണ്. വേറെ ഒരു രാജ്യത്തുപോയി പാർത്ത്, അവിടത്തെ ഭാഷ  പഠിച്ച്, വിവർത്തനകർമത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മറ്റു വിവർത്തകർ നമുക്ക് ഇല്ലല്ലോ.

മോസ്കോ ഗോപാലകൃഷ്ണനും ഓമനയും

ആലുവാ സ്വദേശിയായ കെ. ഗോപാലകൃഷ്ണന്‍ 1950കളില്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. പിന്നീട് സിപിഐയുടെ സജീവ പ്രവര്‍ത്തകനും. കാലക്രമേണ ഗോപാലകൃഷ്ണന്‍ യുഎസ്എസ്ആര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്‍റെ സോവിയറ്റ് റിവ്യൂ ഡൈജസ്റ്റിന്‍റെ ജോയിന്‍റ് എഡിറ്ററുമായി.

പ്രോഗ്രസ് പബ്ലിഷേഴ്സ് മലയാളവിഭാഗം ആരംഭിക്കുമ്പോഴാണ് ഗോപാലകൃഷ്ണനെയും ഓമനയെയും മോസ്ക്കോയിലേക്ക് രണ്ടു വര്‍ഷത്തെ പ്രോജക്റ്റിനായി ക്ഷണിക്കുന്നത്. അത് ഇരുപത്തിയഞ്ചു വര്‍ഷം നീണ്ടു. ശ്രീകണ്ഠേശ്വരത്തിന്‍റെ ശബ്ദതാരാവലിയും മാധവന്‍ പിള്ളയുടെ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും കയ്യിലെടുത്താണ് താന്‍ റഷ്യയിലേക്ക് യാത്ര തിരിച്ചതെന്ന് കെ ഗോപാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്.  

രണ്ടു കുട്ടികളുമായി ആ വര്‍ഷം തന്നെ മോസ്ക്കോയിലെത്തിയ അവര്‍ ആദ്യമെല്ലാം ഇംഗ്ലീഷില്‍ നിന്ന് മൊഴി മാറ്റുകയും എളുപ്പം തന്നെ റഷ്യന്‍ ഭാഷ പഠിക്കുകയും ചെയ്തു. മരിയ ബുളിയക്കോവ എന്ന ബോള്‍ഷെവിക്കുകാരിയായിരുന്നു അവരെ റഷ്യന്‍ ഭാഷ  പഠിപ്പിച്ചത്. പിന്നീട് റഷ്യനില്‍ നിന്ന് നേരിട്ടായി മൊഴിമാറ്റം.1983ല്‍ പ്രോഗ്രസ് പബ്ലിഷേഴ്സിന് പുതിയൊരു വിഭാഗം കൂടി വന്നു: റാദുഗ, മഴവില്ലെന്നര്‍ത്ഥം. അതിലെ മലയാളത്തിലേക്കുള്ള ഫിക്ഷന്‍റെ മുഴുവന്‍ ചുമതലയും ഓമനയ്ക്ക് കിട്ടി. ഗോപാലകൃഷ്ണനും ഓമനയും മോസ്ക്കോയില്‍ ചിലവഴിച്ച ഇരുപത്തിയഞ്ചു വര്‍ഷം മലയാളത്തിലേക്ക് റഷ്യന്‍ നോവലുകളും നാടോടിക്കഥകളും മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും ലെനിനിന്‍റെയും അടക്കമുള്ള കമ്യുണിസ്റ്റു ക്ലാസിക്കുകളും ഒഴുകി. മലയാള ബാലസാഹിത്യത്തിന്‍റെ സുവര്‍ണ്ണകാലമായി പിന്നീടത് വിലയിരുത്തപ്പെട്ടു.

