ADVERTISEMENT

ഒച്ചയടയുന്നതിനെ ഭീതിയോടെ കണ്ട കവിയും മനുഷ്യനുമായിരുന്നു കടമ്മനിട്ട. ഉച്ചത്തിലുച്ചത്തിലാകട്ടെ നിൻമൊഴി എന്നാണ് കൃഷ്ണയോടു പോലും കടമ്മനിട്ടയിലെ കവിയും കാമുകനും പ്രേരിപ്പിച്ചത്. പരാതി പറയുമ്പോൾ പോലും. ഒച്ച ഉയരുന്നതനുസരിച്ച് കേൾവിയുടെ ആഴവും പരപ്പും കൂടുമെന്ന് കവി വിശ്വസിച്ചിരിക്കണം. ആഴത്തിൽ ഉൾക്കൊള്ളാമെന്നും. തന്റെ ഏതെങ്കിലും കവിത ഇഷ്ടമാണെന്നു പറയുന്ന സഹൃദയനോട് രണ്ടു വരി ചൊല്ലാമോ എന്നദ്ദേഹം സ്നേഹത്തോടെ ചോദിക്കുമായിരുന്നു. പാടിക്കേൾക്കുമ്പോൾ അവാച്യമായ ആനന്ദം അനുഭവിച്ചിരുന്നു. അതിലും വലിയ ഹർഷോൻമാദം തൊണ്ടി പൊട്ടി പാടി കവി കേരളീയർക്ക് നൽകി. മലയാളികൾക്ക് അതുവരെയും അതിനുശേഷവും അറിയാത്ത തനതായ അനുഭവമണ്ഡലം സമ്മാനിച്ചു. കടമ്മനിട്ടയെ അനുസ്മരിച്ചും അല്ലാതെയും മറ്റു പല കവികളും ഉച്ചത്തിൽ കവിത ചൊല്ലി. സംഗീത സാന്ദ്രത ചിലരെ അനുഗ്രഹിച്ചു. 

ലോല വികാരങ്ങളിൽ മൃദുവായി സ്പർശിച്ച് കാൽപനികതയുടെ ഓളം വിടർത്തി, മറ്റു ചിലരും കുറച്ചൊക്കെ ജനപ്രിയരായി. എന്നാൽ കടമ്മനിട്ടക്കാരന്റെ ഗോത്രവീര്യം അവർക്കാർക്കും അവകാശപ്പെടാനായില്ല. കാവിനെ തോറ്റിയുണർത്തുന്ന, നാടിനെ പടയണിക്കളത്തിലേക്ക് വിളിച്ചുണർത്തുന്ന, ഉഗ്രമൂർത്തികളെ പോലും പ്രസാദിപ്പിക്കുന്ന ആദിമ വീറ് സ്വന്തമാക്കാനായില്ല. കാട്ടാളൻ എന്ന കവിത ആദ്യമായി ചൊല്ലിക്കേട്ടപ്പോൾ ഒ.വി.വിജയൻ അനുഭവിച്ച ആദിരൂപ സാന്നിധ്യം. അത് കടമ്മനിട്ടയിൽ തുടങ്ങി കടമ്മനിട്ടയിൽ അവസാനിച്ചു. തുടർച്ച ഇല്ലാതെ. തുടർച്ച വേണ്ടാതെ. അനുകരിക്കാനാവാത്ത ഭൗമ സൂചിക പോലെ. അപൂർവവും പിൻതുടർച്ചകളും ഇല്ലാത്ത വംശനാശം വന്ന നാടൻ വിത്ത് പോലെ. എന്നാൽ, ഉയർന്നുയർന്നുപോയ അതേ വായ്ത്താരി കടമ്മനിട്ട എന്ന കവിക്ക് പിൽക്കാലത്ത് ശാപമായോ എന്നുകൂടി സംശയിക്കണം. കടമ്മനിട്ടയുടെ കവിതയെ ഭൂരിപക്ഷം മലയാളികളും കേട്ടുമാത്രം അറിഞ്ഞെങ്കിലും  വായിച്ചറിയാത്തതും കാരണമാണ്. ഇന്നും വായിച്ചറിയുന്നുമില്ല. ഐതിഹ്യമായി, മിത്തായി മാഞ്ഞുപോകേണ്ട‌തല്ല കവി; കവിതയും.

