'നക്ഷത്രം പൊട്ടിത്തെറിക്കുന്നത് നഗ്ന നേത്രങ്ങളാൽ കാണാം!'; 80 വർഷത്തിലൊരിക്കലുള്ള കാഴ്ച, പ്രവചനങ്ങൾ സത്യമാകുമോ?

Mail This Article
നോർത്തേൺ ക്രൗൺ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയലിസ് (ടി സിആർബി) എന്ന നക്ഷത്രം പൊട്ടിത്തെറിക്കാൻ പോകുന്നു. പാരിസ് ഒബ്സർവേറ്ററിയിലെ ജീൻ ഷ്നൈഡർ മുൻകാല സ്ഫോടന തീയതികളും ബൈനറി സിസ്റ്റത്തിന്റെ ഓർബിറ്റൽ എഫെമെറിസും സംയോജിപ്പിച്ച് സ്ഫോടനത്തിന്റെ സാധ്യമായ തീയതികൾ പ്രവചിച്ചിരുന്നു. ഈ ആഴ്ച സംഭവിച്ചില്ലെങ്കിൽ പിന്നെ നവംബർ 10, അല്ലെങ്കിൽ ജൂൺ 25നും ആണ് പ്രവചിച്ചിരിക്കുന്ന തീയതികൾ.
ഭൂമിയിൽ നിന്ന് 3,000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയാലിസ് (ടി സിആർബി) എന്ന ബൈനറി സ്റ്റാർ സിസ്റ്റത്തിൽ, ഓരോ 79 വർഷത്തിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മങ്ങിയ നക്ഷത്രമായ ടി കൊറോണ ബോറിയാലിസ് (ടി സിആർബി) ആകാശത്ത് പൊടുന്നനെ വെട്ടിത്തിളങ്ങുന്നതും ക്രമേണ മങ്ങുന്നതും (മാസങ്ങൾകൊണ്ട്) പ്രകാശം കുറഞ്ഞു കുറഞ്ഞ് പഴയ അവസ്ഥയിലെത്തുന്ന നോവയായി കാണാനാകും. ഈ സ്ഫോടനം കാണുകയും അത് 3,000 പ്രകാശവർഷം അകലെയാണെന്ന് അറിയുകയും ചെയ്താൽ, അതിനർഥം സംഭവം നടന്നിരിക്കുന്നത് ഏകദേശഴം 3,000 വർഷങ്ങൾക്ക് മുൻപാണെന്നുള്ളതാണ്.
ഈ അപൂർവ സംഭവം ശാസ്ത്രജ്ഞർക്കും നക്ഷത്രനിരീക്ഷകർക്കും ഒരുപോലെ ആവേശം പകരുന്നു. ടി സിആർബിയുടെ സ്ഫോടനം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നത്ര ശക്തമായിരിക്കും എന്നതാണ് ഇതിനെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നത്.
ചരിത്രത്തിൽ 1866, 1946 എന്നീ വർഷങ്ങളിൽ സമാനമായ സ്ഫോടനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, 2025ലെ ഈ സംഭവം പുതിയ തലമുറയ്ക്ക് ഒരു അവിസ്മരണീയ അനുഭവമായിരിക്കും, കൂടാതെ ബൈനറി നക്ഷത്രവ്യവസ്ഥകളെക്കുറിച്ചുള്ള നമ്മുടെ ഗവേഷണത്തിന് പുതിയ വെളിച്ചം നൽകുകയും ചെയ്യും.