ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

സ്നേഹവും പാപവും തേഞ്ഞുതേഞ്ഞില്ലാതാവുന്ന വർഷങ്ങൾ, അനന്തമായ കാലത്തിന്റെ അനാസക്തി. ഒ.വി. വിജയൻ ഇല്ലാതെ കഴിഞ്ഞുപോയ രണ്ടു പതിറ്റാണ്ടുകളും അതേ. അതിനു മുമ്പുള്ള അനന്ത വർഷങ്ങൾ. ഇനി വരാനിരിക്കുന്നവയോ ?
ഇതിഹാസം തന്നെ മറിച്ചുനോക്കാം.

khasakinte-thihasam-vijayan

നേർത്ത മുന കൊണ്ട് കുറിച്ച നേർത്ത സുഭഗമായ കയ്യൊപ്പ്. രവി പേനയെടുത്ത് അതിന്റെ ചോടേ സ്വന്തം ഒപ്പ് കുറിച്ചുനോക്കി. ആ ഒപ്പിൽ താൽപര്യമില്ലാത്തതുപോലെ തോന്നി. ആർക്കും കത്തെഴുതാറില്ല. കയ്യൊപ്പിന്റെ ഉപയോഗം അങ്ങനെ കുറഞ്ഞുകുറഞ്ഞു വരുകയാണ്. കുറേക്കഴിയുമ്പോൾ പ്രയോഗഹീനമായ അവയവത്തെപ്പോലെ അത് ഓർമയിൽ നിന്ന് മായും. പിന്നെ അവശേഷിക്കുക പെരുവിരലിന്റെ ചുഴികൾ മാത്രമാവും. ഞാനെന്ന ഭാവം അവയിൽ കുടികൊള്ളും. കാലം ചെല്ലുമ്പോൾ അവയും തേഞ്ഞുപോകും. പരിണമിയ്ക്കും.

38 വയസ്സുള്ളപ്പോഴാണ് ഒ.വി.വിജയൻ കാലത്തിന്റെ അനാസക്തിയെക്കുറിച്ച് എഴുതിയത്. സ്നേഹവും പാപവും തേഞ്ഞുതേഞ്ഞില്ലാതാവുന്ന വർഷങ്ങളെക്കുറിച്ചും. ഇരുപതോളം വർഷങ്ങൾക്കുശേഷം 'ഗുരുസാഗര'ത്തിൽ കാലത്തിന്റെ അനന്തത കൂറേക്കൂടി പ്രകടമാകുന്നു. പാപം തേഞ്ഞുതേഞ്ഞ് ഇല്ലാതാകുന്നുണ്ടെങ്കിലും സ്നേഹം പ്രതീക്ഷയാകുന്നു. വാഗ്ദാനമാവുന്നു. നിരർഥങ്ങൾക്കിടയിൽ അർഥപൂർണിമയാവുന്നത്
ബന്ധങ്ങളിലെ അനാസക്തി തന്നെയാണ്.

ഞാനെന്ന ഭാവം പൂർണമായി ഇല്ലാതാകുന്നു. തേഞ്ഞുപോവുന്നു. പരിണമിക്കുന്നു.
ഖസാക്ക് മലയാളം കീഴടക്കിയ കാലത്തുതന്നെ ഖസാക്കിന്റെ സവിശേഷമായ ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് അസഹിഷ്ണുതയോടെയാണ് വിജയൻ പ്രതികരിച്ചിട്ടുള്ളത്.

OV-Vijayan
ഒ.വി.വിജയൻ

കരിമ്പനകളിൽ കാറ്റ് പിടിക്കുന്നതിനെക്കുറിച്ച് വാചാലനായില്ല. ചെതലിയുടെ മിനാരങ്ങളെക്കറിച്ച് അതിശയോക്തിയോടെ ഓതിയില്ല. സംക്രാന്തി രാത്രികളിൽ, സാമ്പ്രാണിയുടെ സുഖഗന്ധത്തിൽ, ശ്രാദ്ധം കൊള്ളാനിറങ്ങുന്ന ഖസാക്കിന്റെ പിതൃക്കളെ അനുസ്മരിച്ചില്ല. ജീവിതമെഴുതാൻ, ജീവിതാവസ്ഥയുടെ നിഷ്ഫല ആവർത്തനങ്ങൾ കുറിക്കാൻ, സ്നേഹവും പാപവും പോലെ വിരുദ്ധ വികാരങ്ങൾ സമ്മേളിക്കുന്നതിനെക്കുറിച്ചെഴുതാൻ ഖസാക്ക് ഒരു ഭൂമികയായെന്നു മാത്രം.

ഖസാക്ക് അല്ല പ്രമേയം. കൂമൻകാവോ അറബിക്കുളമോ അല്ല. പനമ്പട്ടകളോ മിന്നാമിനുങ്ങുകളോ അല്ല.
ഈശ്വരാ, ഒന്നുമറിയരുത്. ഉറങ്ങിയാൽ മതി.ജൻമത്തിൽ നിന്നു ജൻമത്തിലേക്ക് തല ചായ്ക്കുക.കാടായി, നിഴലായി, മണ്ണായി, ആകാശമായി വിശ്രമം കൊള്ളുക. അറിവിന്റെ കണ്ണുകൾ പതുക്കെ മൂടി.
വിദേശത്തു പോയി ഗവേഷണം തുടരുന്നതിനെക്കുറിച്ച് പത്മ ഓർമിപ്പിക്കുമ്പോൾ രവി മറുപടിക്ക് ആലോചിക്കുന്നില്ല.

