അന്ന് കണ്ണിലുടക്കിയത് സ്കോർപ്പിയോ; വർഷങ്ങൾക്കിപ്പുറം സ്വന്തമാക്കിയത് അതിലും വലുത്

Mail This Article
ചെറുപ്പത്തിൽ, തന്നെ അത്രയേറെ മോഹിപ്പിച്ച മറ്റൊരു കാർ ഇല്ല. സ്വന്തമാക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു. എന്നാൽ അന്നതിന് സാധിച്ചില്ല. ആ കാറായിരുന്നു സ്കോർപ്പിയോ. പക്ഷെ സ്കോർപ്പിയോ കയ്യിൽ വന്നില്ലെങ്കിലെന്താ മഹീന്ദ്രയുടെ പുത്തൻ മോഡൽ എക്സ്ഇവി 9 സ്വന്തമാക്കിയല്ലോ.
പഴയൊരു സിനിമയിലെ സന്ദർഭത്തെ ആസ്പദമാക്കി വർഷങ്ങൾക്കിപ്പുറം പുതിയൊരു സിനിമ. ബ്രില്യൻസെന്ന വാക്കിന് ഉത്തമ ഉദാഹരണം. പുതിയ വർഷത്തിലെ ബ്ലോക്ബസ്റ്റർ സിനിമയായ രേഖാചിത്രത്തിന്റെ സംവിധായകനായ ജോഫിൻ ടി ചാക്കോയെ എങ്ങനെ മറക്കും. ജോഫിന് സിനിമ മാത്രമല്ല കാറുകളും ഇഷ്ടമാണ്. ആ ഇഷ്ടം തന്നെയാണ് മഹീന്ദ്രയുടെ പുതുപുത്തൻ ഇലക്ട്രിക് വാഹനത്തിലേക്കും എത്തിച്ചത്. തിരക്കുകൾക്കിടയിലും പുതിയ കാർ വാങ്ങിയതിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ജോഫിൻ ടി ചാക്കോ.

∙ പുത്തൻ വാഹനം മഹീന്ദ്ര എക്സ്ഇവി 9
തികച്ചും യാദൃശ്ചികമായാണ് മഹീന്ദ്ര എക്സ്ഇവി 9 ലേക്ക് എത്തുന്നത്. ഈ വാഹനം മാത്രമേ എടുക്കുള്ളൂ എന്നൊന്നും മനസ്സിലുണ്ടായിരുന്നില്ല. ആദ്യം ഒന്നു രണ്ടു വാഹനങ്ങൾ നോക്കിയിരുന്നു. പക്ഷെ ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോൾ ഈ ഇലക്ട്രിക് കാർ എനിക്കിഷ്ടപ്പെട്ടു. പിന്നെ ബഡ്ജറ്റും പ്രധാന ഘടകമാണല്ലോ. സത്യം പറഞ്ഞാൽ ഞാൻ കാറെടുക്കാൻ പ്ലാൻ ചെയ്ത സമയത്ത് തന്നെയാണ് മഹീന്ദ്ര പുതിയ കാർ ഇറക്കിയത്. എന്റെ മനസ്സിലുണ്ടായിരുന്ന ഒരു ബഡ്ജറ്റിൽ അത്യാവശ്യം നല്ല ഫീച്ചറുകളോടെയാണ് ഈ ഇലക്ട്രിക് കാറിന്റെ വരവ്. സത്യസന്ധമായി പറഞ്ഞാൽ ഈ വണ്ടിയെ പറ്റി ഞാൻ ആദ്യം കേട്ടിട്ടില്ല. നേരത്തെ പറഞ്ഞത് പോലെ ഫീച്ചേഴ്സ് നല്ലതാണെന്ന് തോന്നി.
∙ കാറിലേക്ക് ആകർഷിച്ച ഘടകം? ഇഷ്ടപ്പെട്ട കളർ തന്നെയാണോ കിട്ടിയത്?
