ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ വൻ വീഴ്ച; 18% ഇടിഞ്ഞ് ട്രെന്റ്, യുഎസിലേക്കുള്ള കയറ്റുമതി നിർത്തി ടാറ്റാ മോട്ടോഴ്സ് ഉപകമ്പനി

Mail This Article
ഓഹരി വിപണിയുടെ ഇന്നത്തെ തകർച്ചയിൽ (Read Details) ഏറ്റവുമധികം തിരിച്ചടി നേരിട്ട് ടാറ്റാ ഗ്രൂപ്പിനു കീഴിലെ കമ്പനികളുടെ ഓഹരികൾ. സുഡിയോ, വെസ്റ്റ്സൈഡ് എന്നിങ്ങനെ ബ്രാൻഡുകളുടെ പ്രൊമോട്ടർമാരും ടാറ്റാ ഗ്രൂപ്പിലെ റീട്ടെയ്ൽ കമ്പനിയുമായ ട്രെന്റിന്റെ ഓഹരിവില ഇന്ന് 18% ഇടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്.
ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ 28% വരുമാന വർധന അനുമാനിക്കുന്നുവെന്നാണ് ട്രെന്റ് പുറത്തുവിട്ട ബിസിനസ് റിപ്പോർട്ടിലുള്ളത്. ഇതാകട്ടെ, കമ്പനിയുടെ കഴിഞ്ഞ 5 വർഷത്തെ സംയോജിത ശരാശരി വാർഷിക വളർച്ചയായ (CAGR) 36 ശതമാനത്തേക്കാൾ കുറവാണെന്നത് ഇന്നു ഓഹരികളിൽ വിൽപനസമ്മർദത്തിന് വഴിവച്ചു.
പുറമെ, ഓഹരി വിപണി ഇന്നു പൊതുവേ നേരിട്ട സമ്മർദവും തിരിച്ചടിയാവുകയായിരുന്നു. ടിസിഎസ്, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടൈറ്റൻ, ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ് എന്നിവയും ഇന്നു വൻതോതിൽ ഇടിഞ്ഞതോടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് കൊഴിഞ്ഞുപോയത് 1.28 ലക്ഷം കോടി രൂപ.
ടാറ്റാ മോട്ടോഴ്സ് ഓഹരി ഒരുവേള 12 ശതമാനം ഇടിഞ്ഞെങ്കിലും നിലവിൽ 8 ശതമാനത്തിലേക്ക് നഷ്ടം നിജപ്പെടുത്തിയിട്ടുണ്ട്. താരിഫ് വർധനയുടെ പശ്ചാത്തലത്തിൽ യുഎസിലേക്കുള്ള കയറ്റുമതി ടാറ്റാ മോട്ടോഴ്സിന്റെ ബ്രിട്ടീഷ് ഉപകമ്പനിയായ ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ) നിർത്തിവച്ചതാണ് തിരിച്ചടിയായത്. ജെഎൽആറിന്റെ മുഖ്യവിപണികളിലൊന്നാണ് യുഎസ്. 2023-24ൽ ജെഎൽആർ ആഗോളതലത്തിൽ വിറ്റഴിച്ച 4 ലക്ഷത്തോളം വാഹനങ്ങളിൽ 23 ശതമാനവും യുഎസിലേക്കായിരുന്നു.
ടാറ്റാ സ്റ്റീലും 11 ശതമാനത്തിലധികം ഇടിഞ്ഞു. സ്റ്റീലിനും അലുമിനിയത്തിനും 25% ചുങ്കം ഏർപ്പെടുത്തിയ ട്രംപിന്റെ തീരുമാനം, ആഗോള സാമ്പത്തികമാന്ദ്യ ഭീതി എന്നിവയാണ് ഓഹരികളെ നഷ്ടത്തിലാഴ്ത്തിയത്. ഇന്ത്യൻ ഐടി കമ്പനികളുടെ മുഖ്യവിപണിയായ യുഎസിലെ സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തിൽ ടിസിഎസ് ഓഹരി 7 ശതമാനത്തോളം ഇടിഞ്ഞ് 52-ആഴ്ചയിലെ താഴ്ചയിലെത്തി. ടൈറ്റൻ, ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ് എന്നിവ 6 ശതമാനത്തോളവും നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)