എന്തു ഗവേഷണം എന്നാണ് ചോദിക്കുന്നത്. അറിവിന്റെ കണ്ണുകൾ മൂടിയായിരുന്നു രവിയുടെ യാത്രകൾ.
കാലത്തിനൊപ്പം കുതിച്ച കുഞ്ഞുണ്ണിയുടെ മനസ്സിൽ പാപമോ പ്രതികാരമോ ഓളങ്ങളുണ്ടാക്കുന്നില്ല.
കല്യാണിയുടെ വേദന അറിയാൻ പിതൃത്വം എന്ന അവകാശവും വേണ്ട. കുഞ്ഞാമിന തന്നെയല്ലേ കല്യാണി.
പേരുകൾക്ക് എന്ത് പ്രസക്തിയാണുള്ളത്. വേദന. നിരാശ്രയത്വം. നിഷ്ഫലത.
അനന്തരാശിയിൽ നിന്ന് ഏതോ സാന്ദ്രതയുടെ കിനിവുകൾ നിദ്രയിലിറ്റു വീഴുന്നു. അവ സ്നാനപ്പെടുത്തുന്നു.

ov-vijayan
ഒ.വി.വിജയൻ

യൗവ്വനത്തിന്റെ തീഷ്ണതയിൽ തന്നെ ബോധത്തിൽ ഉറഞ്ഞുകട്ടിയായ നിരാസക്തി തന്നെയാണ് ഖസാക്കിലും ഗുരുസാഗരത്തിലും തലമുറകളിലും പ്രവാചകന്റെ വഴിയിലുമെല്ലാം ശുഭ്രതടാകത്തിന്റെ അടിത്തട്ട് പോലെ തെളിയുന്നത്. ഖസാക്ക് വഴിയമ്പലം മാത്രം. കൂമൻകാവ് അങ്ങാടിയും.
പിരിയുന്നതിനു മുമ്പുള്ള രാത്രി.
മാധവൻ നായർ തിരിഞ്ഞുനോക്കിയില്ല. മേടു കയറുമ്പോൾ ഒന്നു തിരിച്ചു ചെന്നെങ്കിലെന്ന് അയാളോർത്തു.

അയാൾ നടുപ്പറമ്പത്തെത്തി. ഇനിയും വേണമെങ്കിൽ തിരിച്ചുചെല്ലാം. രാത്രിയിലെപ്പോൾ വേണമെങ്കിലും ചെന്നു വിളിച്ചുണർത്താം. ഇത്തിരിനേരം കൂടി വർത്തമാനം പറ‍ഞ്ഞിരിക്കാം. പിന്നെ യാത്ര പറയാം. പിന്നെയും വേണമെങ്കിൽ തിരിച്ചുചെല്ലാം....
ആരും കൂട് പറ്റാത്ത യാത്രയുടെ ദുരന്താവർത്തനങ്ങൾ. അതിൽക്കൂടുതൽ...?

khasak-book

വിജയൻ ഉറച്ച ശബ്ദത്തിൽ അടിവരയിട്ടു പറഞ്ഞതും അതു തന്നെ.ഖസാക്കിൽ വ്യാമുഗ്ധരാകാതിരിക്കുക. എന്നാൽ, കാലം അത്രമേൽ നിസ്സംഗമായി അദ്ദേഹത്തോട് യാത്ര പറഞ്ഞില്ല. പിൽക്കാലം ഖസാക്ക് എന്ന സ്ഥലനാമം സവിശേഷമായി അടയാളപ്പെടുത്തപ്പെട്ടു. കാലം ബാക്കിവച്ചതിനെ സംരക്ഷിച്ചു. തീർഥയാത്രാ സംഘങ്ങൾ അവിടെക്കൂടിയും കടന്നുപോയി. അവർ നിരാസക്തരല്ലായിരുന്നു. കാലത്തിന്റെ അനന്തമായ സ്ഥലരാശിയേക്കാളും സുനിശ്ഛിതമായ ഖസാക്കിന്റെ ബാഹ്യപ്രകൃതിയാണവരെ കീഴ്പ്പെടുത്തിയത്. അവരും ഇനി വരാനിരിക്കുന്നവരും.
ആ ചിരിയിൽ നിസ്സഹായതയായിരുന്നോ ? ജ‍ന്മപരമ്പരകളുടെ ദുഃഖമായിരുന്നോ ? അല്ല, അന്തിവെളിച്ചത്തിൽ, കടലോരത്തെ ഹതാശമായ കാത്തുനിൽപ്പിന്റെ ഉന്മാദമായിരുന്നോ ?

ഖസാക്ക് കണ്ടവരും കാണാത്തവരും എന്നൊരു വിവേചനമില്ല. വായിച്ചവരും വായിക്കാത്തവരും എന്ന തിരിച്ചറിവ് മാത്രം. വായിക്കാതെ, ഗവേഷണം നടത്താതെ, വീണ്ടും വീണ്ടും തിരിച്ചുപോകാതെയും ആ ജ്ഞാനം ഉൾക്കൊള്ളാം. അവർ ഭാഗ്യമുള്ളവർ. അവർക്ക് വേദനയുടെ കാരമുള്ള് വീണ്ടും വീണ്ടും ചവിട്ടേണ്ടതില്ല. ഭൂരിപക്ഷം അങ്ങനെയല്ല. അവർ വീണ്ടും വായിക്കട്ടെ ഒ.വി.വിജയനെ. 

English Summary:

Remembering O V Vijayan And Khasakkinte Ithihasam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com