പ്രപഞ്ചത്തിൽ ഉടൻ സംഭവിക്കുന്ന സൂപ്പർനോവ! വിസ്ഫോടനം നടക്കുക ഭീമൻ നക്ഷത്രത്തിൽ

Mail This Article
അതീവ പിണ്ഡമുള്ള നക്ഷത്രങ്ങൾ തങ്ങളുടെ ജീവിതകാലയളവിന്റെ അവസാനം സൂപ്പർനോവ വിസ്ഫോടനത്തിനു വിധേയമാകും. ഇത്തരത്തിൽ ഒരു സൂപ്പർനോവ വിസ്ഫോടനം സമീപകാലയളവിൽ പ്രപഞ്ചത്തിൽ സംഭവിക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഡബ്ല്യുഒഎച്ച് ജി64 എന്ന നക്ഷത്രമാണ് ഇത്തരത്തിൽ സൂപ്പർനോവയ്ക്ക് വിധേയമാകുക. 1000 കോടി വർഷങ്ങളിൽ സൂര്യൻ പുറത്തുവിടുന്ന ഊർജം ഒറ്റയടിക്കു പുറത്തുവിട്ടുകൊണ്ടാണു സൂപ്പർനോവ പൊട്ടിത്തെറിക്കുന്നത്.
നമുക്കറിയാവുന്ന നക്ഷത്രങ്ങളിൽ ഏറ്റവും വലുപ്പമുള്ള ഒരു നക്ഷത്രമാണു ഡബ്ല്യുഒഎച്ച് ജി64. ചുവന്ന അതിഭീമൻ (റെഡ് സൂപ്പർജയന്റ്) എന്ന വിഭാഗത്തിൽപെടുത്താവുന്ന നക്ഷത്രം ആണിത്. ലാർജ് മെഗല്ലനിക് ക്ലൗഡ് എന്ന മേഖലയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ക്ഷീപരപഥത്തിന്റെ ഒരു അനുബന്ധ നക്ഷത്രസംവിധാനമാണ് ഇത്. ഈ മേഖലയിലെ ഏറ്റവും തണുപ്പൻ നക്ഷത്രങ്ങളിലൊന്നും ഇതുതന്നെ. ഒരു കട്ടി വാതപടലം ഇതിനെ ചുറ്റി സ്ഥിതി ചെയ്യുന്നുണ്ട് പ്രകാശത്തിന് ഈ നക്ഷത്രത്തിൽനിന്നും പുറപ്പെട്ട് വാതകഘടന കടന്നു മുന്നോട്ടുപോകണമെങ്കിൽ ഏകദേശം ഒരു വർഷം വേണ്ടിവരും.
എത്രത്തോളം ബൃഹത്തായതാണ് ഈ നക്ഷത്രമെന്നത് ഈയൊരൊറ്റ സവിശേഷത കൊണ്ട് തന്നെ മനസ്സിലാക്കാം. 1970ൽ ബെങ്കറ്റ് വെസ്റ്റർലണ്ട്, ഒലാൻഡർ, ഹെഡിൻ എന്നീ ശാസ്ത്രജ്ഞരാണ് ഈ നക്ഷത്രം കണ്ടെത്തിയത്. ഈ നക്ഷത്രം കുറേക്കാലമായി മങ്ങിയ അവസ്ഥയിലാണ്. അവസാനമായി ടെലിസ്കോപ്പുകളുടെ സഹായമില്ലാതെ ആകാശത്തു നേരിട്ടുകണ്ട സൂപ്പർനോവ വിസ്ഫോടനം 1604ൽ ആണ് സംഭവിച്ചത്. ക്ഷീരപഥത്തിലെ ഒപിയൂക്കസ് താരാപഥത്തിലാണ് ഇതു സംഭവിച്ചത്. കെപ്ലേഴ്സ് സൂപ്പർനോവ എന്ന പേരിൽ ഈ വിസ്ഫോടനം അറിയപ്പെടുന്നു.