Book-marumozhi-book

ഗോപാലകൃഷ്ണന്‍ കുട്ടിക്കഥകള്‍ക്കു പുറമേ ഗോര്‍ക്കിയുടെ അമ്മയും ആത്മകഥയും ടോള്‍സ്റ്റോയിയുടെ വാര്‍ ആന്‍റ് പീസും  റീസറക്ഷനും ദസ്തയോവ്സ്ക്കിയുടെ വൈറ്റ് നൈറ്റ്സും കുറ്റവും ശിക്ഷയും ബ്രദേഴ്സ് കാരമസോവും ചെക്കോവിന്‍റെ കൃതികളും വിവര്‍ത്തനം ചെയ്തു. കുട്ടികള്‍ക്കുള്ള അമ്പതിലധികം പുസ്തകങ്ങളും ഗോര്‍ക്കിയുടെ മൈ ചൈല്‍ഡ്ഹുഡ്, കുപ്രീന്‍റെ ഗാര്‍നറ്റുവള, പുഷ്ക്കിന്‍റെ ക്യാപ്റ്റന്‍റെ മകള്‍, ഗോഗോളിന്‍റെ സെന്‍റ് പീറ്റേഴ്സ്‌ബര്‍ഗ് കഥകള്‍, തുര്‍ഗനേവിന്‍റെ പടിവാതില്‍ക്കല്‍, തുടങ്ങിയവയും വിവര്‍ത്തനം ചെയ്ത ഓമനയുടെ അന്നകരിനീനാ വിവര്‍ത്തനം സോവിയറ്റ് തകര്‍ച്ചയെ തുടര്‍ന്ന് കൈമോശം വരികയും നിര്‍ഭാഗ്യവശാല്‍ പ്രസിദ്ധീകരിക്കപ്പെടാതെ പോകുകയും ചെയ്തു. വിവര്‍ത്തനങ്ങള്‍ക്ക് പുറമേ റഷ്യന്‍ ഭാഷാശൈലികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ചുള്ള നിരവധി ലേഖനങ്ങളും ഓമന എഴുതി. 1991 ല്‍ യുഎസ്‌എസ്‌ആര്‍ ചിതറിപ്പോകുകയും പ്രോഗ്രസ് പബ്ലിഷേഴ്സ് അടച്ചുപൂട്ടുകയും ചെയ്തു. പതിയെപ്പതിയെ റഷ്യയില്‍ നിന്നുള്ള പുസ്തകങ്ങളുടെ ഒഴുക്കും നിലച്ചു. 2003ല്‍ ഓമന വിടവാങ്ങി. 2011ല്‍ മരിക്കുന്നതു വരെ ഗോപാലകൃഷ്ണന് അദ്ദേഹത്തിന്‍റെ സംഭാവനകളെ പരിഗണിച്ച് റഷ്യന്‍ സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കിയിരുന്നു.

ചുക്കിന്‍റെയും ഗെക്കിന്‍റെയും കൂടെ റഷ്യയിലെ വിശാലമായ തുന്ദ്രാപ്രദേശത്ത് അച്ഛനെയും കൂട്ടി ക്രിസ്തുമസ് ആഘോഷിക്കാന്‍ മലയാളിക്കുട്ടികളെ കൊണ്ടു പോയ,ഒരു വിദൂരസ്ഥലി അത്രമേല്‍ പരിചിതമാക്കിയ, സോവിയറ്റ് നാടിന്‍റെ വീഴ്ചയില്‍ മലയാളിക്കുട്ടികളില്‍ ആഴത്തിലുള്ള നോവ് പരത്തിയ ഗോപാലകൃഷ്ണനും ഓമനയും അവരുടെ സംഭാവനയുടെ പേരില്‍ വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടുണ്ടോ? അവരുടെ പേരില്‍ ഒരു വിവര്‍ത്തനപുരസ്ക്കാരം ഏര്‍പ്പെടുത്തേണ്ട കടമ നമ്മുടെ സര്‍ക്കാരിനും അക്കാദമിക്കും സാസ്ക്കാരിക വകുപ്പിനുമില്ലേ? റഷ്യന്‍ കള്‍ച്ചറല്‍ സെന്‍ററിനെങ്കിലും?

സോവിയറ്റ് വിവർത്തന കാലം 

അമേരിക്കൻ സ്വപ്നം കാണാതെ, സോവിയറ്റ് എന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്നു കരുതിയ ഒരു തലമുറയെ സൃഷ്ടിച്ചതിൽ സോവിയറ്റ് യൂണിയനിൽ നിന്ന് വിവർത്തനം ചെയ്ത് അച്ചടിച്ച് വിതരണം ചെയ്ത പുസ്തകങ്ങൾക്ക് വലിയ പങ്കുണ്ട്. ഷാങ്ഹായ് മുതൽ ക്യൂബ വരെയുള്ള തെക്കൻ നാടുകളിലേക്ക് സോവിയറ്റ് സാഹിത്യം തദ്ദേശഭാഷകളിലേക്ക് വിവർത്തനം ചെയ്ത് അച്ചടിച്ച്, 1950കളിലെ ശീതയുദ്ധകാലത്തു തുടങ്ങി 1991ൽ സോവിയറ്റ് യൂണിയൻ തകർന്നു വീഴുന്നതുവരെ അയച്ചു. അമേരിക്കൻ ഇൻഫർമേഷൻ സർവീസും മറ്റും ഇക്കാലത്ത് നടത്തിയ പ്രസിദ്ധീകരണങ്ങൾ ഈ മത്സരത്തിൽ തോല്ക്കുകയാണുണ്ടായത്. 