അങ്ങനെ പ്രത്യേകം ഒരു ഘടകം എന്നു പറയാനില്ല. പക്ഷെ ഒരുപാട് വിലകൂടിയ പ്രീമിയം വാഹനങ്ങളിൽ കാണുന്ന ഫീച്ചേർസ് ഇവി 9 ൽ കണ്ടു. മാത്രമല്ല കൈയിലൊതുങ്ങുന്ന വിലയിൽ വണ്ടി കിട്ടുക എന്നു പറയുന്നതും നല്ല കാര്യമല്ലേ. അതുകൊണ്ടു കൂടിയാണ് ഞാൻ ഈ കാർ തിരഞ്ഞെടുത്തത്. യാത്ര സുഖത്തിനും സുരക്ഷയ്ക്കും മുൻഗണന കൊടുക്കുന്ന ആളു കൂടിയാണ് ഞാൻ. പ്രത്യേകിച്ച് കുടുംബവുമായി യാത്ര പോകുന്നതു കൊണ്ടുതന്ന സേഫ്റ്റിയിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്തില്ല. കളറിന്റെ കാര്യത്തിൽ അങ്ങനെയൊന്നുമില്ല. വൈഫാണ് കാറിന്റെ കളർ തിരഞ്ഞെടുത്തത്. ഡെസേർട്ട് മിസ്റ്റ് ആണ് കളർ.

∙ മഹീന്ദ്രയോട് പ്രത്യേക ഇഷ്ടമുണ്ടോ? ഇലക്ട്രിക് വാഹനത്തിലേക്ക് വരാൻ കാരണം?
പണ്ട് മഹീന്ദ്രയുടെ സ്കോർപ്പിയോ എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. അന്ന് സ്കോർപ്പിയോ താരമായിരുന്നല്ലോ. സിനിമകളിലും ഈ കാർ ഉപയോഗിച്ചിരുന്നു. അപ്പോൾ ഇതൊക്കെ കണ്ട് സ്കോർപ്പിയോ ട്രെൻഡ് ആയ സമയത്ത് എടുക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ പറ്റിയില്ല. പിന്നെ മഹീന്ദ്രയുടെ തന്നെ ഥാർ ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ടുണ്ട്, പക്ഷെ അത് എന്റെ ടേസ്റ്റിന് പറ്റിയ വണ്ടി ആയിരുന്നില്ല. എന്നാൽ ഇപ്പോൾ മഹീന്ദ്രയുടെ വണ്ടി എടുക്കണമെന്ന് ചിന്തിച്ചിട്ട് എടുത്തതുമല്ല. അതിലേക്ക് എത്തിപ്പെട്ടതാണ്.
ഇലക്ട്രിക് വാഹനം എന്ന കാര്യം ഞാൻ ചിന്തിച്ചിട്ടേയില്ല എന്നതാണ് സത്യം. യാദൃശ്ചികമായി എത്തിയതാണ്. മറ്റ് കാറുകൾ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിന്റെ കൂട്ടത്തിൽ മഹീന്ദ്രയുടെയും ടെസ്റ്റ് ഡ്രൈവ് ചെയ്തതാണ്. അങ്ങനെ കാർ എനിക്ക് ഇഷ്ടപ്പെട്ടു. ഇലക്ട്രിക് ആണെന്നതിനെക്കാട്ടും എന്നെ ആകർഷിച്ചത് അതിന്റെ ഫീച്ചേഴ്സ് തന്നെ ആണ്. അല്ലാതെ ഇലക്ട്രിക്കിലേക്ക് ഇപ്പോൾ മാറണമെന്ന് ചിന്തിച്ചിട്ടേയില്ല.
∙ ഡ്രീം കാർ ഏതാണ്?
ലെക്സസ്. ലെക്സസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇതായിരുന്നു എന്റെ മനസ്സിൽ. പക്ഷെ അതിനോട് സമാനമായ കുറെ ഫീച്ചേർസ് ഇവി 9 ൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഈ വണ്ടി എടുത്തത്. പക്ഷെ ഭാവിയിൽ ലെക്സസ് എടുക്കണമെന്നാണ് ആഗ്രഹം. എടുക്കും.

∙ ആദ്യത്തെ വാഹനം ഏതാണ് ? കാറിനോടല്ലാതെ മറ്റ് വാഹനങ്ങളോട് ക്രേസ് ഉണ്ടോ?