വൃത്തത്തിൽ കുടുങ്ങിക്കിടന്ന കവിതയ്ക്ക് എതിരായ പ്രക്ഷോഭം കൂടിയായിരുന്നു അധുനികത. ആധുനിക ജീവിതത്തിന്റെ സങ്കീർണതയെ ഉൾക്കൊള്ളാൻ വൃത്തത്തിനു കഴിയില്ലെന്നു കൂടി ബോധ്യപ്പെടുത്തിയാണ് ആധുനികത, കവിതയെ ഏതു രൂപവും ആവാഹിക്കുന്ന വെള്ളം പോലെ അയത്ന ലളിതവും അലസ സുന്ദരവുമാക്കിയത്. എന്നാൽ, ആധുനികതയിലും ഉത്തരാധുനികതയിലും നല്ല മലയാളത്തിൽ വൃത്തം നഷ്ടപ്പെടുത്താതെ തന്നെ സുഗതകുമാരി ഹൃദയസ്പ്ർശിയായി കവിതയുടെ ഒഴുക്ക് കാത്തു. ആധുനികതയുടെ കൊടി തങ്ങളുടെ കയ്യിൽ ഭദ്രമാണെന്നു തെളിയിച്ച സച്ചിദാനന്ദനും അയ്യപ്പപ്പണിക്കരും വൃത്തം പാടേ ഉപേക്ഷിച്ചുമില്ല. രണ്ടും രീതിയിലും രണ്ടും കെട്ട രീതിയിലും അവർ കവിത എഴുതി അ്ഭുതപ്പെടുത്തി. ഇവർക്കിടയിൽ കടമ്മനിട്ടയ്ക്ക് സ്വന്തമായ അസ്തിത്വം ഉണ്ടായിരുന്നു. എന്നാൽ, ആ ശബ്ദത്തിൽ ഭ്രമിച്ച മലയാളി ശബ്ദത്തിനപ്പുറം കവിതയുടെ കാമ്പ് മൗനവായനയിൽ തേടിയില്ല.

kadammanitta-raamakrishnan
കടമ്മനിട്ട

ഞാനിവിടെയാണ്, ഈ വെറും മർത്ത്യന്റെ വൃത്തഭംഗങ്ങളിൽ, ഇക്കൊടും നോവിൻ കരാള സംഗങ്ങളിൽ എന്നെഴുതിയിട്ടും കേട്ടല്ലാതെ വായിച്ച് ഉൾക്കൊള്ളാൻ കടമ്മനിട്ടയുടെ കവിത ബാക്കിയാണ്. മലയാളം നന്നായറിയാത്ത പുതുതലമുറ ആ ദൗത്യം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാനാവുമോ.

യൗവ്വനത്തിന്റെ കവി എന്ന് കടമ്മനിട്ടയെ വിശേഷിപ്പിച്ചത് കെ. ബാലകൃഷ്ണനാണ്. യൗവ്വനം അകന്നുമറഞ്ഞതോടെ കവിതയുടെ ഉറവ വറ്റിയിരുന്നു കടമ്മനിട്ടയിൽ. അദ്ദേഹം ശ്രമിക്കാതിരുന്നിട്ടില്ല. വിഷയങ്ങൾ കുറവായിരുന്നില്ല. എന്നാൽ അന്തഃപ്രേരണ എങ്ങനെയോ അകന്നുനിന്നു. മനസ്സിന്റെ മരുഭൂമിയിൽ കഷ്ടപ്പെട്ട് നട്ട്, വളവും വെള്ളവും നൽകി വളർത്തിയെടുക്കേണ്ടതാണ് കവിത എന്നദ്ദേഹത്തിനു തോന്നിയില്ല. അതിനുള്ള ക്ഷമയോ സാവകാശമോ പുലർത്തിയുമില്ല. എഴുതിയ കവിതകൾ ചൊല്ലിപ്പാടി കവി കവിയിൽ തന്നെ ജീവിച്ചു. മരിച്ചു. പുനർജനിച്ചു.

ചൊല്ലുന്നതിന്റെ ആകർഷണീയതയും കവിതയുടെ മേൻമയും തമ്മിൽ ബന്ധമില്ല: കടമ്മനിട്ട പറയുന്നു. കവിത ചൊല്ലിക്കേൾക്കുമ്പോൾ ആസ്വാദനം പൂർണമാവുന്നില്ല. ആരംഭം മാത്രമാണത്. അവിടെ നിന്ന് ആസ്വാദകർ അവരുടേതായ നിലയിൽ പിന്നീടുള്ള തലങ്ങളിലേക്ക് കടക്കും. അതിനു വഴി തുറക്കുകയാണ് ചൊല്ലൽ. ചൊല്ലാനുള്ള കവിതയും ചൊല്ലാനല്ലാത്ത കവിതയും എന്ന രണ്ടില്ല. നല്ല കവിതയും ചീത്ത കവിതയും മാത്രമേയുള്ളൂ. കവിത നല്ലതാണെങ്കിൽ നിലനിൽക്കും... 

English Summary:

Kadamanitta: The Voice That Shaped Malayalam Poetry

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com