പഴയൊരു ലോകത്തിന്‍റെ ഓര്‍മകള്‍ ഉണര്‍ത്തുന്നവയാണ് ഈ പുസ്തകങ്ങള്‍. ഒരു നവലോകപ്രതീക്ഷയുടെ മണമുയരുന്ന വിദൂരദേശ സ്വപ്നങ്ങളുടേതായിരുന്നു ആ കാലം. ഈ സ്വപ്നങ്ങളുടെ ചിറകില്‍ വിദൂരദേശത്തേക്കു പോയി വേറൊരു ലോകത്തിന്‍റെ ഭാഷയും സംസ്കാരവും പഠിച്ച്, അവിടെ ജീവിച്ച്, മലയാളത്തിലേക്ക് വിവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതും ഇന്ന് പഴയൊരു ലോകത്തിന്‍റെ സങ്കല്പത്തില്‍ മാത്രം സാധ്യമാവുന്ന ഒന്നായിരിക്കുന്നു. വെയിലാറാടുന്ന മലനാട്ടില്‍ നിന്ന് മഞ്ഞുപെയ്യുന്ന മോസ്കോയില്‍ പോയി പാര്‍ത്ത് വിവര്‍ത്തനം ജീവിതമാക്കിയ രണ്ട് പേരാണ് ഗോപാലകൃഷ്ണനും ഓമനയും... 

ഇന്ത്യ മുഴുവന്‍ മാത്രമല്ല, മൂന്നാംലോകമാകെയുമുള്ള ഭാഷകളിലെ വിവര്‍ത്തകര്‍ മോസ്കോയില്‍ താമസിച്ച് വിദൂരദേശങ്ങളിലെ തങ്ങളുടെ മൊഴികളിലേക്ക് സോവിയറ്റ് നാടുകളിലെ കഥകള്‍ ഋഷിമാരുടേതുപോലുള്ള ഒരു തപസ്യപോലെ മൊഴിമാറ്റം ചെയ്തു ദൂരെദൂരേയ്ക്കയച്ചു. എല്ലാ രാജ്യങ്ങളിലെയും വിവര്‍ത്തകര്‍ ഒരു കൂരയ്ക്കുകീഴിലിരുന്ന് ലോകമെമ്പാടുമുള്ള ഭാഷകളിലേക്ക് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നത് എന്തു മനോഹരമായ ഒരു കാഴ്ചയായിരുന്നിരിക്കണം.

റഷ്യൻ വിപ്ലവത്തിനു തൊട്ടുപിന്നാലെ അവിടെ വന്ന ഒരു ആശയമായിരുന്നു ലോകസാഹിത്യം റഷ്യയിലേക്കും റഷ്യൻ സാഹിത്യം ലോകഭാഷകളിലേക്കും ഇവയൊക്കെയും സോവിയറ്റ് യൂണിയനിലെ മറ്റു ഭാഷകളിലേക്കും വിവർത്തനം ചെയ്യാനുമുള്ള ഒരു പ്രസാധനസ്ഥാപനം എന്നത്. മാക്സിം ഗോർക്കി ആയിരുന്നു ഈ ആശയത്തിൻറെ പിന്നിലെ പ്രധാന ശക്തി. വിപ്ലവാനന്തര റഷ്യയിലെ സാഹചര്യത്തിലെ സാമ്പത്തികമടക്കമുള്ള പരിമിതികളാൽ ഇതു നടക്കാതെ പോയി. ലോകസാഹിത്യം കുറേയേറെ  റഷ്യനിലേക്കു വിവർത്തനം ചെയ്തുവെങ്കിലും അവയൊക്കെ അച്ചടിക്കപ്പെടാതെ കെട്ടിക്കിടന്നു. 1963ലാണ് പ്രോഗ്രസ് പബ്ലിഷേഴ്സ് ആരംഭിക്കുന്നത്.