ആദ്യ വാഹനം എന്നു പറയുമ്പോൾ ഹ്യുണ്ടേയ്‌യുടെ ഗെറ്റ്സ് ആണ്. പിന്നെ ചെറുപ്പത്തിൽ തന്നെ വണ്ടി ഓടിക്കാൻ അറിയാമായിരുന്നു. ഡ്രൈവിങ് ലൈസൻസ് എടുക്കാനും അധികം കാത്തുനിന്നില്ല. 18 വയസ് ആയ സമയത്ത് തന്നെ ലൈസൻസും എടുത്തു. മറ്റ് വാഹനങ്ങളോട് ക്രേസ് ഉണ്ടോ എന്ന് ചോദിച്ചാൽ , എനിക്കൊരു ക്ലാസിക് ഉണ്ട്. വീട്ടിൽ തന്നെ ഉണ്ട്. പക്ഷെ കുറച്ച് വർഷങ്ങളായി ടു വീലറിൽ യാത്ര ചെയ്യാറേയില്ല. കംഫേർട്ട്, റോഡിന്റെ അവസ്ഥ, ക്ലൈമറ്റ് എല്ലാം കൊണ്ടും കാറിലേക്ക് മാറി.
∙ വണ്ടിഭ്രാന്തനാണോ?
വണ്ടിഭ്രാന്തനല്ല. ഒരു വണ്ടി എന്തായാലും വേണം. നമ്മുടെ ആവശ്യങ്ങൾക്ക് കൊണ്ടു നടക്കാൻ പറ്റുന്ന ഒരു വണ്ടി. എനിക്കും ഫാമിലികും കംഫേർട്ട് ആയിട്ട് പോകാൻ പറ്റുന്ന വണ്ടി. അതൊക്കെയാണ് എന്റെ മുൻഗണന.
∙ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നതാണോ ഇഷ്ടം?
ഒരിക്കലുമല്ല. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകുന്നതിനേക്കാളും ഫാമിലിയായിട്ട് പോകുന്നതാണ് ഇഷ്ടം. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വണ്ടിയുമായി കൂടുതൽ പറയാനുള്ളത്. പണ്ട് തൊട്ടെ കാർ യൂസ് ചെയ്യുന്ന ആളാണ് ഞാൻ. ഓരോ സിനിമയുടെ കഥ പറയാനും മറ്റും പോകുന്നതൊക്കെ കൂടുതലും കാറിലാണ്. തുടക്കസമയങ്ങളിൽ സിനിമയുടെ കഥ പറച്ചിലിന് പോകുന്ന സമയത്ത് നമ്മൾ കൂടുതൽ വെയിറ്റ് ചെയ്യേണ്ടി വരുമല്ലോ. അപ്പോൾ കാറിലാണ് വെയ്റ്റ് ചെയ്യുന്നത്. അതായത് യാത്രയേക്കാൾ കൂടുതൽ മണിക്കൂറുകൾചിലവഴിക്കുന്നത് കാറിലാണ്. ഞാനും കാറും തമ്മിലുള്ള അറ്റാച്മെന്റ് അങ്ങനെയാണ്.
∙ ഡ്രീം ഡെസ്റ്റിനേഷൻ എവിടെയാണ്?
അങ്ങനെ വലുതായൊന്നും മനസ്സിലില്ല. എന്നാലും ഒരു ചെന്നൈ ട്രിപ്പാണ് പ്ലാൻ ചെയ്യുന്നത്. പിന്നെ അധികം ദൂര യാത്രകൾ കാറിൽ പോകുന്ന ആളല്ല ഞാൻ. ദൂര യാത്ര ചെയ്യേണ്ടി വന്നാൽ കൂടുതലും മറ്റ് മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. യാത്രകളിൽ അധികം റിസ്ക് എടുക്കാറില്ല. ഫാമിലിയായി ചെറിയ ചെറിയ ട്രിപ്പുകൾ പോകാറുണ്ട് അപ്പോഴും ഞാൻ സേഫ്റ്റിയാണ് കൂടുതലും നോക്കുന്നത്. സുഹൃത്തുക്കളുമായി യാത്രകൾ പോകാറുണ്ട്. ബുള്ളറ്റിൽ ഗോവയിലേക്ക് പോയതാണ് ഇതുവരെ ചെയ്ത ലോങ്ഡ്രൈവ്.