dostoevsky-tolstoy
ടോള്‍സ്റ്റോയി, ദസ്തയോവ്സ്കി Image Credit: Wikimedia Commons

1931ൽ ആരംഭിച്ച പബ്ലിഷിംഗ് കോഓപ്പറേറ്റീവ് ഓഫ് ഫോറിൻ വർക്കേഴ്സ് ആണ് പല തവണ പേരു മാറി ഒടുവിൽ പ്രോഗ്രസ് പബ്ലിഷേഴ്സ് ആവുന്നത്. 1938ൽ ഇതിൻറെ പേര് പബ്ലിഷിംഗ് ഹൗസ് ഓഫ് ലിറ്ററേച്ചർ ഇൻ ഫോറിൻ ലാങ്വേജസ് എന്ന് ആക്കിയിരുന്നു. 1931ൽ തന്നെ പത്തു ഭാഷകളിൽ പ്രസിദ്ധീകരണം ആരംഭിച്ച ഈ പ്രസാധനശാല 1950കളിലാണ് ഇന്ത്യൻ ഭാഷകളിൽ (ഹിന്ദി, ഉറുദു, തമിഴ്, തെലുങ്ക്, ബംഗാളി) പ്രസിദ്ധീകരണം ആരംഭിച്ചത്. അറുപതുകളോടെ കിഴക്കൻ രാജ്യങ്ങളിലെ ഭാഷകളിലെ പ്രസിദ്ധീകരണം ഇരട്ടിയായി - 15ൽ നിന്ന് 28ലേക്ക്. 1980 ആയപ്പോഴേക്കും ഇംഗ്ലീഷിനെക്കാളും ഇന്ത്യൻ ഭാഷകളിൽ പുസ്തകം ഇറങ്ങാൻ തുടങ്ങി.

ആദ്യകാലംമുതൽ തന്നെ കോളണികളായിരുന്ന തെക്കേ അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ് വായനക്കാർക്ക് പുസ്തകങ്ങൾ അച്ചടിച്ചിരുന്നു. 1991ൽ പ്രോഗ്രസ് പബ്ലിഷേഴ്സ് പൂട്ടുമ്പോൾ പ്രതിവർഷം 2000 പുതിയ പുസ്തകങ്ങൾ മൂന്നുകോടി കോപ്പികൾ അച്ചടിക്കുന്ന വൻ പ്രസാധനശാലയായിരുന്നു അത്. പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ സാഹിത്യം ഏറ്റവും കൂടുതൽ ഹിന്ദിയിലേക്കു വിവർത്തനം ചെയ്ത മദൻ ലാൽ മധു (1925- 2014) അടക്കമുള്ള വിവർത്തകർ ഇതിനായി പ്രവർത്തിച്ചു.

വിദേശഭാഷകളിൽ നിന്ന് റഷ്യനിലേക്ക് വിവർത്തനം ചെയ്ത കൃതികളും പ്രോഗ്രസ് പ്രസിദ്ധീകരിച്ചിരുന്നു. സാഹിത്യം പ്രോഗ്രസ് പബ്ലിഷേഴ്സിൻറെ ഒരു പ്രധാനപ്രസിദ്ധീകരണ ഇനമായി മാറുന്നത് പിന്നീടാണ്. അതുവരെ രാഷ്ട്രീയം, മാർക്സിസ്റ്റ് ക്ലാസിക്കുകൾ എന്നിവയ്ക്കായിരുന്നു പ്രാധാന്യം. 1981 ആയപ്പോഴേക്കും 404 സാഹിത്യകൃതികൾ പ്രോഗ്രസിൻറെ ലിസ്റ്റിൽ ഉണ്ടായി്രുന്നു. അവ കൂട്ടിച്ചേർത്ത് 1982ൽ റാദുഗ (മഴവില്ല്) എന്ന പേരിൽ പുതിയ ഒരു ഇംപ്രിൻറ് ആരംഭിച്ചു. അതോടെ സാഹിത്യം കുറച്ചുകൂടെ സ്വതന്ത്രമായ എഡിറ്റോറിയൽ തീരുമാനത്തോടെ പ്രിസിദ്ധീകരിക്കാനാരംഭിച്ചു. ചിംഗിസ് ഐത്മത്തോവിൻറെ നോവലുകളും മറ്റും പുറത്തേക്കു വരുന്നത് റാദുഗയിലൂടയാണ്. മിർ ആയിരുന്നു വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന മറ്റൊരു പ്രസാധനശാല, ശാസ്ത്രവും സാങ്കേതികവിദ്യയും ആയിരുന്നു മിറിന്റെ പ്രസിദ്ധീകരണ മേഖല. 

ആന്റൺ ചെക്കോവ്, Image Credit: AF-Archive-Alamy-Stock-Photo
ആന്റൺ ചെക്കോവ്, Image Credit: AF-Archive-Alamy-Stock-Photo

എൻ. ധർമരാജൻ ആണ് തമിഴിലേക്ക് 60 പുസ്തകങ്ങൾ തർജമ ചെയ്തത്. മോസ്കോയിലെ അപാർട്ട്മെൻറുകളിൽ താമസിച്ചാണ് ഇവർ ഈ കൃതികൾ തർജമ ചെയ്തത്. ഇവരിൽ പലരുടെയും മക്കൾ റഷ്യയിൽ നിന്ന് മടങ്ങിയില്ല.

മലയാളിക്കുട്ടികളുടെ സോവിയറ്റ് കാലം 

1960കള്‍ മുതല്‍ 1980കള്‍ വരെ മൂന്നു തലമുറയിലെ മലയാളിക്കുട്ടികളുടെ ഭാവനയിലും ഭാഷയിലും ചിന്തകളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയവയാണ് പ്രഭാത് ബുക്സിലൂടെ വിതരണം ചെയ്യപ്പെട്ട റഷ്യന്‍ കുട്ടിക്കഥകള്‍. സോവിയറ്റ് നാട്ടിലെ കുട്ടിക്കഥകളുടെ സമാഹാരമായ രത്നമലയിലെ പ്രസാധകക്കുറിപ്പ് തുടങ്ങുന്നതിങ്ങനെ: സോവിയറ്റ് യൂണിയന്‍ ഒരു വലിയ രാജ്യമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. വിദൂരപൂര്‍വ്വദേശത്തുള്ള ഖബറോവ്സ്ക്കില്‍ പ്രഭാതം പൊട്ടിവിരിയുമ്പോള്‍ പടിഞ്ഞാറുള്ള മിന്‍സ്ക്കിനോടും കീവിനോടും അസ്തമന സൂര്യന്‍ വിടപറയുകയായിരിക്കും. യക്കൂത്തിയയില്‍ ഹിമക്കാറ്റ് വീശിക്കൊണ്ടിരിക്കുമ്പോള്‍ താഷ്ക്കന്‍റില്‍ പനിനീര്‍പ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കും. കരിങ്കടല്‍ തീരത്തെ മണല്‍ത്തിട്ടകളില്‍ കിടന്ന് ആളുകള്‍ വെയില്‍ കായും. (കോടാലിക്കഞ്ഞി,തവളരാജകുമാരി തുടങ്ങിയ പ്രശസ്തമായ നാടോടിക്കഥകള്‍ ഇതിലുള്ളതാണ്.)

അനേകം ജനതകള്‍ അധിവസിക്കുന്ന മഹാരാജ്യം. ഓരോ ജനതയ്ക്കും അവരവരവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളും സ്വന്തം ഭാഷയും. ഉസ്ബെക്ക് ഭാഷയും റഷ്യന്‍ ഭാഷയും തമ്മില്‍  അറബിയും ഇംഗ്ലീഷും തമ്മില്‍ പോലുമുള്ള സാമ്യമില്ലത്രേ. ചുക്ചികളും നെനെത്സുക്കളും ബെലോറഷ്യക്കാരും ഉക്രേനിയക്കാരും ലിത്വാനിയക്കാരും... ഈ മഴവില്‍വര്‍ണ്ണങ്ങളെയെല്ലാം കൂട്ടിക്കെട്ടിയ ആ മഹാരാജ്യം നമ്മളെയെല്ലാം കൊതിപ്പിച്ചു. ആപ്പിള്‍ക്കവിളുകളുള്ള കുട്ടികളും മഞ്ഞും ഹിമക്കരടിയും ബിര്‍ച്ച് മരങ്ങളും സ്റ്റെപ്പികളും തുന്ദ്രാ പ്രദേശവും തയ്ഗക്കാടുകളും ആകാശം തുളക്കുന്ന വര്‍ണ്ണമിനാരങ്ങളുള്ള കൊട്ടാര   ്ങ്ങളും മായാലോകവും ഇഗോര്‍ യെര്‍ഷോവ്, ക്സേനിയ യെര്‍ഷോവ് തുടങ്ങിയവര്‍ വരച്ച് ഗംഭീര  ചിത്രങ്ങളിലൂടെ നമ്മെ മാടിമാടി വിളിച്ചു. 

സോവിയറ്റ് പുസ്തകങ്ങള്‍ മലയാളിക്കുട്ടികളില്‍ നിറച്ച ആശയങ്ങളുടെ ആഴം  അളക്കാവുന്നതല്ല. മഴവില്‍ സംസ്ക്കാരങ്ങള്‍, അതിന്‍റെ വൈവിദ്ധ്യം, സ്ഥിതിസമത്വം, വ്യക്തിസ്വാതന്ത്ര്യം... അതിനെല്ലാം വഴിയൊരുക്കിയ വിവർത്തകർ തീർച്ചയായും ഓർമിക്കപ്പെടണം.

English Summary:

The Untold Story of Moscow Gopalakrishnan and Omana: Translators Who Shaped Malayalam Literature

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com